മൊയ്തുവിന്റെ നുഴഞ്ഞുകയറ്റങ്ങൾ
ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് മണൽ കാറ്റിന്റെ ഓർമപ്പരപ്പിലൂടെ മൊയ്തു കിഴിേൾരി നടക്കുകയാണ്, കിതപ്പറിയാത്ത കാലം തേടി. രാജ്യങ്ങളുടെ അതിർത്തികൾ കടന്ന് ആരോടും ചോദിക്കാതെ പറയാതെ നടന്നുപോയ കൗമാര–യൗവന കാലങ്ങളിലൂടെ. മരുഭൂമിയും, കടലും, തടാകങ്ങളും, ആകാശവും നീന്തിയും, നടന്നും, പറന്നും താണ്ടിയുളള കഥകൾ പറഞ്ഞുതുടങ്ങുമ്പോഴേക്കും മൊയ്തുവെന്ന സഞ്ചാരിക്ക് ഇന്ന് കിതയ്ക്കും. കേൾക്കുന്നവർക്ക് അവിശ്വസനീയമായി തോന്നും. പക്ഷേ മൊയ്തു പറയുന്നു, അതൊരു കാലം.

നടന്നു തീർത്ത വഴികളിൽ മനസിനെ മേയാൻ വിട്ട് മൊയ്തു ജീവൻ നിലനിർത്താൻ ആശുപത്രി കിടക്കയിൽ ഡയാലിസിസിന് വിധേയനായി കിടക്കുമ്പോഴും ഏഴാം ബഹറിന്റെയുളളിലെ കോട്ടകൾ മലർക്കെ തുറക്കും. 10നും 25നും പ്രായത്തിനിടെ 14 വർഷം മൊയ്തു നടന്നതും കണ്ടതും അനുഭവിച്ചതും ഏഷ്യ,ആഫ്രിക്ക,യൂറോപ്പ് വൻകരകളിലായി 43 രാജ്യങ്ങളാണ്. ഇവയിൽ 24 രാജ്യങ്ങളിലും നുഴഞ്ഞ് കയറ്റക്കാരനായിരുന്നു. 50 രൂപയുമായി നാടുവിട്ട അഞ്ചാം ക്ലാസ്സുകരൻ റഷ്യക്കെതിരേ അഫ്ഗാൻ മുജാഹിദുകൾക്കൊപ്പം ഗറില്ലാ പോരാളിയായതും, ഇറാൻ–ഇറാക്ക് യുദ്ധത്തിൽ ഇറാന്റെ സൈനികനായതും,തുർക്കിയിലും,ഇറാനിലും മാധ്യമപ്രവർത്തകനായതും,ചാരനായി മുദ്രകുത്തി പല രാജ്യങ്ങളിലും ജയിലിലായതും,സൂഫിയായതും ജീവിതത്തിൽ ആടിത്തീർത്ത വേഷങ്ങളിൽ ചിലതു മാത്രം.

ലോക സഞ്ചാരത്തിനിടയിൽ ചരിത്രം വർത്തമാനമാക്കുന്ന പുരാവസ്തുക്കളുടെ ശേഖരം, അറബിക് കാലിഗ്രഫി, അനുഭവങ്ങൾ അക്ഷരങ്ങളാക്കിയ ഏഴു പുസ്തകങ്ങൾ. ഇവ മാത്രമാണിന്ന് മൊയതുവിനു രോഗങ്ങൾക്കൊപ്പം കൂട്ടിന്. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ കിഴിേൾരി–മഞ്ചേരി റോഡിന് വിളിപ്പാട് അകലെയുളള റോസ് വില്ലയിലിരുന്ന് മൊയ്തു പറഞ്ഞുതുടങ്ങി.

<ആ>അഞ്ചാംക്ലാസുകാരന്റെ സഞ്ചാരം

കിഴിേൾരിയിലെ സമ്പന്ന കുടുംബത്തിലായിരുന്നു ഇല്ലിയൻ മൊയ്തുവിന്റെ ജനനം.പക്ഷെ പത്താം വയസിൽ പിതാവ് മുഹമ്മദ് ഹാജിയുടെ മരണത്തോടെ പ്രതാപകാലത്തിന്റെ തിരിതാണു. 12 മക്കളിൽ ഞാൻ ഏഴാമത്തവനായിരുന്നു. ദാരിദ്ര്യം കുടിയേറിയപ്പോഴാണ് നാടുവിട്ടത്. അഞ്ചാംക്ലാസിലായിരുന്നു അന്ന്. കൈയിൽ ആകെ ഉണ്ടായിരുന്നത് 200 രൂപമാത്രം. അതിൽ 150 രൂപ ധർമം നൽകി 50 രൂപയുമായി കോഴിക്കോട് നിന്ന് ദില്ലിയിലേക്ക് വണ്ടികയറി. നാടോടി പയ്യനായ എനിക്ക് പലതും സഹിക്കേണ്ടി വന്നു. തെരുവിലെ ജീവിതത്തിനിടയിൽ ക്രിസ്ത്യൻ പാതിരിമാരുടെയും, ഹിന്ദു സന്യാസികളുടേയും, സൂഫികളുടേയും കൂടെ താമസിച്ചു. ഖുർആനും, ബൈബിളും, ഗീതയും പഠിച്ചു. ഏഴു വർഷത്തിനിടെ ഇന്ത്യയിലെ സംസ്‌ഥാനങ്ങളിലൂടെ ജീവിതം അലിഞ്ഞുചേരുകയായിരുന്നു.

ദില്ലിയിൽ നിന്ന് ഒടുവിൽ മനംപുരട്ടി 17ാം വയസിൽ ജമ്മുകാശ്മീരിലേക്ക് പോയി. പാക്കിസ്‌ഥാനായിരുന്നു ലക്ഷ്യം. എന്നാൽ ചെന്നെത്തിയത് ആദ്യം അമൃത്സറിലാണ്. വഴി ചോദിച്ച പഞ്ചാബി എന്നെ സുവർണക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. അവർക്കിടയിൽ ഒരു കാഴ്ചക്കാരനായ ഞാൻ പെട്ടെന്ന് അവരുടെ കണ്ണിലെ ചാരനായി. മരത്തിൽ കെട്ടിയിട്ട് ചോദ്യം ചെയ്യലിനിടയിൽ ഒരു വൃദ്ധന് അലിവ് തോന്നി രക്ഷപ്പെടുത്തി. പിന്നെ വാഗാ അതിർത്തിയിലേക്ക് പോയി.

<ആ>അതിർത്തികൾ നുഴഞ്ഞുകയറിയ കാലം

വാഗാ അതിർത്തിയിൽനിന്ന് പാക്കിസ്‌ഥാനിലെ ലാഹോറിലേക്ക് ഇനിയുമുണ്ട് 27 കിലോമീറ്റർ. എന്നാൽ ചെന്നെത്തണമെങ്കിൽ പാസ്പോർട്ടും പ്രത്യേക അനുമതിയും വേണം.വഴിയിലെ കസ്റ്റംസ് ചെക്ക്പോസ്റ്റിൽ ചെന്ന് ഊമയായി നിന്നു. പാസ്പോർട്ടും, ഭാഷയും അറിയാത്ത എന്നെ അവർ പിടിച്ചു പുറത്തേക്ക് തളളി. കത്തുന്ന വെയിലിൽ നടന്ന് റെയിൽവെ ട്രാക്കിൽ കയറി യാത്ര തുടർന്നു. ഇതിനിടയിൽ സൈനികർ പിടികൂടി പട്ടാള ക്യാമ്പിൽ കൊണ്ടു പോയി. ചേലാ കർമംചെയ്ത ഞാൻ പാക്കിസ്‌ഥാൻകാരനാണെന്ന് ധരിച്ച് മർദനങ്ങളായിരുന്നു. ഒടുവിൽ രക്ഷപ്പെട്ടു. ഷർട്ടൂരി അരയിൽ കെട്ടി കയ്യിലുണ്ടായിരുന്ന ബാഗ് വലിച്ചെറിഞ്ഞ് അതിർത്തിയിൽ സൈന്യം കുറഞ്ഞ ഭാഗത്തേക്ക് നടന്നു പാക്കിസ്‌ഥാനിൽ കടന്നു. രക്ഷ അവിടേയുമുണ്ടായില്ല. പാക് സൈന്യത്തിന്റെ മുന്നിൽ അകപ്പെട്ടു. മോഷ്‌ടാക്കളെ പാർപ്പിക്കുന്ന ജയിലിലായിരുന്നു ഒരാഴ്ച.

പാക് സൈന്യം എന്നെയും ജയിലിലുണ്ടായിരുന്ന മൂന്ന് ബംഗാളികളെയും ഇന്ത്യയിലേക്കുതന്നെ നാടുകടത്തി. ദിക്കറിയാത്ത ഗോതമ്പ് വയലിലൂടെ ഓടി കുറ്റിക്കാട്ടിൽ ഒളിച്ചു. കൂടെയുണ്ടായിരുന്ന ബംഗാളികളെ സൈന്യം പിടികൂടിയിരുന്നു. അതിർത്തി കടന്ന് ഞാൻ വീണ്ടും ആ രാത്രി തന്നെ പാക്കിസ്‌ഥാനിൽ കടന്നു. അവശനായ എന്നെ വയലിൽ ജോലി ചെയ്യുന്ന കർഷകരാണ് ആദ്യം കണ്ടത്. അവർ എന്നെ പാക്കിസ്‌ഥാൻ കസ്റ്റംസുകാരനെ ഏൽപ്പിച്ചെങ്കിലും പൂർവ്വീകരെ തേടി എത്തിയ ബാലൻ എന്ന പരിഗണന നൽകി എന്നെ ലാഹോർ റെയിൽവെ സ്റ്റേഷനിലെത്തിച്ചു.

യാത്ര തുടർന്നു. എവിടേയും ശാശ്വതമാവാൻ മനസ് അനുവദിച്ചില്ല. അഫ്ഗാനിസ്‌ഥാൻ അതിർത്തിയിൽ തണുത്തുറഞ്ഞ ഖൈബർ ചുരം കയറി ചൈന ലക്ഷ്യമാക്കി നടന്നു. അതിർത്തികളിൽ സൈനികരുടെ കണ്ണുവെട്ടിച്ച് ചരക്ക് ലോറിയിലും കാളവണ്ടിയിലും, എലിയെ ചുട്ടുതിന്നുന്ന കാട്ടുമനുഷ്യർ ഒരുക്കിത്തന്ന ചങ്ങാടത്തിൽ നദിയും കടന്ന് ചൈനയിലെത്തി. അന്നത്തിനുവേണ്ടി ജോലി ചെയ്തു ജീവിച്ചു. പണവും പാസ്പോർട്ടുമില്ലാതെ രാജ്യങ്ങളിലേക്ക് ഒഴുകിയ ഒരുവേളയിൽ കൊറയയിൽവച്ചു പിടിക്കപ്പെട്ടു.

<ആ>അഫ്ഗാനിലെ ഗറില്ല പോരാട്ടം

രേഖകളില്ലാതെ അതിർത്തി കടന്നെത്തിയ കൊറയയിൽ നിന്ന് എന്നെ അഫ്ഗാനിസ്‌ഥാനിലേക്ക് നാടുകടത്തി. അഫ്ഗാനിസ്‌ഥാൻ റഷ്യൻ കമ്മ്യൂണിസ്റ്റ് അധിനിവേശത്തിലായിരുന്നു. ഇസ്ലാമിക ചിട്ടകൾക്ക് നേരെയുളള കടന്നാക്രമണം കൂടിയായിരുന്നത്. കാബൂളിൽ ഇതിനെതിരേ മുജാഹിദുകൾ എന്ന പേരിൽ പ്രതിരോധസംഘം വളരുന്ന കാലഘട്ടമാണ്. കൊടിയ ദാരിദ്ര്യവും പീഡനങ്ങളും വാഴുന്ന നാടായി കാബൂൾ മാറിയിരിക്കുന്നു. വെടിമുഴക്കങ്ങളും ആർത്തനാദങ്ങളുമാണ് എങ്ങും. എന്താണു സംഭവിക്കുന്നതെന്ന് ബോധ്യമാവുന്നില്ല. ഓടിവന്ന ഒരാൾ എന്നെ ചേർത്തുപിടിച്ച് നിലത്ത് കമഴ്്ന്നു കിടന്നു. നെഞ്ചിനു നേരേ വന്ന വെടിയുണ്ട പിറകിലെ തൂണ് പിളർത്തി. മരണത്തിൽനിന്ന് വീണ്ടും ജീവിതത്തിലേക്കുളള പാലമായിരുന്നു ആ മനുഷ്യൻ. മനുഷ്യമാംസവും കെട്ടിടങ്ങളുടെ അവശിഷ്‌ടവും ചിതറിയ തെരുവുകൾ. മനസ് മരിവിപ്പിച്ച കാഴ്ചയായിരുന്നു.

എന്നിലെ യുവത്വം ഉണർന്നു. റഷ്യക്കെതിരേ അഫ്ഗാൻ മുജാഹിദുകൾക്കൊപ്പം ആയുധപരിശീലനത്തിന് ചേരുന്നത് അങ്ങനെയാണ്. ഉസാമ ബിൻലാദനായിരുന്നു സാമ്പത്തികസഹായം നൽകിയിരുന്നത്. ഗറില്ല പോരാട്ടമായിരുന്നു. ഒടുവിൽ സോവിയറ്റ് റഷ്യ പിന്മാറി. എന്നാൽ ഇതിനു മുമ്പുതന്നെ ഞാൻ പാക്കിസ്‌ഥാനിലേക്ക് മടങ്ങാനൊരുങ്ങി. ഒട്ടകപ്പുറത്തായിരുന്നു യാത്ര. എന്നാൽ വഴിയരികിൽ മയക്കത്തിനിടെ അഫ്ഗാൻ പോലീസ് റഷ്യൻ ചാരനെന്ന പേരിൽ പിടികൂടി നുഷ്കീ ജയിലിൽ തളച്ചിട്ടു. 28 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഒടുവിൽ ഓഫീസർ ചോദിച്ചു താൻ മുസ്ലിമാണോ. ഖുർആൻ പഠിച്ചിട്ടുണ്ടോ എന്ന്. എന്റെ മറുപടി അയാളെ ചൊടിപ്പിച്ചു. പീഡനങ്ങൾക്കിടെ അവിടെയത്തിയ ഒരു മതപണ്ഡിതൻ രക്ഷയ്ക്കെത്തി. ഒടുവിൽ യാതനകളുണ്ടായ ജയിലിൽതന്നെ എനിക്ക് സ്വീകരണവും ലഭിച്ചു.

<ആ>ഇറാൻ–ഇറാക്ക് യുദ്ധഭൂമിയിലെ സൈനികൻ

ഇറാനിലെ തെഹ്റാനിൽ തണുത്തുറഞ്ഞ ഒരു രാത്രിയിലാണ് എത്തിപ്പെടുന്നത്. തൊട്ടടുത്ത ദിവസം ഷാ രാജാവിന്റെ കൊട്ടാരം കണ്ട് മിഴിച്ചുനിൽക്കുന്നതിനിടെ എന്നെ രാജാവിന്റെ രഹസ്യപ്പോലീസ് പിടികൂടി. അവർക്ക് ഞാൻ ചാരനായിരുന്നു. എന്നെ ചങ്ങലയിൽ ബന്ധിച്ചു കൊണ്ടുപോയി. അടിമകളുടെ സങ്കതത്തിൽപ്പെട്ട ഞാൻ അടിമയാണെന്ന് അറിയുന്നത് പിന്നെയും നാലുദിസം കഴിഞ്ഞാണ്. അവിടെനിന്ന് രക്ഷപ്പെടാൻ വൃദ്ധനായ ഒരടിമ സഹായിച്ചു. പട്ടാളക്കാരന്റെ ഷർട്ടണിഞ്ഞ് ഊടുവഴികളിലൂടെ ഞാൻ രക്ഷപ്പെട്ടെത്തിയത് പാക്കിസ്‌ഥാനികൾ വസിക്കുന്ന സ്‌ഥലത്തായിരുന്നു. ഹോർമൂസ് ഉൾക്കടലിൽ അവരോടൊപ്പം കുളിക്കാൻപോയ ദിനങ്ങളും അവരോടൊപ്പമുളള ജോലിയും ജീവിതത്തിൽ മറക്കാനാവാത്തതാണ്. അവിടെനിന്ന് ഇറാക്കിലേക്ക് പോകാനൊരുങ്ങി. ഇതിനിടെയാണ് ഇറാൻ–ഇറാക്ക് യുദ്ധം.

വഴി ചോദിച്ചത് രഹസ്യപ്പോലീസിനോടായിരുന്നു. അതോടെ അയാൾ എന്നെ അറസ്റ്റുചെയ്തു കോടതിയിലെത്തിച്ചു. നിസഹായാവസ്‌ഥ കണ്ട കോടതി കരുണ കാട്ടി. എന്നാൽ ഇറാക്കിലേക്ക് പോകില്ലെന്ന് അറിയിച്ച് ഒപ്പിട്ടു നൽകാൻ ആജ്‌ഞാപിച്ചു. എന്നാൽ ഇന്ത്യക്കാരനാണെന്നും ഇതിനു തയാറല്ലെന്നും ബോധിപ്പിച്ചത് അവരെ ചൊടിപ്പിച്ചു. യുദ്ധത്തെക്കുറിച്ച് അവർ ഓർമിപ്പിച്ചു. പട്ടാളക്യാമ്പിലെ ജീവിതമായിരുന്നു പിന്നീട്. എന്റെ ഖുർആൻ പാരായണത്തിൽ ആകൃഷ്‌ടരായ പട്ടാളക്കാർ ഉസ്താദ് എന്നു വിളിച്ചു. ഇറാക്ക് ചാരവിമാനം ബോംബ് വർഷിക്കുമെന്ന ഭയത്താൽ പട്ടാളക്യാമ്പിൽ രാത്രി വെളിച്ചമുണ്ടാവില്ല. അവർ എന്നെ തോക്കിന്റെ ഉപയോഗവും യുദ്ധമുറകളും പഠിപ്പിച്ചു. അവരിലൊരാളെന്നപോലെ ഞാനും പട്ടാളക്കാരനായി.

അതിർത്തിയിലേക്ക് ഇറാക്കിനെതിരേ യുദ്ധത്തിനു പോകാൻ ഞാനും പട്ടാളക്കാരോടൊപ്പം പോയി. തലയ്ക്കു മുകളിലൂടെ ഇറാക്കിന്റെ യന്ത്രത്തോക്കുകൾ തീ തുപ്പുകയാണ്. പാറമടകളിലും കണ്ടൽമേടുകളിലും, നക്ഷത്രങ്ങളുടെ വെളിച്ചത്തിൽ മാത്രം കഴിയുകയാണ്. ഇതിനിടെ ഞങ്ങളുടെ സേനാപതിയുടെ അലർച്ചയാണ് കേട്ടത്. ഇറാക്ക് യുദ്ധവാഹനങ്ങൾക്കു വെളിച്ചമേകുന്ന ലൈറ്റ് സംവിധാനം ഞങ്ങളുടെ സൈന്യം വെടിവച്ചിട്ടു. ഇതിനിടെ തുടരെത്തുടരെയുണ്ടായ ഷെല്ലാക്രമണത്തിൽ എന്റെ കൈപ്പത്തിക്ക് പരിക്കേറ്റു. കൈകാലുകൾ കുഴഞ്ഞ് ബോധരഹിതനായി.പട്ടാളക്യാമ്പിൽ നഴ്സായി സേവനം ചെയ്യുന്ന മെഹർനൂഷ് എന്ന യുവതി എന്നെ പ്രണയിക്കുന്നുണ്ടായിരുന്നു.അന്യനാട്ടുകാരനായ ഞാൻ അതിൽനിന്ന് പിന്മാറാൻ തയാറായെങ്കിലും അവൾ പട്ടാളക്യാമ്പിൽനിന്ന് രക്ഷപ്പെടാൻ വഴിയൊരുക്കി.

<ആ>പഠനം, യാത്ര, പത്രപ്രവർത്തനം

നാടു ചുറ്റുന്നതിനിടെ വിദ്യാർഥിയാകാനും മറന്നില്ല. ബാഗ്ദാദ് യൂണിവേഴ്സിറ്റിക്കു കീഴിൽ ചരിത്ര പഠനം, ഇസ്തംബൂളിൽ ചരിത്രം, ഭാഷ, അറബി കാലിഗ്രഫിക് എന്നിവയിൽ വിജ്‌ഞാനവും നേടിയെടുക്കാനായി. ഒരിക്കൽ ഒരു കൗതുകത്തിനാണ് ഇറാനിലെ പ്രസിദ്ധ പത്രമായ ഇർനയിലെ ഓഫീസിൽ കയറിയത്. ഞാൻ സഞ്ചാരകഥകൾ പത്രാധിപർക്കു മുമ്പിൽ വിവരിച്ചു. തെഹ്റാനിലെ സർവകലാശാലയിലും ഒന്നര മണിക്കൂർ വിദ്യാർഥികൾക്കു മുമ്പിൽ എന്റെ സഞ്ചാരകഥ പറഞ്ഞിരുന്നു. തൊട്ടടുത്ത ദിവസത്തെ പത്രത്തിൽ എന്നെക്കുറിച്ച് അവർ വാർത്ത പ്രസിദ്ധീകരിച്ചു. പിന്നീട് ഇർന പത്രത്തിൽ റിപ്പോർട്ടറായി. തുടർന്ന് തുർക്കിയിലെ മില്ലി കസത്ത ദിനപത്രത്തിലും ലേഖകനായിട്ടുണ്ട്.

ഇസ്താംബൂളിലും, സിറിയ, ഇറാക്ക്, ജോർദാൻ എന്നിവടങ്ങളിൽ ടൂറിസ്റ്റ് ഗൈഡായും പ്രവർത്തിച്ചു. യൗവനത്തിന്റെ തിളപ്പിൽ ഒരു സംവത്സരത്തിനിടെ 43 രാജ്യങ്ങൾ കടന്ന് പിന്നീട് നാട്ടിലെത്തി. 25–ാം വയസിൽ കോഴിക്കോട് ട്രെയിനിറങ്ങുമ്പോൾ കീശയിൽ ബാക്കിയുണ്ടായിരുന്നത് 4 പത്തുപൈസ മാത്രം.
മഞ്ചേരിയിൽനിന്ന് സോഫിയയെ വിവാഹം കഴിച്ചു. മദ്രസകളിൽ അധ്യാപകനായെങ്കിലും ജീവിതം കരുപിടിപ്പിക്കാനായി സൗദി അറേബ്യയിലെത്തി. അമേരിക്കൻ കമ്പനിയിലും, അൽ മഗ്റബി കമ്പനിയിലും ജോലി. ഒടുവിൽ നാട്ടിലേക്കു മടങ്ങി.

<ആ>മൊയ്തുവിന്റെ പുരാവസ്തു ശേഖരം

ചരിത്രം വർത്തമാനമാക്കുന്ന അപൂർവ ശേഖരങ്ങളുടെ മ്യൂസിയമാണ് മൊയ്തുവിന്റെ കിഴിശേരിയിലെ റോസ് വില്ല. സഞ്ചാരത്തിനിടെ ശേഖരിച്ച വസ്തുക്കൾ പല രാജ്യങ്ങളുടെയും ഇന്നലകളാണ്.കറൻസി മുതൽ വൈദ്യുതി എത്തുന്നതിനു മുമ്പുളള അപൂർവ ലൈറ്റുകൾവരെ ഇക്കൂട്ടത്തിലുണ്ട്. വിലമതിക്കാനാവാത്ത വസ്തുക്കളുടെ ശേഖരത്തോടൊപ്പം മൊയ്തുവിന്റെ കരവിരുതും ചുമരുകളിൽ കാണാനാകും. വിദേശത്ത് നാടോടിയായപ്പോൾ ജ്യേഷ്ഠന്റെ പേരിൽ നാട്ടിലേക്ക് അയച്ചാണ് മൊയ്തു പുരാവസ്തുക്കൾ സ്വന്തമാക്കിയത്. രണ്ടുവർഷം മുമ്പ് സഹോദരന്റെ മകന്റെ താൽപര്യത്തിൽ നിലമ്പൂരിൽ പ്രദർശനവും ഒരുക്കിയിരുന്നു. ഇവ സംരക്ഷിക്കപ്പെടുമെന്ന് പറഞ്ഞ് മന്ത്രിമാർ രംഗത്തു വന്നെങ്കിലും പിന്നീട് ആരുമെത്തിയില്ല. ആയതിനാൽ ഉപജീവനത്തിനായി ഇവ വിൽക്കാൻ മൊയ്തു പലതവണ ശ്രമം നടത്തിയിട്ടുണ്ട്.

<ആ>ഉപജീവനത്തിനായി കേഴുന്ന സൂഫി

ജീവിതം സഞ്ചാരം അക്ഷരങ്ങളാക്കി മൊയ്തു എഴുതിത്തീർത്തത് ഏഴു പുസ്തകങ്ങളാണ്.ചരിത്രഭൂമിയിലൂടെ,ദൂർ കെ മുസാഫിർ, തുർക്കിയിലേക്കൊരു സാഹസികയാത്ര, ദർദെ ജുദാഈ, ലിവിംഗ് ഓൺ ദ എഡ്ജ്, സൂഫികളുടെ നാട്ടിൽ, മരുഭൂകാഴ്ചകൾ എന്നിവയിൽ നിന്നു കിട്ടുന്ന വരുമാനമാണ് മൊയ്തുവിന് ആകെയുളള സമ്പാദ്യം. മൂന്നുവർഷം മുമ്പ് രോഗിയായി കിടന്നതോടെയാണ് കിഡ്നികൾ തകരാറിലാണെന്ന് കണ്ടെത്തിയത്. രണ്ടുവർഷമായി ഡയാലിസിസ്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നു. ഇപ്പോൾ ആഴ്ചയിൽ ഡയാലിസിസിന് വിധേയനാവണം. കൊണ്ടോട്ടിയിലെ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ തുണയാവുന്നു. സുമനസുകളുടെ സഹായമാണ് ഇന്ന് മൊയ്തുവിനുളള ഏക ആശ്രയം. ടെയ്ലറായ ഭാര്യയുടെ തുച്ഛമായ വേതനം കൊണ്ടാണ് കുടംബം കഴിയുന്നത്.

കാഴ്ചകൾ ഏറെ കണ്ട മൊയ്തുവെന്ന അൻപത്തിയാറുകാരന്റെ കണ്ണിന് കാഴ്ച കുറഞ്ഞുവരികയാണ്. മരുഭൂമികൾ താണ്ടിയ കാലുകൾ നിലത്തുറയ്ക്കുന്നുമില്ല. വാക്കുകൾ പലപ്പോഴും ഇടറുന്നു. സഹായത്തിനെത്തുന്നവരാൽ ജീവിതം കഴിയുന്നു. ചരിത്രശേഷിപ്പുകളും ലോകരാജ്യങ്ങളുടെ ഇന്നലകളും പറഞ്ഞുതരുന്ന മൊയ്തുവിന് ജീവിതത്തിൽ ഊന്നുവടിയാകാൻ സുമനസുകളുടെ സഹായം വേണമെന്നുമാത്രം.

<ആ>അശ്റഫ് കൊണ്ടോട്ടി