അഗതികളിൽ ദൈവത്തെ കണ്ട അമ്മ
അഗതികളിൽ ദൈവത്തെ കണ്ട അമ്മ
സ്റ്റാഫ് ലേഖകൻ

1946 സെപ്റ്റംബർ 10. അതൊരു ചൊവ്വാഴ്ചയായിരുന്നു. കോൽക്കത്ത ഹൗറായിൽനിന്നു ഡാർജിലിംഗിലേക്കുള്ള ട്രെയിനിന്റെ മൂന്നാംക്ലാസ് മുറികളിലൊന്നിൽ ഒരു വിദേശ കന്യാസ്ത്രീ ഇരിക്കുന്നു. അവരുടെ കൈയിൽ ബൈബിൾ.വിശുദ്ധ മത്തായിയുടെ സുവിശേഷം അധ്യായം 25–ൽ 31 മുതലുള്ള വാക്യങ്ങളിൽ ആ കന്യാസ്ത്രീയുടെ കണ്ണുകൾ ഉടക്കിനിന്നു.

ആ കന്യാസ്ത്രീ അതു പലവട്ടം വായിച്ചു. ധ്യാനിച്ചു. ഒടുവിൽ ഡാർജിലിംഗിലെ മലഞ്ചെരുവുകളിലൂടെ ട്രെയിൻ ഇഴഞ്ഞുനീങ്ങുമ്പോൾ തേയിലത്തോട്ടങ്ങളിൽനിന്ന് ഒരു സ്വരം തന്റെ ഉള്ളിലേക്കെത്തുന്നത് അവളറിഞ്ഞു– നീ ലോകത്തിലേക്ക് ഇറങ്ങിച്ചെല്ലുക.

ആ കന്യാസ്ത്രീ സിസ്റ്റർ തെരേസ ആയിരുന്നു. മാസിഡോ ണിയയിലെ സ്കോപ്യെയിൽ ജനിച്ച ആഗ്നസ്, ലൊറേറ്റോ സന്യാസിനീ സമൂഹത്തിലെ ഒരംഗം. വാർഷിക ധ്യാനത്തിനു ഡാർജിലിംഗിലേക്കു പോവുകയായിരുന്നു ആ അധ്യാപിക.

അന്നു സിസ്റ്റർ തെരേസ തീരുമാനിച്ചു–പുതിയ വിളി സ്വീകരിക്കുക, അങ്ങനെ സിസ്റ്റർ തെരേസ ലോകത്തിലേക്കിറങ്ങിച്ചെന്നു– ലോകത്തിന്റേതായി, ലോകത്തിന്റെ മുഴുവനുമായി– മദർ തെരേസയായി.

ഫാദർ ഡാമിയനെ മൊളോക്കോയിലേക്കും ആൽബർട്ട് ഷ്വൈറ്റ്സറെ ആഫ്രിക്കയിലേക്കും ഫ്രാൻസിസ് അസീസിയെ സേവനപൂർണമായ സന്യാസത്തിലേക്കും നയിച്ച വാക്കുകൾ സിസ്റ്റർ തെരേസയെ ലോകത്തിന്റെ ഓടകളിലേക്കു സ്നേഹദൂതിയായി നയിച്ചു. ദൈവത്തിനുവേണ്ടി മനോഹരമായത് എന്തെങ്കിലും ചെയ്യാൻ സിസ്റ്റർ തെരേസയെ അതു പ്രേരിപ്പിച്ചു.

ഈ പരിവർത്തനത്തെപ്പറ്റി മദർ തെരേസ പിൽക്കാലത്തു മാൽക്കം മഗറിജുമായുള്ള അഭിമുഖ സംഭാഷണത്തിൽ ഇങ്ങനെ അനുസ്മരിക്കുന്നു.

മദർ തെരേസ: എന്റെ ദൈവവിളിയിലെ ഒരു ഉൾവിളിയായിരുന്നത്. ഒരു രണ്ടാംവിളി. ഞാൻ വളരെയേറെ ഇഷ്‌ടപ്പെട്ടിരുന്ന ലൊറേറ്റോ വിട്ടുപോകാനും തെരുവിലേക്കിറങ്ങി പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ശുശ്രൂഷിക്കാനുമുള്ള ദൈവവിളി.

മാൽക്കം: ഈ രണ്ടാംവിളി എങ്ങനെയാണുണ്ടായത്?

മദർ: ധ്യാനത്തിനായി ഞാൻ 1946–ൽ ഡാർജിലിംഗിലേക്കു പോകുകയായിരുന്നു. എല്ലാമുപേക്ഷിച്ച് അവിടുത്തെ (യേശുവിനെ) പിഞ്ചെന്ന് ചേരികളിലെ പാവപ്പെട്ടവരിൽ പാവപ്പെട്ടവരായവരിലൂടെ അവിടുത്തെ ശുശ്രൂഷിക്കാനുള്ള ആഹ്വാനം ആ ട്രെയിനിൽവച്ചാണുണ്ടായത്.

മാൽക്കം: ഞാൻ ലൊറേറ്റോ മഠം കണ്ടിട്ടുണ്ട്. അതു വളരെ മനോഹരമാണ്. ആ പൂന്തോപ്പിൽനിന്ന്, ആ പ്രശാന്തഭൂമിയിൽനിന്ന്, ശബ്ദമുഖരിതവും ദുരിതപൂർണവുമായ തെരുവുകളിലേക്കിറങ്ങിവരിക വളരെ ദുഷ്കരമായിരുന്നിരിക്കണം.

മദർ: അതാണു ത്യാഗം.അങ്ങനെയായിരുന്നു തുടക്കം. ലൊറേറ്റോ മഠത്തിന്റെ മുകൾനിലയിലെ മുറിയിൽനിന്നു ജാലകത്തിലൂടെ നോക്കുമ്പോൾ മോട്ടീജീൽ കാണാമായിരുന്നു. കോൽക്കത്തയിലെ ഒരു ചേരി. അവിടെ ജനനവും മരണവും സന്ധിച്ചു. വഴിവക്കിൽ ജഡങ്ങൾ ഉറുമ്പരിച്ചും പുഴുത്തും കിടക്കുന്നതു മോട്ടീജീലിൽ അന്നു പുതുമയല്ലായിരുന്നു.

കുഷ്ഠരോഗികൾ അവിടെ നടക്കാനോ ഇരിക്കാനോ പോലും വയ്യാതെ കിടന്നിരുന്നു. പാതവക്കിൽ, പിറന്നുവീണ കുഞ്ഞുങ്ങളെ അമ്മമാർ എറിഞ്ഞുകളയുന്ന തെരുവ്. അതായിരുന്നു മോട്ടീജീൽ.അങ്ങോട്ടാണ് തെരേസ ഇറങ്ങിച്ചെന്നത്. ചേരിയിലെ ഒരു വീടിന്റെ മുറ്റം ആ കന്യാസ്ത്രീക്കു പ്രവർത്തനവേദിയായി.

ചേരിയിലെ കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണു തുടക്കം. കുറേ അക്ഷരങ്ങളും ശുചിത്വവും പഠിപ്പിച്ച് ഒരുദിവസം കടന്നുപോയി. പിറ്റേന്നു തെരേസയ്ക്കു സഹായത്തിനു രണ്ടുമൂന്നു പെൺകുട്ടികൾ വന്നു. തെരേസ അത്രയുംകാലം പഠിപ്പിച്ചിരുന്ന സെന്റ്മേരീസ് ഹൈസ്കൂളിലെ കുട്ടികൾ. കുറേ ദിവസം കഴിഞ്ഞതോടെ ചില അധ്യാപികമാരും സഹായത്തിനെത്തി. അങ്ങനെ ചേരിയിലെ പ്രവർത്തനം വിപുലമായി.

അഞ്ചു രൂപയാണ് ചേരിയിലേക്കിറങ്ങുമ്പോൾ തെരേസയുടെ കൈയിലുണ്ടായിരുന്നത്. ഈ സേവനത്തെപ്പറ്റി ആൾക്കാർ കേട്ടതോടെ സംഭാവനകൾ ലഭിച്ചുതുടങ്ങി. തെരേസ ആരോടും പണം ചോദിച്ചിരുന്നില്ല. പണം അവരെത്തേടി വരികയായിരുന്നു. ഇതിനിടെ സെന്റ് തെരേസാസ് പള്ളിയിലെ വൈദികർ പള്ളിമേടയുടെ ഒരു മൂല ഡിസ്പെൻസറിയായി ഉപയോഗിക്കാൻ അനുവദിച്ചു. അങ്ങോട്ട് രോഗികളുടെ പ്രവാഹമായിരുന്നു. ഇതിനിടെ മദർ തെരേസയോടൊപ്പം പ്രവർത്തിക്കാൻ സന്നദ്ധരായി പലരും എത്തി.


മദറിന്റെ ശിഷ്യകളായിരുന്നു അവരിൽ പലരും. ആദ്യം വന്നത് സുഭാഷിണി ദാസ് എന്ന ബംഗാളി പെൺകുട്ടിയാണ്. മിഷനറീസ് ഓഫ് ചാരിറ്റി തുടങ്ങിയപ്പോൾ സുഭാഷിണിദാസ് അതിൽ ചേർന്നു. ആഗ്നസ് എന്ന പേരാണ് അവർ സ്വീകരിച്ചത്. മദറിന്റെ പൂർവാശ്രമത്തിലെ പേര്.

മദറിന്റെ കൂടെ സേവനത്തിനിറങ്ങിത്തിരിച്ചവരുടെ സംഖ്യ കൂടിയപ്പോൾ താമസവും ഭക്ഷണവും പ്രശ്നമായി. ഗോമസിന്റെ വീട്ടിലെ ചെറിയ മുറികളും രണ്ടു കുളിമുറിയുംകൊണ്ട് മുപ്പതോളം പേർക്കു താമസിക്കുക അസാധ്യമായി. അതിനിടെ ഒരു സിസ്റ്ററിന് ചിക്കൻപോക്സ് പിടിച്ചു. ഫാ. ഹെൻറി എന്ന ഈശോസഭാ വൈദികൻ ഈയവസരത്തിൽ തുണയ്ക്കെത്തി. സർക്കുലർ റോഡിലെ 54 എ കെട്ടിടമാണ് അദ്ദേഹം അന്ന് വാങ്ങിക്കൊടുത്തത്. കോൽക്കത്ത ആർച്ച്ബിഷപ്പാണ് കെട്ടിടത്തിനുള്ള പണം മുടക്കിയത്. മദർതെരേസയുടെ പിൽക്കാല പ്രവർത്തനകേന്ദ്രം 54 എ ലോവർ സർക്കുലർ റോഡ് ആയി.

പലപ്പോഴും മദറും സഹായികളും ഭക്ഷണത്തിനു വളരെ ബുദ്ധിമുട്ടി. യാചിച്ചായിരുന്നു സിസ്റ്റർമാർ തങ്ങൾക്കും തങ്ങൾ ശുശ്രൂഷിക്കുന്ന അഗതികൾക്കും ഭക്ഷണം തേടിയിരുന്നത്.

ക്രമേണ സംഭാവനകൾ വർധിച്ചു. മോട്ടീജീലിൽ ആരംഭിച്ച പാഠശാലയ്ക്ക് ആദ്യം ഒന്നും ഉണ്ടായിരുന്നില്ല. മദർ മണ്ണിൽ അക്ഷരങ്ങളെഴുതുകയായിരുന്നു. പിന്നീട് കസേരയും മേശയും മറ്റും സംഭാവനയായി ലഭിച്ചു.

പക്ഷേ, സ്കൂൾ ആയിരുന്നില്ല മദറിന്റെ ലക്ഷ്യം. തെരുവിൽ മരിച്ചുവീഴുന്ന അഗതികൾക്കൊരു ശുശ്രൂഷാകേന്ദ്രം വേണം. ആദ്യമാരംഭിച്ച കേന്ദ്രം നിർമൽ ഹൃദയ ആണ്– മദറിന്റെ തന്നെ ഭാഷയിൽ മരിക്കുന്നവരുടെ ഭവനം.

അതിന്റെ തുടക്കം അല്പം നാടകീയമായിരുന്നു. ഒരുദിവസം വഴിയിൽ എലികളും ഉറുമ്പുകളും തിന്നുതുടങ്ങിയ ഒരു ശരീരം മദർ കണ്ടു. പാവപ്പെട്ടൊരു യാചകി. അവർ മരിച്ചിരുന്നില്ല. മദർ ഒരു റിക്ഷാപിടിച്ച് ആ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിക്കാർ അവരെ സ്വീകരിക്കാൻ മടിച്ചു. പക്ഷേ, മദർ സമ്മതിച്ചില്ല. ഒരു സത്യഗ്രഹം തന്നെ അവിടെ നടന്നു. ഒടുവിൽ മദർ ജയിച്ചു. ആശുപത്രിക്കാർ സ്ത്രീയെ ഏറ്റെടുത്തു. പക്ഷേ, അപ്പോഴേക്കും അവർ മരിച്ചിരുന്നു.

അന്നുതന്നെ തെരുവിൽ മറ്റേതാനും മരണങ്ങൾക്കുകൂടി മദർ ദൃക്സാക്ഷിയായി. അവർക്കതു സഹിക്കാനായില്ല. അവർ കോൽക്കത്ത കോർപറേഷൻ അധികൃതരെ വീണ്ടും സമീപിച്ചു. മാസങ്ങളായി ആവശ്യപ്പെട്ടിരുന്ന കാര്യം അന്നു സാധിച്ചു.

കാളീക്ഷേത്രത്തിനു സമീപമുള്ള ധർമശാല കോർപറേഷൻ ഹെൽത്ത് ഓഫീസർ മദറിനു വിട്ടുകൊടുത്തു. മദർ അതു സന്തോഷത്തോടെ സ്വീകരിച്ചു. അവശയായി വഴിയിൽ കണ്ടവരെ അവിടെ എത്തിച്ചു ശുശ്രൂഷിച്ചു. മിക്കവരും മരിച്ചു–പക്ഷേ, പട്ടിയെപ്പോലെ തെരുവിൽ കിടന്നല്ല. മാലാഖമാരെപ്പോലുള്ള സ്നേഹദൂതിമാരുടെ പരിചരണമേറ്റ് അവർ ശാന്തമായി മരണം പ്രാപിച്ചു.

കോൽക്കത്ത തെരുവുകളിൽ വീണു മരിക്കാൻ പോകുന്നവർക്ക് ആശ്വാസം പകർന്ന ഈ സ്‌ഥാപനം പക്ഷേ, ഒരു വിഭാഗത്തിനിഷ്‌ടപ്പെട്ടില്ല. ക്ഷേത്രത്തിനടുത്തുള്ള ചെറുപ്പക്കാർ നിർമൽ ഹൃദയിനു നേരേ ആക്രമണം തുടങ്ങി. കല്ലേ റും ഭീഷണിയും. ഒരിക്കൽ സംഘമായി അവർ നിർമൽ ഹൃദയത്തിലെത്തി. മദർ അവരെ ശാന്തമായി നേരിട്ടു. അവർ പറഞ്ഞു: നിങ്ങൾ എന്നെ വേണമെങ്കിൽ കൊന്നുകൊള്ളൂ, എന്നാൽ ഇതിനുള്ളിലെ ആ നിസഹായരെ നിങ്ങൾ ഉപദ്രവിക്കരുത്. സമാധാനത്തോടെ മരിക്കാനെങ്കിലും അവരെ അനുവദിക്കൂ. പ്രകടനക്കാർ ശാന്തരായി പിരിഞ്ഞുപോയി.

ഇന്നു കോൽക്കത്തയിൽ മാത്രമല്ല ലോകമെങ്ങും മദർതെരേസ അമ്മയാണ്. എല്ലാവരുടെയും അമ്മ. ദിക്കും കാലവും നാടും ഭാഷയും ജാതിയും മതവും ക്രിസ്തീയ സ്നേഹത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായിരുന്ന ആ അമ്മയ്ക്ക് അതിർവരമ്പുകൾ നിർമിച്ചില്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.