തീർഥാടകരുടെ ജാഗരണ പ്രാർഥനാദിനം ഇന്ന്
തീർഥാടകരുടെ ജാഗരണ പ്രാർഥനാദിനം ഇന്ന്
<യ>വത്തിക്കാനിൽനിന്നു റവ. ഡോ. റ്റൈജു തളിയത്ത് സിഎംഐ

വത്തിക്കാനിൽ ഞായറാഴ്ച നടക്കുന്ന മദർ തെരേസായുടെ വിശുദ്ധപദ പ്രഖ്യാപനത്തിനു മുന്നോടിയായി ഇന്നു ജാഗരണ പ്രാർഥനാ ദിനമായി ആചരിക്കും. പ്രാർഥനയുടെ കരുത്തിൽ കർമനിരതയായ മദറിന്റെ സ്മരണയിൽ ലോകത്തിന്റെ നാനാഭാഗത്തു നിന്നെത്തിയ തീർഥാടകർ ജാഗരണപ്രാർഥനയിൽ പങ്കുചേരും. റോമിലെ സെന്റ് അനസ്താസീയ ബസലിക്കയിലാണു ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്. പ്രാദേശിക സമയം രാവിലെ ഒൻപതിന് റാഞ്ചി ആർച്ച്ബിഷപ് കർദിനാൾ ടെലസ്ഫോർ ടോപ്പോ ഇംഗ്ലീഷിൽ ദിവ്യബലി അർപ്പിക്കുന്നതോടെ ദിനാചരണത്തിനു തുടക്കമാകും. പത്തരയ്ക്ക് സ്പാനിഷിൽ ബിഷപ് ഡോ. എമിലിയോ ബെർളിയെയും പന്ത്രണ്ടിന് ഇറ്റാലിയനിൽ കർദിനാൾ ആഞ്ചലോ കോമാസ്റ്ററിയും വിശുദ്ധ കുർബാന അർപ്പിക്കും. ഓരോ ദിവ്യബലികൾക്കു മുമ്പും ശേഷവും കുമ്പസാരത്തിനും മദർ തെരേസയുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും അവസരം ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരം അഞ്ചിനു മിഷനറിസ് ഓഫ് ചാരിറ്റി സന്യാസ സഭ സമൂഹങ്ങളിലെ വൈദികരുടെയും കന്യാസ്ത്രീകളുടെയും സഹോദരങ്ങളുടെയും വ്രതനവീകരണം നടക്കും. സുപ്പീരിയർ ജനറൽ ഫാ. സെബാസ്റ്റ്യൻ വാഴക്കാല എംസിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമൂഹബലി മധ്യേയാണ് വ്രതനവീകരണം.


രാത്രി എട്ടര മുതൽ പത്തു വരെ റോമാരൂപതയുടെ കത്തീഡ്രൽ സാൻ ജോവാന്നി ലാറ്ററാൻ ബസിലിക്കയിൽ ദിവ്യകാരുണ്യ ആരാധന നടക്കും. വചനവിചിന്തനത്താൽ നയിക്കപ്പെടുന്ന ആരാധനയ്ക്കു വികാരി ജനറൽ കർദിനാൾ അഗസ്റ്റിനോ വല്ലീനി നേതൃത്വം നൽകും. വിവിധഭാഷകളിൽ കുമ്പസാരിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മദറിന്റെ സ്മരണാർഥം വത്തിക്കാൻ പുറപ്പെടുവിക്കുന്ന സ്മാരക സ്റ്റാമ്പിന്റെ പ്രകാശനവും ഇന്നു നടക്കും. ഞായറാഴ്ച രാവിലെ 10.30നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ദിവ്യബലി മധ്യേയാണു ഫ്രാൻസിസ് മാർപാപ്പ മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.