National
ചെന്നൈ: ഗൂഡല്ലൂരിൽ കടുവയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ബാലകൃഷ്ണൻ (54) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയിൽ വീട്ടിലേക്ക് വെള്ളം എടുക്കാൻ പോയ ശേഷം ബാലകൃഷ്ണൻ മടങ്ങി വന്നില്ല. രാവിലെ തെരിച്ചിൽ നടത്തിയപ്പോഴാണ് കടുവ കൊന്ന നിലയിൽ കണ്ടെത്തിയത്.
Kerala
കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ ആറ് കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിലായി. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി സേഖ് സിദ്ദിഖ്(66)നെയാണ് മൂവാറ്റുപുഴ ഡിവൈഎസ്പി മനോജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുവാറ്റുപുഴ വാഴപ്പിള്ളിയിൽ മിൽമയ്ക്കടുത്തുള്ള വെയിറ്റിംഗ് ഷെഡിൽ വിൽപനക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ചിരിക്കുകയായിരുന്നു ഇയാൾ തൂഫാൻ സ്ക്വാഡംഗങ്ങളുടെ നിരീക്ഷണത്തിലായിരുന്നു.
അന്വേഷണ സംഘത്തിൽ എസ്ഐമാരായ പി.എം. റാസിഖ് ,സി.ആർ. രഞ്ജുമോൾ, ഷിബു മാത്യു എഎസ്ഐമാരായ സി.കെ. മീരാൻ , പി.എസ്. സലിം, കെ.എം. അനീഷ് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
National
ഗൂഡല്ലൂര്‍: കാട്ടാന ആക്രമണത്തില്‍ തൊഴിലാളി മരിച്ചു. ദേവാല മൂന്നാം നമ്പറിലെ ബാലസുബ്രഹ്മണ്യനാണ് (65) മരിച്ചത്.
ഇന്നലെ രാവിലെ നെല്ലാക്കോട്ട പഞ്ചായത്തിലെ കരിയശോലയില് സ്വകാര്യ കാപ്പിത്തോട്ടത്തില്‍ ജോലിക്കിടെയാണ് ബാലസുബ്രഹ്മണ്യനെ ആന ആക്രമിച്ചത്. ആന വരുന്നത് മഴയും മഞ്ഞും മൂലം ശ്രദ്ധയില്‍പ്പെട്ടില്ല.
Kerala
ഹരിപ്പാട്: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ സാമൂഹ മാധ്യമത്തിൽ കമന്റിട്ടയാൾക്കെതിരെ കേസെടുത്ത് പോലീസ്. ഒരു വാർത്താ മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന വാർത്തയ്ക്ക് താഴെ കമന്റിട്ട ആർഎസ്എസ് പ്രവർത്തകനായ മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് കേസെടുത്തത്.
ഹരിപ്പാട് പോലീസ് ഈ കേസെടുത്തത്. ക്രിമിനൽ കേസ് പ്രതിയായ കിഷോർ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കൊപ്പം വേദി പങ്കിടുന്ന ചിത്രം സഹിതമായിരുന്നു അനിൽകുമാറിന്റെ ഫേസ്ബുക്ക് കമന്റ്. തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലറെ പിടികൂടാൻ കാണിച്ച അതേ ശുഷ്കാന്തി, ആയുധക്കേസിലെ പ്രതിയായ കിഷോറിനെ പിടികൂടുന്നതിലും പോലീസ് കാണിച്ചാൽ അതു നീതിന്യായ വ്യവസ്ഥയ്ക്കു കൂടുതൽ കരുത്താകുമെന്നായിരുന്നു കമന്റിലെ ഉള്ളടക്കം.
കാര്യങ്ങൾ വിശദീകരിക്കുക എന്നതിനപ്പുറം അധിക്ഷേപകരമായോ മോശമായോ ഉള്ള യാതൊരു പരാമർശങ്ങളും ഈ കമന്റിൽ ഇല്ലെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ, ഈ കമന്റ് ആഭ്യന്തരമന്ത്രിയുടെ കീർത്തിക്കു ഹാനികരമാണെന്നാണ് പോലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ അനിൽകുമാറിന്റെ മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന് തെരുവുനായയുടെ കടിയേറ്റു. പാരിപ്പളളി സ്വദേശി റെജിനാണ്(42) കടിയേറ്റത്.
വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ സെക്ഷന്‍ കീഴിലെ ജീവനക്കാരനാണ് റെജിന്‍. ഇന്ന് വൈകുന്നേരം ഏഴോടെയാണ് സംഭവം. പമ്പ് ഹൗസില്‍ ജോലിക്കിടെ തെരുവുനായ കാലില്‍ കടിക്കുകയായിരുന്നു.
അതേ നായ പ്രദേശത്ത് മറ്റ് തെരുവുനായ്ക്കളെയും കടിച്ചിട്ടുണ്ട്. കാലിന് പരിക്കേറ്റ റെജിനെ പാരിപ്പളളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
National
ബംഗളൂരു: കർണാടകയിലെ ബംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒൻപത് തൊഴിലാളികൾ മരിച്ചു, അഞ്ച് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന 'കാവേരി ക്രഷർ' എന്ന ക്വാറിയിലാണ് നാടിനെ അപകടമുണ്ടായത്.
ട്രാക്ടർ ഉപയോഗിച്ച് മുകളിലെ പാറ നീക്കം ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി കൂറ്റൻ കല്ലുകളും മണ്ണും താഴെ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ശരീരത്തിൽ പതിക്കുകയായിരുന്നു. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവരമറിഞ്ഞ് പോലീസും ഫയർഫോഴ്സും ദുരന്തനിവാരണ സേനയും സംഭവസ്ഥലത്തെത്തി അടിയന്തര രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ക്വാറിയിൽ വീണുകിടക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും യന്ത്രസഹായത്തോടെ നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനിയും നിരവധി തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് സൂചന.
Kerala
കോഴിക്കോട്: എ.എ. റഹീം എംപിക്കെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. കോഴിക്കോട് പേരാമ്പ്ര സ്വദേശി ആദം കുട്ടി എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.
കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര ഡിവൈഎഫ്ഐ തടയും എന്ന് റഹീമിന്റെ ഫോട്ടോ ഉള്‍പ്പെടുത്തി പ്രചരിപ്പിച്ചതിനാണ് കേസ്. കലാപാഹ്വാനത്തിനാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. പേരാമ്പ്ര വള്ളിക്കുന്ന് സ്വദേശിയാണ് ആദംകുട്ടി. ഈ മാസം 12നാണ് റഹീമിനെതിരെ വ്യാജ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ചത്.
മുൻപും എ.എ. റഹീം എംപിക്കെതിരെ വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. കാഫിര്‍ സ്ക്രീന്‍ഷോട്ട് നിര്‍മിക്കാന്‍ ആഹ്വാനം ചെയ്തത് റഹീമാണെന്ന് പ്രതി ജിതിന് ഭാസ്കര്‍ മൊഴി നല്‍കിയെന്നും വ്യാജ പ്രചരണമുണ്ടായി.
അഗസ്റ്റിന് ചെറുപുഴ, സാജന് അല്‍ഫോണ്‍സ് എന്നീ പ്രൊഫൈലുകളില്‍ നിന്നായിരുന്നു പോസ്റ്റ്. ഇതിലും റഹീം പരാതി നല്‍കിയിരുന്നു. ഓപ്പറേഷന് തൂഫാനെതിരെ എ.എ. റഹീം രംഗത്തു വന്നു എന്ന വ്യാജ പ്രചരണവും നടന്നിരുന്നു. ഇതില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ശ്രീകാന്ത് പള്ളിത്തോട്, റിയാസ് തത്തോത്ത് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകള്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു.
Kerala
കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെ ഫേസ്ബുക്കില്‍ വിദ്വേഷ കമന്റിട്ട സിപിഎം പ്രവര്‍ത്തകനെതിരെ കേസെടുത്തു. താമരശ്ശേരി തേറ്റാമ്പുറം സ്വദേശി വിവിനെതിരെ ആണ് കലാപാഹ്വാനത്തിന് കേസ് എടുത്തത്.
കെ. മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തക്ക് താഴെ ആയിരുന്നു കമന്റ്. കെ.മുരളീധരനെ കിങ്ങിണി മോന് എന്ന് വിളിച്ച് ആക്ഷേപിക്കുക ആയിരുന്നു. താമരശേരി പോലീസ് ആണ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവ് നല്കിയ പരാതിയിലാണ് പോലീസ് നടപടി.
Kerala
പാലക്കാട്: പെരുങ്കുന്നത്ത് കിണർ വൃത്തിയാക്കുന്നതിനിടെ കപ്പിയും കയറും തൂണും പൊട്ടിവീണ് തൊഴിലാളി മരിച്ചു. കുഴൽമന്ദം പെരുങ്കുന്നം തെക്കേക്കരയിൽ രാമദാസ് (41) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ ചിതലി എടക്കാട്ടിൽ സ്വകാര്യ വ്യക്തിയുടെ കിണർ നന്നാക്കുന്നതിനിടെയായിരുന്നു അപകടം. കിണർ വൃത്തിയാക്കി കഴിഞ്ഞതിനു ശേഷം മുകളിലേക്ക് കയറാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായി മുകളിലെ കപ്പിയും കയറും തൂണും ഇടിഞ്ഞ് രാമദാസിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. കമ്പി തലയിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ രാമദാസ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടവിവരമറിഞ്ഞ് ആലത്തൂർ അഗ്നിശമന സേന ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുത്തത്. കുഴൽമന്ദം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പരേതനായ മാണിയുടെയും ദൈവാനിയുടെയും മകനാണ് രാമദാസ്. അംബികയാണ് ഭാര്യ. ആദി കൃഷ്ണൻ, ആദിത്യൻ എന്നിവർ മക്കളാണ്. ഭവദാസ്, കൃഷ്ണദാസ്, ഗീത എന്നിവർ സഹോദരങ്ങളാണ്.
Kerala
ആലപ്പുഴ: അർത്തുങ്കലിൽ വൈദ്യുതി ലൈൻ പുനഃസ്ഥാപിക്കുന്നതിനിടെ കെഎസ്ഇബി കരാർ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡ് നളന്ദ ജംഗ്ഷന് സമീപം കൊച്ചുതയ്യിൽ പരേതനായ മണിയുടെ മകൻ എം രഞ്ജിത്ത് (42) ആണ് മരിച്ചത്.
ശനിയാഴ്ച പകലായിരുന്നു സംഭവം. കാറ്റിലും മഴയിലും മരംവീണ് വൈദ്യുതി ബന്ധം നഷ്ടപ്പെട്ട അർത്തുങ്കൽ മുട്ടുകൽ ഭാഗത്തെ വീട്ടിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ജോലിക്കിടെ, ചാരിവെച്ച ഏണിയുമായി വൈദ്യുതി ലൈനിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ഗീതു. മക്കൾ: ദേവതീർഥ്, രുദ്രതീർഥ്.
District News
പാലോട്: പാണ്ഡിയൻപാറ പവർ സ്റ്റേഷനു സമീപമുള്ള വെയിറ്റിംഗ് ഷെഡിനു പുറകിലായി കെഎസ്ഇബി കരാർ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.
വിതുര മേമല പുളിമൂട്ടിൽ വീട്ടിൽ കുഞ്ഞുമോൻ എന്നു വിളിക്കുന്ന പ്രിൻസ് (52)ആണ് മരിച്ചത്. സംസ്കാരം ഇന്ന് 10.30 ന്. മരണത്തിൽ ദുരൂഹതയില്ലെന്ന് പാങ്ങോട് പോലീസ് പറഞ്ഞു. സിന്ധുവാണ് ഭാര്യ. മക്കൾ: പ്രീനി പ്രിൻസ്, മീനു പ്രിൻസ്.
Kerala
കൊല്ലം: ചാത്തന്നൂരിൽ ബിജെപി പ്രവർത്തകനെ കുത്തിയ പ്രതി മൊട്ട വിഷ്ണു അറസ്റ്റിൽ. ബിജെപി പ്രവർത്തകനായ രാജീവനെ ഞായറാഴ്ച രാത്രിയാണ് വിഷ്ണു ആക്രമിച്ചത്.
രാഷ്ട്രീയ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് രാജീവൻ പറഞ്ഞു. ഫോട്ടോഗ്രാഫറായ രാജീവൻ ഞായറാഴ്ച രാത്രി ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് കുത്തേറ്റത്. പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
Kerala
കോഴിക്കോട്: അങ്കണവാടി ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ പ്രാദേശിക നേതാവിനെ പുറത്താക്കി സിപിഎം. കോഴിക്കോട് പെരുവയൽ പഞ്ചായത്ത് അംഗം എം.എം. പ്രസാദിനെയാണ് പുറത്താക്കിയത്. ഇന്ന് ചേർന്ന പാർട്ടി യോഗത്തിലാണ് നടപടി.
കഴിഞ്ഞ ഏഴിനാണ് സംഭവം നടന്നത്. അങ്കണവാടിയിലെത്തിയ പ്രസാദ് ലൈംഗിക ഉദ്ദേശത്തോടെ തന്റെ കൈയിൽ കയറി പിടിച്ചെന്നാണ് ജീവനക്കാരി കുന്ദമംഗലം പോലീസിൽ പരാതി നൽകിയത്. പെരുവയൽ പഞ്ചായത്തിലെ മൂന്നാം വാർഡിലെ അംഗമാണ് പ്രസാദ്. പരാതി നൽകിയതിന് പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസേടുക്കാനൊരുങ്ങുകയാണ്.
കുന്നമംഗലം ഏരിയ കമ്മിറ്റി അംഗം, പൂവാട്ടുപറമ്പ് ലോക്കൽ കമ്മിറ്റി അംഗം എന്നീ ചുമതല വഹിച്ചിരുന്നയാളാണ് പ്രസാദ്. പരാതിക്ക് പിന്നാലെ പ്രസാദിനോട് പഞ്ചായത്ത് അംഗത്വം രാജിവയ്ക്കാൻ പാർട്ടി നിർദേശം നൽകുകയായിരുന്നു. അങ്കണവാടി വർക്കേഴ്സ് ജാഗ്രത സമിതിയുടെ ചെയർമാൻ കൂടിയാണ് പ്രതിയായ പ്രസാദ്.
Kerala
ആലപ്പുഴ: കിണറിനുള്ളിൽ ചത്ത് കിടന്ന എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. ചാരുംമൂട് ഉളവുക്കാട് തെക്കേടത്ത് വീട്ടിൽ ജയചന്ദ്രൻ (49) ആണ് മരിച്ചത്. ഉളവുക്കാട് പുളിവേലിൽ ജംഗ്ഷനിലുള്ള ഗോപിനാഥൻ പിള്ളയുടെ വീട്ടിലെ കിണറ്റിൽ എലി ചത്തുകിടന്നിരുന്നു.
ഇത് എടുക്കുന്നതിനായി കിണറ്റിലേക്ക് ഇറങ്ങിയതായിരുന്നു ജയചന്ദ്രൻ. എന്നാൽ കിണറിന്റെ ഏറ്റവും താഴേക്ക് എത്തുന്നതിന് മുൻപ് ഇദ്ദേഹത്തിന് ശ്വാസം മുട്ടി. പിന്നാലെ ജയചന്ദ്രൻ കിണറ്റിലേക്ക് കുഴഞ്ഞു വീഴുകയായിരുന്നു.
ഈ സമയം കിണറിന്റെ കരയിൽ നിന്നിരുന്ന ഗോപിനാഥൻ പിള്ള ഇദ്ദേഹത്തെ രക്ഷപ്പെടുത്താൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞില്ല. വിവരം അറിയിച്ചതിനെത്തുടർന്ന് കായംകുളത്ത് നിന്ന് ഫയർ ഫോഴ്സ് എത്തി. ഇവരാണ് പിന്നീട് ജയചന്ദ്രനെ പുറത്തെടുത്തത്.
ഉടൻ തന്നെ നൂറനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ് ഓമനയമ്മ. മൃതദേഹം അടൂർ സർക്കാർ ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടം പരിശോധനയ്ക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു.
Kerala
കണ്ണൂർ: കണ്ണൂരില്‍ കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു തലശേരി കുണ്ടുചിറ സ്വദേശി രാജൻ (58) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പറാംകുന്ന് ഭാഗത്ത് അറ്റകുറ്റപ്പണക്കിടെയാണ് രാജന് ഷോക്കേറ്റത്.
മൃതദേഹം തലശേരി സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Kerala
കൊച്ചി: എറണാകുളം പുതുവൈപ്പ് ഐഒസി ടെര്‍മിനിലെ ഹൗസ് കീപ്പിംഗ് തൊഴിലാളിക്ക് സൂര്യാഘാതമേറ്റു. ഇരു കൈകളിലും പൊള്ളലേറ്റ രമേശന് എന്ന തൊഴിലാളി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ വര്‍ഷവും ഒരു തൊഴിലാളിക്ക് ഇവിടെ സൂര്യാഘാതം ഏറ്റിരുന്നു.
അതേസമയം, കേരളത്തില്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കുന്നത്. തൃക്കാക്കരയില്‍ അഞ്ചു ആശ വര്‍ക്കര്‍മാര്‍ക്ക് സൂര്യാഘാതം ഏറ്റിരുന്നു.
കോട്ടയത്ത് ബൈക്കില്‍ യാത്ര ചെയ്ത യുവാവിന് സൂര്യാഘാതമേറ്റു. കഴിഞ്ഞ വ്യാഴാഴ്ച കണ്ണൂര്‍ സ്വദേശിയായ യുവാവ് സൂര്യാഘാതമേറ്റ് മരിച്ചിരുന്നു.
Kerala
കോഴിക്കോട്: വടകര തിരുവള്ളൂര്‍ ചാനിയംകടവില്‍ ലീഗ് പ്രവര്‍ത്തകനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ കീഴടങ്ങി. പോലീസ് സ്റ്റേഷനിലെത്തിയാണ് കീഴടങ്ങിയത്.
പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. താഴെക്കുറ്റിയില്‍ യൂസഫിനെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ചാനിയംകടവ് സ്വദേശി സുരേഷ്, അശ്വന്ത്, രഞ്ജിത്ത് എന്നിവരാണ് വടകര സ്റ്റേഷനില്‍ കീഴടങ്ങിയത്. ഒരാള്‍ നേരത്തെ പിടിയിലായിരുന്നു.
ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ വാഹനം തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം സ്വര്‍ണവും മൊബൈലും കവര്‍ന്നെന്നായിരുന്നു ലീഗ് പ്രവര്‍ത്തകനായ യൂസഫിന്റെ പരാതി . വധശ്രമത്തിനാണ് കേസെടുത്തത്. തെരഞ്ഞെടുപ്പ് സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി സിപിഎം പ്രവര്ത്തകന് മര്‍ദനമേറ്റതിന് പിന്നാലെയായിരുന്നു ലീഗ് പ്രവര്‍ത്തകനുനേരെയുള്ള ആക്രമം.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് വീണ് തൊഴിലാളി മരിച്ചു. വാല്യക്കോട് പുതുക്കുടി മീത്തൽ ഭാസ്കരൻ (54) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു അപകടം ഉണ്ടായത്.
പേരാമ്പ്ര പൈതോത്ത് റോഡിലെ പഴയ ബൈപ്പാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനുള്ളിൽ മുറിക്കായി ചുമർ കെട്ടുന്നതിനിടെ ഭാസ്കരൻ താഴേക്ക് വീഴുകയായിരുന്നു. അപകടം നടന്ന ഉടനെ കൂടെയുണ്ടായിരുന്ന തൊഴിലാളികൾ ഭാസ്കരനെ പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
കോഴിക്കോട്: സരോവരത്ത് ബസ് റിപ്പയറിംഗിനിടെ ജാക്കി നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ചു. ആലപ്പുഴ സ്വദേശി ഗിരി പ്രസാദാണ് മരിച്ചത്.
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. മരിച്ച ഗിരി പ്രസാദിന്റെ പരിക്ക് ഗുരുതരമായിരുന്നു.
ആശുപത്രിയിൽ ചികിത്സയിരിക്കെയാണ് ഗിരി പ്രസാദ് മരിച്ചത്. ബസിന്റെ അറ്റകുറ്റ പണിക്കിടെയാണ് അപകടമുണ്ടായത്.
Kerala
കണ്ണൂർ: മയ്യിലിൽ സിപിഎം പ്രവർത്തകന് കുത്തേറ്റ സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ. അരിമ്പ്ര സ്വദേശി കൃഷ്ണനാണ് കസ്റ്റഡിയിലുള്ളത്. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്.
ഇന്ന് വൈകുന്നേരമാണ് സംഭവം. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആർഎസ്എസുകാരെ പോലെയാണ് കോൺഗ്രസുകാർ പെരുമാറുന്നതെന്ന് സംഭവത്തിൽ എം.വി. ഗോവിന്ദൻ പ്രതികരിച്ചു. തർക്കം ഉണ്ടായപ്പോൾ സമാധാനിപ്പിക്കാൻ പോയ ആളെയാണ് കുത്തിയതെന്നും പരാജയം ഉറപ്പായപ്പോൾ കോൺഗ്രസ് ക്രിമിനൽ സംഘം കടന്നാക്രമണം നടത്തുന്നതിനു വേണ്ടി ബോധപൂർവം ആസൂത്രണം ചെയ്തിരിക്കുകയാണെന്നും ഗോവിന്ദൻ ആരോപിച്ചു.
Kerala
കണ്ണൂര്‍: മയ്യിലില്‍ സിപിഎം പ്രവര്ത്തകന് കുത്തേറ്റു. മുല്ലക്കൊടി അരിമ്പ്ര സ്വദേശിയായ പി.പി. പ്രകാശനാണ് കുത്തേറ്റത്. അല്പസമയം മുന്‍പാണ് സംഭവം.
കോണ്‍ഗ്രസ് പ്രാദേശിക നേതാവ് കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. പരിക്കേറ്റ പ്രകാശനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Kerala
മലപ്പുറം: തിരൂരങ്ങാടിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പിഎംഎ സമീറിന്റെ റോഡ് ഷോയ്ക്കിടെ മുസ്ലിം ലീഗ് പ്രവര്ത്തകന് കുഴഞ്ഞുവീണ് മരിച്ചു. മുഹമ്മദ് കോയ(75) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്.
യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ പര്യടനത്തിന്റെ ഭാഗമായി തീരദേശത്ത് റോഡ് ഷോ നടക്കുകയായിരുന്നു. ആലുങ്ങല്‍ ബീച്ചില്‍ വച്ച് സ്ഥാനാര്‍ഥിക്ക് പ്രവര്‍ത്തകര്‍ ഹാരമണിയിപ്പിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന മുഹമ്മദ് കോയ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തീരദേശത്തെ സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു മുഹമ്മദ് കോയ. മരണവിവരമറിഞ്ഞതിനെത്തുടര്ന്ന് റോഡ് ഷോ അടിയന്തിരമായി നിര്‍ത്തിവച്ചു. സ്ഥാനാര്‍ഥി പി.എം.എ. സമീര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആശുപത്രിയിലെത്തി അന്തിമോപചാരം അര്‍പ്പിക്കുകയും കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
Kerala
പരപ്പനങ്ങാടി (മലപ്പുറം): ഭാഗ്യം വീട്ടുമുറ്റത്തെ ത്തി. തൊഴിലാളി കോടീശ്വരനായി.
സംസ്ഥാന സർക്കാരിന്റെ സമ്മർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപയ്ക്ക് അർഹനായത് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി സ്വദേശി. നെടുവ ചക്യാട്ട് റോഡിൽ നടുവീട്ടിൽ പത്മനാഭൻ (51) ആണ് ഈ വലിയ ഭാഗ്യത്തിന് ഉടമയായത്.
പാലക്കാട്ടുനിന്നെടുത്ത എസ്ബി 517026 എന്ന നന്പറിലുള്ള ടിക്കറ്റാണ് പത്മനാഭന്റെ തലവര മാറ്റിവരച്ചത്.കോയന്പത്തൂരിൽ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ പാലക്കാട്ടുനിന്നാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്.
ലോട്ടറി എടുക്കുന്ന ശീലമുള്ളയാളല്ല പത്മനാഭൻ. ബംബർ ആയതിനാൽ മാത്രം ടിക്കറ്റ് എടുക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എട്ട് വർഷമായി കോട്ടയ്ക്കൽ കോഴിച്ചെനയിലെ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. ബംബർ ടിക്കറ്റ് എസ്ബിഐ പരപ്പനങ്ങാടി ശാഖാ മാനേജർക്ക് കൈമാറി.
Kerala
ഇടുക്കി: ഏലപ്പാറയിലെ ലോഡ്ജില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കോതമംഗലം സ്വദേശി മനുവിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഏലപ്പാറയിലെ ഹോട്ടൽ ജീവനക്കാരനാണ് മനു.
സംഭവം കൊലപാതകമെന്നാണ് പോലീസ് സംശയം. മനുവിന്റെ ഒപ്പം താമസിച്ചിരുന്നയാളുമായി ലോഡ്ജിനുള്ളില്‍ അടിപിടി ഉണ്ടായതിനെതുടര്‍ന്നാണ് മനു മരിച്ചതെന്നാണ് പോലീസ് നിഗമനം.
ലോഡ്ജില്‍ ഇയാള്‍ക്കൊപ്പം താമസിച്ച ഇതര സംസ്ഥാന സ്വദേശി ഒളിവിലാണ്. രാവിലെ ലോഡ്ജിലെ ജീവനക്കാരനാണ് മനുവിനെ മരിച്ച നിലയില്‍ കണ്ടത്.
പീരുമേട് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഒളിവില്‍ പോയ ജാര്‍ഖണ്ഡ് സ്വദേശിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
District News
രാജാക്കാട്: എൻആർ സിറ്റിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർയാത്രികന് പരിക്കേറ്റു. രാജാക്കാട് കനകപ്പുഴ പെരിയക്കോട്ടിൽ സജിൻ സണ്ണി (24)ക്കാണ് പരിക്കേറ്റത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. രാജകുമാരി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും രാജാക്കാട് ഭാഗത്തേക്ക് വരികയായിയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു.
\ഓടിക്കൂടിയ നാട്ടുകാർ സജിനെ പുറത്തെടുത്ത് രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി തൊടുപുഴയിലേക്ക് കൊണ്ടുപോയി.
Kerala
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ സിപിഐഎം പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുതുവണ്ണാച്ച വെള്ളപ്പാലന്‍കണ്ടി നിതിന്‍ ആനന്ദ്(38), മീത്തലെ പാറക്കലില്‍ പ്രജീഷ് കുമാര്‍(45) എന്നിവര്‍ ആണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് സിപിഎം പ്രവര്‍ത്തകനായ കുനീമ്മല്‍ ദിനേശന് വെട്ടേറ്റത്. രാത്രിയില്‍ വീട്ടിലേക്കു പോകുമ്പോഴായിരുന്നു ആക്രമണം. ബൈക്കില്‍ വെളുത്തപറമ്പത്ത് നിന്ന് മുതുവണ്ണാച്ചക്കുള്ള റോഡിലൂടെ പാറക്കെട്ടിലെ വീട്ടിലേക്ക് പോകുമ്പോള്‍ വഴിയില്‍വച്ച് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ദിനേശൻ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് പേരാണ് ദിനേശനെ ആക്രമിച്ചത്. അതില്‍ ഒരാളെ കൂടി ഇനി പിടികൂടാനുണ്ടെന്നാണ് ലഭിക്കുന്ന വിവരം. പ്രതികളെ ഉടന്‍ തന്നെ കോടതിയില്‍ ഹാജരാക്കും.
Kerala
തൃശൂർ: ശക്തൻ മത്സ്യമാംസ മാർക്കറ്റിലെ രണ്ട് കടകളിൽ മോഷണം. 60,000 രൂപയും രണ്ടു മൊബൈൽ ഫോണും കവർന്നു. എംവികെ ഡക്ക് ആൻഡ് കാട മാർച്ചന്റ് ഷോപ്പിലും കെപിസി ആൻഡ് സൺസ് ഐസ് ഫിഷ് കമ്മീഷൻ ഏജന്റ്സ് ഷോപ്പിലുമാണ് മോഷണം നടന്നത്. രാവിലെ കടയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മേശയുടെ വലിപ്പ് കുത്തിത്തുറന്നാണ് മോഷണം നടന്നിരിക്കുന്നത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചു. മാർക്കറ്റിലെതന്നെ മറ്റൊരു കടയിലെ തൊഴിലാളിയും കോഴിക്കോട് സ്വദേശിയുമാണ് മോഷണത്തിനു പിറകിലെന്നു തെളിഞ്ഞിട്ടുണ്ട്.
Kerala
കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ കോൺക്രീറ്റ് പാളി അടർന്നു വീണ് ഇതരസംസ്ഥാന തൊഴിലാളിക്ക് പരിക്ക്. നിർമാണം നടക്കുന്നതിനിടെ പൊളിച്ചുകളഞ്ഞ ശുചിമുറിയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്.
ഒഡീഷാ സ്വദേശിക്കാണ് പരിക്കേറ്റത്. പാരപ്പറ്റിന് മുകളിൽ കയറിയതിന് പിന്നാലെ ഒരു ഭാഗം അടർന്ന് വീഴുകയായിരുന്നു. ഇയാൾക്ക് കാര്യമായ പരുക്കേറ്റിട്ടില്ല. നിലവിൽ മെഡിക്കൽ കോളജിലെ ക്യാഷ്വാലിറ്റിയിലേക്ക് ഇയാളെ മാറ്റിയിരിക്കുകയാണ്.
നേരത്തെ ആശുപത്രിയുടെ പഴയ ശുചിമുറിയുടെ കോൺക്രീറ്റ് തകർന്നുവീണ് ബിന്ദു എന്ന യുവതി മരിച്ചിരുന്നു. ഈ കെട്ടിടത്തിന് നേരെയുള്ള ഭാഗത്താണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്.
Kerala
തിരുവനന്തപുരം: വെള്ളറടയിൽ ബിവ്റേജസ് ജീവനക്കാരനെ മര്‍ദിച്ച യുവാവ് അറസ്റ്റിൽ. ചെമ്പൂര് കട്ടുകോട് കിഴക്കിന്‍കര പുത്തന്‍വീട്ടില്‍ ആദര്‍ശ് (19) നെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി ഒൻപതിന് ബിവ്റേജസ് പൂട്ടിയ ശേഷം പുറത്തിറങ്ങിയ അംഗവൈകല്യമുള്ള ജീവനക്കാരനായ വിമേഷി(39)നോട് ഇയാൾ മദ്യം ആവശ്യപ്പെട്ടു. എന്നാൽ പ്രവർത്തന സമയം കഴിഞ്ഞെന്നും മദ്യം നൽകാൻ കഴിയില്ലെന്നും മറുപടി നൽകിയ വിമേഷിനെ ആദർശ് മർദിക്കുകയായിരുന്നു.
ആക്രമണത്തില്‍ വിമേഷിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ബിവ്റേജസ് ജീവനക്കാര്‍ പോലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഉടന്‍തന്നെ സംഭവസ്ഥലത്ത് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്ഐ അസീം, സിവില്‍ പോലീസുകാരായ ജെസീം, ജിജു , വിഷ്ണു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ആദർശിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം കോടതി റിമാന്‍ഡ് ചെയ്തു.
Kerala
പാലക്കാട്: ആലത്തൂരിൽ വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ ബിജെപി പ്രവർത്തകൻ പിടിയിൽ. പൊരുളിപ്പാടം സുരേഷ് ആണ് പിടിയിലായത്.
പഴനിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. പാടൂരിൽ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു വയോധികയെ സുരേഷ് കഴിഞ്ഞദിവസം ആക്രമിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പീഡനശ്രമം, വധശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം സുരേഷിനെതിരെ കേസെടുത്തിരുന്നു. സുരേഷിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അതേസമയം സുരേഷ് തങ്ങളുടെ പ്രവർത്തകല്ലെന്നാണ് ബിജെപി അറിയിച്ചത്.
Kerala
പാലക്കാട്: വാളയാറിൽ മർദനമേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ചത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ആണ് മരിച്ചത്.
കള്ളനെന്ന് ആരോപിച്ചാണ് രാംനാരായണനെ മർദിച്ചത്. മർദനത്തിൽ പരിക്കേറ്റ രാംനാരായണൻ ആശുപത്രിയിൽ ചികിത്സയിൽകഴിയുന്നതിനിടെയാണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കേസെടുത്തു.
Kerala
കോഴിക്കോട്: ആരോഗ്യ പ്രവര്‍ത്തകയെ ഫോണില്‍ അശ്ലീല സന്ദേശം അയച്ച് ശല്യപ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. കോഴിക്കോട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്ണനെതിരെയാണ് കേസ്. എരഞ്ഞിപ്പാലം സ്വദേശിയായ യുവതിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചു ശല്യം ചെയ്തെന്നാണ് പരാതി.
നേരത്തെ പരിചയം ഉണ്ടായിരുന്ന യുവതിയെ ഈ അടുത്ത കാലത്ത് വീണ്ടും പരിചയം പുതുക്കി ഉദ്യോഗസ്ഥന് ഫോണ്‍ നമ്പര്‍ വാങ്ങുകയായിരുന്നു. പിന്നീട് പകലും രാത്രിയും അസമയങ്ങളിലും നിരന്തരമായി ഫോണില്‍ വിളിച്ച് ശല്യം ചെയ്തെന്നാണ് പരാതി. അശ്ലീല സന്ദേശങ്ങളുമയച്ചു. തുടര്‍ന്ന് യുവതി നടക്കാവ് പൊലീസിനെ സമീപിക്കുകയായിരുന്നു.
പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതിനെത്തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഈ ഉദ്യോഗസ്ഥനെതിരെ നേരത്തെയും സമാനപരാതികള്‍ ഉണ്ടായിരുന്നെന്നാണ് സൂചന. അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് പോലീസ് കടന്നിട്ടില്ല.
Kerala
കൊച്ചി: എറണാകുളം മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്
ഇന്ന് ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. പൊളിച്ചു കൊണ്ടിരുന്ന വീടിന്റെ ഭിത്തിയാണ് ഇടിഞ്ഞുവീണത്. മരട് ആറ്റുംപുറം റോഡിൽ വേലുവിന്റെ ഉടമസ്ഥതയിലുള്ള ആൾ താമസമില്ലാത്ത വീട് പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞ് നിയാസിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.
മൂന്ന് തൊഴിലാളികളാണ് കെട്ടിടം പൊളിക്കുന്നതിനായി ഉണ്ടായിരുന്നത്. ഭിത്തി ഇടിഞ്ഞുവീണപ്പോൾ മറ്റ് തൊഴിലാളികൾ ഓടിമാറി. എന്നാൽ, നിയാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം പി എസ് മിഷൻ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പാലക്കാട്: ഡ്രിൽ മെഷീൻ ഉപയോഗിച്ച് സ്ക്രൂ ചെയ്യുന്നതിനിടെ ഷോക്കേറ്റ് തൊഴിലാളി മരിച്ചു. മങ്കര കല്ലൂർ സ്വദേശി അമ്പലപ്പടി വീട്ടിൽ രവിചന്ദ്രൻ എന്ന രവി ആണ് മരിച്ചത്.
കൂറ്റനാട് വലിയ പള്ളിക്ക് സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. കുഴഞ്ഞ് വീണ രവിചന്ദ്രനെ ഉടൻ ആശുപത്രി യിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലിശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
പാലക്കാട്: തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ സിപിഎം പ്രവർത്തകൻ തൂങ്ങിമരിച്ചു. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മരുതറോഡ് പഞ്ചായത്തിലെ നാലാം വാർഡായ പടലിക്കാട് റോഡരികിൽ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സിപിഎം കെട്ടിയ ഓഫീസിൽ ശിവൻ തൂങ്ങിമരിക്കുകയായിരുന്നു.
മരണകാരണം സംബന്ധിച്ച് അന്വേഷിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്രം നടപ്പാക്കുന്ന തൊഴിൽ കോഡ് പരിഷ്കരണങ്ങളിലെ തൊഴിലാളി വിരുദ്ധമായ നിലപാടുകൾ കേരളം ഒരു കാരണവശാലും നടപ്പാക്കില്ലെന്നു മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തിന്റെ തനതായ തൊഴിൽ ബന്ധങ്ങളും ട്രേഡ് യൂണിയൻ അവകാശങ്ങളും ദുർബലപ്പെടുത്തുന്ന ഒരു നീക്കവും സംസ്ഥാനം അനുവദിക്കില്ല.
തൊഴിൽനിയമങ്ങളുടെ ലളിതവത്കരണം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കണം. മെച്ചപ്പെട്ട വേതനം, ആരോഗ്യ സുരക്ഷ, സാമൂഹിക സുരക്ഷാ കവറേജ്, മാന്യമായ തൊഴിൽ സാഹചര്യം എന്നിവ ഉറപ്പാക്കാനാകും പ്രാമുഖ്യം നൽകുക.
കേന്ദ്ര കോഡുകൾക്ക് അനുസൃതമായി സംസ്ഥാന ചട്ടങ്ങൾ രൂപീകരിക്കുന്ന കാര്യം എല്ലാ ട്രേഡ് യൂണിയനുകൾ, വ്യവസായ മേഖല പ്രതിനിധികൾ എന്നിവരുമായി ചർച്ച ചെയ്യും. നിലവിലുള്ളതോ പുതിയതോ ആയ വ്യവസ്ഥയൊന്നും കേരളത്തിലെ തൊഴിലാളികളുടെ സാമൂഹിക സുരക്ഷയെയും തൊഴിലവകാശങ്ങളെയും പ്രതികൂലമായി ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ചട്ടങ്ങളിൽ ആവശ്യമായ വ്യവസ്ഥകൾ ഉൾപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.
Kerala
തിരുവനന്തപുരം: പാലോട് പടക്ക നിര്‍മ്മാണശാലയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. താളിക്കുന്ന സ്വദേശി ഷീബ (45) ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പാലോട് പേരയം താളിക്കുന്നിലുള്ള ആൻ ഫയര്‍ വര്‍ക്സിന്റെ പടക്ക നിര്‍മാണ യൂണിറ്റിന് തീപിടിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആൻ ഫയര്‍വര്‍ക്സ്.
അപകടത്തിൽ നിര്മണശാലയിലെ തൊഴിലാളികളായ ഷീബ, ജയ, ശ്രീമതി, മഞ്ജു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഷീബയെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ഓലപടക്കത്തിന് തിരി കെട്ടി കൊണ്ടിരുന്നപ്പോഴാണ് അപകടം നടന്നത്. വിതുര ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പാലോട് സ്വദേശി അജികുമാറിന്റെ ഉടമസ്ഥതയിലുള്ള നിർമാണ യൂണിറ്റിന് 25 മീറ്റർ മാറിയാണ് സംഭരണകേന്ദ്രവും ഉള്ളത്.
Kerala
തൃശൂര്‍: കൊരട്ടിയില്‍ മദ്യപാനത്തിനിടെ തൊഴിലുറപ്പ് തൊഴിലാളിയെ കുത്തിക്കൊന്നു. ആനക്കപ്പിള്ളി സ്വദേശി സുധാകരന്(65) ആണ് കൊല്ലപ്പെട്ടത്.
ഒപ്പം മദ്യപിക്കാന്‍ ഇരുന്ന സുഹൃത്ത് ശശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്ന് വൈകുന്നേരം 3.30 ഓടെയാണ് സംഭവം. രാജപ്പൻ എന്നയാളുടെ വീട്ടിലായിരുന്നു മദ്യപാനം. മദ്യപാന സല്‍ക്കാരത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് സുധാകരന് കത്തി കൊണ്ടുവന്നിരുന്നു. ഈ കത്തി വാങ്ങിയാണ് ശശി സുധാകരനെ കുത്തിയത്.
കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയശേഷം കുടുംബത്തിന് വിട്ടുനൽകും.