കാൻസർ പ്രതിരോധത്തിനു സീതപ്പഴം
കാൻസർ പ്രതിരോധത്തിനു സീതപ്പഴം
വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം. പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, കോപ്പർ, സോഡിയം തുടങ്ങിയ ധാതുക്കളും അതിലുണ്ട്. ധാരാളം ഊർജമടങ്ങിയ ഫലം. ക്ഷീണവും തളർച്ചയും പേശികളുടെ ശക്‌തിക്ഷയവും അകറ്റുന്നു. മധുരം കൂടുതലായതിനാൽ ശരീരത്തിന്റെ മെറ്റബോളിക് നിരക്ക് ( നാം കഴിക്കുന്ന ആഹാരം ദഹിച്ച് പോഷകങ്ങൾ ശരീരത്തിലേക്കു വലിച്ചെടുക്കപ്പെടുന്ന പ്രവർത്തനമാണ് മെറ്റബോളിസം.) കൂട്ടുന്നു. വിശപ്പുണ്ടാക്കുന്നു. കൂടുതൽ ഭക്ഷണം കഴിക്കാനിടയാകുന്നു. മെലിഞ്ഞവർ തടികൂട്ാൻ സീതപ്പഴം കഴിക്കുന്നതു ഗുണപ്രദം.

ഫലത്തിന്റെ മാംസളമായ, തരിതരിയായി ക്രീം പോലെയുളള ഭാഗം പോഷകസമൃദ്ധം, പക്ഷേ, കുരു കഴിക്കരുത്; ആരോഗ്യത്തിനു നന്നല്ല. ഫലത്തിനുളളിൽ പുഴു കാണപ്പെടാൻ സാധ്യതയുളളതിനാൽ കഴിക്കുംമുമ്പു ശ്രദ്ധിക്കണം.

വിറ്റാമിൻ സി ആന്റി ഓക്സിഡന്റാണ്. ശരീരകോശങ്ങളിൽ അടിഞ്ഞുകൂടുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്നതിൽ ആന്റി ഓക്സിഡന്റുകൾ നിർണായകപങ്കു വഹിക്കുന്നു. പ്രതിരോധശക്‌തി മെച്ചപ്പെടുത്തുന്നു. രോഗാണുക്കളെ തുരത്തുന്നു.


സീതപ്പഴത്തിന്റെ ആന്റി ഓക്സിഡന്റ്ഗുണം ചിലതരം കാൻസറുകൾ തടയുന്നതിനു സഹായകമെന്നു ഗവേഷകർ. അവയിലുളള acetogenin, alkaloids എന്നിവ ആരോഗ്യമുളള കോശങ്ങൾക്കു കേടുവരുത്താതെ കാൻസർകോശങ്ങളെ മാത്രം നശിപ്പിക്കുന്നു. asimicin, bullatacin എന്നീ ആന്റി ഓക്സിഡന്റുകളും കാൻസറിനെതിരേ പോരാടുന്നു. ശരീരകോശങ്ങളിലെ ഫ്രീ റാഡിക്കലുകളെ ഇവ നിർവീര്യമാക്കുന്നു.

സീതപ്പഴത്തിലുളള വിറ്റാമിൻ സിയും റൈബോഫ്ളാവിൻ എന്ന ആന്റി ഓക്സിഡന്റും ഫ്രീ റാഡിക്കലുകളെ തുരത്തുന്നു. ഇതു കാഴ്ചശക്‌തി മെച്ചമോടെ നിലനിർത്തുന്നതിനു സഹായകം.

സീതപ്പഴത്തിൽ നാരുകൾ ധാരാളം. അതു കുടലുകൾക്കു സംരക്ഷണം നല്കുന്നു.
വിഷമാലിന്യങ്ങൾ കുടലിൽ നിന്നു ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനുളള സാധ്യത തടയുന്നു. കുടൽ, കരൾ എന്നിവയെ സംരക്ഷിക്കുന്നു. സ്തനാർബുദത്തിൽ നിന്നു സംരക്ഷണം നല്കുന്നു. (തുടരും)

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്