International
വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധത്തിൽ അത്യാധുനിക ആയുധങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നത് അമേരിക്കയുടെ ആയുധശേഖരത്തെ പ്രതികൂലമായി ബാധിക്കുന്നതായി റിപ്പോർട്ട്. യുദ്ധത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ മാത്രം ഏകദേശം 5.6 ബില്യൺ ഡോളറിന്റെ (ഏകദേശം 46,000 കോടി രൂപ) ആയുധങ്ങളാണ് അമേരിക്ക ഉപയോഗിച്ചു തീർത്തത്. ആകെ യുദ്ധച്ചെലവ് 35 ബില്യൺ ഡോളർ കടന്നതായാണ് സ്വതന്ത്ര ഏജൻസികളുടെ വിലയിരുത്തൽ.
ഏകദേശം 1,000 ടോമഹോക്ക് ക്രൂയിസ് മിസൈലുകൾ അമേരിക്ക യുദ്ധത്തിൽ ഉപയോഗിച്ചു. ഇത് അമേരിക്ക പ്രതിവർഷം വാങ്ങുന്ന മിസൈലുകളുടെ പത്തിരട്ടിയാണ്. ഒന്നിന് ഏകദേശം 3.6 മില്യൺ ഡോളറാണ് വില. ശത്രുക്കളുടെ മിസൈലുകളെ തകർക്കാൻ 1,200-ലധികം പേട്രിയറ്റ് മിസൈലുകൾ പ്രയോഗിച്ചു. ഇതിൽ ഒന്നിന് 4 മില്യൺ ഡോളറിലധികം ചെലവ് വരും.
ചൈനയോ റഷ്യയോ പോലെയുള്ള വൻശക്തികളുമായി ഒരു യുദ്ധമുണ്ടായാൽ ഉപയോഗിക്കാൻ കരുതിവെച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് ഇപ്പോൾ വലിയൊരു ഭാഗം ചെലവഴിച്ചിരിക്കുന്നത്. ഇത് അമേരിക്കയുടെ സൈനിക സന്നദ്ധതയെ ബാധിക്കുമെന്ന് പ്രതിരോധ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഉപയോഗിച്ചു തീർത്ത ആയുധങ്ങൾ വീണ്ടും നിർമിച്ച് ശേഖരം പഴയ നിലയിലാക്കാൻ വർഷങ്ങൾ എടുത്തേക്കുമെന്ന് സെനറ്റർ ജാക്ക് റീഡ് ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് പ്രതികരിച്ചു. അമേരിക്കൻ സൈന്യം ലോകത്തിലെ ഏറ്റവും ശക്തമാണെന്നും ഏത് വെല്ലുവിളിയെയും നേരിടാൻ ആവശ്യമായ ആയുധങ്ങൾ ശേഖരത്തിലുണ്ടെന്നും അവർ അവകാശപ്പെട്ടു.
യുദ്ധവിമാനങ്ങളും ആർട്ടിലറികളും ഉപയോഗിച്ച് ഇറാനിലെ 13,000-ത്തിലധികം ലക്ഷ്യങ്ങൾ തകർത്തതായാണ് അമേരിക്കൻ സൈന്യം ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ ഓരോ ലക്ഷ്യത്തിനും ഒന്നിലധികം തവണ ബോംബുകളും മിസൈലുകളും പ്രയോഗിക്കേണ്ടി വന്നതാണ് ആയുധശേഖരം ഇത്ര വേഗത്തിൽ കുറയാൻ കാരണമായതെന്നാണ് സൂചന.
International
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം മൂർച്ഛിക്കുന്നതിനിടെ മിഡിൽ ഈസ്റ്റിൽ സൈനിക സന്നാഹം ശക്തമാക്കി അമേരിക്ക. അമേരിക്കയുടെ ഭീമൻ വിമാനവാഹിനിക്കപ്പലായ ജോർജ് എച്ച്ഡബ്ല്യുബുഷ് കൂടി മേഖലയിൽ എത്തിയതോടെ ഇറാൻ തീരത്ത് മൂന്ന് അമേരിക്കൻ വിമാനവാഹിനിക്കപ്പലുകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഇതിന് പുറമെ 4,000-ത്തോളം അധിക സൈനികരെ കൂടി മേഖലയിലേക്ക് അയക്കാൻ അമേരിക്ക തീരുമാനിച്ചു.
യുഎസ്എസ് ജോർജ് എച്ച്ഡബ്ല്യുബുഷ്, യുഎസ്എസ് എബ്രഹാം ലിങ്കൺ, യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് എന്നീ മൂന്ന് കപ്പലുകളാണ് ഇപ്പോൾ ഇറാന്റെ സമീപപ്രദേശങ്ങളിലുള്ളത്. ഈ മൂന്ന് കപ്പലുകളിലുമായി നൂറുകണക്കിന് അത്യാധുനിക യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളുമുണ്ട്. വരും ആഴ്ചകളിൽ 4,000-ലധികം യുഎസ് സൈനികർ കൂടി മിഡിൽ ഈസ്റ്റിലെത്തും. ഇതോടെ മേഖലയിലെ മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം 50,000 കടക്കും.
ഇറാനെതിരെയുള്ള ഉപരോധം കർശനമായി നടപ്പിലാക്കാനും സഖ്യകക്ഷിയായ ഇസ്രയേലിന് സുരക്ഷ ഉറപ്പാക്കാനുമാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. 2003ലെ ഇറാഖ് യുദ്ധത്തിന് ശേഷം മേഖലയിൽ അമേരിക്ക നടത്തുന്ന ഏറ്റവും വലിയ സൈനിക വിന്യാസമാണിതെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. ഏത് നിമിഷവും ഒരു സൈനിക നീക്കത്തിന് സാധ്യതയുള്ളതിനാൽ ലോകരാജ്യങ്ങൾ അതീവ ജാഗ്രതയിലാണ്.
International
ദുബായ്: യുഎസ് നാവിക ഉപരോധം മറികടക്കാൻ നിരവധി ഇറേനിയൻ കപ്പലുകൾക്ക് കഴിഞ്ഞതായി റിപ്പോർട്ട്. നാവിക ഉപരോധം ആരംഭിച്ചശേഷം ഒരു ഇറേനിയൻ കപ്പൽപോലും കടന്നുപോയിട്ടില്ലെന്ന് അമേരിക്ക അവകാശപ്പെടുന്പോഴും ഇറേനിയൻ ബന്ധമുള്ള 34 ടാങ്കറുകളെങ്കിലും യുഎസ് ഉപരോധം മറികടന്നു പോയിട്ടുണ്ടെന്ന് ചരക്കുകപ്പൽ ഡാറ്റാ ട്രാക്കിംഗ് ഏജൻസിയായ വോർടെക്സയെ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഉപരോധത്തിനിടെ 19 ടാങ്കറുകൾ ഇറാനിൽനിന്ന് പുറത്തുകടക്കുകയും 15 ടാങ്കറുകൾ ഇറാനിലേക്കു പ്രവേശിക്കുകയും ചെയ്തു. ഇറേനിയൻ എണ്ണയുമായി പോയ കപ്പലുകളും ഇതിലുൾപ്പെടുന്നു. അമേരിക്കൻ ഉപരോധം ദുർബലമാണെന്ന് സൂചിപ്പിക്കുന്ന വിവരങ്ങളാണ് റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നത്.
ഇറാനിൽനിന്നു പോയതിൽ കുറഞ്ഞത് ആറെണ്ണമെങ്കിലും 10.7 ദശലക്ഷം ബാരൽ വരുന്ന ഇറേനിയൻ അസംസ്കൃത എണ്ണയുടെ ചരക്കുമായിട്ടാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഈ എണ്ണ പുറത്തുള്ളതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ഇറാൻ വില്പന നടത്തിയിരിക്കാനുള്ള സാധ്യതയും റിപ്പോർട്ടിൽ പറയുന്നു.
പുറത്തുപോയതിൽ ഇറേനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ ഡോറെനയുമുണ്ട്. കഴിഞ്ഞ 17നാണ് ഈ കപ്പലും മറ്റൊരു ഇറേനിയൻ കപ്പലും ഉപരോധം മറികടന്നത്. 20ന് മറ്റു രണ്ട് അസംസ്കൃത എണ്ണ ടാങ്കറുകളും കടന്നുപോയിരുന്നു. ഡോറെനയുടെ സ്ഥാനം അവസാനമായി 18ന് ഇന്ത്യയുടെ തെക്കൻ തീരത്താണു രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎസ് കഴിഞ്ഞവർഷം ഉപരോധം ഏർപ്പെടുത്തിയ മറ്റു നിരവധി കപ്പലുകളും ഇത്തരത്തിൽ ഉപരോധം മറികടന്നിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
കഴിഞ്ഞ 13നാണ് ഇറാനുമേൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത്. ഇറാൻ തുറമുഖങ്ങളിൽനിന്ന് വരുന്നതും പോകുന്നതുമായ എല്ലാ കപ്പലുകളും തടയുമെന്നായിരുന്നു യുഎസിന്റെ അവകാശവാദം. ഉപരോധം ആരംഭിച്ചശേഷം ഇതുവരെ 28 കപ്പലുകളെ തടഞ്ഞ് തിരിച്ചയച്ചിട്ടുണ്ടെന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവസാനമായി ഇറക്കിയ പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.
ഇതിനിടെ ചൈനയിൽനിന്നു വരികയായിരുന്ന ഒരു ഇറേനിയൻ കപ്പൽ യുഎസ് നാവികസേന പിടികൂടുകയും ചെയ്തിട്ടുണ്ട്. ഉപരോധം വൻ വിജയമാണെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്നലെയും അവകാശപ്പെട്ടത്.
ഉപരോധം ലംഘിച്ച കപ്പലുകൾ
ഉപരോധം ആരംഭിച്ച ശേഷം ഏകദേശം 34 ടാങ്കറുകൾ (19 എണ്ണം ഇറാനിൽനിന്ന് പുറത്തേക്കും, 15 എണ്ണം ഇറാനിലേക്കും) അമേരിക്കൻ കണ്ണുവെട്ടിച്ച് സഞ്ചരിച്ചു.
എണ്ണക്കടത്ത്
കുറഞ്ഞത് 6 കപ്പലുകൾ 10.7 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണയുമായാണ് യാത്ര ചെയ്തത്. ഈ എണ്ണ ഇറാൻ കുറഞ്ഞ വിലയ്ക്കാണ് വിറ്റഴിക്കുന്നതെന്ന് കരുതപ്പെടുന്നു.
പ്രധാന കപ്പലുകൾ
ഇറാനിയൻ പതാകയേന്തിയ സൂപ്പർടാങ്കറായ 'ഡോറെന' (Dorena) ഉപരോധം മറികടന്നവയിൽ ഉൾപ്പെടുന്നു. ഈ കപ്പൽ അവസാനമായി ഏപ്രിൽ 18-ന് ഇന്ത്യയുടെ തെക്കൻ തീരത്താണ് കണ്ടെത്തിയത്.
International
ടെഹ്റാൻ: രണ്ട് മാസത്തോളമായി തുടരുന്ന സംഘർഷങ്ങൾക്കിടയിൽ ഹോർമൂസ് കടലിടുക്കിൽ ആധിപത്യം ഉറപ്പിക്കാൻ ഇറാൻ തങ്ങളുടെ രഹസ്യ ആയുധമായ ‘മൊസ്കിറ്റോ ഫ്ലീറ്റ്' പുറത്തെടുത്തിരിക്കുകയാണ്. റവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കീഴിലുള്ള ഈ ബോട്ടുകൾ ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് വൻ ഭീഷണിയാണ് ഉയർത്തുന്നത്.
ചെറിയ വലിപ്പമുള്ളതും എന്നാൽ അസാമാന്യ വേഗതയുള്ളതുമായ ബോട്ടുകളുടെ കൂട്ടമാണ് ‘മൊസ്കിറ്റോ ഫ്ലീറ്റ്'. ഇവയിൽ ചില ബോട്ടുകൾക്ക് മണിക്കൂറിൽ ഏകദേശം 185 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ കഴിയും. വിനോദയാത്രയ്ക്കുള്ള ബോട്ടുകളെപ്പോലും പരിഷ്കരിച്ച് അതിൽ റോക്കറ്റ് പ്രോപ്പൽഡ് ഗ്രനേഡുകൾ, മെഷീൻ ഗണ്ണുകൾ എന്നിവ ഘടിപ്പിച്ചിരിക്കുന്നു. കൂടാതെ ചെറിയ അന്തർവാഹിനികളും ഡ്രോണുകളും ഈ വ്യൂഹത്തിന്റെ ഭാഗമാണ്.
വലിയ നാവിക യുദ്ധങ്ങൾക്ക് പകരം ‘ആക്രമിക്കുക, ഒളിക്കുക' എന്ന തന്ത്രമാണ് ഇവർ പയറ്റുന്നത്. റഡാറുകൾക്ക് പിടികൊടുക്കില്ലെന്നതാണ് വലിയൊരു കാര്യം. വലിപ്പം കുറവായതിനാൽ ഉപഗ്രഹ സംവിധാനങ്ങൾക്കോ റഡാറുകൾക്കോ ഇവയെ എളുപ്പത്തിൽ കണ്ടെത്താനാവില്ല.
ഇറാന്റെ തീരപ്രദേശത്തെ പാറക്കെട്ടുകൾക്കിടയിലുള്ള ഗുഹകളിലാണ് ഈ ബോട്ടുകൾ സൂക്ഷിച്ചിരിക്കുന്നത്. പത്തോളം രഹസ്യ താവളങ്ങളിൽ നിന്നായി മിനിറ്റുകൾക്കുള്ളിൽ ഇവയെ വിന്യസിക്കാൻ ഇറാന് സാധിക്കും. അമേരിക്കൻ യുദ്ധക്കപ്പലുകൾ വലിയ പീരങ്കികൾ ഉപയോഗിച്ച് ഇവയെ നേരിടാൻ ശ്രമിക്കുന്നുണ്ടെങ്കിലും പ്രതിരോധ സംവിധാനങ്ങളില്ലാത്ത ചരക്ക് കപ്പലുകൾ ഈ ‘കൊതുക് പട'യ്ക്ക് മുന്നിൽ നിസഹായരാണ്.
International
വാഷിംഗ്ടൺ ഡിസി: ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകൾക്ക് നികുതി ചുമത്തുന്നതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
"ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകളിൽ നിന്ന് ഇറാൻ ഫീസ് ഈടാക്കുന്നതായി റിപ്പോർട്ടുകളുണ്ട്, അവ ഈടാക്കാതിരിക്കുന്നതാണ് നല്ലത്, ഉണ്ടെങ്കിൽ ഇപ്പോൾ നിർത്തണം'.- ട്രംപ് ട്രൂത്തിൽ കുറിച്ചു.
"വളരെ വേഗം, ഇറാന്റെ സഹായത്തോടെയോ അല്ലാതെയോ എണ്ണ ഒഴുകാൻ തുടങ്ങുന്നത് നിങ്ങൾ കാണും'.-മറ്റൊരു ട്രൂത്ത് പോസ്റ്റിൽ ട്രംപ് കുറിച്ചു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഹോർമുസ് കടലിടുക്ക് വഴി വെറും 10 കപ്പലുകൾ മാത്രമേ കടന്നുപോയിട്ടുള്ളുവെന്നാണ് റിപ്പോർട്ട്.
International
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ ലോകത്തെ പ്രധാന കപ്പൽപാതയായ ഹോർമുസ് കടലിടുക്കിൽ 18 ഇന്ത്യൻ കപ്പലുകൾ കുടുങ്ങിയതായി കേന്ദ്രസർക്കാർ. ക്രൂഡ് ഓയിൽ, എൽപിജി, എൽഎൻജി എന്നിവയുമായി ഇന്ത്യയിലേക്കു വരികയായിരുന്ന കപ്പലുകളാണു കടലിടുക്കിനു പടിഞ്ഞാറു ഭാഗത്തായി നങ്കൂരമിട്ടിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള ഇന്ധനവുമായി വരുന്ന വിദേശ പതാക ഘടിപ്പിച്ച പത്തു കപ്പലുകളും കുടുങ്ങിയിട്ടുണ്ടെന്ന് കേന്ദ്രം അറിയിച്ചു.
നിലവിൽ കുടുങ്ങിക്കിടക്കുന്ന 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികരുണ്ട്. ഇവരുടെ സുരക്ഷയ്ക്കാണ് സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്നു തുറമുഖമന്ത്രാലയം സ്പെഷൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ വ്യക്തമാക്കി. യുദ്ധം തുടങ്ങിയതോടെ ഈ മേഖലയിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഇൻഷുറൻസ് പ്രീമിയം കുത്തനെ വർധിച്ചത് വാണിജ്യ മേഖലയ്ക്കു തിരിച്ചടിയായിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ എട്ട് ഇന്ത്യൻ കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നിട്ടുണ്ട്. ഇതിൽ 94,000 ടൺ പാചകവാതകവുമായി വരുന്ന ബിഡബ്ല്യു ടൈർ ഇന്നു മുംബൈയിലും ബിഡബ്ല്യു എം നാളെ മംഗളൂരുവിലും എത്തുമെന്നാണ് പ്രതീക്ഷ.
ഇറാനു ശത്രുതയില്ലാത്ത കപ്പലുകളെ കടത്തിവിടാമെന്ന് ഇറാൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഊർജ സുരക്ഷയിൽ ഹോർമുസ് കടലിടുക്കിന് നിർണായക സ്ഥാനമാണുള്ളത്. ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 40 ശതമാനവും എൽഎൻജിയുടെ 50 ശതമാനവും എൽപിജിയുടെ 90 ശതമാനവും ഈ പാതയിലൂടെയാണു കടന്നുപോകുന്നത്.
യുദ്ധം നീണ്ടുപോയാൽ രാജ്യത്തെ ഇന്ധനലഭ്യതയെ ഇതു ദോഷകരമായി ബാധിക്കാൻ സാധ്യതയുള്ളതിനാൽ, കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ഇറാനുമായി നയതന്ത്ര ചർച്ചകൾ നടത്തിവരികയാണ് ഇന്ത്യ.
National
ന്യൂഡൽഹി: ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ ഇന്ത്യൻ നാവികസേന യുദ്ധക്കപ്പലുകൾ ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട്. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ ചരക്ക് കപ്പലുകൾക്ക് അകമ്പടി സേവിക്കാനാണ് ഇവയെ വിന്യസിച്ചിരിക്കുന്നത്.
ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടാതിരിക്കാനും ഇന്ത്യൻ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടാകുന്നത് ഒഴിവാക്കാനുമാണ് ഈ അടിയന്തര നടപടി. നിലവിൽ മൂന്ന് യുദ്ധക്കപ്പലുകലാണ് ഒമാൻ ഉൾക്കടലിൽ നിലയുറപ്പിച്ചിട്ടുള്ളത്.
ഇന്ത്യൻ പതാക വഹിച്ചുള്ള ‘ശിവാലിക്', ‘നന്ദാദേവി' എന്നീ എൽപിജി ചരക്ക് കപ്പലുകൾ കഴിഞ്ഞ ദിവസം നാവികസേന യുദ്ധക്കപ്പലുകളുടെ അകമ്പടിയോടെ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് പിന്നിട്ടിരുന്നു. ഈ കപ്പലുകൾ വരും ദിവസങ്ങളിൽ ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തും.
ഫെബ്രുവരി 28ന് സംഘർഷം തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഇന്ത്യൻ കപ്പലുകൾ നാവികസേനയുടെ നേരിട്ടുള്ള സുരക്ഷയിൽ ഈ കടൽപ്പാതയിലൂടെ യാത്ര ചെയ്യുന്നത്. നിലവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിരവധി ഇന്ത്യൻ കപ്പലുകൾ ഇത്തരത്തിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഏകദേശം 23,000 ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിലായി ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാനിയൻ അധികൃതരുമായി ചർച്ചകൾ നടത്തിവരികയാണ്. സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഇന്ത്യൻ കപ്പലുകൾക്ക് ‘ഓപ്പറേഷൻ സങ്കൽപ്പിന്റെ' ഭാഗമായി തുടർന്നും നാവികസേനയുടെ അകമ്പടി നൽകാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
National
ന്യൂഡൽഹി: കപ്പലുകൾക്കു നേരേയുള്ള ഇറാന്റെ ആക്രമണങ്ങളിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടു. ഇറാക്കിലെ ബസ്രയ്ക്കു സമീപം അമേരിക്കയുടെ ക്രൂഡ് ഓയിൽ ടാങ്കറായ സഫീസിയ വിഷ്ണു എന്ന കപ്പലിനു നേരേയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ ജീവനക്കാരൻ കൊല്ലപ്പെട്ടു.
കപ്പലിലുണ്ടായിരുന്ന മറ്റ് 15 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ആക്രമണദൃശ്യങ്ങൾ ഇറാൻ പുറത്തുവിട്ടു. മേഖലയിലെ മറ്റു കപ്പലുകളിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും ഒരാളെ കാണാതായതായും ചെയ്തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച സ്ഥിരീകരിച്ചിരുന്നു.
ഇറാനിൽ ഉണ്ടായിരുന്ന 9,000 ഇന്ത്യക്കാരിൽ പലരും നാട്ടിലെത്തിയെന്നു വിദേശകാര്യ വക്താവ് രണ്ധീർ ജയ്സ്വാൾ അറിയിച്ചു. ഇന്ത്യയിൽ മടങ്ങിയെത്തിയവരിൽ കൂടുതലും വിദ്യാർഥികളാണ്. ശേഷിക്കുന്നവർ റോഡുമാർഗം അർമേനിയയിലും അസർബൈജാനിലും എത്തി.
ഇവർക്കു വാണിജ്യ വിമാനങ്ങളിൽ നാട്ടിലേക്കു മടങ്ങാനുള്ള ഏകോപനത്തിനും നടപടിക്രമങ്ങൾക്കുമായി സർക്കാർ സഹായിക്കുന്നുണ്ടെന്നും വിദേശകാര്യ വക്താവ് അറിയിച്ചു.
International
ദോഹ: ഹോർമുസ് കടലിടുക്കിൽ ആശങ്ക തുടരുന്നു. ഇന്ന് മാത്രം നാല് ചരക്ക് കപ്പലുകൾക്ക് നേരെ ആക്രമണം ഉണ്ടായതായി യുകെ മാരിടടൈം ഏജൻസി അറിയിച്ചു.
വടക്കൻ ഒമാൻ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ സ്ഫോടനത്തിൽ കാർഗോ കപ്പലിന് തീ പിടിച്ചു. ഇതേ തുടർന്ന് കപ്പലിലെ ജീവനക്കാരെ ഒഴിപ്പിച്ചു. ഒമാൻ തീരത്ത് മറ്റൊരു കാർഗോ കപ്പലിന് നേരെയും ആക്രമണം ഉണ്ടായി.
ദുബായി തീരത്തിന് 50 നോട്ടിക്കൽ മൈൽ അകലെയും കപ്പൽ അപകടത്തിൽ പെട്ടെന്ന് ഏജൻസി അറിയിച്ചു. കാര്യമായ നാശനഷ്ടമില്ലെന്നാണ് റിപ്പോർട്ട്. റാസ് അൽ ഖൈമ തീരത്തിന് 25 നോട്ടിക്കൽ മൈൽ അകലെ മറ്റൊരു കപ്പലും അപകടത്തിൽ പെട്ടിട്ടുണ്ട്.
Kerala
കൊച്ചി: കേരള തീരത്തു നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനു മാധ്യമങ്ങൾക്കു വിലക്ക്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നിർദേശങ്ങളുടെ വെളിച്ചത്തിലാണ് വിലക്കെന്നു കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അറിയിച്ചു.
കൊച്ചി തീരത്തു നങ്കൂരമിട്ട ഇറാനിയൻ കപ്പൽ ചിത്രീകരിക്കാൻ ബോട്ടിൽ എത്തിയ റിപ്പബ്ലിക് ടിവി ലേഖകനെയും കാമറാമാനെയും ഇന്നു പുലർച്ചെ ഹാർബർ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അതീവസുരക്ഷാ മേഖലയിൽ കടന്നു ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചതിനാണ് കേസ്. ബോട്ട് സ്രാങ്കിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
International
ടെഹ്റാൻ: തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ്(ഐആർജിസി). കടലിടുക്ക് കടക്കാൻ ശ്രമിക്കുന്ന ഏത് കപ്പലും തകർക്കുമെന്ന് ഐആർജിസി കമാൻഡർ ഇൻ ചീഫിന്റെ സീനിയർ അഡൈ്വസറായ ബ്രിഗേഡിയർ ജനറൽ സർദാർ ഇബ്രാഹിം ജബാരി മുന്നറിയിപ്പ് നൽകി.
ഇതോടെ ഇന്ത്യ ഉള്പ്പെടെയുള്ള രാജ്യങ്ങളില് എണ്ണവില കുതിക്കാനാണ് സാധ്യത. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-25 ശതമാനവും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്.
സൗദി അറേബ്യ, ഇറാഖ്, യുഎഇ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള എണ്ണക്കപ്പലുകൾക്ക് അന്താരാഷ്ട്ര വിപണിയിലെത്താനുള്ള ഏക മാർഗമാണിത്. കടലിടുക്ക് അടഞ്ഞതോടെ പ്രതിദിനം ഏകദേശം 20 ദശലക്ഷം ബാരൽ എണ്ണയുടെ കുറവാണ് ആഗോള വിപണിയിൽ അനുഭവപ്പെടുന്നത്. ഇത് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിനും മുകളിലേക്ക് ഉയരാൻ കാരണമായി.
അതേസമയം, ഹോർമുസ് കടലിടുക്ക് അടച്ചുവെന്ന ഇറാന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. ജലപാത ഇപ്പോഴും തുറന്നുതന്നെയാണെന്നും കപ്പൽ ഗതാഗതം തടസപ്പെട്ടിട്ടില്ലെന്നുമാണ് അമേരിക്കൻ വൃത്തങ്ങൾ അവകാശപ്പെടുന്നത്.
Kerala
കൊച്ചി: കൊച്ചിൻ ഷിപ്പ്യാർഡിന് യൂറോപ്പിൽനിന്ന് വീണ്ടും വമ്പൻ കപ്പൽ നിർമാണ കരാർ. രാജ്യാന്തര കണ്ടെയ്ൻ ഷിപ്പിംഗ് രംഗത്തെ യൂറോപ്യൻ വമ്പന്മാരും ഫ്രഞ്ച് കമ്പനിയുമായ സിഎംഎ സിജിഎമ്മിൽനിന്ന് ആറ് എൽഎൻജി ഡ്യുവൽ-ഫ്യുവൽ (ഇരട്ട ഇന്ധനമുള്ള) കപ്പലുകൾ നിർമിക്കാനാണ് കരാർ ലഭിച്ചത്.
1,700 ടിഇയു വീതം ശേഷിയുള്ള കപ്പലുകളാണിവ. ഒന്നിന് ഏകദേശം 500 കോടി രൂപ വീതം മൊത്തം 3,000 കോടിയാണ് ഓർഡർ മൂല്യം. കരാറിൽ കൊച്ചിൻ ഷിപ്പ്യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വി.ജെ. ജോസും സിഎംഎ സിജിഎം ചെയർമാനും സിഇഒയുമായ റൊഡോൾഡ് സാദേയും ഒപ്പുവച്ചു.
എൽഎൻജി ഡ്യുവൽ-ഫ്യുവൽ കപ്പൽ നിർമാണത്തിലേക്ക് ഇന്ത്യ ഇതാദ്യമായാണ് കടക്കുന്നത്. അതിന്റെ ഓർഡർ കേരളം ആസ്ഥാനമായ കൊച്ചിൻ ഷിപ്പ്യാർഡിന് ലഭിച്ചുവെന്നതും വൻ നേട്ടമാണ്. കപ്പലിന്റെ പ്രധാന ഇന്ധനം എൽഎൻജിയായിരിക്കും. ഉപഇന്ധനം ഡീസൽ. പരമ്പരാഗത എൻജിനുള്ള കപ്പലുകളെ അപേക്ഷിച്ച് ഇവയ്ക്ക് മലിനീകരണം തീരെക്കുറവായിരിക്കും.
ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ കൊച്ചിൻ ഷിപ്പ്യാർഡ് 145 കോടി രൂപയുടെ ലാഭവും 1,350 കോടി രൂപയുടെ വരുമാനവും നേടിയിരുന്നു.