വത്തിക്കാനിൽ പാവങ്ങളുടെ തിരുനാളിന് തുടക്കം
വത്തിക്കാനിൽ പാവങ്ങളുടെ തിരുനാളിന് തുടക്കം
<യ>വത്തിക്കാനിൽനിന്നു റവ. ഡോ. റ്റൈജു തളിയത്ത് സിഎംഐ

വത്തിക്കാനിൽ ഞായറാഴ്ച നടക്കുന്ന മദർ തെരേസയുടെ വിശുദ്ധപദ പ്രഖ്യാപനത്തോടനുബന്ധിച്ച്, മദർ സ്‌ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹം സംഘടിപ്പിക്കുന്ന പാവങ്ങളുടെ തിരുനാളിന് തുടക്കം. റോമിലെ ഒളിമ്പിക്കോ തിയറ്ററിൽ പ്രാദേശിക സമയം വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ നടക്കുന്ന ചടങ്ങിൽ മദറിന്റെ ജീവിതം ബാലെ രൂപത്തിൽ അവതരിപ്പിക്കും. രണ്ടു ഭാഗങ്ങളായാണു പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ആദ്യഭാഗത്ത് മിഷനറീസ് ഓഫ് ചാരിറ്റി സഭാ സമൂഹങ്ങളുടെ സഹസ്‌ഥാപകനും, സഭയുടെ അല്മായപ്രസ്‌ഥാന സ്‌ഥാപകനും, വൈദിക വിഭാഗം സുപ്പീരിയർ ജനറലും കുറവിലങ്ങാട് സ്വദേശിയുമായ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എം.സി ആമുഖ സന്ദേശം നൽകും.

തുടർന്നു രാജി തരകനും സംഘവും അവതരിപ്പിക്കുന്ന രംഗപൂജയും എലിസബത്ത് ജോയി വെള്ളാഞ്ചിയിലും സംഘവും ആലപിക്കുന്ന ഗാനവും. കർദിനാൾ ആഞ്ചലോ കോമാസ്റ്റ്റിയും മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഇപ്പോഴത്തെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമയും റോമിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയിലെ ഒൻപതു സമൂഹങ്ങളുടെ പ്രതിനിധികളും ചേർന്നു ചടങ്ങുകൾക്കു തുടക്കം കുറിച്ചു നിലവിളക്കു കൊളുത്തും. തുടർന്നു മദറിന്റെ നന്മനിറഞ്ഞ ജീവിതത്തെക്കുറിച്ചു കർദിനാൾ ആഞ്ചലോ കോമാസ്റ്റ്റിയും ആധ്യാത്മികജീവിതത്തെക്കുറിച്ച് സിസ്റ്റർ മേരി പ്രേമയും അനുസ്മരണ പ്രഭാഷണങ്ങൾ നടത്തും.


രണ്ടാം ഭാഗത്ത് മദറിന്റെ ജീവിതത്തെ അടിസ്‌ഥാനമാക്കി രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ബാലെ അവതരിപ്പിക്കും. ചടങ്ങിനോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ള സമൂഹവിരുന്നിൽ രണ്ടായിരം ഭക്ഷണപ്പൊതികൾ വിതരണം ചെയ്യും. പാവങ്ങൾക്കൊപ്പമുള്ള വിരുന്നിൽ ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുക്കും. മദർ തെരേസയുടെ മുഖം പിന്നിലും മഹദ്– വചനകൾ മുന്നിലും ആലേഖനം ചെയ്ത ടി–ഷർട്ടുകൾ ധരിച്ച 1110 സന്നദ്ധസേവകരുടെ സംഘം പരിപാടികൾക്കു നേതൃത്വം നൽകും.

സെപ്റ്റംബർ നാലിനു രാവിലെ 10.30ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ അർപ്പിക്കപ്പടുന്ന സമൂഹദിവ്യബലി മധ്യേയാണു ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.