ആർത്തവ വിരാമവും മാമോഗ്രാം പരിശോധനയും
ആർത്തവ വിരാമവും മാമോഗ്രാം പരിശോധനയും
സ്തന ഘടന – ചില വസ്തുതകൾ
കൊഴുപ്പ്(ഫാറ്റ്), സ്തന കോശങ്ങൾ, നാഡികൾ, രക്‌തക്കുഴലുകൾ, ആർട്ടറി, കണക്ടീവ് ടിഷ്യൂ... ഇവയെല്ലാം ചേർന്നതാണ് സ്തനങ്ങൾ. ഒരു പെൺകുട്ടി പ്രായപൂർത്തിയാകുന്ന കാലം മുതൽ ആർത്തവവിരാമം വരെയുളള കാലയളവിൽ സ്തനങ്ങളുടെ രൂപം, ഘടന, ധർമം എന്നിവയിൽ മാറ്റമുണ്ടാകുന്നു.

സ്തനകലകൾക്കു (breast tissues) സങ്കീർണമായ ഒരു നെറ്റ് വർക്കിനോട് സാദൃശ്യമുണ്ട്. പാൽ ഉത്പാദിപ്പിക്കുന്ന ലോബ്യൂളുകളും ലോബ്യൂളുകളിൽ നിന്നു പാൽ പുറത്തേക്ക് എത്തിക്കുന്ന നാളികളും ചേർന്ന ഒരു നെറ്റ് വർക്ക്. മുന്തിരിക്കുലയോട് സമാനമായ ഘടന. ഇവ ഒന്നായി ലോബ്സ് എന്നറിയപ്പെടുന്നു.

പെൺകുട്ടി പ്രായപൂർത്തിയാകുന്നതോടെ അണ്ഡാശയങ്ങളും പിറ്റ്യൂട്ടറി ഗ്രന്ഥിയും(തലച്ചോറിന്റെ ഭാഗം. ശരീരവളർച്ച, മറ്റ് ഗ്രന്ഥികളുടെ പ്രവർത്തനം എന്നിവ നിയന്ത്രിക്കുന്നു) ഉത്്പാദിപ്പിക്കുന്ന ഹോർമോണുകളുടെ സ്വാധീനത്താൽ സ്തനനങ്ങൾക്കു വളർച്ച പ്രകടമാകുന്നു. ലോബ്യൂളുകളും ഡക്റ്റുകളും വികസിക്കുന്നു.

പ്രായപൂർത്തിയായ സ്ത്രീയുടെ ഓരോ സ്തനത്തിലും 19 മുതൽ 23 വരെ ലോബുകളുണ്ട്. ഓരോ ലോബിലും 20 മുതൽ 40 വരെ ലോബ്യൂളുകൾ ഉണ്ടായിരിക്കും. ലോബ്യൂളുകളിൽ നിന്നു പുറത്തേക്ക് ചെറിയ നാളികളും ഉണ്ടായിരിക്കും. ഓരോ നാളി വ്യവസ്‌ഥയും സ്തനാഗ്രത്തിലേക്ക് സ്വതന്ത്രമായി തുറക്കപ്പെടുന്ന രീതിയിലാണ് ഘടന.

ഉത്തേജനത്തിലൂടെയും മുലയൂട്ടലിലൂടെയും സ്തനങ്ങൾക്കു വികാസം സാധ്യമാക്കുന്നത് സ്തനാഗ്രത്തിലെ(നിപ്പിൾ) മസിൽ കലകളാണ്. ലോബ്യൂളുകളിൽ ഉത്പാദിപ്പിക്കപ്പെടുന്ന പാൽ ചുറ്റുമുളള മസിൽ കലകളുടെ സഹായത്താലാണ് നാളികളിലെത്തുന്നത്. മുലയൂട്ടുമ്പോൾ സ്തനാഗ്രത്തിലെ ചില ഗ്രന്ഥികൾ ചില സ്രവങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്.

പെൺകുട്ടി പ്രായപൂർത്തിയാകുന്നതോടെ സ്തനം പൂർണവികാസം പ്രാപിക്കുമെങ്കിലും ഗർഭധാരണം വരെ സ്തനകലകൾ നിഷ്ക്രിയമായിരിക്കും. പ്രസവത്തോടെ ലോബ്യൂളുകൾ വളർന്ന് പാൽ ഉത്പാദിപ്പിക്കാൻ തുടങ്ങുന്നു.

ആർത്തവവിരാമത്തോടെ ലോബ്യൂളുകൾ ചുരുങ്ങുന്നു. ആർത്തവിരാമത്തോടെ സ്തനകലകളും ചുരുങ്ങുന്നതിനാൽ ബ്രസ്റ്റ് ഡെൻസിറ്റി കുറയുന്നു. കൊഴുപ്പ് സ്തനകലകളേക്കാൾ കൂടുതലാകുന്നു. സ്തനഘടനയിൽ സംഭവിക്കുന്ന ഇത്തരം സ്വാഭാവിക മാറ്റം ആർത്തവവിരാമം വന്ന സ്ത്രീകളിലെ മാമോഗ്രാം പരിശോധന(സ്തനാർബുദ സാധ്യത മുൻകൂട്ടിയറിയുന്നതിനു) ആർത്തവമുളള സ്ത്രീകളിലെ മാമോഗ്രാം പരിശോധനയെക്കാൾ എളുപ്പമുള്ളതാക്കുന്നു. ആർത്തവമുള്ള സ്ത്രീകളിൽ ത്രീ ഡി അൾട്രാസൗണ്ട് ഉപയോഗിച്ചുള്ള പരിശോധനയാണ് കൂടുതൽ ഫലപ്രദം.

ഡോ.തോമസ് വർഗീസ് MS FICS(Oncology)FACS സീനിയർ കൺസൾട്ടന്റ് * സർജിക്കൽ ഓങ്കോളജിസ്റ്റ്, Renai Medicity, കൊച്ചി. * പ്രസിഡന്റ്, കേരള കാൻസർ കെയർ സൊസൈറ്റി, ഫോൺ: 9447173088.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്