International
വാഷിംഗ്ടൺ: ഇറാനിൽ പൊട്ടിച്ചുകളഞ്ഞ പടക്കോപ്പുകൾക്കുള്ള പണം തരണമെന്ന് വൈറ്റ്ഹൗസ്. യുദ്ധവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്ക് 8760 കോടി ഡോളർ അനുവദിക്കണമെന്ന് എംപിമാരോട് വൈറ്റ്ഹൗസ് ആവശ്യപ്പെട്ടു. 8760 കോടിയിൽ 6700 കോടിയും പ്രതിരോധച്ചെലവുകൾക്കാണെന്നും വൈറ്റ്ഹൗസ് പറയുന്നു.
ഇറാനിലെ സൈനികനടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎസ് കോൺഗ്രസ് പാസാക്കിയതിനു പിന്നാലെയാണ് വൈറ്റ്ഹൗസ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നടപടിക്കായി 87.6 ബില്യൺ ഡോളർ അനുവദിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർ മൈക്ക് ജോൺസന് വൈറ്റ് ഹൗസ് ഓഫീസ് ഓഫ് മാനേജ്മെന്റ് ആൻഡ് ബജറ്റ് കത്തയച്ചു.
യുദ്ധോപകരണങ്ങൾക്കായി 21 ബില്യൺ ഡോളറും പ്രവർത്തന ചെലവുകൾക്കായി 17.3 ബില്യൺ ഡോളറുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുദ്ധത്തിന്റെ തുടക്കത്തിൽത്തന്നെ ആക്രമണത്തിനു വിധേയമായ മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും യുഎസ് എംബസികളുടെയും നയതന്ത്ര ഔട്ട്പോസ്റ്റുകളുടെയും സുരക്ഷ വർധിപ്പിക്കുന്നതിന് ഏകദേശം 300 മില്യൺ ഡോളറും ആവശ്യമാണെന്ന് പറയുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ സൈനിക നീക്കങ്ങൾക്കായി അമേരിക്കയ്ക്കു മാത്രം ഏകദേശം 34 ബില്യൺ മുതൽ 42 ബില്യൺ ഡോളർ വരെ അധികച്ചെലവ് വന്നിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അത്യാധുനിക ആയുധങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഏകദേശം 5.6 ബില്യൺ ഡോളറിന്റെ (ഏകദേശം 46,000 കോടി രൂപ) ആയുധങ്ങളാണ് അമേരിക്ക ഉപയോഗിച്ചു തീർത്തത്. ആകെ യുദ്ധച്ചെലവ് 35 ബില്യൺ ഡോളർ കടന്നതായാണ് സ്വതന്ത്ര ഏജൻസികളുടെ വിലയിരുത്തൽ.
ഏകദേശം 1,000 ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ അമേരിക്ക യുദ്ധത്തിൽ ഉപയോഗിച്ചു. ഇത് അമേരിക്ക പ്രതിവർഷം വാങ്ങുന്ന മിസൈലുകളുടെ പത്തിരട്ടിയാണ്. ഒന്നിന് ഏകദേശം 3.6 മില്യൺ ഡോളറാണ് വില. ശത്രുക്കളുടെ മിസൈലുകളെ തകർക്കാൻ 1,200-ലധികം പേട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചു. ഇതിൽ ഒന്നിന് 4 മില്യൺ ഡോളറിലധികം ചെലവ് വരും.
ചൈനയോ റഷ്യയോ പോലെയുള്ള വൻശക്തികളുമായി ഒരു യുദ്ധമുണ്ടായാൽ ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് ഇപ്പോൾ വലിയൊരു ഭാഗം ചെലവഴിച്ചിരിക്കുന്നത്. ഇത് അമേരിക്കയുടെ സൈനിക സന്നദ്ധതയെ ബാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉപയോഗിച്ചു തീർത്ത ആയുധങ്ങൾ വീണ്ടും നിർമിച്ച് ശേഖരം പഴയ നിലയിലാക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്ന് സെനറ്റർ ജാക്ക് റീഡ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പ്രതികരിച്ചു. അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ ആവശ്യമായ ആയുധങ്ങൾ ശേഖരത്തിലുണ്ടെന്നും അവർ അവകാശപ്പെട്ടു.
യുദ്ധവിമാനങ്ങളും ആർട്ടിലറികളും ഉപയോഗിച്ച് ഇറാനിലെ 13,000-ത്തിലധികം ലക്ഷ്യങ്ങൾ തകർത്തതായാണ് അമേരിക്കൻ സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ ഓരോ ലക്ഷ്യത്തിനും ഒന്നിലധികം തവണ ബോംബുകളും മിസൈലുകളും പ്രയോഗിക്കേണ്ടി വന്നതാണ് ആയുധശേഖരം ഇത്ര വേഗത്തിൽ കുറയാൻ കാരണമായതെന്നാണ് സൂചന.
National
ഇംഫാൽ: മണിപ്പൂരിലെ വിവിധ ജില്ലകളിൽ സുരക്ഷാസേന നടത്തിയ തെരച്ചിലിൽ വൻതോതിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു.
രണ്ടുപേരെ അറസ്റ്റ്ചെയ്തതായും സുരക്ഷാസേന അറിയിച്ചു. ശനിയാഴ്ച ഉക്റുൽ ജില്ലയിൽ 21 ബങ്കറുകൾ സുരക്ഷാസേന കണ്ടെത്തി നശിപ്പിച്ചു. സിക്കിബുങ്, മോങ്കോട്ട്ചെപു, ലിതാൻ പോലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു ഇവ.
ചുരാചന്ദ്പുരിൽനിന്ന് വൻതോതിൽ ലഹരിവസ്തുക്കളും കണ്ടെത്തിയെന്ന് സുരക്ഷാസേന വ്യക്തമാക്കി.
International
ടെൽ അവീവ്: യുദ്ധത്തിൽ ഇതുവരെ അത്യാധുനിക ആയുധങ്ങൾ പ്രയോഗിച്ചിട്ടില്ലെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം. അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയാറാണെന്നും ഇറാൻ അറിയിച്ചു.
ഈ യുദ്ധത്തിനായി ആസൂത്രണം ചെയ്തതിനെക്കാൾ കൂടുതൽ കാലം പ്രതിരോധിക്കാനും ആക്രമണാത്മക പ്രതിരോധം തുടരാനുമുള്ള ശേഷി ഞങ്ങൾക്കുണ്ടെന്ന് മന്ത്രാലയ വക്താവ് റെസ തലായി-നിക്ക് പറഞ്ഞു.
തങ്ങളുടെ പക്കലുള്ള എല്ലാ നൂതന ആയുധങ്ങളും ഉപകരണങ്ങളും ആദ്യ ദിവസങ്ങളിൽ തന്നെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ദുബായിലെ യുഎസ് കോൺസുലേറ്റ് അക്രമിക്കാൻ ശ്രമം. കോൺസുലേറ്റിന് സമീപമുള്ള പ്രദേശത്തെ തീപിടുത്തം നിയന്ത്രിക്കാൻ സാധിച്ചതായി ദുബായ് അധികൃതർ സ്ഥിരീകരിച്ചു. നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമില്ല. നേരത്തെ സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ യുഎസ് എംബസിക്ക് നേരെ ആക്രമണം നടന്നിരുന്നു.
National
റാസ്പുർ: ഛത്തീസ്ഗഡിൽ വൻ ആയുധശേഖരം പിടികൂടി. ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസാണ് ആയുധങ്ങൾ പിടികൂടിയത്. മാവോയിസ്റ്റുകൾ ഒളിപ്പിച്ച അത്യാധുനിക ആയുധങ്ങൾ അടക്കമാണ് പിടികൂടിയിരിക്കുന്നത്.
57 അംഗ ഇൻഡോ- ടിബറ്റൻ ബോർഡർ പോലീസ് സംഘമാണ് ആയുധങ്ങൾ പിടികൂടിയത്. വനത്തിൽ നാല് ഇടങ്ങളിൽ നിന്നുമാണ് ആയുധശേഖരം കണ്ടെത്തിയത്.
അടുത്തമാസം 31ഓടെ രാജ്യം മാവോയിസ്റ്റ് മുക്തമാക്കും എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനം. ഇതിന്റെ ഭാഗമായി ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കെതിരെ വലിയ തെരച്ചിൽ നടക്കുകയാണ്. വനമേഖലയിൽ ഒരു ദിവസം നീണ്ടുനിന്ന പരിശോധനകൾക്ക് ഒടുവിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
National
ന്യൂഡൽഹി: അയൽരാജ്യങ്ങളിൽനിന്ന് ആയുധങ്ങൾ വാങ്ങി കേഡർമാർക്കു പരിശീലനം നല്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമിച്ചെന്ന് എൻഐഎ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
20 പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരേയുള്ള കേസ് പരിഗണിക്കുന്ന പ്രത്യേക എൻഐഎ കോടതി ജഡ്ജി പ്രശാന്ത് ശർമയ്ക്കു മുന്പാകെയാണ് ഇക്കാര്യം എൻഐഎ അഭിഭാഷകൻ രാഹുൽ ത്യാഗി ഉന്നയിച്ചത്.
""ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും പോപ്പുലർ ഫ്രണ്ട് ഭീഷണിയാണ്. ഇന്ത്യ-പാക് യുദ്ധമുണ്ടായാൽ ദക്ഷിണേന്ത്യ പിടിച്ചെടുക്കാൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടു. പോപ്പുലർ ഫ്രണ്ട് ക്ലാസുകളിൽ ഇക്കാര്യം പഠിപ്പിച്ചിരുന്നതായി ഒരു സംരക്ഷിത സാക്ഷി മൊഴി നല്കിയിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തന്ത്രങ്ങൾ പഠിപ്പിക്കാൻ കേഡർമാരെ സിറിയയിലേക്ക് അയച്ചു. ബിജെപി, ആർഎസ്എസ്, വിഎച്ച്പി നേതാക്കളെ ലക്ഷ്യമിട്ട് പ്രത്യേക ഹിറ്റ് സ്ക്വാഡുകൾ രൂപവത്കരിച്ചു''-എൻഐഎ അഭിഭാഷകൻ പറഞ്ഞു.
International
വാഷിംഗ്ടൺ ഡിസി: ചൈനീസ് ഭീഷണി നേരിടുന്ന തായ്വാന് വന്പൻ ആയുധ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കയിലെ ട്രംപ് ഭരണകൂടം. എട്ടു വിൽപന കരാറുകളിലായി മിസൈലുകളും ഡ്രോണുകളും അടക്കം 1,115 കോടി ഡോളറിന്റെ ആയുധങ്ങൾ തായ്വാനു വിൽക്കാൻ തീരുമാനിച്ചതായി അമേരിക്കൻ സ്റ്റേറ്റ് ഡിപാർട്ട്മെന്റ് അറിയിച്ചു.
തായ്വാന് അമേരിക്ക പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ സൈനികസഹായമാണിത്. ട്രംപിനു മുന്പ് പ്രസിഡന്റായിരുന്ന ജോ ബൈഡന്റെ കാലത്ത് മൊത്തം 840 കോടി ഡോളറിന്റെ സൈനികസഹായമേ തായ്വാനു ലഭിച്ചിരുന്നുള്ളൂ.
ഹിമാർസ് റോക്കറ്റ് സംവിധാനത്തിന്റെ 82 യൂണിറ്റ്, 420 ആർമി ടാക്റ്റിക്കൽ മിസൈൽ സംവിധാനങ്ങൾ എന്നിവ അടക്കമാണ് ട്രംപ് ഭരണകൂടം തായ്വാനു നല്കുന്നത്. യുക്രെയ്ൻ സേന റഷ്യൻ അധിനിവേശത്തെ ചെറുക്കാനായി ഫലപ്രദമായി ഉപയോഗിക്കുന്ന ആയുധങ്ങളാണിവ.
തായ്വാൻ പാക്കേജിൽ നൂറു കോടി ഡോളറിന്റെ സൈനിക സോഫ്റ്റ്വേറുകളും ഉൾപ്പെടുന്നതായാണ് അറിയിപ്പ്. തായ്വാന്റെ സുരക്ഷ വർധിപ്പിക്കാനും മേഖലയിൽ സന്തുലനം ഉറപ്പാക്കാനും സൈനിക പാക്കേജിനു കഴിയുമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
അതേസമയം, അമേരിക്കൻ പ്രഖ്യാപനത്തിൽ രോഷത്തോടെയാണ് ചൈന പ്രതികരിച്ചത്. ചൈനയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ധാരണകൾ ലംഘിക്കപ്പെട്ടെന്നും അമേരിക്കൻ ആയുധങ്ങൾ ചൈനയുടെ പരമാധികാരത്തിനു ദോഷകരമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Kerala
കൊച്ചി: മാരകായുധങ്ങളുമായി ബാറിൽ ആക്രമണം. ഞായറാഴ്ച വൈറ്റിലയിലുള്ള ബാറിലായിരുന്നു സംഭവം. ആക്രമണം നടത്തിയ യുവതിയടക്കം മൂന്നു പേർ പിടിയിൽ. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിൻ ഷാ, അൽ അമീൻ എന്നിവരെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികൾ മദ്യപിക്കുന്നതിനിടെ ബാറിലെത്തിയ മറ്റൊരാളുമായി തർക്കമുണ്ടായി. ബാർ ജീവനക്കാർ ഇത് ചോദ്യം ചെയ്തത്തോടെ സംഘർഷം തുടങ്ങുകയായിരുന്നു. തുടർന്ന് പുറത്തുപോയ അലീനയും സുഹൃത്തുക്കളും തിരികെ എത്തിയത് വടിവാളുമായാണ്.
സംഘം കാറിൽനിന്ന് വടിവാളുമെടുത്ത് ബാറിലേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വടിവാൾ കൊണ്ടുവന്ന തിരുവനന്തപുരം സ്വദേശി വൈഷ്ണവ് ഒളിവിലാണ്. ആക്രമണത്തിൽ ബാര് ജീവനക്കാർക്കും മർദനമേറ്റു.
ബാറിൽ നിന്ന് പോയ ശേഷം അഞ്ചു തവണ പ്രതികൾ മടങ്ങി വന്ന് ആക്രമണം നടത്തിയെന്നും ജീവനക്കാരെ മർദിച്ചെന്നുമാണ് ബാർ ഉടമ നൽകിയിരിക്കുന്ന പരാതി. വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി എറണാകുളത്ത് എത്തിയവരാണ് അക്രമികളെന്നാണ് അറിയുന്നത്. സംഘർഷത്തിൽ യുവതിയുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.
International
ന്യൂഡല്ഹി: പാകിസ്താന്റെ ആണവായുധങ്ങളുടെ നിയന്ത്രണം യുഎസിന് കൈമാറിയത് മുന് പാക് പ്രസിഡന്റ് പര്വേസ് മുഷറഫായിരുന്നെന്നു മുന് സിഐഎ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. ജോണ് കിരിയാക്കോ എന്ന മുന് സിഐഎ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആണവായുധങ്ങളുടെ നിയന്ത്രണം ഭീകരര്ക്ക് ലഭിക്കാതിരിക്കാനാണ് ഈ നീക്കം നടത്തിയിരുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. 2002ല് താന് പാകിസ്താനില് ജോലി ചെയ്യുന്ന സമയത്ത് പാക് ആണവായുധ ശേഖരം പെന്റഗണാണ് നിയന്ത്രിച്ചിരുന്നതെന്ന് അനൗദ്യോഗികമായി തന്നോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
മുഷറഫുമായി ആഴ്ചയില് പലതവണ കൂടിക്കാഴ്ച നടത്തുകയും യുഎസിന് ആവശ്യമുള്ളതെല്ലാം ചെയ്യാന് അദ്ദേഹം അനുവദിക്കുകയും ചെയ്തിരുന്നുവെന്നും കിരിയാക്കോ കൂട്ടിച്ചേര്ത്തു. ഭീകരവാദത്തിന്റെ കാര്യത്തില് മുഷറഫിന് ഇരട്ട നയമായിരുന്നുവെന്നും അദ്ദേഹം വിമര്ശിച്ചു.
സൈന്യത്തെയും തീവ്രവാദികളെയും സന്തോഷിപ്പിക്കാൻ ഭീകരവാദത്തിനെതിരായ പോരാട്ടത്തില് അമേരിക്കയുമായി സഹകരിക്കുന്നതായി നടിക്കുകയും അതേസമയം ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനങ്ങള് തുടരുകയും ചെയ്യുന്ന രീതിയായിരുന്നു മുഷറഫിന്റേത്. അതേസമയം പാകിസ്ഥാന്റെ ആണവായുധങ്ങളുടെ സ്രഷ്ടാവായ എ.ക്യു. ഖാനെ വധിക്കാന് യുഎസ് പദ്ധതിയിട്ടിരുന്നുവെന്നും എന്നാല് സൗദി ഗവണ്മെന്റിന്റെ ഇടപെടല് മൂലം യുഎസ് അതില്നിന്ന് പിന്മാറിയെന്നും കിരിയാക്കോ വെളിപ്പെടുത്തി.
National
ന്യൂഡൽഹി: ആയുധങ്ങളും സൈനിക ഉപകരണങ്ങളും വാങ്ങി രാജ്യത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകി. ടാങ്ക് വേധ നാഗ് മിസൈലുകൾ ഉൾപ്പെടെ 79,000 കോടി രൂപയുടെ ആയുധങ്ങളും മറ്റു സംവിധാനങ്ങളും വാങ്ങുന്നതിനാണ് പ്രതിരോധ മന്ത്രാലയയത്തിന്റെ അനുമതി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന ഡിഫൻസ് അക്വിസിഷൻ കൗൺസിലാണ് (ഡിഎസി) വിവിധ ശിപാർശകൾക്ക് അനുമതി നൽകിയത്.
നാഗ് മിസൈൽ സംവിധാനം, ഗ്രൗണ്ട് - ബേസ്ഡ് മൊബൈൽ ഇലിന്റ് സിസ്റ്റങ്ങള്, ഹൈ മൊബിലിറ്റി വാഹനങ്ങൾ എന്നിവ വാങ്ങുന്നതിനുള്ള ഡിഎസി അംഗീകാരം നൽകി. യുദ്ധക്കപ്പലുകൾ, ഇലക്ട്രോണിക് ഇന്റലിജൻസ്, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ പ്രതിരോധ സംവിധാന പട്ടികയിൽ ഉൾപ്പെടുന്നു.
ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഡിഎസി അനുമതി നൽകുന്ന ഏറ്റവും വലിയ പദ്ധതിയാണിത്. ഓഗസ്റ്റ് അഞ്ചിനു 67,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയിരുന്നു.