എല്ലാവരെയും ഉൾക്കൊള്ളുന്ന മാതൃസ്നേഹം മദർ തെരേസയെ സ്വീകാര്യയാക്കി: സിസ്റ്റർ മേരി പ്രേമ
എല്ലാവരെയും ഉൾക്കൊള്ളുന്ന മാതൃസ്നേഹം മദർ തെരേസയെ സ്വീകാര്യയാക്കി: സിസ്റ്റർ മേരി പ്രേമ
<യ>വത്തിക്കാനിൽനിന്നു റവ.ഡോ. റ്റൈജു തളിയത്ത് സിഎംഐ

വത്തിക്കാൻ സിറ്റി: ഉപാധികളില്ലാതെ എല്ലാവരെയും ഉൾക്കൊള്ളുന്ന മാതൃസ്നേഹമാണു മദർ തെരേസയുടെ സ്വീകാര്യതയ്ക്കു കാരണമെന്നു മിഷനറീസ് ഓഫ് ചാരിറ്റി സന്യാസ സഭയുടെ സുപ്പീരിയർ ജനറൽ സിസ്റ്റർ മേരി പ്രേമ പിയറിക്. “”എന്നെ സ്നേഹിക്കുന്ന, എന്നെ സ്വീകരിക്കുന്ന, എന്നെ ആഗ്രഹിക്കുന്ന, എനിക്കും അമ്മയായ ഒരു വ്യക്‌തി’– അതായിരുന്നു തനിക്കു മദറെന്ന് സിസ്റ്റർ പ്രേമ കൂട്ടിച്ചേർത്തു. മദറിന്റെ നാമകരണച്ചടങ്ങുകളോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്കായി റോമിലെത്തിയതാണ് സിസ്റ്റർ മേരി പ്രേമ.

വത്തിക്കാനിൽ നടക്കുന്ന നാമകരണച്ചടങ്ങുകളിൽ സുപ്പീരിയർ ജനറൽ എന്ന നിലയിൽ സിസ്റ്റർ മേരി പ്രേമയ്ക്ക് ഏറെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുണ്ട്. റോമിലെ തിയറ്റർ ഒളിമ്പിക്കോയിൽ സെപ്റ്റംബർ ഒന്നിനു പ്രാദേശിക സമയം വൈകുന്നേരം അഞ്ചിന് ആരംഭിക്കുന്ന “പാവങ്ങളുടെ തിരുനാൾ” സ”ിസ്റ്റർ പ്രേമയാണ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യുന്നത്. തുടർന്നു മദർ തെരേസയെക്കുറിച്ചു പ്രഭാഷണം നടത്തും. നാലിന് ഫ്രാൻസിസ് മാർപാപ്പ മുഖ്യകാർമികനായി മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേദിയിലേക്കു മദർ തെരേസയുടെ തിരുശേഷിപ്പ് സംവഹിക്കുന്നതു സിസ്റ്റർ പ്രേമയും മറ്റു സഹോദരികളുമാണ്. പിറ്റേദിവസം വിശുദ്ധ മദർതെരേസയുടെ ആദ്യത്തെ തിരുനാൾ ആഘോഷിക്കും. അന്നു സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പെട്രോ പരോളിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന കൃതജ്‌ഞതാബലിക്കു ശേഷം സിസ്റ്റർ പ്രേമ നന്ദിപ്രകാശനം നടത്തും.


മദർ തെരേസയെ ആദ്യമായി 1980ൽ ജർമനിയിലെ ബെർലിനിൽ കണ്ടുമുട്ടുമ്പോൾ സിസ്റ്റർ പ്രേമയ്ക്ക് 20 വയസ്. അന്ന് അമ്മയ്ക്ക് 70ഉം. ശരീരം അല്പം വളഞ്ഞിരുന്നെങ്കിലും അമ്മയുടെ കണ്ണുകളിൽ ജീവൻ തുടിച്ചുനിന്നിരുന്നുവെന്ന് സിസ്റ്റർ പ്രേമ ഓർക്കുന്നു. മദർ തെരേസയുമായുള്ള കണ്ടുമുട്ടലിനു ശേഷമാണു മിഷനറീസ് ഓഫ് ചാരിറ്റയിൽ അംഗമാകണമെന്ന ആഗ്രഹം തീവ്രമായത്. ഈ സന്യാസസമൂഹത്തിലെ സഹോദരിമാരുടെ ജീവിതലാളിത്യം മതിപ്പുളവാക്കുന്നതും ഏറെ സ്വാധീനിക്കുന്നതുമാണ്. 2009 മാർച്ച് 24നാണു സിസ്റ്റർ മേരി പ്രേമ സുപ്പീരിയർ ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക സഹനത്തോടൊപ്പം ആഴമേറിയ ആത്മീയസഹനവും മദർ തെരേസ സ്വയം ഏറ്റെടുത്തിരുന്നുവെന്നു സിസ്റ്റർ പ്രേമ സാക്ഷ്യപ്പെടുത്തുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.