വിശുദ്ധ പദവിയിലേക്കു വഴിതുറന്ന് അദ്ഭുതങ്ങൾ
വിശുദ്ധ പദവിയിലേക്കു വഴിതുറന്ന് അദ്ഭുതങ്ങൾ
കോൽക്കത്ത: അഗതികളുടെ അമ്മ എന്ന പേരിൽ ലോകത്തിന്റെ ആദരം നേടിയ മദർ തെരേസയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയർത്തിയത് 2003ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ്. മദറിന്റെ മാധ്യസ്‌ഥ്യത്തിലുള്ള രണ്ടാമത്തെ അദ്ഭുതവും ഫ്രാൻസിസ് മാർപാപ്പ സ്‌ഥിരീകരിച്ചതോടെയാണു വിശുദ്ധപദവി പ്രഖ്യാപനത്തിനുള്ള കടമ്പകൾ കടന്നത്. അർബുദം ബാധിച്ച ഇന്ത്യക്കാരിക്കു രോഗശാന്തി ലഭിച്ചതാണു മദറിന്റെ മാധ്യസ്‌ഥ്യത്തിലുള്ള ആദ്യ അദ്ഭുതം.

മദറിന്റെ മാധ്യസ്‌ഥ്യത്തിലുള്ള രണ്ടാമത്തെ അദ്ഭുതം സ്‌ഥിരീകരിച്ച വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത് ഇറ്റാലിയൻ കത്തോലിക്കാ പത്രമായ അവനീറിൽ സ്റ്റെഫാനിയ ഫലസ്കയാണ്. തലച്ചോറിൽ ഗുരുതരമായി അർബുദം ബാധിച്ച ബ്രസീലുകാരനാണു മദറിന്റെ മധ്യസ്‌ഥതയിൽ 2008ൽ രോഗശാന്തി ലഭിച്ചത്. ഇദ്ദേഹത്തെ പരിശോധിച്ച വത്തിക്കാൻ മെഡിക്കൽ സംഘം സെപ്റ്റംബർ 10ന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ വിശുദ്ധർക്കായുള്ള വത്തിക്കാൻ കാര്യാലയം അദ്ഭുതം സ്‌ഥിരീകരിച്ചു ഡിസംബർ 15നു മാർപാപ്പയ്ക്കു റിപ്പോർട്ട് സമർപ്പിച്ചു.

അവനീറിലെ റിപ്പോർട്ട് പ്രകാരം ബ്രസീലിലെ സാന്റോസ് രൂപതക്കാരനായ 35 വയസുള്ള എൻജിനിയർക്കാണു മദർ തെരേസയുടെ മാധ്യസ്‌ഥ്യത്തിൽ രോഗശാന്തി ലഭിച്ചത്.

നേരത്തേ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയനായ ഇദ്ദേഹത്തിനു തലച്ചോറിൽ ഗുരതരമായ അർബുദവും വെള്ളംകെട്ടലും ബാധിച്ചു. പരിശോധനയിൽ തലച്ചോറിൽ എട്ടു മുഴുകൾ കണ്ടെത്തി.

ശസ്ത്രക്രിയ നടത്തിയാലും മരണം സംഭവിച്ചേക്കാമെന്നു ഡോക്ടർമാർ വിധിയെഴുതി. ഇതോടെ, ഇദ്ദേഹത്തിന്റെ ഭാര്യയും ബന്ധുക്കളും വാഴ്ത്തപ്പെട്ട മദർ തെരേസയുടെ മാധ്യസ്‌ഥ്യത്തിൽ പ്രാർഥിച്ചു.

ശസ്ത്രക്രിയാദിവസം സാങ്കേതിക കാരണങ്ങളാൽ ശസ്ത്രക്രിയ കുറച്ചുനേരത്തേക്കു നീട്ടിവച്ചു. 30 മിനിറ്റിനുശേഷം ശസ്ത്രക്രിയയ്ക്കായി ഡോക്ടർ തിരികെയെത്തിയപ്പോൾ, ഓപ്പറേഷൻ തിയറ്ററിൽ അബോധാവസ്‌ഥയിൽ കിടന്നിരുന്നയാൾ എഴുന്നേറ്റിരിക്കുന്നതാണു കണ്ടത്. തന്നെ എന്തിനാണ് ഓപ്പറേഷൻ തിയറ്ററിൽ കൊണ്ടുവന്നതെന്നും ഡോക്ടറോട് ഇദ്ദേഹം ചോദിച്ചു. പിന്നീടു നടത്തിയ പരിശോധനയിൽ ഇദ്ദേഹത്തിന് കാര്യമായി ശാരീരിക കുഴപ്പങ്ങൾ കണ്ടെത്താൻ സാധിച്ചില്ല.

ശസ്ത്രക്രിയ നടത്താൻ നിശ്ചയിച്ചിരുന്ന സമയത്ത് ആശുപത്രി ചാപ്പലിൽ രോഗിയുടെ ഭാര്യയും ബന്ധുക്കളും മദർ തെരേസയുടെ മാധ്യസ്‌ഥ്യത്തിൽ പ്രാർഥിക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.