ചിക്കൻപോക്സ് ബാധിതൻ കുളിക്കുമ്പോഴല്ല രോഗം പകരുന്നത്
Tuesday, September 27, 2016 3:33 AM IST
വേനൽക്കാലമാകുന്നതോടെ പടരുന്നഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. പനിയും കുമിളകളുമാണ് പ്രധാന ലക്ഷണം. ഒപ്പം തലവേദന, പുറംവേദന, തൊണ്ടവേദന, ക്ഷീണം എന്നിവയും അനുഭവപ്പെടുന്നു.

രോഗകാരി വേരിസെല്ല സോസ്റ്റർ

ഡിഎൻഎ വൈറസ് ആയ ’വേരിസെല്ല സോസ്റ്റർ’ ആണ് രോഗകാരി. നിശ്വാസവായു, സ്പർശനം, തുമ്മൽ, ചുമ എന്നിവയിലൂടെയൊക്കെ രോഗം പകരാം. സത്യത്തിൽ കുമിളകൾ വരുന്നതിന് ഒന്നോ രണ്ടോ ദിവസം മുമ്പു മുതൽ രോഗം പകരാൻ സാധ്യതയുണ്ട്. ഈ കുമിളകൾ ഉണങ്ങുന്നതുവരെ രോഗം പകരാം.

രോഗാണു ഒരാളുടെ ശരീരത്തിൽ പ്രവേശിച്ചാൽ രണ്ടാഴ്ച കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമാവുക. അപ്പോഴേക്കും ആദ്യത്തെയാളുടെ രോഗം മാറി കുളിക്കാൻ തുടങ്ങിയിട്ടുണ്ടാവും. അതിനാൽ ചിക്കൻപോക്സ് മാറി രോഗി കുളിക്കുമ്പോഴാണ് രോഗം പകരുക എന്നൊരു ധാരണ കേരളീയരിൽ വേരോടിയിട്ടുണ്ട്.

രോഗാരംഭത്തിലെ കുമിളകൾ കണ്ണുനീർത്തുള്ളിപോലെ സുന്ദരസുതാര്യ രൂപത്തിലായിരിക്കും. പിന്നീടതിൽ പഴുപ്പ് നിറയും. രോഗം തനിയെ മാറും. പാടുകളും തനിയെ മാഞ്ഞുപോകും. രോഗപ്രതിരോധശേഷി വളരെ കുറഞ്ഞവരിലും സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കുന്നവരിലും കോംപ്ലിക്കേഷനുകൾ വരാം.

രോഗം മാറിയാലും ചിലരിൽ ശിരോനാഡിയിലും ഡോർസൽ റൂട്ട് ഗാഗ്ലിയ എന്ന നാഡീമൂലത്തിലും ഒളിച്ചിരിക്കുന്ന രോഗാണു വ്യക്‌തിക്ക് രോഗപ്രതിരോധശക്‌തി കുറയുന്ന ഘട്ടത്തിൽ പുറത്തുവന്ന് വിസർപ്പം എന്ന വേദനയോടുകൂടിയ രോഗമുണ്ടാക്കാം. രോഗത്തിനുശേഷം ഭാഗിക പ്രതിരോധം മാത്രം കിട്ടിയവരിൽ വിസർപ്പം വരാം. എന്നാൽ പൂർണ പ്രതിരോധം കിട്ടിയാൽ പത്തുവർഷത്തേക്കെങ്കിലും രോഗം വരില്ലെന്നാണു തിയറി.


ഗർഭിണികൾക്കു ചിക്കൻപോക്സ് വന്നാൽ

15 ശതമാനംപേരിൽ ന്യൂമോണിയ വരാറുണ്ടെങ്കിലും പ്രശ്നമില്ലാതെ മാറുന്നു. തലച്ചോറിനു പഴുപ്പ്, നീർക്കെട്ട്, റൈസ് സിൻഡ്രോം എന്നിവ ചിലപ്പോഴെങ്കിലും രോഗികളിൽ കോംപ്ലിക്കേഷനായി വരാം എന്നതിനാൽ രോഗം ശ്രദ്ധിക്കണം.

ഗർഭിണികളിൽ ആദ്യമാസങ്ങളിൽ രോഗം വന്നാൽ 9 ശതമാനം പേരിൽ കുഞ്ഞിനു ജന്മവൈകല്യം വരാം. അതിൽ 0.7 ശതമാനം മുതൽ 2 ശതമാനം പേരിൽ ’കൺജനിറ്റൽ വേരിസില്ല സിൻഡ്രോം’ എന്ന ഗുരുതരമായ ജന്മവൈകല്യം വരാം. ആയതിനാൽ ചിക്കൻപോക്സ് ബാധിതരുടെ വീട്ടിൽ ഗർഭിണികൾ
(തുടരും).

ഡോ. ടി.ജി. മനോജ്കുമാർ,
മെഡിക്കൽ ഓഫീസർ, ഗവ. ഹോമിയോ ഡിസ്പൻസറി, കണിച്ചാർ, കണ്ണൂർ.