മഡ്രിഡ്/പാരിസ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 3,30,000 ആളുകളെ ഒഴിപ്പിച്ചു.
ഫ്രാൻസിലാണ് കാട്ടുതീ ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ചത്. ആറു പട്ടണങ്ങളിൽനിന്നായി 55,000 പേരെ ഒഴിപ്പിച്ചു.
42,000 ഹെക്ടർ ഇതുവരെ കത്തിനശിച്ചു. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീകളിലൊന്നാണിത്. മേഖലയിലെ സ്ഥിതി വളരെ പ്രതികൂലമായി തുടരുകയാണെന്നു ഫ്രഞ്ച് ആഭ്യന്തരമന്ത്രി ലോറന്റ് നൂനസ് പറഞ്ഞു.
തീ നിയന്ത്രണ വിധേയമാക്കാൻ കൂടുതൽ സമയമെടുക്കുമെന്നും വീടുകളിൽനിന്ന് ഒഴിപ്പിച്ചവരെ തിരികെ എത്തിക്കുന്നത് ഉടനെയുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ഉണങ്ങിയ മരങ്ങളും ശക്തമായ വരണ്ട കാറ്റുമാണു കാട്ടുതീ പടരാൻ ഇടയാക്കുന്നത്. സ്പെയിനിലേക്കുള്ള എ63 മോട്ടോർ വേ 60 കിലോമീറ്റർ അടച്ചിട്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സൈന്യത്തെ സജ്ജമാക്കിയിട്ടുണ്ട്. അഗ്നിശമന സേനയെ സഹായിക്കാൻ കൂടുതൽ സൈനികരെ അയയ്ക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു.
സ്പെയിനിലും കാട്ടുതീ പടരുകയാണ്. മാഡ്രിഡിനും ആവിലയ്ക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്ന് 90,000ത്തിലധികം പേരെ ഒഴിപ്പിച്ചു. മാഡ്രിഡ് മേഖലയിൽ മാത്രം 10,000 ഹെക്ടറും ആവില പ്രവിശ്യയിൽ 13,000 മുതൽ 15,000 ഹെക്ടർ വരെ വനഭൂമിയും കത്തിയമർന്നെന്നാണ് വിവരം. സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.