ദൈവരാജ്യ പ്രഘോഷകൻ
യേശുവിന്‍റെ പ്രബോധനങ്ങളുടെ നവീനതയും വിപ്ലവപരതയുമാണ് അവിടുത്തേക്കെതിരേ കുരിശ് ഉയർത്താൻ എതിരാളികളെ പ്രേരിപ്പിച്ചത്. സ്‌ഥാപിത താത്പര്യക്കാരുടെയും യാഥാസ്‌ഥിക ചിന്തകരുടെയും സങ്കുചിത വീക്ഷണങ്ങൾ തകിടം മറിച്ചുകൊണ്ട് തീർത്തും നൂതനമായ ദർശനധാരയും പ്രവർത്തന വീഥിയും ആവിഷ്കരിച്ച യേശുവിനെ വകവരുത്താൻ എതിരാളികൾ ശ്രമിച്ചതിൽ തെല്ലും അദ്ഭുതപ്പെടേണ്ടതില്ല. കാലത്തിനു മുമ്പേ നടന്നവനെതിരേ കാലത്തെ പിന്നോട്ടു വലിക്കുന്നവർ കൊലവിളി മുഴക്കുമെന്നതിൽ സംശയം വേണ്ട.

യേശുവിന്‍റെ വിപ്ലവകരമായ പ്രബോധനങ്ങളുടെ കാതൽ ദൈവരാജ്യം എന്ന അർഥസമ്പുഷ്‌ടമായ വാക്കാണ്. സുവിശേഷങ്ങൾ എഴുതപ്പെട്ട ഗ്രീക്കു ഭാഷയിൽ ബസിലേയിയാ തൂ തെയു (ദൈവത്തിന്‍റെ രാജ്യം) എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുവിന്‍റെ സംസാരഭാഷയായ അറമായിക്കിൽ മൽക്കൂത്ത് ഹഷ്ഷമായീം (ദൈവത്തിന്‍റെ ഭരണം) എന്ന വാക്കാണ് കാണുന്നത്. ഏതെങ്കിലും ഭൂപ്രദേശമോ സാമ്രാജ്യമോ അല്ല ദൈവരാജ്യം. ദൈവത്തിന്‍റെ ഭരണം എന്ന വിപണനമാണ് കൂടുതൽ ശരിയായിട്ടുള്ളത്. ദൈവം ഭരണം നടത്തുന്ന അവസ്‌ഥയാണത്.

പഴയനിയമ ഗ്രന്ഥങ്ങളിൽ ദൈവത്തിന്‍റെ ഭരണത്തെപ്പറ്റി സ്വപ്നതുല്യമായ പ്രതിപാദനങ്ങളുണ്ടായിരുന്നു. ആരോഹണ സങ്കീർത്തനങ്ങൾ (സങ്കീ. 47,93,96–99) ദൈവം ഭരണം നടത്തുമ്പോൾ ഭൂമണഡലത്തിലാകെ ഉളവാകുന്ന നന്മയുടെ നിറവിനെ അനുസ്മരിച്ച് ദൈവത്തെ സ്തുതിക്കുന്ന പ്രാർഥനകളാണ്. മിശിഹായുടെ ആഗമനത്തോടെ ഉളവാകുന്ന ഈ പുതിയ ജീവിതാവസ്‌ഥയ്ക്കായി പ്രപഞ്ചം കാതോർത്തിരിക്കുകയായിരുന്നു. സമയം പൂർത്തിയായപ്പോൾ ദൈവത്തിന്‍റെ പുത്രനായ മിശിഹാ, യേശു എന്ന വ്യക്‌തിയിൽ അവതീർണനായി. അവിടുന്ന് പ്രഘോഷിച്ചു; സമയം പൂർത്തിയായി. ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുവിൻ’ (മർക്കോ 1:15)

ദൈവരാജ്യത്തെ നിർവചിക്കുക എളുപ്പമല്ല. ദൈവരാജ്യത്തിന്‍റെ വിവിധ വശങ്ങൾ യേശു തന്‍റെ പ്രബോധനങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും വെളിപ്പെടുത്തി. ദൈവരാജ്യം യേശു എന്ന വ്യക്‌തിയുമായി അവിഭാജ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ആദിമ സഭയിലെ വിശ്രുതനായ ബൈബിൾ വ്യാഖ്യാതാവ് ഒരിക്കൽ യേശു തന്നെയാണ് ദൈവരാജ്യം’ എന്ന് പ്രസ്താവിച്ചത് ശ്രദ്ധേയമാണ് . യേശുവിലൂടെ ദൈവത്തിന്‍റെ അനന്തമായ സ്നേഹവും കരുണയും പ്രത്യക്ഷമായി. ഈ ദൈവകരുണയുടെ ഇടപെടലിലൂടെ ഉളവാകുന്ന രക്ഷയും മോചനവുമാണ് ദൈവരാജ്യം.


മനുഷ്യന്‍റെ എല്ലാ മേഖലകളേയും ദൈവം ഭരിക്കാൻ തുടങ്ങുമ്പോൾ മനുഷ്യന്‍റെ ബന്ധങ്ങളിലും പ്രവർത്തനശൈലിയിലും കാതലായ മാറ്റം ഉണ്ടാകും. ദൈവത്തെ പിതാവായും എല്ലാ മനുഷ്യരേയും സഹോദരങ്ങളായും അംഗീകരിക്കുന്ന നവ്യ വ്യവസ്‌ഥിതി ഉണ്ടാകും. എല്ലാ അടിമത്തങ്ങളും ചൂഷണങ്ങളും നിർമാർജനം ചെയ്യപ്പെടുന്ന, സ്വാതന്ത്ര്യത്തിന്‍റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്‍റെയും ജീവിതക്രമമാണ് ദൈവരാജ്യം.
.
മാനസാന്തരമാണ് ദൈവരാജ്യ പ്രവേശനത്തിനുള്ള അടിസ്‌ഥാന വ്യവസ്‌ഥ. യേശുവിന്‍റെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ജീവിതത്തെ പുതുക്കിപ്പണിയുന്നതാണ് മാനസാന്തരം. ദൈവരാജ്യമെന്നാൽ പരലോക ജീവിതമാണെന്ന മിഥ്യാധാരണ യേശു നിരാകരിക്കുന്നു. ദൈവരാജ്യം ഇതാ നിങ്ങളുടെയിടയിൽ തന്നെയുണ്ട്. (ലൂക്ക 17:21, മന്ന 12:28). ദൈവരാജ്യത്തിന്‍റെ വിവിധ വശങ്ങൾ വെളിപ്പെടുത്തുന്ന ഉപമകളാണ് വിതക്കാരന്‍റെ ഉപമ (മന്ന 13:1–9),വിത്തിന്‍റെ ഉപമ (മർക്കോ 4: 26–29), കടുകുമണിയുടെ ഉപമ (മന്നാ 13: 31–32) മുതലായവ. ഭൂമിയിൽ നിക്ഷേപിക്കപ്പെടുന്ന വിത്ത് പൊട്ടി മുളച്ച് വളരുന്നതുപോലെ ദൈവരാജ്യം ക്രമാനുഗതമായി വളർന്നുകൊണ്ടിരിക്കുന്നു. അത് പ്രതിസന്ധികളും എതിർപ്പുകളും നേരിടുന്നുണ്ട്. ദൈവരാജ്യാഗമനത്തിനുവേണ്ടി പരിശ്രമിക്കുന്നവർക്ക് കഷ്‌ടതകൾ സഹിക്കേണ്ടിവരും. പക്ഷേ .... വലിയ കൊയ്ത്ത് (വിജയം) ലഭിക്കുക തന്നെ ചെയ്യും.

ദൈവരാജ്യത്തിന് യുഗാന്ത്യോന്മുഖമായ വശമുണ്ട്. അതുകൊണ്ടാണ് അങ്ങയുടെ രാജ്യം വരണമേ (ലൂക്ക 11:2) എന്ന് പ്രാർഥിക്കാൻ യേശു ആവശ്യപ്പെടുന്നത്. എന്നാൽ, ഈ ഭൂമിയിൽ ദൈവരാജ്യം സ്‌ഥാപിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് നാം പിന്തിരിയാൻ പാടില്ല. യഹൂദരും വിജാതീയരുമെല്ലാം ഒന്നിച്ച് ഭക്ഷണമേശയ്ക്കിരിക്കുന്ന വിശ്വസാഹോദര്യത്തിന്‍റെ ഉദയമാണ് ദൈവരാജ്യ പ്രഖ്യാപനത്തിലൂടെ യേശു സ്വപ്നം കാണുന്നത്. (മന്ന 8: 11–12). ചുരുക്കത്തിൽ സർവർക്കും രക്ഷയും മോചനവും ലഭിക്കുന്ന പുതിയ യുഗമാണ് ദൈവരാജ്യം. ദൈവകൃപയാലാണ് അത് യാഥാർഥ്യമാക്കുന്നത്. യേശുവിലൂടെയാണ് അത് പിറന്നു വീഴുന്നത്. എന്നാൽ മനുഷ്യരുടെ സഹകരണവും പങ്കാളിത്തവും ദൈവരാജ്യ സംസ്‌ഥാപനത്തിന് അനിവാര്യമാണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.