പ്രമേഹസാധ്യത കുറയ്ക്കാൻ ആപ്പിൾ
പ്രമേഹസാധ്യത കുറയ്ക്കാൻ ആപ്പിൾ
ശുദ്ധമായ ആപ്പിൾ ശീലമാക്കിയാൽ രോഗങ്ങൾക്കു പിടികൊടുക്കാതെ ജിവിക്കാം. ആപ്പിളിൽ കൊഴുപ്പില്ല, സോഡിയമില്ല, കൊളസ്ട്രോളുമില്ല. വിറ്റാമിൻ സി, വിറ്റാമിൻ ബി കോംപ്ലക്സ്(റൈബോഫ്ളാവിൻ, തയമിൻ, വിറ്റാമിൻ ബി6), ഫൈറ്റോ ന്യൂട്രിയന്റ്സ്, നാരുകൾ, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ ധാരാളം.

മാർക്കറ്റിൽ നിന്നു വാങ്ങിയ ആപ്പിൾ ഒരു മണിക്കൂറെങ്കിലും ഉപ്പും മഞ്ഞൾപ്പൊടിയും കലർത്തിയ വെളളത്തിലോ പുളിവെള്ളത്തിലോ മുങ്ങിക്കിടക്കുംവിധം സൂക്ഷിച്ചശേഷമേ കഴിക്കാവൂ;
അല്ലെങ്കിൽ ആപ്പിളിന്റെ പോഷകഗുണങ്ങളെല്ലാം കീടനാശിനികളുടെ വിഷസാന്നിധ്യത്തിനു മുന്നിൽ നിഷ്ഫലമായിപ്പോകും.

ആപ്പിളിലുളള പെക്റ്റിൻ എന്ന ജലത്തിൽ ലയിക്കുന്ന തരം നാരും അതിലുളള പോളിഫിനോളുകളുമാണ് ആപ്പിളിനെ ഹൃദയത്തിനു പ്രിയപ്പെട്ടതാക്കുന്നത്. എൽഡിഎൽ കൊളസ്ട്രോളാണ് ഹൃദയാരോഗ്യത്തിന്റെ വില്ലൻ. ആപ്പിളിലുളള പെക്റ്റിൻ ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കുറയ്ക്കുന്നു; പ്ലേക് രൂപപ്പെടുന്നതു തടയുന്നു.

ആപ്പിളിലുളള നാരുകളും രക്‌തത്തിൽ ചീത്ത കൊളസ്ട്രോളിന്റെ തോതുകൂടുന്നതു തടയുന്നു. ആപ്പിളിലുളള ഫൈറ്റോ ന്യൂട്രിയന്റുകളായ quercetin, catechin, phloridzin , chlorogenic acids എന്നിവയും ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ധമനീഭിത്തികളിൽ ചീത്ത കൊളസ്ട്രോൾ അടിഞ്ഞുകൂടി പ്ലേക് രൂപപ്പെടുന്നതു തടയുന്നതിൽ ഇവയും മുഖ്യപങ്കു വഹിക്കുന്നു; ആർട്ടീരിയോസ്ളീറോസിസ് സാധ്യത കുറയ്ക്കുന്നു.


ടൈപ്പ് 2 പ്രമേഹ സാധ്യത ആപ്പിൾ ശീലമാക്കിയവരിൽ കുറയുമെന്നു പഠനങ്ങൾ പറയുന്നു. ആപ്പിളിലുളള പോളിഫീനോളുകൾ ദഹനപ്രവർത്തനങ്ങൾ, കാർബോഹൈഡ്രേറ്റിന്റെ ആഗിരണം എന്നിവയെ സ്വാധീനിക്കുന്നുണ്ട്. ഇത് രക്‌തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിതമാക്കുന്നു.

ആഹാരം ദഹിക്കുമ്പോൾ ഗ്ലൂക്കോസിനെ രക്‌തത്തിലേക്കു വലിച്ചെടുക്കുന്ന പ്രവർത്തനത്തിന്റെ തോത് ആപ്പിളിലെ പോളിഫീനോളുകൾ കുറയ്ക്കുന്നു. അങ്ങനെ രക്‌തത്തിലെ ഷുഗർലോഡ് കുറയുന്നു. രക്‌തത്തിലുളള ഷുഗർ അവിടെ നിന്നു ശരീരകോശങ്ങളിലേക്കു നീക്കുന്നതിന് ഇൻസുലിൻ എന്ന ഹോർമോണിന്റെ ആവശ്യമുണ്ട്. ആപ്പിളിലെ പോളിഫീനോളുകൾ പാൻക്രിയാസിലെ ബീറ്റ സെല്ലുകളെ ഉത്തേജിപ്പിച്ച് കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു. അങ്ങനെ രക്‌തത്തിൽ നിന്നു ശരീരകോശങ്ങളിലേക്ക് കൂടുതൽ പഞ്ചസാര എത്തിക്കുന്നു. അത്തരം ഘടകങ്ങൾ കൂട്ടായി പ്രമേഹസാധ്യത കുറയ്ക്കുന്നു. (തുടരും)

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്