സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങൾ ഒഴിവാക്കുക
സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങൾ ഒഴിവാക്കുക
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
എച്ച്ഐവി (ഹ്യൂമൻ ഇമ്യൂണോ ഡെഫിഷ്യൻസി വൈറസ്) വൈറസ് ബാധയുടെ അവസാനഘട്ടമാണ് എയ്ഡ്സ് അഥവാ അക്വേഡ് ഇമ്യൂൺ ഡെഫിഷ്യൻസി സിൻഡ്രോം. ഇതു രോഗപ്രതിരോധസംവിധാനം തകരാറിലാക്കുന്നു. ജീവനുതന്നെ ഭീഷണിയാകുന്ന അസുഖങ്ങൾ, അണുബാധ, കാൻസറുകൾ എന്നിവയ്ക്കിടയാക്കുന്നു. എയ്ഡ്സ് ബാധിച്ച വ്യക്‌തിയുടെ ഉമിനീർ, കണ്ണുനീർ, നാഡീകോശങ്ങൾ, സ്പൈനൽ ദ്രവം, രക്‌തം, ശുക്ലം, യോനീസ്രവം, മുലപ്പാൽ തുടങ്ങിയവയിൽ എച്ച്ഐവി വൈറസ് അടങ്ങിയിരിക്കുന്നു. പക്ഷേ, ഉമിനീർ, കണ്ണുനീർ, വിയർപ്പ് എന്നിവയിലൂടെ എച്ച്ഐവി പകരില്ല. എച്ചഐവി പോസീറ്റീവ് ആയ വ്യക്‌തിയുടെ ശരീരസ്രവങ്ങളുമായി(രക്‌തം, ശുക്ലം, യോനീസ്രവങ്ങൾ, മുലപ്പാൽ)ബന്ധം ഉണ്ടാകുന്നതു വഴിയാണ് എയ്ഡ്സ് പകരുന്നത്.

വൈറസ് പകരുന്ന വഴി

1. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ.
2. സുരക്ഷിതമല്ലാത്ത രക്‌തം സ്വീകരിക്കുന്നതു വഴി, സിറിഞ്ച്, സൂചി എന്നിവ പങ്കുവയ്ക്കുന്നതിലൂടെ
3. എച്ച്ഐവി ബാധിതയായ ഗർഭിണിയിൽ നിന്നു ഗർഭസ്‌ഥശിശുവിലേക്ക്, എച്ച്ഐവി ബാധിതയായ അമ്മയിൽ നിന്ന് കുഞ്ഞിലേക്ക് (രക്‌തം, മുലപ്പാൽ എന്നിവയിലൂടെ)
4. എയ്ഡ്സ്ബാധിതന്റെ സ്രവങ്ങൾ പുരണ്ട വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെ
5. എച്ച്ഐവി ബാധിതനിൽ നിന്നു സ്വീകരിച്ച ബീജം ഉപയോഗിച്ചു നടത്തുന്ന കൃത്രിമ ബീജസങ്കലനത്തിലൂടെ
6. എച്ച്ഐവി ബാധിതന്റെ അവയവം സ്വീകരിക്കുന്നതിലൂടെ

ഈ മാർഗങ്ങളിലൂടെ എച്ച്ഐവി പകരില്ല

1. ആലിംഗനം, ഹസ്തദാനം, പൊതു ടോയ്ലറ്റ് ഉപയോഗം
2. കൊതുകുകടി
3. കായികമത്സരങ്ങളിൽ
ഒന്നിച്ചിടപഴകുന്നതിലൂടെ
4. എച്ച്ഐവി ബാധിതനെ സ്പർശിക്കുന്നതിലൂടെ(എന്നാൽ നിങ്ങളുടെ ശറീരത്തിലെ മുറിവുകളിൽ എച്ച്ഐവി ബാധിതന്റെ ശരീരസ്രവങ്ങൾ പുരണ്ടാൽ എയ്ഡ്സ് പകരാനുളള സാധ്യതയുണ്ട്)
5. അവയവങ്ങളോ രക്‌തമോ
എയ്ഡ്സ് ബാധിതനു ദാനം ചെയ്യുന്നതിലൂടെ
(അവയവം ദാനം ചെയ്യുമ്പോൾ
സ്വീകർത്താവുമായി നേരിട്ടു ബന്ധത്തിൽ വരുന്നില്ല) ദാനം ചെയ്യുന്നയാൾക്ക് എയ്ഡസ് പിടിപെടില്ല. (എന്നാൽ എച്ച്ഐവി ബാധിതനിൽ നിന്നു രക്‌തമോ അവയവമോ സ്വീകരിക്കുന്നതു വഴി എയ്ഡ്സ് പകരാം.)

എച്ച്ഐവി ബാധയ്ക്കു സാധ്യത ഏറെയുളളവർ

1. മരുന്നു കുത്തിവയ്ക്കാൻ പലരുപയോഗിച്ച
സൂചി വീണ്ടും ഉപയോഗിക്കുന്നവർ
2. എച്ച്ഐവി ബാധിതയായ
അമ്മയ്ക്കു ജനിക്കുന്ന കുഞ്ഞ്
3. സുരക്ഷിതമല്ലാത്ത ലൈംഗികജീവിതം നയിക്കുന്നവർ.

ലക്ഷണങ്ങൾ

എച്ച്ഐവി ബാധിതരിൽ പത്തു വർഷത്തോളം ലക്ഷണങ്ങളൊന്നും പ്രകടമാവില്ല. ഈ ഘട്ടത്തിലും ഇവരിൽ നിന്നു മറ്റുളളവരിലേക്കു രോഗം പകരാം. രോഗം കണ്ടെത്തുകയോ ചികിത്സയ്ക്കു വിധേയമാവുകയോ ചെയ്യാത്ത പക്ഷം രോഗപ്രതിരോധസംവിധാനം തകരാറിലാകുന്നു. വിറയൽ, പനി, രാത്രിയിൽ അമിതമായി വിയർക്കൽ, ക്ഷീണം, ഭാരക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു. ചൊറിഞ്ഞു തടിക്കൽ, തൊണ്ടയ്ക്ക് അണുബാധ, ലിംഫ് നോഡുകളിൽ വീക്കം തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിക്കുന്നു. അവയൊക്കെ മറ്റുപല രോഗങ്ങളുടെയും കൂടി ലക്ഷണങ്ങളാണ്. അതിനാൽ സന്ദേഹമുളളവർ കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ജ്യോതിസ് കേന്ദ്രങ്ങളിലെത്തി എച്ച്ഐവി പരിശോധനയ്ക്കു വിധേയമാവുക. പരിശോധനയും ചികിത്സയും സൗജന്യം.

ജ്യോതിസ് കേന്ദ്രങ്ങൾ


കേരള എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ ജ്യോതിസ് കേന്ദ്രങ്ങളിൽ എച്ച്ഐവി പരിശോധനയും ചിക ിത്സയും സ ൗജന്യമായി ലഭ്യമാണ്. സംസ്ഥാനത്ത് ഒട്ടാകെ 163 ജ്യോതിസ് കേന്ദ്രങ്ങളുണ്ട്. മെഡിക്കൽ കോളജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, താലൂക്ക് ആശുപത്രികൾ, ചില ഇഎസ്ഐ ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ ജ്യോതിസ് കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. കൂടാതെ ചില റെയിൽവേ സ്റ്റേഷനുകൾ, പ്രധാന ജയിലുകൾ എന്നിവിടങ്ങളിലും ജ്യോതിസ് – ഇന്റഗ്രേറ്റഡ് കൗൺസലിംഗ് ആൻഡ് ടെസ്റ്റിംഗ് – കേന്ദ്രങ്ങളുണ്ട്.

രോഗനിർണയം

1. എലൈസ ടെസ്റ്റ്– എൻസൈം ലിങ്ക്ഡ് ഇമ്യൂണോസോർബന്റ് അസെയ് അഥവാ എലൈസാടെസ്റ്റ് എച്ച്ഐവി അണുബാധ സ്‌ഥിരീകരിക്കാൻ സഹായകം. പരിശോധനാഫലം പോസിറ്റീവാണെങ്കിൽ ഫലം ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന് രണ്ടാമതൊരു ടെസ്റ്റിനു വിധേയനാകാൻ നിർദ്ദേശിക്കും. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിൽ വ്യക്‌തി എച്ച്ഐവി ബാധിതനല്ലെന്ന് ഉറപ്പുവരുത്താം.
2. വെസ്റ്റേൺ ബ്ലോട്ട്– എലൈസ ടെസ്റ്റിന്റെ ഫലം ഉറപ്പു വരുത്തുന്നതിനാണ് ഇതു നടത്തുന്നത്. എച്ച്ഐവി ബാധിതരുടെ ശരീരത്തിലെ പ്രോട്ടീൻ കണ്ടെത്തുന്നതിന് ഇതുപയോഗിക്കുന്നു.
3. പിസിആർ– എച്ച്ഐവി ബാധിതരിലെ ജനിതകഘടനയിലെ ഡിഎൻഎ, ആർഎൻഎ ക്രമങ്ങൾ നിർണയിക്കുന്നതിന് പോളിമേഴ്സ് ചെയ്ൻ റിസേർച്ച് ടെസ്റ്റ് സഹായകം. ജനിതഘടനയിലെ എച്ച്ഐവി സാന്നിധ്യം കണ്ടെത്തുന്നതിനാണിത്. രോഗപ്രതിരോധശക്‌തിയുമായി ബന്ധപ്പെട്ട കോശങ്ങളാണ് സിഡി 4 കോശങ്ങൾ. എയ്ഡ്സ് രോഗികളിൽ ഇത്തരം കോശങ്ങളുടെ എണ്ണം കുറയുന്നതായി കാണുന്നു. സിഡി 4 കൗണ്ട് ടെസ്റ്റാണ് എയ്ഡ്സ് പരിശോധനകളിലൊന്ന്. എച്ച്ഐവി ആർഎൻഎ ലെവൽ ടെസ്റ്റാണ് മറ്റൊന്ന്. രക്‌തപരിശോധനകൾ, സെർവിക്കൽ പാപ് സ്മിയർ പരിശോധന എന്നിവയും രോഗാവസ്‌ഥ നിർണയിക്കുന്നതിനു സഹായകം.

ചികിത്സ

നിലവിൽ എയ്ഡ്സിനു ചികിത്സയില്ല. എന്നാൽ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും അണുബാധ കുറയ്ക്കുന്നതിനും സഹായകമായ മരുന്നുകൾ ലഭ്യമാണ്. ഇത്തരം മരുന്നുകൾ എയ്ഡ്സ് വൈറസ് പെരുകുന്നതു തടയുന്നു. എയ്ഡസിനു ഫലപ്രദമായ മരുന്നു കണ്ടുപിടിക്കാനുളള ഗവേഷണങ്ങൾ നടന്നുവരുന്നു.

പ്രതിരോധിക്കാം

1. ഒന്നിലധികം പങ്കാളികളുമായുളള ലൈംഗികജീവിതം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികശീലങ്ങൾ ഒഴിവാക്കുക.
2. രക്‌തം സ്വീകരിക്കേണ്ടി വരുമ്പോൾ എച്ച്ഐവി
വിമുക്‌തമെന്ന് ഉറപ്പുവരുത്തുക
3. ഒരിക്കൽ ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിക്കരുത്. അവ നശിപ്പിച്ചു കളയുക. ഡിസ്പോസിബിൾ സിറിഞ്ചുകൾ ഉപയോഗിക്കുക.
4. ഒരാൾക്കു പച്ച കുത്താൻ ഉപയോഗിച്ച സൂചി മറ്റൊരാൾക്ക് ഉപയോഗിക്കരുത്.
5. ബാർബർ ഷോപ്പുകളിൽ ഒരോരുത്തർക്കും പ്രത്യേകം ഷേവിംഗ് ബ്ലേഡ് ഉപയോഗിക്കുക.
6. മയക്കുമരുന്നുകൾ ഉപയോഗിക്കരുത്. (മയക്കുമരുന്നുകൾ കുത്തിവയ്ക്കാൻ പലരുപയോഗിച്ച സൂചി ഉപയോഗിക്കുന്നതു വഴി എച്ച്ഐവി പകരാം)
7. രക്‌തം ദാനം ചെയ്യുമ്പോഴും സ്വീകരിക്കുമ്പോഴും അത് അണുവിമുക്‌തമെന്ന് ഉറപ്പുവരുത്തുക.
8 ലൈംഗിക പങ്കാളിയുടെ ആരോഗ്യനില, ജീവിതരീതി, ബന്ധങ്ങൾ എന്നിവയിൽ സജീവശ്രദ്ധ പുലർത്തുക.