വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അത്യാധുനിക ആയുധങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഏകദേശം 5.6 ബില്യൺ ഡോളറിന്റെ (ഏകദേശം 46,000 കോടി രൂപ) ആയുധങ്ങളാണ് അമേരിക്ക ഉപയോഗിച്ചു തീർത്തത്. ആകെ യുദ്ധച്ചെലവ് 35 ബില്യൺ ഡോളർ കടന്നതായാണ് സ്വതന്ത്ര ഏജൻസികളുടെ വിലയിരുത്തൽ.
ഏകദേശം 1,000 ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ അമേരിക്ക യുദ്ധത്തിൽ ഉപയോഗിച്ചു. ഇത് അമേരിക്ക പ്രതിവർഷം വാങ്ങുന്ന മിസൈലുകളുടെ പത്തിരട്ടിയാണ്. ഒന്നിന് ഏകദേശം 3.6 മില്യൺ ഡോളറാണ് വില. ശത്രുക്കളുടെ മിസൈലുകളെ തകർക്കാൻ 1,200-ലധികം പേട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചു. ഇതിൽ ഒന്നിന് 4 മില്യൺ ഡോളറിലധികം ചെലവ് വരും.
ചൈനയോ റഷ്യയോ പോലെയുള്ള വൻശക്തികളുമായി ഒരു യുദ്ധമുണ്ടായാൽ ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് ഇപ്പോൾ വലിയൊരു ഭാഗം ചെലവഴിച്ചിരിക്കുന്നത്. ഇത് അമേരിക്കയുടെ സൈനിക സന്നദ്ധതയെ ബാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉപയോഗിച്ചു തീർത്ത ആയുധങ്ങൾ വീണ്ടും നിർമിച്ച് ശേഖരം പഴയ നിലയിലാക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്ന് സെനറ്റർ ജാക്ക് റീഡ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പ്രതികരിച്ചു. അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ ആവശ്യമായ ആയുധങ്ങൾ ശേഖരത്തിലുണ്ടെന്നും അവർ അവകാശപ്പെട്ടു.
യുദ്ധവിമാനങ്ങളും ആർട്ടിലറികളും ഉപയോഗിച്ച് ഇറാനിലെ 13,000-ത്തിലധികം ലക്ഷ്യങ്ങൾ തകർത്തതായാണ് അമേരിക്കൻ സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ ഓരോ ലക്ഷ്യത്തിനും ഒന്നിലധികം തവണ ബോംബുകളും മിസൈലുകളും പ്രയോഗിക്കേണ്ടി വന്നതാണ് ആയുധശേഖരം ഇത്ര വേഗത്തിൽ കുറയാൻ കാരണമായതെന്നാണ് സൂചന.
Tags : Weapons Ships Latest News