ഫൊക്കാനാ കണ്‍വൻഷൻ; മലയാളിയുടെ മാമാങ്കത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി
ന്യൂയോർക്ക്: ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കാസിനോയിൽ 2018 ജൂലൈ നാലു മുതൽ ഏഴുവരെ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നോർത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തിൽ നിന്നും എത്തിച്ചേരുന്ന അതിഥികളേയും കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാൻ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ഒരുങ്ങിക്കഴിഞ്ഞു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാൻ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്‍റ് തന്പി ചാക്കോ,ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു. ഹോട്ടൽ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാർന്ന തനി നാടൻ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏർപ്പെടുത്തിക്കഴിഞ്ഞു. ഈ കണ്‍വൻഷണ്‍ ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആകാൻ ഭരവാഹികൾ ശ്രമികുന്നുണ്ട്.

ഫൊക്കാനാ ജനറൽ കണ്‍വൻഷന് ഫിലാഡൽഫിയായിലെ പന്പയും മറ്റു മലയാളിസംഘടനകളുമാണ് ആതിഥ്യം വഹിക്കുന്നത്. ഫിലാഡൽഫിയായിൽ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പത്തിനാല് വർഷത്തെ ചരിത്ര നിയോഗത്തിൽ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വൻഷന്. അതിനുള്ള തയാറെടുപ്പു കൂടി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്പോൾ അവയുടെ പരിസമാപ്തി കൂടി ആകും ഫിലഡൽഫിയായിൽ നടക്കുക.

ഫൊക്കാനയുടെ പ്രവർത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറൽ കണ്‍വൻഷൻ. നാം ഇതുവരയും എന്തു ചെയ്തു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി എന്നിവയൊക്കെ ആധികാരികമായി പറയുവാൻ ഈ കണ്‍വൻഷന്‍റെ വേദികൾ നാം ഉപയോഗപ്പെടുത്തും. ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മുടക്കാറുമില്ല. നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവർത്തനം മറ്റാർക്കും പകർത്താനോ അതികരിക്കുവാനോ ആർക്കും ആയിട്ടുമില്ല. വിദ്യാഭ്യാസ സഹായം,വിവാഹസഹായം, ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവർത്തനങ്ങളാണ് അവ. കൂടാതെ സർക്കാരിന്‍റെ പല പദ്ധതികളിൽ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവർക്ക് വീടുകൾ, അതിന്‍റെ പ്രവർത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികൾക്ക് കമ്മിറ്റി ചുക്കാൻ പിടിക്കുന്നു.

ഫിലഡൽഫിയായിൽ നടക്കുന്ന കണ്‍വൻഷനു മുന്നോടിയായി കണ്‍വഷൻ കിക്കോഫ് വളരെ നേരത്തെ തുടങ്ങുവാനും സാധിച്ചു. എല്ലാ അംഗസംഘടനകളും കിക്കോഫ് ഗംഭീരമായി ആഘോഷിക്കുവാനുള്ള തയാറെടുപ്പുകളിലാണ്. ഏർലി ബേർഡ് രജിസ്ട്രേഷൻ 2018 ജനുവരി 31 ന് അവസാനിക്കും. അതിനുശേഷം രജിസ്റ്റർ ചെയ്യുന്നവർക്ക് രജിസ്ട്രേഷൻ ഫീസ് കൂടുവാൻ സാധ്യത ഉണ്ട്. ജനുവരി 31വരെ രെജിസ്റ്റർ ചെയുന്നവർക്ക് വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററിൽ തന്നെ റൂമകൾ ലഭിക്കുമെന്ന് ട്രഷറർ ഷാജി വർഗീസ്, എക്സി. വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ എന്നിവർ അറിയിച്ചു.

കണ്‍വൻഷന്‍റെ വിജയത്തിനായി വളരെ ചിട്ടയോടു കൂടി പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയ് ഇട്ടൻ, ട്രസ്റ്റി ബോർഡ്ചെയർമാൻ ജോർജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്‍വൻഷൻ ചെയർമാൻ മാധവൻ നായർ, വിമൻസ് ഫോറം ചെയർ ലീലാ മാരേട്ട്, വൈസ് പ്രസിഡന്‍റ് ജോസ് കാനാട്ട്; അസോ. സെക്രട്ടറി ഡോ. മാത്യു വർഗീസ്, അഡീഷണൽ അസോ. സെക്രട്ടറി ഏബ്രഹാം വർഗീസ്, അസോ. ട്രഷറർ ഏബ്രഹാം കളത്തിൽ, അഡീ. അസോ. ട്രഷറർ സണ്ണി മറ്റമന എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നേർത്തേണ്‍ കാലിഫോർണിയയ്ക്കു നവ നേതൃത്വം
നോർത്തേണ്‍ കാലിഫോർണിയ: ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഓഫ് നേർത്തേണ്‍ കാലിഫോർണിയയ്ക്കു (കെസിസിഎൻസി) പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഷിബി പുതുശേരിൽ (പ്രസിഡന്‍റ്), വിവിൻ ഓണശേരിൽ (വൈസ് പ്രസിഡന്‍റ്), വിൻസ് പുളിക്കൽ (സെക്രട്ടറി), ജോബി തുരുത്തേൽകളത്തിൽ (ജോയിന്‍റ് സെക്രട്ടറി), സാജു കുപ്ലിക്കാട്ട് (ട്രഷറർ) എന്നിവരേയും ലെജിസ്ലേറ്റീവ് അംഗങ്ങളായി ഷീബ പുറയംപള്ളി (വാർഡ് 1), മാത്യു വെള്ളിയാൻ (വാർഡ് 2), നിഷി വെള്ളിയാൻ (വാർഡ് 3), തോമസ് തച്ചേരിൽ (വാർഡ് 4). ജയിംസ് കല്ലുപുരയ്ക്കൽ (വാർഡ് 5), ജോസ് ചക്കാലയ്ക്കൽ (വാർഡ് 6), ജെസി വെള്ളിയാൻ (വാർഡ് 7), സിബി ചെമ്മരപ്പള്ളി (വാർഡ് 8), സ്റ്റീഫൻ മാവേലിൽ (ചെയർമാൻ) എന്നിവരേയും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ടൊറന്‍റോ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ കുടുംബനവീകരണ ധ്യാനം
ടൊറന്‍റോ: ആഗതമാകുന്ന ക്രിസ്മസിനു ഒരുക്കമായി ടൊറന്േ‍റാ സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തിൽ കുടുംബനവീകരണ ധ്യാനം ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് (വെള്ളി, ശനി, ഞായർ) തീയതികളിൽ നടത്തുന്നു.

എറ്റോബിക്കോക്കിലുള്ള മൈക്കിൾ പവർ സെന്‍റ് ജോസഫ് സ്കൂൾ ഓഡിറ്റോറിയത്തിൽ (105, Eringate Drive, Etobicoke, Ontario, M9c3Z7) ആണ് ധ്യാനം. ഫാ. സെബാസ്റ്റ്യൻ വടക്കേപറന്പിൽ ഒസിഎഎം ആണ് ധ്യാനത്തിന് നേതൃത്വം നൽകുന്നത്.

വെള്ളിയാഴ്ച വൈകുന്നേരം ആറിന് വിശുദ്ധ കുർബാനയോടെ ആരംഭിച്ച് രാത്രി ഒന്പതു വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9.30 മുതൽ വൈകുന്നേരം അഞ്ചു വരെയുമാണ് ധ്യാനം. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് ഉച്ചഭക്ഷണം ലഭ്യമാണ്. ശനി, ഞായർ ദിവസങ്ങളിൽ കുട്ടികൾക്കും യുവജനങ്ങൾക്കും ജീസസ് യൂത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ ഇംഗ്ലീഷിൽ പ്രത്യേക ധ്യാനം ഉണ്ടായിരിക്കും.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
താങ്ക്സ് ഗിവിംഗ് ആഘോഷിക്കാൻ കവർന്നത് 1800 ഗ്യാലൻ വോഡ്ക
ലോസ്ആഞ്ചലസ്: താങ്ക്സ് ഗിവിംഗ് ആഘോഷം പൊടിപൊടിക്കാൻ കവർന്നത് 1800 ഗ്യാലൻ വോഡ്ക. ലോസ് ആഞ്ചലസ് ഡൗണ്‍ ടൗണിലെ ഡിസ്റ്റലറിയിൽ നവംബർ 22ന് രാത്രിയാണ് സംഭവം. മോഷ്ടാക്കൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി.

ഫോഗഷോട്ട്സ് തകർത്ത് ഡിസ്റ്റലറിയുടെ അകത്തു പ്രവേശിച്ച മോഷ്ടാക്കൾ 280,000 ഡോളർ വിലവരുന്ന 9,000 ബോട്ടിലുകളാണ് കടത്തികൊണ്ടു പോയത്. മൂന്നാഴ്ച മുന്പു മൂന്നു പേർ ഫാക്ടറിയിലേക്ക് റൂഫിനു മുകളിലൂടെ കടക്കുവാൻ ശ്രമിച്ചതിന്‍റെ വീഡിയോ കണ്ടിരുന്നുവെങ്കിലും ആ സമയത്തു മോഷണം നടന്നിരുന്നില്ലെന്നും ഉടമ പറഞ്ഞു.

അതേസമയം പ്രായപൂർത്തിയാകാത്തവർക്ക് മോഷ്ടിച്ച വോഡ്ക നൽകുമോ എന്ന ഭയമാണ് ഉടമക്കുള്ളത്. ഇത്രയും മദ്യം കടകളിൽ കൊണ്ടു പോയി വിൽക്കുവാൻ മോഷ്ടാക്കൾക്ക് കഴിയുകയില്ലെന്നും ഉടമ പറഞ്ഞു. ബാർ കോഡ് ഉള്ളതിനാൽ സംസ്ഥാന അതിർത്തി വിട്ടു മറ്റു സ്ഥലങ്ങളിൽ കൊണ്ടുപോകുക എന്നതും അസാധ്യമാണ്.

താങ്ക്സ് ഗിവിംഗ് ഡേയിൽ സമീപ പ്രദേശത്ത് വില്പന നടത്തുക എന്നതായിരിക്കും കവർച്ചക്കാരുടെ ലക്ഷ്യമെന്ന് കരുതുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാർട്ട്മെന്‍റിനെ അറിയിക്കണമെന്ന് അഭ്യർഥിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡാളസിൽ "ദി കറി ലീഫ്’ നാടൻ തട്ടുകട
ഡാളസ്: ഒരുകാലത്ത് കേരളത്തിൽ മാത്രം സജീവമായിരുന്ന രുചിഭേദങ്ങൾ ഇനി കടൽകടന്ന് ഡാളസിലെ പ്രവാസികൾക്കിടയിലും ലഭ്യമാകുന്നു.

കേറ്ററിംഗിൽ പ്രത്യേക പരിശീലനം നേടിയിട്ടുള്ള സന്തോഷും ടോയിലും കൂട്ടായി "ദി കറി ലീഫ്’ എന്ന പേരിൽ തനി നാടൻ തട്ടുകട മാസ്കീറ്റ് നോർത്ത് ടൗണ്‍ ഈസ്റ്റിൽ നവംബർ 25 (ശനി) മുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു. കൊച്ചു കേരളത്തിന്‍റെ രുചികൂട്ടുകൾ സന്തോഷ് ടോയ് എന്ന ചെറുപ്പക്കാരൻ ഓരോരുത്തരുടെയും അഭിരുചികനുസരിച്ചു വ്യത്യസ്തമായ ആവിഷ്കാരങ്ങളോടെ പ്രവാസി മലയാളികളുടെ വിരുന്നു മേശയിലേക്കു രുചികരമായി തയാറാക്കുന്നു.

ചായയ്ക്കൊപ്പം പഴംപൊരി, പഴം പുഴുങ്ങിയത്, ഉഴുന്നുവട, പരിപ്പുവട, കൊഴുക്കട്ട എന്നിവയോടൊപ്പം ചേന്പ്, ചേന, കാച്ചിൽ, കപ്പ പുഴുങ്ങിയത്, ചട്ടിയിൽ തയാറാക്കിയ മീൻകറി തുടങ്ങിയ നാടൻ വിഭവങ്ങളും ഇവിടെ ലഭ്യമാണ്. മീൻ തലക്കറിയും ഉണക്കയിറച്ചി ഉലർത്തിയതും പോത്തിറച്ചി കായക്കറിയും നാടൻ ചേരുവയിൽ തയാറാക്കിയിരിക്കുന്നു. പുട്ട് കടലക്കറി, ചക്കക്കുരു മാങ്ങാക്കറി, വാഴപ്പൂ വാഴപ്പിണ്ടി തോരൻ, നാടൻ ദോശ, ഇഡ്ഡലി, സാന്പാർ, മുളക് ചമ്മന്തി, കാന്താരി ചമ്മന്തി തുടങ്ങിയ നാടൻ ചമ്മന്തി വിഭവങ്ങളും ഇവിടെ ലഭ്യമാണ്.

ആത്യാധുനിക രീതിയിൽ ഒരുക്കിയിട്ടുള്ള തട്ടുകടയിൽ നിന്നും ഓണ്‍ലൈൻ സേവനവും ഡെലിവറിയും ലഭ്യമാണ്.
ആപത്ഘട്ടത്തിൽ 20 ഡോളർ നൽകിയതിന് തിരിച്ചു നൽകിയതോ?
ന്യൂജേഴ്സി: കാമുകനെ സന്ദർശിക്കുന്നതിനാണ് കേറ്റ് മെക്ലയർ ന്യൂജേഴ്സിയിൽ നിന്നും ഫിലാഡൽഫിയായിലേക്ക് കാറിൽ പുറപ്പെട്ടത്. 1-95 ഹൈവേയിൽ വച്ച് കാർ ബ്രേയ്ക്ക് ഡൗണ്‍ ആയി. ഇന്ധനം ഇല്ലാതെയാണ് കാർ നിന്നതെന്ന് മനസിലാക്കാൻ കെറ്റിന് കൂടുതൽ സമയമൊന്നും വേണ്ടി വന്നില്ല. കൈയിൽ കാശുമില്ല. കാറിൽ നിന്നും പുറത്തിറങ്ങി ഇനി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുന്പോൾ താടിയും മുടിയും നീട്ടിയ ഒരു ഭവന രഹിതൻ കാറിനടുത്തേക്ക് നടന്നുവരുന്നു. അതോടെ ഭയം ഇരട്ടിച്ചു. ഒടുവിൽ സർവ ധൈര്യവും സംഭരിച്ച് ഭവനരഹിതനോട് സംഭവിച്ച കാര്യം പറഞ്ഞു. എങ്ങനെയെങ്കിലും 20 ഡോളർ തന്ന് സഹായിക്കണം, തുക പിന്നീട് തിരിച്ച് തരാം.

എന്നാൽ വ്യക്തമായ മറുപടി നൽകാതെ കാറിന്‍റെ ഡോറെല്ലാം അടച്ച് അകത്തിരിക്കൂ എന്നു മാത്രം പറഞ്ഞ ആ അപരിചിതൻ അപ്രത്യക്ഷനായി. ഇരുപത് മിനിട്ട് കഴിഞ്ഞപ്പോൾ കൈയിൽ ഇന്ധനം നിറച്ച ഒരു കാനുമായി വീണ്ടും പ്രത്യക്ഷപ്പെട്ടു. സന്തോഷവും നന്ദിയും എങ്ങനെ അറിയിക്കണം എന്നറിയാതെ പകച്ചുനിന്ന നിമിഷങ്ങളായിരുന്നുവെന്ന് കെറ്റ് പറയുന്നു.

ഇന്ധനം നിറച്ചു കാർ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തപ്പോൾ ഒരു ഡോളർ പോലും തിരിച്ചു വേണമെന്നാവശ്യപ്പെടാത്ത ആ നല്ല മനുഷ്യന്‍റെ ചിരിക്കുന്ന മുഖമാണ് സൈഡ് മിററിലൂടെ ഹൃദയത്തിൽ സ്ഥാനംപിടിച്ചതെന്ന് ഇവർ പറഞ്ഞു.

വീട്ടിൽ തിരിച്ചത്തിയ കേറ്റ് തനിക്കുണ്ടായ അനുഭവം കാമുകനായ മാർക്ക് ഡി അമിക്കൊയുമായി പങ്കിട്ടു. രണ്ട് പേരും ചേർന്ന് ഭവനരഹിതനെ സഹായിക്കുന്നതിന് ഫണ്ട് സ്വരൂപിക്കുന്നതിന് തീരുമാനിച്ചു. സൈനിക സേവനത്തിൽ നിന്നും വിരമിച്ച മറീനായിരുന്നു പിന്നീട് സ്ട്രീറ്റിൽ അലഞ്ഞു തിരിഞ്ഞു നടക്കേണ്ടിവന്ന ബോബിറ്റ് ജോണി. അത്യാവശ്യ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിനാൽ ജോലി ലഭിക്കാനാകാതെ നിരാശയിൽ മറ്റ് ഭവന രഹിതർക്കൊപ്പം ഒരു വർഷമായി ന്യൂജേഴ്സിയിൽ കഴിയുന്ന ജോണി മയക്കുമരുന്നിന് അടിമയായ വിവരം കെയ്റ്റുമായുള്ള അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ബോബിറ്റ് ഗോഫണ്ടമിയിലൂടെ ആദ്യവാരം ലഭിച്ചത് 17000 ഡോളറായിരുന്നു. പിന്നീട് ഈ അഭിമുഖം വൈറലായതിനെ തുടർന്ന് താങ്ക്സ് ഗിവിംഗ് വീ്ക്കിൽ തുക 1,60,000 ആയി വർധിച്ചു. ഉദാര മതികളായ പലരും വൻ തുകയാണ് ഫണ്ടിൽ നിക്ഷേപിച്ചത്. പിരിഞ്ഞു കിട്ടിയ തുക ജോണിക്ക് പുതിയൊരു ജീവിതം ലഭിക്കുന്നതിന് പ്രയോജനപ്പെടുമെന്ന് കെറ്റ് പറഞ്ഞു. ചൊറിയൊരു വീട് കണ്ടെത്തുന്നതുവരെ ഹോട്ടലിൽ കിയുന്നതിനും താങ്ക്സ് ഗിവിംഗ് ആഘോഷിക്കുന്നതിനും ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.

ആപത് ഘട്ടത്തിൽ 20 ഡോളർ തന്ന് സഹായിച്ച നല്ല മനുഷ്യന് താങ്ക്സ് ഗിവിംഗിനോടനുബന്ധിച്ച് ഇത്രയും തുക സംഭരിക്കുവാൻ കഴിഞ്ഞതിൽ കെയ്റ്റും മാർക്കും സംതൃപ്തരാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഇരട്ടക്കൊലപാതകത്തിന് 39 വർഷം ശിക്ഷ അനുഭവിച്ചയാൾ നിരപരാധി
കാലിഫോർണിയ: ഇരട്ടക്കൊലപാതകത്തിനു ശിക്ഷ വിധിച്ചു നാൽപതു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്ന ക്രേഗ് കൂലി എന്ന എഴുപതുകാരൻ നിരപരാധിയാണെന്ന് കണ്ടെത്തി മോചിപ്പിക്കുവാൻ ഗവർണർ ജെറി ബ്രൗണ്‍ ഉത്തരവിട്ടു.

കലിഫോർണിയയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വർഷം ജയിൽവാസമനുഭവിച്ച ക്രേഗിനെ ഉടനടി മോചിപ്പിക്കുന്നതിനുള്ള ഉത്തരവിൽ ഗവർണർ വംബർ 23നാണ് ഒപ്പിട്ടത്.

1978 നവംബർ 24 വയസുള്ള റോണ്ടയെ അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയെന്നും ഇതു കണ്ട നാലു വയസുകാരനെ മുഖത്തു തലയിണ അമർത്തി കൊലപ്പെടുത്തി എന്നുമായിരുന്നു രണ്ടു വർഷമായി റോണ്ടയെ ഡെയ്റ്റ് ചെയ്തിരുന്ന ക്രേഗിന്‍റെ പേരിൽ ആരോപിക്കപ്പെട്ട കുറ്റം. ഇവർ താമസിച്ചിരുന്ന തൊട്ടടുത്ത റസ്റ്ററന്‍റിൽ നൈറ്റ് മാനേജറായിരുന്ന റിട്ടയർ ചെയ്ത ലോസ് ആഞ്ചലസ് പോലീസുകാരന്‍റെ മകനാണു ക്രേഗ്. രണ്ടു തവണ വാദം കേട്ട ശേഷമാണ് 1980ൽ ക്രേഗ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. തുടർന്നു ജീവപര്യന്തം തടവിനു ശിക്ഷിച്ചു. ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ തന്‍റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിച്ചുവെങ്കിലും അധികാരികൾ അംഗീകരിക്കാൻ തയാറായില്ല.

ഒടുവിൽ 2016 ഒക്ടോബർ സിമിവാലി പോലീസ് ചീഫ് ഡേവിഡ് ലിവിങ്സ്റ്റനാണ് കേസ് വീണ്ടും റീ ഓപ്പണ്‍ ചെയ്യാൻ തീരുമാനിച്ചത്. സൂക്ഷ്മ പരിശോധനയിൽ ക്രേഗിന്‍റെ ഡിഎൻഎ ശേഖരിച്ചതും സംഭവസ്ഥലത്തു ലഭിച്ചതും വ്യത്യസ്തമാണെന്നു കണ്ടെത്തിയതാണ് ക്രേഗിന്‍റെ മോചനത്തിന് കാരണമായത്. എന്നാൽ യഥാർഥ പ്രതിയെ ഇതുവരെ പോലീസിനു കണ്ടെത്താനായിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡിവിഎസ്സി വോളിബോൾ ടൂർണമെന്‍റ്: ഫില്ലി സീനിയേഴ്സ് ചാന്പ്യന്മാർ
ഫിലാഡൽഫിയ: ഡിവിഎസ് സി എവർ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റർ ഫിലാഡൽഫിയ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ് നടത്തിയ നാലാമത് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്‍റിൽ ഫില്ലി സീനിയേഴ്സ് ചാന്പ്യന്മാരായി. ഡിവിഎസ്സി ജൂണിയേഴ്സ് റണ്ണർ അപ്പ് ട്രോഫി സ്വന്തമാക്കി.

ക്രൂസ്ടൗണിലെ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിൽ നവംബർ 11 ന് നടന്ന ഫൈനലിൽ ഡിവിഎസ് സി ജൂണിയേഴ്സിനെയാണ് ഫില്ലി സീനിയേഴ്സ് പരാജയപ്പെടുത്തിയത്. സജി വർഗീസ് ക്യാപ്റ്റനായ ഫില്ലി സീനിയേഴ്സ് ടീമിൽ ബൈജു സാമുവേൽ, ടിബു ജോസ്, ജോജോ ജോർജ്, ജോഫി ജോസഫ്, സ്റ്റെഫാൻ വർഗീസ്, സാബു വർഗീസ്, ആഷ്ബെൽ പയസ് എന്നിവരാണ്é മറ്റുള്ളവർ.

സ്റ്റെഫാൻ വർഗീസ് എംവിപി ആയും ജോജോ ജോർജ് ബെസ്റ്റ് ഒഫൻസ് പ്ലെയർ ആയും എബിൻ ചെറിയാൻ ബെസ്റ്റ് ഡിഫൻസ് ആയും ജിതിൻ പോൾ ബെസ്റ്റ് സെറ്റർ ആയും വ്യക്തിഗത ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.

ചാന്പ്യൻഷിപ് കരസ്ഥമാക്കിയ ഫില്ലി സീനിയേഴ്സ് ടീമിനും റണ്ണർ അപ് ആയ ഡിവിഎസ്സി ജൂണിയേഴ്സ് ടീമിനും കെയർ ഡെന്‍റൽ സിഇഒ ഡോ. സക്കറിയാസ് ജോസഫ് ട്രോഫിയും കാഷ് അവാർഡും നൽകി ആദരിച്ചു. വ്യക്തിഗത ട്രോഫികൾ സതീഷ് നായർ, സണ്ണി എബ്രാഹം, പാപ്പൻ എബ്രാഹം, ഒളിന്പ്യൻ തോമസ് എന്നിവർ വിതരണം ചെയ്തു. ഈ വർഷത്തെ കമ്യൂണിറ്റി സർവീസ് അവാർഡ് ബാബു വർക്കിക്ക് ഡെലവേർവാലി സ്പോർട്ട്സ് ക്ലബ് പ്രസിഡന്‍റും ഫിലാഡൽഫിയായിലെ പ്രമുഖ സ്പോർട്സ് സംഘാടകനുമായ എം.സി. സേവ്യർ സമ്മാനിച്ചു.

പ്രാഥമികറൗണ്ട് മൽസരങ്ങളിൽ ഫില്ലി സീനിയേഴ്സ്, യുഡി സ്ട്രൈക്കേഴ്സ്, ഡിവിഎസ്സി സീനിയേഴ്സ്, ഡിവിഎസ്സി ജൂണിയേഴ്സ് തുടങ്ങി ട്രൈസ്റ്റേറ്റ് ഏരിയായിലെ വിവിധ വോളിബോൾ ടീമുകൾ പങ്കെടുത്തു.

എം.സി. സേവ്യർ, സെബാസ്റ്റ്യൻ എബ്രാഹം, എബ്രാഹം മേട്ടിൽ, ബാബു വർക്കി, സതീഷ് നായർ എന്നിവർ ടൂർണമെന്‍റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
പ്രഫ. യമുന കൃഷ്ണന് ഇൻഫോസിസ് അവാർഡ്
ഷിക്കാഗോ: ഇൻഫോസിസിന്‍റെ 2017 അവാർഡുകൾക്കായി തെരഞ്ഞെടുക്കപ്പെട്ട ആറു പേരിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിലെ ഇന്ത്യൻ അമേരിക്കൻ പ്രഫസർ യമുന കൃഷ്ണനും ഉൾപ്പെടുന്നു. ഇൻഫോസിസ് ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് പ്രസിഡന്‍റ് കെ. ഡാനിഷ് ആണ് വിജയികളുടെ പേരുവിവരങ്ങൾ പ്രഖ്യാപിച്ചത്.

ആറു കാറ്റഗറികളിലായി 236 നോമിനേഷനുകളാണ് ലഭിച്ചത്. വിജയികൾക്ക് ഓരോ കാറ്റഗറിയിലും 65 ലക്ഷം രൂപയും ഇരുപത്തി രണ്ട് കാരറ്റ് ഗോൾഡ് മെഡലും പ്രത്യേക സർട്ടിഫിക്കറ്റുകളുമാണ് സമ്മാനമായി ലഭിക്കുക.

പ്രദീപ് കോൽസ് (കലിഫോർണിയ യൂണിവേഴ്സിറ്റി), അമത്യ സെൻ (ഹാർവാർഡ്), ഇന്ദർ വർമ (സാൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ സയൻസ്), ശ്രീനിവാസ് വർധൻ (ന്യൂയോർക്ക് യൂണിവേഴ്സിറ്റി), ശ്രീനിവാസ് കുൽക്കർണി (കലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി), കൗശിക് ബസു (കോണൽ യൂണിവേഴ്സിറ്റി) എന്നിവർ ഉൾപ്പെടുന്ന ജൂറിയാണ് തെരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചത്.

ഫിസിക്കൽ സയൻസ് വിഭാഗത്തിലാണ് യമുന കൃഷ്ണൻ വിജയിയായത്. ഡിഎൻഎ ആർകിടെക്ചർ വിഭാഗത്തിൽ യമുന നടത്തിയ ഗവേഷണങ്ങളാണ് അവാർഡിനർഹയാക്കിയത്. സ്തനാർബുദം, എച്ച്ഐവി, അൾഷിമേഴ്സ് തുടങ്ങിയ രോഗങ്ങൾക്ക് കാരണമായ സെല്ലുകളെക്കുറിച്ചാണ് ഇവർ പഠനം നടത്തിയത്.

2018 ജനുവരി 10ന് ബംഗളൂരുവിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ വിജയികൾക്ക് അവാർഡ് സമ്മാനിക്കു. 130 കോടി മുതൽ മുടക്കി 2009 ൽ സ്ഥാപിച്ചതാണ് ഈ നോണ്‍ പ്രോഫിറ്റ് ഓർഗനൈസേഷൻ.

റിപ്പോർട്ട്: പി.പി. ചെറിയാൻ
പോലീസിന് തെറ്റിയില്ല; ടിക്കറ്റിനു പകരം താങ്ക്സ് ഗിവിംഗ് ടർക്കി
സാൾട്ടില്ലൊ (മിസിസിപ്പി): കാർ പുള്ളോവർ ചെയ്യണമെന്നു പോലീസിന്‍റെ നിർദേശം ലഭിച്ചാൽ അല്പമൊന്നു ഭയപ്പെടാത്തവർ ആരും ഇല്ല. താങ്ക്സ് ഗിവിംഗ് ആഴ്ചയിൽ മദ്യപിച്ചു വാഹനം ഓടിക്കുന്നവരെ പിടികൂടുന്നതിനു പോലീസ് സർവസന്നാഹങ്ങളുമായി റോഡരികിൽ കാത്തു കിടക്കുക സാധാരണമാണ്.

കഴിഞ്ഞദിവസം മിസിസിപ്പിയിൽ വിവിധ ഭാഗങ്ങളിൽ കാത്തു കിടന്നിരുന്ന പോലീസുകാർ വാഹനം കൈകാട്ടി നിർത്തിയതിനുശേഷം കാറിന്‍റെ ഗ്ലാസ് താഴ്ത്താനാവശ്യപ്പെട്ടത് ടിക്കറ്റ് നൽകുന്നതിനുള്ള നടപടി ക്രമങ്ങൾക്കായിരുന്നില്ല. പോലീസുകാരുടെ കൈവശം ഉണ്ടായിരുന്നത് ഓരോ ടർക്കിയായിരുന്നു. കൈ കാണിച്ചു നിർത്തിയ വാഹനങ്ങളിലെ ഡ്രൈവർമാർക്കെല്ലാവർക്കും ടർക്കി നൽകി സന്തോഷിപ്പിച്ചാണ് യാത്രയാക്കിയത്. ഗിവിംഗ് 2017 എന്ന പേരിൽ ലോക്കൽ വ്യവസായികളും അഭ്യുദയകാംഷികളുമാണ് ഇതിനാവശ്യമായ ഡൊണേഷൻ നൽകിയത്.

ഒഴിവു ദിനങ്ങളിൽ കമ്യൂണിറ്റിക്ക് എന്തെങ്കിലും തിരിച്ചു നൽകുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നതെന്ന് പോലീസ് ഓഫീസേഴ്സ് പറഞ്ഞു. പോലീസും ജനങ്ങളും തമ്മിലുള്ള ഐക്യം ഉൗട്ടി ഉറപ്പിക്കുന്നതിന് എല്ലാവർഷവും ഇത്തരം പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ
എസ്എംസിസി ഫ്ളോറിഡ ചാപ്റ്റർ ഒരുക്കുന്ന ഇന്ത്യ- ശ്രീലങ്ക ടൂർ
മയാമി: സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് (എസ്എംസിസി) ഫ്ളോറിഡ ചാപ്റ്ററിന്‍റെ നേതൃത്വത്തിൽ ഏഷ്യൻ വൻകരയിലെ ചരിത്രമുറങ്ങുന്ന മഹത്തായ രണ്ടു രാജ്യങ്ങളിലൂടെ 16 ദിവസത്തെ ഉല്ലാസയാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി 7ന് യാത്രതിരിച്ച് ഫെബ്രുവരി 22നു തിരിച്ചെത്തുന്നു.

മനുഷ്യ ചരിത്രത്തിന്‍റെ നാൾവഴികളിൽ അനേക സംവത്സരങ്ങളുടെ ചരിത്രവും കഥകളും കാഴ്ചകളും തിരുശേഷിപ്പുകളും കാത്തുസൂക്ഷിക്കുന്ന ഇന്ത്യയിലേയും ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമായ സിലോണ്‍ എന്ന ശ്രീലങ്കയുടേയും വൈവിധ്യമാർന്ന സംസ്കാരങ്ങളേയും കലകളേയും ഭാഷകളേയും മാതാചാരങ്ങളേയും രുചിഭേദങ്ങളേയും അനുഭവിച്ചറിയുവാനും ആസ്വദിക്കാനും ഇടയാക്കുന്ന ഒരു യാത്രയാണ് എസ്എംസിസി ഈ ടൂറിലൂടെ ഒരുക്കിയിരിക്കുന്നത്.

ഷിക്കാഗോ രൂപതയുടെ ആത്മായ സംഘടനയായ സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് ഫ്ളോറിഡ ചാപ്റ്ററായ കോറൽസ്പ്രിംഗ് ഒൗവർ ലേഡി ഓഫ് ഹെൽത്ത് ഇടവകയുടെ വികാരിയും എസ്എംസിസി ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറുമായ ഫാ. തോമസ് കടുകപ്പള്ളിയുടെ അനുഗ്രഹാശീർവാദത്തോടുകൂടി ഇന്ത്യയിലും കേരളത്തിലും അമേരിക്കയിലുമായി നിരവധി ജീവകാരുണ്യ, സാമൂഹിക, ആത്മീയ പ്രവർത്തനങ്ങൾ ശ്രദ്ധേയമായ രീതിയിൽ വർഷംതോറും നടത്തിവരുന്നുണ്ടെന്നു എസ്എംസിസി പ്രസിഡന്‍റ് സാജു വടക്കേൽ അറിയിച്ചു.

എസ്എംസിസിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് വർഷംതോറും ജാതിമതഭേദമെന്യേ അമേരിക്കയിലെന്പാടുമുള്ള അനേകർ ആഗ്രഹിക്കുന്ന വിശുദ്ധ നാട്ടിലൂടെയുള്ള എക്യൂമെനിക്കൽ തീർഥാടനവും ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലൂടെയുള്ള ഉല്ലാസയാത്രകളും സംഘടിപ്പിക്കുന്നത്. 2015 മുതൽ വർഷംതോറും നടത്തിവരുന്ന തീർഥാടനവും ഉല്ലാസയാത്രകളും വഴി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ജാതിമതഭേദമെന്യേയുള്ള അമേരിക്കൻ മലയാളികൾ മാത്രമല്ല, വിവിധ രാജ്യങ്ങളിൽ നിന്നുള്ള ആളുകളും അമേരിക്കക്കാരും ഉൾപ്പടെ നൂറുകണക്കിന് ആളുകൾക്ക് ഇതിനകം പതിനഞ്ചിലധികം ലോക രാജ്യങ്ങൾ സന്ദർശിക്കുവാൻ ഇടയായതെന്ന് ടൂർ കോർഡിനേറ്റർ ജോയി കുറ്റിയാനി അറിയിച്ചു.

2018 ഫെബ്രുവരി 7 മുതൽ 22 വരെ 16 ദിവസം ഇന്ത്യയിലേയും ശ്രീലങ്കയിലേയും പ്രധാന നഗരങ്ങളും ചരിത്രസാക്ഷ്യങ്ങളും, സുഖവാസകേന്ദ്രങ്ങളും, വിവിധ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളും കോർത്തിണക്കിയാണ് ടൂർ ക്രമീകരിച്ചിരിക്കുന്നത്.

യാത്രാ ചെലവും ഭക്ഷണം, താമസം, വേന്പനാട്ട് കായലിൽ ഹൗസ് ബോട്ടിൽ ഒരു ദിവസത്തെ രാത്രി താമസം ഉൾപ്പടെ 3,399 ഡോളറാണ് ചെലവു വരുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 500 ഡോളർ അഡ്വാൻസ് തുക നൽകി ഡിസംബർ 20നു മുന്പ് ബുക്ക് ചെയ്യണമെന്ന് പ്രസിഡന്‍റ് സാജു വടക്കേൽ അറിയിച്ചു.

ഫ്ളോറിഡയിലും ന്യൂയോർക്കിലും കേരളത്തിലുമായി ഓഫീസുകളുള്ള ഫെയ്ത്ത് ഹോളിഡേയ്സ് എന്ന ട്രാവൽ കന്പനിയാണ് ടൂറിന്‍റെ ക്രമീകരണങ്ങൾ നടത്തിവരുന്നത്.

വിവരങ്ങൾക്ക്: ജേക്കബ് തോമസ് (ഷാജി) 954 336 7731.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
കെ.പി. പോത്തൻ നിര്യാതനായി
ഫിലാഡൽഫിയ: കെ.പി. പോത്തൻ ഫിലാഡൽഫിയയിൽ നിര്യാതനായി. സംസ്കാരം നവംബർ 25ന് (ശനി) രാവിലെ ഒന്പതിന് ഫിലാഡൽഫിയ മാർത്തോമ്മ ചർച്ചിലെ (1085 Camp Hill Road, Fort Washington, PA 19034) ശുശ്രൂഷകൾക്കുശേഷം ഫോറസ്റ്റ് ഹിൽ സെമിത്തേരിയിൽ. വെയ്ക് സർവീസ് 24ന് വൈകുന്നേരം 5 മുതൽ 8 വരെ ഫിലാഡൽഫിയ മാർത്തോമ്മ ചർച്ചിൽ.

ഭാര്യ: അച്ചാമ്മ. മകൾ: ഡോ. മിനി പോത്തൻ. മരുമകൻ: ഗീവർഗീസ് ജോണ്‍. കൊച്ചുമക്കൾ: ആഷിഷ് ജോണ്‍, സാറാ ജോണ്‍.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മാപ്പിന് നവ നേതൃത്വം, അനു സ്കറിയ രണ്ടാംവട്ടവും പ്രസിഡന്‍റ്
ഫിലാഡൽഫിയ: മൂന്നര പതിറ്റാണ്ടായി ഫിലാഡൽഫിയയിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന കലാ-സാംസ്കാരിക സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയയുടെ (മാപ്പ്) നവംബർ 19-നു കൂടിയ ജനൽബോഡിയിൽ വച്ചു 2018-ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ട്രസ്റ്റി ബോർഡ് അംഗങ്ങൾ: യോഹന്നാൻ ശങ്കരത്തിൽ, തോമസ് എം. ജോർജ്, ജോണ്‍സണ്‍ മാത്യു, ഏലിയാസ് പോൾ.

പ്രസിഡന്‍റ്- അനു സ്കറിയ, ജനറൽ സെക്രട്ടറി- തോമസ് ചാണ്ടി, വൈസ് പ്രസിഡന്‍റ് - ചെറിയാൻ കോശി, സെക്രട്ടറി- തോമസ് കുട്ടി വർഗീസ്, ട്രഷറർ- ഷാലു പുന്നൂസ്, അക്കൗണ്ടന്‍റ്- തോമസ് പി. ജോർജ്, കണ്‍വീനേഴ്സ്: ആർട്സ് - ടോം തോമസ്, സ്പോർട്സ് - ലിജോ ജോർജ്, യൂത്ത്- ജിജോ ജോർജ്, പബ്ലിസിറ്റി & പബ്ലിക്കേഷൻസ്- സന്തോഷ് ഏബ്രഹാം, ലൈബ്രറി - ജയിംസ് പീറ്റർ, ഫണ്ട് റൈസിംഗ് - സാബു സ്കറിയ, എഡ്യൂക്കേഷൻ & ഐ.ടി - ബോബി വർക്കി, മാപ്പ് ഐ.സി.സി- ഫിലിപ്പ് ജോണ്‍, ചാരിറ്റി & കമ്യൂണിറ്റി - ബാബു കെ. തോമസ്, മെന്പർഷിപ്പ് - ജോണ്‍ ഫിലിപ്പ് (ബിജു), വിമൻസ് ഫോറം- ആൻസി സ്കറിയ.

കമ്മിറ്റി മെന്പേഴ്സ്: ലിസി തോമസ്, സിബി ചെറിയാൻ, ബെൻസണ്‍ പണിക്കർ, സ്റ്റാൻലി ജോണ്‍, ഡാനിയേൽ പി. തോമസ്, വർഗീസ് പി. ചാക്കോ, ശ്രീജിത്ത് കോമത്ത്, ബാബു തോമസ്, രാജു ശങ്കരത്തിൽ, ജോർജുകുട്ടി ജോർജ്, വർഗീസ് ബേബി. ഓഡിറ്റേഴ്സ്: സിജു ജോണ്‍, ബിനു സി. തോമസ്.

കൂടുതൽ വിവരങ്ങൾക്ക്: അനു സ്കറിയ (പ്രസിഡന്‍റ്) 267 496 2423, ചെറിയാൻ കോശി (ജനറൽ സെക്രട്ടറി) 201 286 9169, തോമസ് ചാണ്ടി (ട്രഷറർ) 201 446 5027, സന്തോഷ് ഏബ്രഹാം (പി.ആർ.ഒ) 215 605 6914.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ശിശുദിനം ആഘോഷിച്ചു
ആൽബനി (ന്യൂയോർക്ക്): ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍റെ യുവജന വിഭാഗമായ മയൂരം ശിശുദിനം ആഘോഷിച്ചു. പുതിയ ഭാരവാഹികളുടെ (മയൂരം) തെരഞ്ഞെടുപ്പും അന്നേ ദിവസം നടന്നു. നവംബർ 18-നു ശനിയാഴ്ച സെൻട്രൽ അവന്യൂവിലെ ലിഷാസ് കിൽ റിഫോംഡ് ചർച്ച് ഹാളിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. നിരവധി കുട്ടികളും മാതാപിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

അസോസിയേഷൻ പ്രസിഡന്‍റ് പീറ്റർ തോമസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. 1995-ൽ മയൂരത്തിന്‍റെ ആരംഭ കാലത്ത് അംഗമായിരുന്ന അനീഷ് മൊയ്തീൻ മയൂരത്തിൽ അംഗമാകുന്നതിലൂടെ ലഭിക്കുന്ന അറിവും പരിജ്ഞാനവും എങ്ങനെ നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിൽ സ്വാധീനം ചെലുത്തുമെന്ന് കുട്ടികൾക്ക് ലഘുവിവരണം നൽകി. അമൽ തോമസായിരുന്നു മോഡറേറ്റർ. കുട്ടികളുടെ ചോദ്യത്തിന് അനീഷ് വിശദമായ മറുപടി നൽകി.

തുടർന്നു ശിശുദിനത്തെക്കുറിച്ച് സ്ലൈഡ് ഷോ, ക്വിസ് മത്സരം എന്നീ പരിപാടികളും ഉണ്ടായിരുന്നു. വിശ്വേഷ് പ്രസാദ് ആയിരുന്നു സ്ലൈഡ് ഷോ കൈകാര്യം ചെയ്തത്. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും മയൂരം കോ-ഓർഡിനേറ്ററുമായ മിലൻ അജയ് പരിപാടികൾ നിയന്ത്രിച്ചു. ഹെന ഫാത്തിമ ഷിജു എം.സി.യായി പ്രവർത്തിച്ചു.

’മയൂര’ത്തിന്‍റെ 2018-ലെ ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു:

ലയ മത്തായി (പ്രസിഡന്‍റ്), ഹെന ഫാത്തിമ ഷിജു (വൈസ് പ്രസിഡന്‍റ്), മായ ദിനേശ് (സെക്രട്ടറി), അഞ്ജലി കുരിയൻ (ട്രഷറർ). കമ്മിറ്റി അംഗങ്ങൾ: സാറ ജേക്കബ്, അൽഫാ മത്തായി, ദിയ മത്തായി, ആൻഡ്രിയ തോമസ്, സാന്ദ്ര സുനിൽ, മായ തയ്ക്കൽ. വെബ്: www.cdmany.org

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
ഇന്ത്യ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്ററിന് പുതിയ നേതൃത്വം
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബിന് പുതിയ നേതൃത്വം. നവംബർ 19 ന് സ്റ്റാഫോർഡിലുള്ള ദേശീ റസ്റ്ററന്‍റിൽ പ്രസിഡന്‍റ് അനിൽ ആറൻമുളയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

പ്രസിഡന്‍റായി ജോയി തുന്പമണ്‍ (ഹാർവെസ്റ്റ് ടിവി), വൈസ് പ്രസിഡന്‍റുമാരായി ശങ്കരൻ കുട്ടി (കൈരളി ടിവി), ജോർജ് തെക്കേമല (ഏഷ്യാനെറ്റ്), ജനറൽ സെക്രട്ടറിയായി ജോർജ് പോൾ (ഫ്ളവേഴ്സ് ടിവി), ജോയിന്‍റ് സെക്രട്ടറിയായി മോട്ടി മാത്യു, ട്രഷററായി ഫെന്നി രാജു (ഹാർവെസ്റ്റ് ടിവി) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ. ജോർജ് കാക്കനാട്, അനിൽ ആറൻമുള, ജോണ്‍ സി. വർഗീസ്, ജിജു കുളങ്ങര, ജോയ്സ് തോന്ന്യാമല എന്നിവരേയും തെരഞ്ഞെടുത്തു.
കുഞ്ഞ് മരിച്ച സംഭവത്തിൽ ഇന്ത്യൻ വംശജനായ പിതാവ് അറസ്റ്റിൽ
വാഷിംഗ്ടണ്‍: പൂർണമായും അബോധാവസ്ഥയിലായ സ്വന്തം കുഞ്ഞിന് ശുശ്രൂഷ നൽകുകയോ, അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയോ ചെയ്യാതെ കാറിൽ കിടത്തി ഡ്രൈവ് ചെയ്തതിനെ തുടർന്നു കുഞ്ഞു മരിച്ച സംഭവത്തിൽ ഇന്ത്യൻ അമേരിക്കൻ വംശജൻ ദിവ്യ ഭരത് പട്ടേലിനെ (34) പോലീസ് അറസ്റ്റ് ചെയ്തു

സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: കഴിഞ്ഞ ദിവസം ദിവ്യ പട്ടേലിന്‍റെ ഭാര്യ 911 വിളിച്ച് കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതായും ഭർത്താവ് കുഞ്ഞിനെയെടുത്ത് പുറത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ഇരിക്കുകയാണെന്നും അറിയിച്ചു. പോലീസ് സംഭവ സ്ഥലത്തു എത്തിച്ചേർന്നപ്പോൾ ഭർത്താവ് കുഞ്ഞിനേയും കൊണ്ട് കാർ ഓടിച്ചു പോയി എന്നാണ് ഭാര്യ പറഞ്ഞത്.

ഉടനെ പട്ടേലിന്‍റെ ഫോണിൽ ബന്ധപ്പെട്ടുവെങ്കിലും പോലീസുമായി സംസാരിക്കാൻ ഇയാൾ കൂട്ടാക്കിയില്ല. ഇതിനെതുടർന്നു സെൽഫോണ്‍ ജിപിഎസ് ഇൻഫർമേഷൻ ഉപയോഗിച്ചു നടത്തിയ അന്വേഷണത്തിൽ പതിനഞ്ചു മൈൽ അകലെ റോക്കിഹിൽ ഏരിയായിൽ പട്ടേൽ ഉണ്ടെന്ന് പോലീസ് കണ്ടുപിടിച്ചു. മുപ്പതു മിനിട്ടിനുശേഷം പട്ടേൽ തിരിച്ചെത്തി കുട്ടിയെ പോലീസിന് കൈമാറി. പോലീസ് പ്രഥമ ശുശ്രൂഷ നൽകി കണക്റ്റിക്കട്ട് ചിൽഡ്രൻസ് മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.

ഇൻഞ്ചുറി ടു എ മൈനർ (കുട്ടിയെ അപായപ്പെടുത്തൽ) വകുപ്പ് അനുസരിച്ച് അറസ്റ്റു ചെയ്ത പട്ടേലിനെ കണക്റ്റിക്കട്ട് കറക്ഷണൽ സെന്‍ററിൽ അടച്ചു. ഒരു മില്യണ്‍ ഡോളറിന്‍റെ ജാമ്യം അനുവദിച്ചിട്ടുണ്ട്. എങ്ങനെയാണ് കുട്ടി മരിച്ചതെന്നും പിതാവിന്‍റെ പങ്ക് എന്തായിരുന്നുവെന്നും മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് വരുന്നതുവരെ കാത്തിരിക്കണമെന്നാണ് പോലീസ് ഭാഷ്യം.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിനു സ്വീകരണം ഡിസംബർ മൂന്നിന്
ഷിക്കാഗോ: അമേരിക്കൻ സന്ദർശനത്തിനെത്തിയ തേവര സേക്രഡ് ഹാർട്ട് കോളജ് പ്രിൻസിപ്പൽ ഫാ. പ്രശാന്ത് പാലയ്ക്കാപ്പള്ളിലിന് ഷിക്കാഗോയിലെ പ്രവാസികളായ എസ്എച്ച് കോളജ് പൂർവ വിദ്യാർഥികൾ ഡിസംബർ മൂന്നിന് സ്വീകരണം നൽകുന്നു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചടങ്ങുകൾ.

ചടങ്ങിലേക്ക് വടക്കേ അമേരിക്കയിലെ എല്ലാ എസ്എച്ച് കോളജ് പൂർവ വിദ്യാർഥികളേയും മറ്റു മലയാളി സുഹൃത്തുക്കളേയും സാമൂഹിക സാംസ്കാരിക പ്രവർത്തകരേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഹെറാൾഡ് ഫിഗുരേദോ 630 963 7795, അലൻ ജോർജ് 331 262 1301. ആർ.എസ്.വി.പി 630 400 1172.

Venuue: Coutnry Inn & Suits, Banquet Room, 600 N. Milwaukee Ave, Prospect heights, Illinois- 60070.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഹർബൻസ് സിംഗിനെ തിരിച്ചയയ്ക്കുന്ന നടപടി മേൽകോടതി തടഞ്ഞു
കലിഫോർണിയ: അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയ ഹർബൻസ് സിംഗിനെ തിരിച്ചയക്കണമെന്ന് കീഴ്കോടതിവിധി സാൻഫ്രാൻസിസ്കോ ഒന്പതാമത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസ് കോടതി തടഞ്ഞു.

ഡിഎസ്എസ് (Dera Sacha Savda Sect) സംഘടനാ നേതാവ് ഗുർമീത് റാം റഹിം സിംഗിന്‍റെ അനുയായികളാണ് ഹർബൻ സിംഗിനുനേരെ ക്രൂരമായ ആക്രമണം നടത്തിയത്. ഇതിനെ തുടർന്ന് 2011 ൽ അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടിയതായിരുന്നു ഹർബൻസ് സിംഗ്. ഹുർമീതിന്‍റെ സംഘത്തിൽ ചേരുന്നതിന് വിസമ്മതിച്ചതിനാണ് ഹർബൻസിംഗിന് മർദനം ഏല്ക്കേണ്ടി വന്നത്. ഹർബൻസിംഗിന്‍റെ വസ്തുവകകളോ മറ്റും കണ്ടുകെട്ടാത്തതിനാലും ഭീഷണി നിലനിൽക്കാത്തതാണെന്നും കണ്ടെത്തിയതിനെ തുടർന്നാണ് കീഴ്കോടതി സിംഗിന് രാഷ്ട്രീയ അഭയം നൽകുന്നതിനുള്ള അപേക്ഷ തള്ളി ഇന്ത്യയിലേക്ക് തിരിച്ചയ്ക്കാൻ ഉത്തരവിട്ടത്. ഇതിനെതിരെ നൽകിയ അപ്പീലിലാണ് ഇദ്ദേഹത്തെ തിരിച്ചയ്ക്കേണ്ടതില്ലെന്ന് 13 ന് മൂന്നംഗ അപ്പീൽ കോർട്ട് വിധിച്ചത്. ഡിഎസ്എസിൽ ചേരാൻ വിസമ്മതിച്ചതു മതസ്വാതന്ത്ര്യത്തിന്‍റെ അടിസ്ഥാനത്തിലാണെന്നും നിർബന്ധിപ്പിച്ചു അംഗത്വം നൽകുന്നത് അംഗീകരിക്കാനാവില്ലെന്നും കോടതി കണ്ടെത്തി. ഇന്ത്യയുടെ മറ്റേതെങ്കിലും സംസ്ഥാനത്ത് സുരക്ഷാ താവളം കണ്ടെത്തുന്നതുവരെ രാജ്യത്ത് തുടരാൻ കോടതി അനുവദിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ
സണ്ണി എബ്രഹാം, ജോണ്‍ പാട്ടപ്പതി ഫോമാ ദേശീയ കണ്‍വൻഷൻ കോഓർഡിനേറ്റർമാർ
ഷിക്കാഗോ: ഷാംബർഗ് സിറ്റിയിലുള്ള റെനസൻസ് കണ്‍വൻഷൻ സെന്‍ററിൽ നടക്കുന്ന ഫോമാ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) ദേശീയ ഫാമിലി കണ്‍വൻഷന്‍റെ കോഓർഡിനേറ്റർമാരായി ഫിലാഡൽഫിയയിൽ നിന്നുള്ള സണ്ണി എബ്രഹാമിനേയും ഷിക്കാഗോയിൽ നിന്നുള്ള ജോണ്‍ പാട്ടപ്പതിയെയും തെരഞ്ഞെടുത്തു.

ഫോമായുടെ മുൻ ദേശീയ സമിതി അംഗവും ഫിലാഡൽഫിയയിലെ കലാ എന്ന സംഘടനയുടെ പ്രസിഡന്‍റ് എന്നീ നിലകളിൽ സണ്ണി പ്രവർത്തിച്ചിട്ടുണ്ട്.

ഫോമായുടെ സെൻട്രൽ റീജണ്‍ ട്രഷറാർ, ഷിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ പ്രസിഡന്‍റ്, മുൻ വൈസ് പ്രസിഡന്‍റ്, ഷിക്കാഗോ ക്നാനായ കാത്തലിക്ക് സൊസൈറ്റി മുൻ വൈസ് പ്രസിഡന്‍റ് തുടങ്ങിയ നിലകളിൽ മികവു തെളിയിച്ചിട്ടുള്ള വ്യക്തിത്വമാണ് ജോണ്‍ പാട്ടപ്പതി.

നവംബർ 30 ന് മുന്പ് കണ്‍വൻഷനിലേക്ക് രജിസ്റ്റർ ചെയ്യുന്നവർക്ക് ഫാമിലി രജിസ്ട്രേഷൻ ഫീസ് 999 ഡോളറും അതിനുശേഷം 1250 ഡോളറുമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. മുൻ കണ്‍വൻഷനുകളിലെ വൻ വിജയമായിരുന്ന മലയാളി മങ്ക, മിസ് ഫോമാ തുടങ്ങി ഒട്ടനവധി പരിപാടികൾ ഇത്തവണയും ഉണ്ടാകും.

വിവരങ്ങൾക്ക് www.fomaa.net എന്ന വെബ് സൈറ്റ് സന്ദർശിക്കുക.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്
ഡാളസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം ശ്രീമദ് ഭാഗവത പ്രയാഗിൽ പങ്കുചേരും
ഡാളസ്: ലോകമെന്പാടും നവംബർ 19 മുതൽ 25 വരെ നടന്നുവരുന്ന ശ്രീമദ് ഭാഗവത പാരായണത്തിന്‍റെ ഭാഗമായി ഡാളസിലെ ഭാഗവത പ്രേമികൾ രാവിലെ 7 മുതൽ വൈകുന്നേരം 5 വരെ ക്ഷേത്രത്തിനുള്ളിൽ ഭാഗവത പാരായണവും പ്രഭാഷണവും നടത്തുന്നു.

ഭൂമിയുടെ പൂർവദേശത്ത് പാരായണം നിർത്തുന്പോൾ പാശ്ചാത്യ ദേശത്ത് പാരായണം തുടങ്ങിക്കഴിഞ്ഞിരിക്കും എന്നതുകൊണ്ട് ഏഴു ദിവസവും അഖണ്ഡമായി വിവിധ ഭൂഖണ്ഡങ്ങളിൽ ഭാഗവതത്തിലെ മന്ത്രങ്ങളായ ശ്ലോകങ്ങൾ മുഴങ്ങികൊണ്ടേയിരിക്കുന്നു. അനേകം നീർച്ചാലുകൾ ഒന്നുചേർന്ന് ഒരു നദി ആവിർഭവിക്കുന്നതു പോലെ, അനേകം പാരായണ വേദികൾ ഒന്നുചേർന്ന് സത്സംഗ സമുദ്രമായി ഭാഗവത പ്രയാഗ് മാറിയിരിക്കുന്നുവെന്ന് കേരളാ ഹിന്ദുസൊസിറ്റി ട്രസ്റ്റി ചെയർമാൻ കേശവൻ നായർ പറഞ്ഞു.

പ്രയാഗിന്‍റെ ഭാഗമായി ഭാഗവത പ്രബോധക ഇരിഞ്ഞാടപ്പിള്ളി പദ്മനാഭൻ നന്പൂതിരിയുടെ പ്രഭാഷണം ക്ഷേത്രത്തിൽ നടക്കുമെന്ന് കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്‍റ രാമചന്ദ്രൻ നായർ അറിയിച്ചു.

റിപ്പോർട്ട്: സന്തോഷ് പിള്ള
അഞ്ചു വയസുകാരൻ വെടിയേറ്റു മരിച്ചു; യുവതിയും യുവാവും അറസ്റ്റിൽ
ഡെന്നിസണ്‍ (ടെക്സസ്): നോർത്ത് ടെക്സസിൽ അഞ്ചു വയസുകാരൻ വെടിയേറ്റു മരിച്ച സംഭവത്തിന് ഉത്തരവാദികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് പിടികൂടി. റയൻ ക്ലെ (18) സബ്രീന (17) എന്നീ രണ്ടു പേരാണ് അറസ്റ്റിലായതെന്ന് പോലീസ് അറിയിച്ചു. ഇവർക്കെതിരെ കൊലകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

നവംബർ 19 ന് രാത്രി 11 നായിരുന്നു സംഭവം. വെസ്റ്റ് ഈലം സ്ട്രീറ്റിലെ വീട്ടിൽ കളിക്കുകയായിരുന്ന അഞ്ചു 11 ഉം വയസ് പ്രായമുള്ള രണ്ടു കുട്ടികൾക്കാണ് വെടിയേറ്റത്. ഇവരെ ഡാളസ് ഏരിയാ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അഞ്ചു വയസുകാരൻ മരിക്കുകയായിരുന്നു.

വെടിവയ്പിനുണ്ടായ സാഹചര്യം അന്വേഷിച്ചു വരികയാണെന്ന് ഡെന്നിസണ്‍ പോലീസ് പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് കൂട്ടിചേർത്തു. കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുവാൻ പോലീസ് വിസമ്മതിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവർ 903 465 2422 എന്ന നന്പരിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ
മിലൻ വാർഷികാഘോഷവും സാഹിത്യ സംവാദവും ഡിസംബർ ഒന്പതിന്
മിഷിഗണ്‍ മലയാളികളുടെ ഏക സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളികളുടെ ഏക സാഹിത്യ കൂട്ടായ്മയായ മിഷിഗണ്‍ മലയാളി ലിറ്റററി അസോസിയേഷൻ (മിലൻ) പതിനെട്ടാമത് വാർഷിക സമ്മേളനവും സാഹിത്യ സംവാദവും ഡിട്രോയിറ്റിലുള്ള പുനത്തിൽ കുഞ്ഞബ്ദുള്ള നഗറിൽ ഡിസംബർ ഒന്പതിന് നടക്കും.

കല്പിത ധാരണകളെ കാലോചിതമായി നവീകരിക്കുകയും, നൂതനമായ ചിന്താധാരകളുടെ വെളിവെളിച്ചം തെളിയിക്കുകയും ചെയ്യുന്ന സാഹിത്യ ലോകത്തിലെ പുത്തൻ വിശേഷങ്ങളുമായി ഡോ.ശശിധരനും ജെ.മാത്യൂസും മുഖ്യാതിഥികളായി പങ്കെടുക്കും.

ന്യൂയോർക്ക് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മുൻ പ്രഫസറും ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി ഗവേഷണ ബിരുദ്ധാരിയുമായ പ്രഫ. ഡോ.ശശിധരൻ സാഹിത്യവും സംസ്കാരവും’ എന്ന വിഷയത്തെ അധികരിച്ചും അമേരിക്കയിലെ അറിയപ്പെടുന്ന പത്രപ്രവർത്തകനും ലാനയുടെ സെക്രട്ടറിയുമായ ജെ.മാത്യൂസ് മാധ്യമ വിവരണവും സാഹിത്യ രചനയും’ എന്ന വിഷയത്തെ സംബന്ധിച്ചും പ്രഭാഷണങ്ങൾ നടത്തും. തുടർന്നു നടക്കുന്ന സംവാദത്തിൽ പ്രമുഖ അമേരിക്കൻ മലയാളി സാഹിത്യകാരൻ അബ്ദുൾ പുന്നയൂർക്കുളം, ഡോ.ശാലിനി ജയപ്രകാശ്, തോമസ് കർത്തനാൾ, രാജീവ് കാട്ടിൽ, ബിന്ദു പണിക്കർ തുടങ്ങിയവർ പങ്കെടുക്കും.

പതിനെട്ടു വർഷത്തെ പ്രവർത്തന മികവുമായി അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികൾക്ക് ജയിൻ മാത്യു, വിനോദ് കോങ്ങൂർ എന്നിവർ നേതൃത്വം നൽകും.സമ്മേളന പരിപാടികളിൽ മിലൻ പ്രസിഡന്‍റ് മാത്യു ചെരുവിൽ അധ്യക്ഷത വഹിക്കും. സുരേന്ദ്രൻ നായർ, മനോജ് കൃഷ്ണൻ, ആന്‍റണി മണലേൽ എന്നിവർ പ്രസംഗിക്കും.

റിപ്പോർട്ട്: വിനോദ് കൊണ്ടൂർ ഡേവിഡ്
ഇല്ലിനോയ്സിൽ വീടിനു തീപിടിച്ചു കുടുംബത്തിലെ ആറ് അംഗങ്ങൾ മരിച്ചു
ഡിക്സണ്‍ (ഇല്ലിനോയ്സ്): നോർത്ത് വെസ്റ്റേണ്‍ ഇല്ലിനോയ്സ് ഡിക്സണ്‍ കൗണ്ടിയിൽ വീടിനു തീപിടിച്ചു മാതാപിതാക്കളും മക്കളും അടക്കം ആറു പേർ മരിച്ചതായി ഒഗിൾ കൗണ്ടി ഷെറീഫ് ഓഫീസ് അറിയിച്ചു. തീപിടിത്തത്തിന്‍റെ കാരണം പോലീസ് അന്വേഷിച്ചുവരികയാണ്.

നവംബർ 21നാണ് സംഭവം. രാവിലെ തീപിടിച്ച വീട്ടിൽ നിന്നും പോലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. ഈ വീട്ടിൽ താമസിച്ചിരുന്ന മകൻ ഈതനാണ് ഫോണ്‍ ചെയ്തത്. വീടിന്‍റെ ബേസ്മെന്‍റിൽ അകപ്പെട്ടിരിക്കുകയാണെന്നും പുക നിറഞ്ഞതുമൂലം ഒന്നും കാണാൻ കഴിയുന്നില്ലെന്നുമെന്നാണ് സന്ദേശത്തിൽ പറഞ്ഞത്.

ഉടൻ തന്നെ സംഭവസ്ഥലത്തേയ്ക്ക് കുതിച്ചെത്തിയ പോലീസ് എത്തുന്നതിനു മുന്പുതന്നെ ഇരുനില വീട് പൂർണമായും അഗ്നിക്കിരയായിരുന്നു. തീ ആളി പടർന്നതിനാൽ അഗ്നിശമനാംഗങ്ങൾക്ക് വീടിനുള്ളിലേക്ക് പ്രവേശിക്കാനായില്ല. ഇതിനകം വീടിനകത്തുണ്ടായിരുന്ന 6 പേരും പുക ശ്വസിച്ചു മരിച്ചതായി പിന്നീട് പോലീസ് സ്ഥിരീകരിച്ചു. ഒരാൾ രണ്ടാം നിലയിലും നാലു പേർ ഒന്നാം നിലയിലും ഒരാൾ ബേസ്മെന്‍റിലുമായിരുന്നു മരിച്ചു കിടന്നിരുന്നത്. മരിച്ചവരുടെ പേരു വിവരം പൊലീസ് പുറത്തുവിട്ടു. മാതാപിതാക്കളായ തിമോത്തി (39) മെലിസ തിമോത്തി (39) ഇവരുടെ മക്കളായ ഈതൻ (17), ലീആൻ (15), ഹെയ്ല് (12) ഡയ് ലാൻ (11) എന്നിവരാണ് മരിച്ചത്. തിമോത്തി എക്സിലോണ്‍ ജനറേഷൻ ജീവനക്കാരനാണ്. മക്കൾ : നാലുപേരും ഡിക്സണ്‍ പബ്ലിക് സ്കൂൾ വിദ്യാർഥികളാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഹാർവി ദുരന്തബാധിതർക്ക് ഫോമാ തുക കൈമാറി
ഹൂസ്റ്റണ്‍: ഹാർവി മഹാദുരിതബാധിതർക്കായി ഫോമാ സമാഹരിച്ച തുക കൈമാറി. കേരള സമാജം ഓഫീസിൽ നടന്ന ചടങ്ങിൽ ഫൊക്കാനയുടെ മുൻകാല പ്രസിഡന്‍റും ഹാർവി ഹെൽപ് ലൈൻ കണ്‍വീനറുമായ ജി.കെ. പിള്ളക്ക് ഫോമാ സൗത്ത് ഈസ്റ്റ് റീജണ്‍ വൈസ് പ്രസിഡന്‍റ് റെജി ചെറിയാൻ തുക കൈമാറി.

ഫോമാ ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ എപ്പോഴും നന്ദിയോടെ സ്മരിക്കുമെന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ റെജി കാണിക്കുന്ന ഉത്സാഹവും നേതൃപാടവവും ഫോമയ്ക്ക് ഒരു മുതൽക്കൂട്ടാണെന്നും റെജി മാറ്റുരയ്ക്കാൻ പറ്റാത്ത ഒരു നേതാവാണെന്നും ജി.കെ. പിള്ള പറഞ്ഞു. ഇതുപോലെയുള്ള പ്രവർത്തനങ്ങളിൽ ജനങ്ങൾ എപ്പോഴും കൂടെയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ അസോസിയേഷൻ വൈസ് പ്രസിഡന്‍റ് ഡോ. മാത്യു വൈരമണ്‍ അധ്യക്ഷത വഹിച്ചു. ഡോ. സാം ജോസഫ് സ്വാഗതം ആശംസിച്ചു. ക്നാനായ നാഷണൽ പ്രസിഡന്‍റ് ബേബി മണക്കുന്നേൽ, നാഷണൽ കമ്മിറ്റി അംഗം ബാബു മുല്ലശേരി, ഫോമയുടെ ആദ്യകാല ട്രഷറർ എൻ.ജി മാത്യു, ഫോമ പ്രസിഡന്‍റ് സ്ഥനാർഥി ഫിലിപ്പ് ചാമത്തിൽ, ട്രഷറർ കെന്നഡി ജോർജ്, ബിജു (ലോസണ്‍ ട്രാവൽസ്), പ്രേംദാസ്, ബാബു തെക്കേക്കര, സെലിൻ ബാബു, പൊന്നുപിള്ള, തോമസ് ഓലിയാംകുന്നേൽ, സുനിൽ നായർ, തോമസ് തയ്യിൽ, സാം ജോണ്‍, രാജൻ യോഹന്നാൻ, മൈസൂർ തന്പി, ഡയസ് ദാമോദരൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന് നവ നേതൃത്വം
ഷിക്കാഗോ: ഇന്ത്യൻ സോഷ്യൽ വർക്കേഴ്സ് അസോസിയേഷന്‍റെ വാർഷിക പൊതുയോഗവും 2018-19 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ നടന്നു.

ടോമി കണ്ണാല (പ്രസിഡന്‍റ്), ജോസ് ഓലിയാനി (വൈസ് പ്രസിഡന്‍റ്), ലിൻസണ്‍ തോമസ് കൈതമലയിൽ (സെക്രട്ടറി), തോമത് ഡിക്രൂസ് (ജോയിന്‍റ് സെക്രട്ടറി), രാജു മാനുങ്കൽ (ട്രഷറർ) എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയേയും ജോർജ് വെണ്ണികണ്ടം, സന്തോഷ് കുര്യൻ, സെബാസ്റ്റ്യൻ ഇമ്മാനുവേൽ, ബെന്നി കുര്യാക്കോസ്, സോയി മാത്യു, ജോസഫ് ആന്‍റണി എന്നിവരെ ബോർഡ് അംഗങ്ങളായും ജിനോ ജോണ്‍ മഠത്തിലിനെ അസോസിയേഷന്‍റെ ഓഡിറ്ററായും തെരഞ്ഞെടുത്തു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫോമാ സണ്‍ഷൈൻ റീജണ്‍ യുവജനോത്സവം പ്രൗഢഗംഭീരമായി
ടാന്പാ: ഫോമ സണ്‍ഷൈൻ റീജണ്‍ യുവജനോത്സവം പ്രൗഢഗംഭീരമായി. നവംബർ 11ന് രാവിലെ 10ന് ടാന്പ സെന്‍റ് ജോസഫ് സീറോ മലബാർ കത്തോലിക്കാ ദേവാലയ ഓഡിറ്റോറിയത്തിൽ ആരംഭിച്ച യുവജനോൽസവം ഫോമാ സെക്രട്ടറി ജിബി തോമസ് ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന സംഗീത നടന വിസ്മമയത്തിൽ ഫ്ളോറിഡയുടെ വിവിധ ഭാഗത്തുനിന്നും 9 മലയാളി അസോസിയേഷനുകളെ പ്രതിനിധീകരിച്ച് 250ൽപരം മത്സരാർഥികൾ വിവിധ ഇനങ്ങളിൽ മാറ്റുരച്ചു.

മത്സരാർഥികളുടെ ബാഹുല്യം കണക്കിലെടുത്ത് ദേവാലയത്തിലെ മൂന്നു വേദികളിൽ ഒരേസമയം വിവിധ മത്സരങ്ങൾ നടന്നു. മത്സരങ്ങൾക്ക് ഫ്ളോറിഡയിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രഗത്ഭരായ വിധികർത്താക്കൾ മൂല്യനിർണയം നടത്തി.

ഗ്രാൻഡ് ഫിനാലെ ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ് ഭദ്രദീപം തെളിയിച്ച് ഗ്രാൻഡ്ഫിനാലെ ഒൗപചാരികമായി ഉദ്ഘാടനം ചെയ്തു. യൂത്ത് ഫെസ്റ്റിവൽ ജനറൽ കണ്‍വീനർ ബിജു തോണിക്കടവിൽ സ്വാഗതം ആശംസിച്ചു. ഫോമാ ജോയിന്‍റ് ട്രഷറർ ജോമോൻ കുളപ്പുര, നാഷണൽ കമ്മിറ്റിയംഗങ്ങളായ ഷിലാ ജോസ്, ജോമോൻ തത്തംകുളം, ബിനു മാന്പള്ളി എന്നിവർ പ്രസംഗിച്ചു.

തുടർന്ന് പ്രശസ്തരായ ഡാൻസ് മാസ്റ്റേഴ്സായ ടെൻസെൻ ആൻഡ് ശ്രീനയുടെ നേതൃത്വത്തിൽ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. ഫ്ളോറിഡയിലെ ഫോർട്ട് ഷാർലറ്റിലുള്ള കറി ആൻഡ് കബാബ് റസ്റ്ററന്‍റ് ഉടമ സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ ഭക്ഷണശാലയും ഒരുക്കിയിരുന്നു.

യുവജനോത്സവത്തിന്‍റെ വൻ വിജയത്തിന് പ്രോഗ്രാം കോർഡിനേറ്റർ ഡോക്ടർ ജഗതി നായർ, ഫോമാ നാഷണൽ കമ്മിറ്റി അംഗങ്ങളായ ഷിലാ ജോസ്, ജോസ് മോൻ തത്തംകുളം, ജനറൽ കണ്‍വീനർ ബിജു തോണിക്കടവ് മറ്റു കമ്മിറ്റിയംഗങ്ങളായ സേവിമാത്യു, ബാബു ദേവസ്യ, തോമസ് ഡാനിയൽ ജൂനാ, തോമസ്, സുരേഷ് നായർ, ബിഷൻ ജോസഫ്, ജിനോ വർഗീസ്, ജോമോൻ തെക്കേതൊട്ടിയിൽ, വിജയൻ നായർ, ഡോളി വേണാട്, അജനാ കൃഷ്ണൻ, ആനിനാ ലാസർ, ദിയാ കന്പിയിൽ, ലിജൂ ആന്‍റണി, നോയൽ മാത്യു എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫിലാഡൽഫിയയിൽ കാർഡിനൽ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് 25 ന്
ഫിലാഡൽഫിയ: എസ്എംസിസി ഫിലാഡൽഫിയാ ചാപ്റ്റർ ദേശീയതലത്തിൽ നടത്തിവരുന്ന കാർഡിനൽ വിതയത്തിൽ മെമ്മോറിയൽ ബാസ്കറ്റ്ബോൾ ടൂർണമെന്‍റ് നവംബർ 25ന് (ശനി) നടക്കും. ഫിലാഡൽഫിയാ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബ് (NERC, 9379 Krewstown Road, Philadelphia PA 19115) ഇൻഡോർ ബാസ്കറ്റ്ബോൾ കോർട്ടിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതലാണ് മത്സരം.

അമേരിക്കയിൽ സീറോ മലബാർ സഭയുടെ അത്മായ സംഘടനയായ സീറോ മലബാർ കത്തോലിക്കാ കോണ്‍ഗ്രസിന്‍റെ (എസ്എംസിസി) വളർച്ചക്ക് ദേശീയതലത്തിലും രൂപതാതലത്തിലും വളരെയധികം സംഭാവനകൾ നൽകുകയും അതിന്‍റെ പ്രഥമ ഗ്രാൻഡ് പേട്രൻ സ്ഥാനം ഏറെക്കാലം വഹിക്കുകയും ചെയ്ത സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പും കർദിനാളുമായിരുന്ന അന്തരിച്ച മാർ വർക്കി വിതയത്തിലിന്‍റെ സ്മരണാർഥം നടത്തുന്ന അഞ്ചാമത് ദേശീയ ബാസ്കറ്റ്ബോൾ ടൂർണമെന്‍റാണിത്.

എസ്എംസിസി ചാപ്റ്റർ സ്പിരിച്വൽ ഡയറക്ടറും സീറോ മലബാർ ഫൊറോനാ പള്ളി വികാരിയുമായ ഫാ. വിനോദ് മഠത്തിപ്പറന്പിൽ ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്യും. പ്ലേ ഓഫ് മൽസരങ്ങൾക്കുശേഷം നടക്കുന്ന ഫൈനലിൽ വിജയിക്കുന്ന ടീമിന്ë ജോസഫ് കൊട്ടുകാപ്പള്ളി സ്പോണ്‍സർ ചെയ്യുന്ന കർദ്ദിനാൾ വിതയത്തിൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും റണ്ണർ അപ് ടീമിന്ë എസ്എംസിസി എവർ റോളിംഗ് ട്രോഫിയും ലഭിക്കും. മത്സരത്തിൽ വ്യക്തിഗതമികവു പുലർത്തുന്നവർക്ക് പ്രത്യേക ട്രോഫികളും ലഭിക്കും.

ഫിലാഡൽഫിയ ചാപ്റ്റർ പ്രസിഡന്‍റ് ജോർജ് വി. ജോർജിന്‍റെ നേതൃത്വത്തിൽ ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ട്രസ്റ്റിമാരായ ഷാജി മിറ്റത്താനി, മോഡി ജേക്കബ്, റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, സെക്രട്ടറി ടോം പാറ്റാനിയിൽ, പാരീഷ് കൗണ്‍സിൽ അംഗങ്ങൾ, ഭക്തസംഘടനാഭാരവാഹികൾ, മരിയൻ മദേഴ്സ്, സീറോമലബാർ യൂത്ത്, യുവജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി ടൂർണമെന്‍റിന്‍റെ വിജയത്തിനായി പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ
അരിസോണയിൽ മണ്ഡല വ്രതാരംഭത്തിന് ഭക്തിസാന്ദ്രമായ തുടക്കം
അരിസോണ: വൃശ്ചിക പിറവിയോടെ ആരംഭിക്കുന്ന മണ്ഡലകാല വ്രതാരംഭത്തിന് അരിസോണയിൽ ഭക്തിസാന്ദ്രമായ തുടക്കം. സ്വാമിപാദംതേടി അരിസോണയിലെ അയ്യപ്പഭക്തർക്ക് ഇനി 41 ദിവസക്കാലം വൃതാനുഷ്ടാനത്തിന്‍റെയും ശരണമന്ത്രജപത്തിന്‍റെയും നാളുകൾ.

മണ്ഡലകാല വൃതാരംഭത്തിനു തുടക്കം കുറിച്ചുകൊണ്ട് നവംബർ 19ന് ഭാരതീയ ഏകത മന്ദിറിൽ അയ്യപ്പ മണ്ഡല പൂജ നടത്തി. തന്ത്രി സുദർശന്‍റെ മുഖ്യ കാർമികത്വത്തിൽ ആചാരവിധി പ്രകാരം നടന്ന പൂജാദികർമങ്ങളിൽ അരിസോണയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നൂറുകണക്കിന് അയ്യപ്പ ഭക്തർ പങ്കെടുത്തു.

ഗണപതി പൂജ, അയ്യപ്പ സങ്കൽപം, മാലയിടീൽ, അലങ്കാരം, പതിനെട്ടു പടിപൂജ, പടിപ്പാട്ട്, ദീപാരാധന, ഹരിവരാസനം, അന്നദാനം എന്നിവയുടെ പൂർണതയോടെയാണ് അയ്യപ്പപൂജ കൊണ്ടാടിയത്. അയ്യപ്പ പൂജയോടനുബന്ധിച്ചു ദിലീപ് പിള്ള, വിജേഷ് വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അയ്യപ്പഭജനയിൽ നിരവധി ഭക്തജനങ്ങൾ ഭാഗഭാക്കായി.

മണ്ഡലകാല പൂജയോടനുബദ്ധമായി ഡിസംബർ 16 ന് (ശനി) വൈകുന്നേരം അഞ്ചു മുതൽ ശ്രീ വെങ്കടകൃഷ്ണ ക്ഷേത്ര സന്നിധിയിൽ അയ്യപ്പ മണ്ഡല മഹാപൂജ നടത്തുന്നു. പൂജയോടനുബന്ധിച്ചു വിവിധ അഭിഷേകങ്ങൾ, പതിനെട്ടു പടിപൂജ, അന്നദാനം, പ്രസദമൂട്ടു, ദീപാരാധന, നിറമാല, പുഷ്പാഭിഷേകം, അലങ്കാരം, അയ്യപ്പഭജന എന്നിവയുണ്ടാകും.

വിവരങ്ങൾക്ക്: ഡോ.ഹരികുമാർ കളീക്കൽ : 480 381 5786, സുരേഷ് നായർ 623 455 1533, ജോലാൽ കരുണാകരൻ 623 332 1105, രാജേഷ് ബാബാ 602 317 3082.

റിപ്പോർട്ട്: മനു നായർ
ഹാലിഫാക്സിൽ ആത്മാഭിഷേക ധ്യാനം
ഹാലിഫാക്സ്: കാനഡ സീറോ മലബാർ മലയാളികളുടെ ആത്മീയ ജീവിതത്തിൽ പുത്തൻ ഉണർവും ആത്മീയ അഭിഷേകവും പകർന്നുനൽകി പതിനായിരങ്ങളെ ആത്മീയ കൃപയുടെ വഴിയിലേക്കു നയിച്ചുകൊണ്ടിരിക്കുന്ന ക്യൂൻമേരി മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഹാലിഫാക്സിലുള്ള St. Anthoneys Catholic Church, 10243 Highway 3, Hubbards, BOJ ITO ൽ നവംബർ 24,25,26 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആത്മാഭിഷേക കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം 5 വരേയും ഞായർ ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം 7 വരേയുമാണ് ധ്യാനം.

അനുഗ്രഹീത വചനപ്രഘോഷൻ ഫാ. പീറ്റർ വെട്ടിക്കാനക്കുടി (ഡയറക്ടർ, ഗാഗുൽത്താ ധ്യാനകേന്ദ്രം, തൃശൂർ), ബ്രദർ പി.ഡി. ഡൊമിനിക് (ചെയർമാൻ മരിയൻ ടിവി & ക്യൂൻമേരി മിനിസ്ട്രി), അനുഗ്രഹീത ഗാനശുശ്രൂഷകൻ റ്റോജോ ജോർജ് എന്നിവർ നേതൃത്വം നൽകുന്ന ധ്യാനത്തിന്‍റെ ഉദ്ഘാടനം ഹിലിഫാക്സ് ആർച്ച്ബിഷപ് അന്തോനി മാൻസിനി നിർവഹിക്കും. സീറോ മലബാർ കാനഡ എക്സാർക്കിയേറ്റ് ജോസ് കല്ലുവേലിൽ ആമുഖ പ്രഭാഷണം നടത്തും.

വിവരങ്ങൾക്ക്: റവ.ഫാ. തോമസ് തെക്കേക്കര 902 210 7492, റോഷൻ വർഗീസ് 902 412 1434, സിസിൽ സെബാസ്റ്റ്യൻ 902 412 9020. സിജു മാത്യു 902 237 6008.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
ന്യൂയോർക്ക്: രാജ്യാന്തര കോടതി (ഐസിജെ)യുടെ ജഡ്ജി സ്ഥാനത്തേക്കുള്ള പോരാട്ടത്തിൽ ഇന്ത്യക്കാരനായ ദൽവീർ ഭണ്ഡാരിക്ക് വിജയം. ബ്രിട്ടന്‍റെ ക്രിസ്റ്റഫർ ഗ്രീൻവുഡ് മത്സരരംഗത്തുനിന്ന് അവസാന നിമിഷം പിൻമാറിയതിനെ തുടർന്നാണ് ഭണ്ഡാരിയുടെ വിജയം ഉറപ്പിച്ചത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം ട്വീറ്റ് ചെയ്യുകയും ചെയ്തു.

ഹേഗ് ആസ്ഥാനമായ ഐസിജെയിലേക്കുള്ള പുനർതെരഞ്ഞെടുപ്പാണ് നടന്നത്. 15 അംഗ രാജ്യാന്തരകോടതി ബെഞ്ചിലേക്കുള്ള മൂന്നിലൊന്നുപേരെ മൂന്നു വർഷം കൂടുന്പോഴാണ് തെരഞ്ഞെടുക്കുന്നത്. ഒന്പതുവർഷമാണ് കാലാവധി.
സംഗീത മുഖോപധ്യായ്ക്ക് കെമിസ്റ്റ് അവാർഡ്
അർക്കൻസാസ്: ഇന്ത്യൻ അമേരിക്കൻ ഡോക്ടറൽ വിദ്യാർഥിനി അർക്കൻസാസിൽ നിന്നുള്ള സംഗീത മുഖോപധ്യായ്ക്ക് അമേരിക്കൻ അസോസിയേഷൻ ഓഫ് സീരിയൽ കെമിസ്റ്റ് ഇന്‍റർനാഷണലിന്‍റെ കെമിസ്റ്റ് അവാർഡ്. ക്രോസ് ഫ്ളോ റൈസ് ഡ്രയിംഗ് എന്ന വിഷയത്തെ അധികരിച്ചു നടത്തിയ പരീക്ഷണങ്ങൾക്കാണ് അവാർഡ്. ഇതു രണ്ടാം തവണയാണ് സംഗീത ഈ പുരസ്കാരത്തിനർഹയാകുന്നത്.

കോൽക്കത്തയിൽ നിന്നുള്ള സംഗീത ഫുഡ് ഇൻഡസ്ട്രിയിൽ വെസ്റ്റ് ബംഗാൾ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്നാണ് ബിരുദം നേടിയത്. ഖരഗ്പൂരിൽ നിന്നും ഫുഡ് അഗ്രികൾച്ചറൽ എൻജിനിയറിംഗിൽ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) ബിരുദാനന്തര ബിരുദം നേടിയ ശേഷം അർക്കൻസാസ് യൂണിവേഴ്സിറ്റിയിൽ റൈസ് പ്രോസസിംഗ് പ്രോഗ്രാം ഗ്രാജുവേറ്റ് അസിസ്റ്റന്‍റായി 2012 ൽ ജോലിയിൽ പ്രവേശിച്ചു. രണ്ടായിരത്തിലധികം ഫുഡ് ഇൻഡസ്ട്രി പ്രൊഫഷണലുകൾ അംഗങ്ങളായുള്ള കെമിസ്റ്റ് ഇന്‍റർനാഷണൽ സാങ്കേതിക രംഗത്ത് കഴിവു തെളിയിച്ചവരെ അവാർഡ് നൽകി ആദരിക്കുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഗാമ ടെന്നീസ് ടൂർണമെന്‍റിൽ നീരജ് ചാന്പ്യൻ
ഓസ്റ്റിൻ: ഗ്രേറ്റർ ഓസ്റ്റിൻ മലയാളി അസോസിയേഷന്‍റെ (GAMA) ആഭിമുഖ്യത്തിൽ നടന്ന ടെന്നീസ് ടൂർണമെന്‍റിൽ കെ.എം. നീരജിന് ചാന്പ്യൻപട്ടം. ഫൈനലിൽ മനേഷ് ശശിധരനെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കാണ് നീരജ് തോല്പിച്ചത്. സ്കോർ: 3 - 6, 6 - 4, 6-4. ആദ്യ സെറ്റ് മനേഷ് നേടിയെങ്കിലും ശക്തമായ തിരിച്ചു വരവിലൂടെ നീരജ് വിജയം കരസ്ഥമാക്കുകയായിരുന്നു.

ഡബിൾസ് വിഭാഗത്തിൽ അനിമോൻ ജോസ് - രാജേഷ് കുരിയപറംബിൽ സഖ്യവും വിക്രം അയ്യർ -ചിരഞ്ജിത് സഖ്യവും ഒന്നാം സ്ഥാനം പങ്കിട്ടു.

ഓസ്റ്റിനിലെ കാതറിൻ ഫ്ളേയ്സ്ചർ പാർക്കിലെ ടെന്നീസ് കോർട്ടുകളിൽ ഡബിൾ എലിമിനേഷൻ അടിസ്ഥാനത്തിൽ നടത്തിയ ടൂർണമെന്‍റിൽ 12 മത്സരാർഥികൾ പങ്കെടുത്തു. സമ്മാനദാന ചടങ്ങിൽ ഗാമയുടെ മുൻ ബോർഡ് അംഗങ്ങൾ ഗോവിന്ദൻ നന്പൂതിരി, കർമചന്ദ്രൻ എന്നിവർ ഡബിൾസ് വിജയികൾക്കും ഗാമ സ്പോർട്സ് ടീം കോഓർഡിനേറ്റർ രമേഷ് ചന്ദ്ര സിംഗിൾസ് വിജയികൾക്കും മെഡലുകൾ സമ്മാനിച്ചു. ഗാമ പ്രസിഡന്‍റ് ശങ്കർ ചന്ദ്രമോഹൻ പ്രസംഗിച്ചു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
അമേരിക്കയിൽ ഇന്ത്യൻ കന്പനികളുടെ മൂലധന നിക്ഷേപം 18 ബില്യണ്‍
ഷിക്കാഗോ: ഇന്ത്യൻ കന്പനികൾ അമേരിക്കയിൽ 18 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തിയതിലൂടെ 1,13,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുവാൻ കഴിഞ്ഞതായി ഷിക്കാഗോയിൽ നിന്നുള്ള ഡമോക്രാറ്റിക് കോണ്‍ഗ്രസ് അംഗവും ഇന്ത്യൻ വംശജനുമായ രാജാ കൃഷ്ണമൂർത്തി വെളിപ്പെടുത്തി.

ഇന്ത്യൻ റൂട്ട്സ്, അമേരിക്കൻ സോയിൽ എന്ന ശീർഷകത്തിൽ കോണ്‍ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി വാരാന്ത്യം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച് വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഷിക്കാഗോയിൽ മാത്രം 195 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തിയതിലൂടെ 3800 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും മൂർത്തി പറഞ്ഞു.

അമേരിക്ക, പുർട്ടെറിക്കൊ, കരീബിയൻ. ഐലന്‍റ്, യുഎസ് ടെറിട്ടറി തുടങ്ങിയ സ്ഥലങ്ങളിൽ നൂറിൽപരം കന്പനികളാണ് വ്യവസായങ്ങൾ ആരംഭിച്ചിരിക്കുന്നത്. 1,13,423 തൊഴിലാളികളാണ് ഇത്രയും വ്യവസായ മേഖലകളിൽ പ്രവർത്തിക്കുന്നത്. ഏറ്റവും കൂടുതൽ മൂലധനനിക്ഷേപം നടത്തിയിരിക്കുന്നത് ന്യൂയോർക്കിലാണ് (1.57 ബില്യണ്‍), ന്യൂജേഴ്സി (1.56 ബില്യണ്‍), മാസ്ചുസെറ്റ്സ് (951 മില്യണ്‍), കാലിഫോർണിയ (542 മില്യണ്‍). കൂടുതൽ കന്പനികൾ കൂടുതൽ നിക്ഷേപം നടത്തുവാൻ സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ടെന്നും കൃഷ്ണമൂർത്തി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ
സോയ നായരുടെ "യാർഡ് സെയിൽ’ പ്രകാശനം ചെയ്തു
ന്യൂയോർക്ക്: അമേരിക്കൻ മലയാളിയായ യുവകവയത്രിയും അക്ഷരമുദ്രാ കവിതാ പുരസ്കാരജേതാവുമായ സോയ നായരുടെ രണ്ടാമത് കവിതാസമാഹാരം "യാർഡ് സെയിൽ’ പ്രകാശനം ചെയ്തു.

ഷാർജ അന്താരാഷ്ട്രപുസ്തകോൽസവത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത പ്രവാസി എഴുത്തുകാരി ഹണിഭാസ്കർ സാമൂഹ്യപ്രവർത്തകനും സാഹിത്യകാരനുമായ റജി ഗ്രീൻലാന്‍റിനു നൽകി പ്രകാശനം നിർവഹിച്ചു.

ചടങ്ങിൽ പ്രശസ്ത കഥാകൃത്തും കവയത്രിയുമായ കെ.പി. സുധീര, പ്രവാസി സാഹിത്യകാരൻ പി. ശിവപ്രസാദ്, നൂറനാട് ശ്രീകുമാർ, മനോജ്, അശോക് ബാബു, വിദ്യാ ഡിജിത്, ആർട്ടിസ്റ്റ് ശ്രീകുമാർ കാമിയോ തുടങ്ങിയവർ സംബന്ധിച്ചു.

സോയ നായരുടെ ആദ്യ കവിതാസമാഹാരം "ഇണനാഗങ്ങൾ' (പായൽ ബുക്സ്, കണ്ണൂർ) 2013 ൽ പുറത്തിറങ്ങി. ഫോമാ 2015 കവിതാ പുസ്തക പുരസ്കാരം, ഫൊക്കാന 2015 കവിതാ പുരസ്കാരം, അക്ഷരമുദ്ര പ്രഥമ സാഹിത്യ പുരസ്കാരം 2017 എന്നീ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

പുതിയ കാലത്തിന്‍റെ സൂക്ഷ്മനിരീക്ഷണത്തിനു വിധേയമാക്കുന്ന പെണ്‍കാഴ്ചകളുടെ സന്പന്നതയാണു സോയ നായരുടെ കവിതകളുടെ പ്രത്യേകത. സ്വാതന്ത്ര്യത്തിന്‍റെ ഇരുചിറകുകളും വീശി പുത്തൻ കവിതയിലേക്ക് പറന്നുയരുന്നു എന്ന പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്‍റെ അവതാരികയോടു കൂടിയ 33 കവിതകൾ അടങ്ങിയ കവിതാസമാഹാരത്തിന്‍റെ പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ് ആണ്. പ്രഭാത് ബുക്ക് ഹൗസിന്‍റെ എല്ലാ ശാഖകളിലും ഈ പുസ്തകം ലഭ്യമാണ്. ംംം.ുൗെവേമസമസമറമ.രീാ എന്ന വെബ്സൈറ്റിലൂടെ പുസ്തകം ഓണ്‍ലൈൻവഴിയും ലഭ്യമാകും.

റിപ്പോർട്ട്: ജോസ് കാടാപ്പുറം
ഹെയ്ത്തി അഭയാർഥികൾ രാജ്യം വിട്ടുപോകണം: ട്രംപ് ഭരണകൂടം
വാഷിംഗ്ടണ്‍: കരീബിയൻ ഐലൻഡിനെ നടുക്കിയ ഭൂചലനത്തെതുടർന്ന് 2010 ൽ ഹെയ്ത്തിയിൽ നിന്നും അമേരിക്കയിലേക്ക് പാലായനം ചെയ്ത അഭയാർഥികളോട് രാജ്യം വിട്ടുപോകണമെന്ന് നവംബർ 20ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു. ഹെയ്ത്തിയിൽ നിന്നും എത്തിയ 60,000 അഭയാർഥികൾക്ക് താത്കാലിക റസിഡൻസി പെർമിറ്റ് പ്രോഗ്രാമിൽ ഉൾപ്പെടുത്തിയാണ് ഇതുവരെ അമേരിക്കയിൽ താമസിക്കുന്നതിന് അനുമതി നൽകിയതെന്ന് ഭരണകൂടം വ്യക്തമാക്കി.

ഇപ്പോൾ ഹെയ്ത്തിയിലെ സ്ഥിതി ഗതികൾ വളരെ മെച്ചപ്പെട്ടിട്ടുണ്ടെന്നും അതുകൊണ്ട് കഴിഞ്ഞ തവണ നീട്ടിക്കിട്ടിയ കാലാവധി 2019 ൽ അവസാനിക്കുന്നതിനു മുൻപു മടങ്ങി പോകുന്നതിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിക്കണമെന്നും ഹോംലാന്‍റ് സെക്യൂരിറ്റി നിർദ്ദേശം നൽകി.

അതേസമയം യുഎസ് കോണ്‍ഗ്രസ് അംഗങ്ങൾ 18 മാസത്തേക്കു കൂടി കാലാവധി നീട്ടി കൊടുക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. ഹെയ്തിയൻ പ്രസിഡന്‍റും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മേയ് മാസം കാലാവധി അവസാനിപ്പിച്ചവർക്കും സാധാരണ അനുവദിക്കുന്ന 18 മാസത്തിനു പകരം ആറ് മാസത്തേക്കാണ് കാലാവധി നീട്ടി കൊടുത്തിട്ടുള്ളത്. ഒൻപതു രാഷ്ട്രങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഉൾപ്പെട്ട് അമേരിക്കയിൽ അഭയം നൽകിയിട്ടുള്ളവരുടെ എണ്ണം 4,35,000 ആണെന്ന് ഹോംലാന്‍റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്‍റ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡബ്ല്യുഎംസി ഷിക്കാഗോ പ്രൊവിൻസിനു തുടക്കം
ഷിക്കാഗോ: വേൾഡ് മലയാളി കൗണ്‍സിൽ ഷിക്കാഗോ പ്രൊവിൻസിനു തുടക്കം കുറിച്ചു. നോർത്ത് അമേരിക്ക റീജണ്‍ പ്രസിഡന്‍റ പി.സി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രൊവിൻസ് മീറ്റിംഗ് കോഓർഡിനേറ്റർ മാത്തുക്കുട്ടി ആലുംപറന്പിൽ സ്വാഗതം ആശംസിച്ചു.

ഗോബൽ, റീജണ്‍, പ്രൊവിൻസ് തലങ്ങളിൽ മൂന്നു തട്ടുകളായി പ്രവർത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് വേൾഡ് മലയാളി കൗണ്‍സിലെന്നും സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുവാൻ നിഷ്കളങ്ക മനസോടെ മുന്പോട്ടു വരുന്ന ഏവരെയും സ്വാഗതം ചെയ്യുന്നതായും അധ്യക്ഷ പ്രസംഗത്തിൽ പി.സി. മാത്യു പറഞ്ഞു.

ഡബ്ല്യുഎംസി ഡാളസ് ബിസിനസ് ഫോറം ചെയർമാൻ ഫ്രിക്സ്മോൻ മൈക്കിൾ ലീഡർഷിപ്പ് എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. തുടർന്നു താഴെ പറയുന്നവരെ ചേർത്ത് അഡ്ഹോക്ക് കമ്മിറ്റിക്ക് രൂപം നൽകി.

ചെയർമാൻ: മാത്യൂസ് ഏബ്രഹാം, വൈസ് ചെയർസ് : സാബി കോലാത്ത്, ബീനാ ജോർജ്, പ്രസിഡന്‍റ്: ലിൻസണ്‍ കൈതമല, വൈസ് പ്രസിഡന്‍റുമാർ: സജി തോമസ് (അഡ്മിൻ), ആൻ ബിജുമോൻ ലൂക്കോസ് (ഓർഗനൈസിംഗ്), സെക്രട്ടറിമാർ: പ്രവീണ്‍ തോമസ്, ജെയിംസ് കോലടി, ട്രഷറർ: അഭിലാഷ് നെല്ലാമറ്റം, ബിസിനസ് ഫോറം ചെയർമാൻ: മാത്തുക്കുട്ടി ആലുംപറന്പിൽ, കമ്മിറ്റി അംഗങ്ങൾ: തോമസ് മാമൻ, ഫ്രാൻസിസ് കിഴക്കേകൂട്ട്, റോയി ചേലമല, ജോബി ചാക്കോ, ആന്േ‍റാ ആന്‍റണി, അഡ്വസറി ബോർഡ് മെംബേർസ്: ജെയ്ബു കുളങ്ങര, സണ്ണി വള്ളിക്കളം, സജി പുതൃകയിൽ, റോയ് മുളകുന്നം, ജോണ്‍ പാട്ടപ്പടി.

തുടർന്നു നടന്ന യോഗത്തിൽ പ്രൊവിൻസ് ചെയർമാൻ മാത്യൂസ് ഏബ്രഹാം, പ്രവീണ്‍ തോമസ്, തോമസ് മാമൻ, മാത്യുക്കുട്ടി ആലുംപറന്പിൽ, ബീന ജോർജ്, ഡബ്ല്യുഎംസി അമേരിക്ക റീജണ്‍ ഓഫീസർമാരായ സാബു ജോസഫ് സിപിഎ, ഫിലിപ്പ് മാരേട്ട്, കുര്യൻ സക്കറിയ, ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ തോമസ് മൊട്ടക്കൽ, ഗ്ലോബൽ ഇലക്ഷൻ കമ്മീഷണർ ജോണ്‍ തോമസ്, റീജണ്‍ വൈസ് ചെയർമാൻ വര്ഗീസ് കായലക്കകം, ഗ്ലോബൽ സെക്രട്ടറി ടി.പി. വിജയൻ, വൈസ് പ്രസിഡന്‍റ് അഡ്വ. സിറിയക് തോമസ്, എ.എസ്. ജോസ്. അലക്സ് കോശി വിളനിലം, ഗ്ലോബൽ കോണ്‍ഫറൻസ് കമ്മിറ്റി, കണ്‍വീനർ തങ്കമണി എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

റിപ്പോർട്ട്: ജിനേഷ് തന്പി
വഴിയോരത്തുനിന്നു ബൈബിൾ വായിക്കുന്നതിന് അനുമതി വേണമെന്ന്
ടെന്നിസി: പൊതു വഴിയോരങ്ങളിൽ നിന്ന് പരസ്യമായി ബൈബിൾ വായിക്കുന്നതിന് അനുമതി തേടണമെന്ന് ആവശ്യപ്പെട്ട് ടെന്നിസി സിറ്റി അധികൃതർ ഓർഡിനൻസ് പുറപ്പെടുവിച്ചു.

സിറ്റിയുടെ അനുമതിയില്ലാതെ വഴിയോരത്തുനിന്നു ബൈബിൾ വായന നടത്തിയ പോൾ ജോണ്‍സനെ സിറ്റി അധികൃതർ തടഞ്ഞു. ബൈബിൾ വായനയിലൂടെ ക്രിസ്തുവിന്‍റെ സ്നേഹത്തെ മറ്റുള്ളവർക്ക് പകർന്നു നൽകുക എന്നതു മാത്രമാണ് ഞാൻ ചെയ്യുന്നതെന്നും വീണ്ടും വായന തുടർന്നാൽ ഞാൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നതായും ജോണ്‍സൻ പറഞ്ഞു. ഭരണഘടനാ വിരുദ്ധമായ ഈ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ജോണ്‍സണ്‍ ആവശ്യപ്പെട്ടു.

അതേസമയം ഉത്തരവിനെ ചോദ്യം ചെയ്തു ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സെന്‍റർ ഫോർ റിലിജിയസ് എക്സപ്രഷൻ രംഗത്തെത്തി. സിറ്റിയുടെ ഓർഡിനൻസ് റിലിജിസ് ഫ്രീഡം റൈറ്റ്സിനെ ലംഘിക്കുന്നതാണെന്ന് ഇവരുടെ വാദം. ലോകമെങ്ങും സഞ്ചരിച്ചു സുവിശേഷം അറിയിക്കുവാൻ ജോണ്‍സന് കഴിയില്ലെന്നും അതുകൊണ്ടാണ് സമീപ തെരുവുകളിൽ നിന്നും ബൈബിൾ മറ്റുള്ളവരെ വായിച്ചു കേൾപ്പിക്കുന്നതിന് ശ്രമിക്കുന്നതെന്നും കൗണ്‍സിൽ ഫോർ ഫസ്റ്റ് ലിബർട്ടി വക്താവ് ചെൽസി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ
വിശുദ്ധ ചാവറയച്ചന്‍റെ തിരുനാൾ ആഘോഷിച്ചു
ബ്രൂക് ലിൻ: കാർമലൈറ്റ് മേരി ഓഫ് ഇമ്മാക്കുലേറ്റ് (സിഎംഐ) സ്ഥാപകൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്‍റെ തിരുനാൾ നോർത്ത് അമേരിക്കയിലെ സിഎംഐ ആസ്ഥാനമായ ബ്രൂക് ലിനിൽ ഭക്തിനിർഭര ചടങ്ങുകളോടെ ആഘോഷിച്ചു.

ചാവറയച്ചനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട മൂന്നാം വാർഷികത്തിൽ നവംബർ 19 ന് മൻഹാട്ടൻ അവന്യുവിലുള്ള സെന്‍റ് ആന്‍റണീസ് സെന്‍റ് അൽഫോൻസാസ് ചർച്ചിൽ നടന്ന ദിവ്യബലിക്ക് റവ. ഡോ. ജോസഫ് പാലക്കൽ മുഖ്യകാർമികത്വം വഹിച്ചു. ന്യൂയോർക്ക്, ന്യൂജേഴ്സി ദേവാലയങ്ങളിൽ നിന്നെത്തിയ വൈദികർ സഹകാർമികരായി.

1831 ൽ കേരളത്തിൽ ചാവറയച്ചന്‍റെ നേതൃത്വത്തിൽ ആരംഭിച്ച സിഎംഐയുടെ പ്രവർത്തനം വളർന്ന് പന്തലിച്ചു ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുകയാണെന്ന് റവ. ഡോ. ജോസഫ് പാലക്കൻ പറഞ്ഞു. ചാവറയച്ചന്‍റെ ജീവിത മാതൃക പിന്തുടരാൻ ഓരോരുത്തരും ശ്രമിക്കണമെന്ന് അച്ചൻ ഉദ്ബോധിപ്പിച്ചു.

റവ. ഡേവി കാവുങ്കൽ (വികാരി), ഫാ. ആന്‍റണി വടക്കേക്കര എന്നിവർ പ്രസംഗിച്ചു. സെന്‍റ് ആന്‍റണീസ് ഇടവകാംഗങ്ങൾ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. നിരവധി കന്യാസ്ത്രീകളും സഭാ വിശ്വാസികളും തിരുനാളാഘോഷങ്ങളിൽ പങ്കെടുത്തു. തുടർന്നു വിവിധ കലാപരിപാടികളും അരങ്ങേറി. ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ
മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ കൃപാഭിഷേക ധ്യാനം
ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ നവംബർ 23, 24, 25, 26 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ നടുത്തുന്ന കൃപാഭിഷേക ധ്യാനം നടത്തുന്നു.

വചനപ്രഘോഷകനും അണക്കര മരിയൻ റിട്രീറ്റ് സെന്‍ററിന്‍റെ രക്ഷാധികാരിയുമായ ഫാ. ഡൊമിനിക്ക് വാള്മനാൽ ആണ് ധ്യാനം നയിക്കുക.

വ്യാഴം വൈകുന്നേരം അഞ്ചു മുതൽ രാത്രി എട്ടു വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെ ഒന്പതു മുതൽ വൈകുന്നേരം 5.30 വരെയുമാണ് ധ്യാനം.
മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ക്നാനായ ദേവാലയത്തിൽ നാല്പത് മണിക്കൂർ ആരാധന
ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ നവംബർ 16, 17, 18 തീയതികളിൽ 40 മണിക്കർ ആരാധന നടന്നു. വ്യാഴാച വൈകിട്ട് ഏഴിന് മാർ ജേക്കബ് അങ്ങാടിയത്തിന്‍റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയോടെ ആരാധനക്ക് തുടക്കം കുറിച്ചു. മല്പാൻ മാത്യു വെള്ളാനിക്കൽ, ഫാ. തോമസ് മുളവനാൽ, ഫാ. ജോണിക്കുട്ടി പുലിശേരിൽ, ഫാ. ജോർജ് മാളിയേക്കൽ, ഫാ.പോൾ ചാലിശേരി, ഫാ.ബോബൻ വട്ടംപുറത്ത്, ഫാ .ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു. മല്പാൻ മാത്യൂ വെള്ളാനിക്കൽ വചന സന്ദേശം നല്കി. വിശുദ്ധ കുർബാനയിൽ കേന്ദ്രീകൃതമായൊരു ജീവിതമാണ് നാം നയിക്കേണ്ടതെന്നും ദിവ്യകാരുണ്യം സ്നേഹമാണ്; സ്നേഹിക്കുക എന്നാൽ ജീവിക്കുക: ജീവിക്കുക എന്നാൽ സ്നേഹിക്കുക. എന്നും അദ്ദേഹം സന്ദേശത്തിൽ വിശ്വാസികളെ ഓർമപ്പെടുത്തി.

രണ്ട് ദിനരാത്രങ്ങളിലായി നടത്തിയ ഈ നാല്പത് മണിക്കുർ ആരാധനയുടെ സമാപനം ശനിയാഴ്ച വൈകിട്ട് 5.30ന് നടന്ന ദിവ്യബലിയോടെയായിരുന്നു. സേക്രഡ് ഹാർട്ട് ഫോറോന വികാരി ഫാ. ഏബ്രാഹം മുത്തോലത്ത് ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിച്ചു.

ഇടവകയിലെ വിശ്വാസ സമൂഹവും സിസ്റ്റേഴ്സ്, കൈക്കാരന്മാർ, ഗായകസംഘം, ആൽത്താര ശൂശ്രൂഷികൾ, തുടങ്ങിയവരും ആരാധനയുടെ സുമമായ പ്രവർത്തനങ്ങൾക്കുവേണ്ട ക്രമീകരണങ്ങളൊരുക്കി.
മോർട്ടണ്‍ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ നിത്യാരാധന ചാപ്പൽ കൂദാശ ചെയ്തു
ഷിക്കാഗോ: മോർട്ടണ്‍ ഗ്രോവ് സെന്‍റ് മേരീസ് ദേവാലയത്തിൽ പുതിയതായി നിർമിച്ച നിത്യാരാധന ചാപ്പലിന്‍റെ കൂദാശകർമം നവംബർ 16ന് മാർ ജേക്കബ് അങ്ങാടിയത്ത് നിർവഹിച്ചു. തുടർന്നു നടന്ന ദിവ്യബലിക്ക് മാർ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാർമികത്വം വഹിച്ചു. മല്പാൻ മാത്യു വെള്ളാനിക്കൽ, ഫാ. തോമസ് മുളവനാൽ, ഫാ. ജോണിക്കുട്ടി പുലിശേരിൽ, ഫാ. ജോർജ് മാളിയേക്കൽ, ഫാ. പോൾ ചാലിശേരി, ഫാ.ബോബൻ വട്ടംപുറത്ത്, ഫാ.ജോനസ് ചെറുനിലത്ത് എന്നിവർ സഹകാർമികരായിരുന്നു.

വിശുദ്ധ കുർബാനയിൽ നിത്യം ജീവിക്കുന്ന ദിവ്യകാരുണ്യ നാഥന് ആരാധനയും സ്തുതിയും സമർപ്പിക്കുവാനും ലോക സമാധാനത്തിനും നാനാവിധ ആവശ്യങ്ങൾക്കും വേണ്ടി മാധ്യസ്ഥം വഹിച്ചു നിരന്തരം പ്രാർഥിക്കുവാനും ലക്ഷ്യം വച്ച് ആരംഭിക്കുന്ന നിത്യാരാധനാചാപ്പൽ പ്രദേശ വാസികളായ സകല വിശ്വാസ സമൂഹത്തിനും അനുഗ്രഹ സാന്നിധ്യമാകുമെന്ന് വികാരി ഫാ. തോമസ് മുളവനാൽ അറിയിച്ചു. "ഒരു മണിക്കൂറെങ്കിലും എന്നോടു കൂടെ പ്രാർത്ഥിക്കുവാൻ നിങ്ങൾക്ക് കഴിയുകയില്ലെ' എന്ന ഗദ്സെമിനിലെ മിശിഹായുടെ ചോദ്യത്തിന് ഉണർവോടെയുള്ള പ്രാർഥന കൊണ്ട് ഉത്തരം നല്കൂവാൻ നാമേവരും പരിശ്രമിക്കണമെന്ന് സഹവികാരി ഫാ. ബോബൻ വട്ടംപുറത്ത് ഒർമപ്പെടുത്തി.

എല്ലാ ദിവസവും രാവിലെ ഏഴു മുതൽ രാത്രി ഒന്പതു വരെയായിരിക്കും തുടക്കത്തിൽ നിത്യാരാധന ചാപ്പൽ പ്രവർത്തിക്കുക.
യോഗി ടിവി അമേരിക്കയിൽ സംപ്രേക്ഷണം 25 മുതൽ
മലയാളത്തിലെ ആദ്യത്തെ ഹൈന്ദവ ആത്മീയ സാംസ്കാരിക ചാനലായ ജ്ഞാനയോഗ ടിവിയുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നവംബർ 25ന് തുടക്കം കുറിക്കും.

ന്യൂയോർക്കിലെ ഫ്ളോറൽ പാർക്കിലുള്ള വിഷൻ ഒൗട്ട് റീച്ച് ഇന്‍റർനാഷണൽ ഹാളിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് ചടങ്ങുകൾ.

യോഗി നെറ്റ് വർക്ക് മാനേജിംഗ് ഡയറക്ടർ ഇ. ലോകേശ്വര, യോഗി ടിവി ചാനൽ ചീഫ് എക്സിക്യൂട്ടീവ് മിൽട്ടണ്‍ ഫ്രാൻസിസ്, പ്രമുഖ ജ്യോതിഷ പണ്ഡിത·ാരായ സൂര്യകാലടിമന സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, ആചാര്യ സേതുമാധവൻ, കേരള ടുഡേ എഡിറ്റർ ലാലു ജോസഫ്, സംബോധ് ഫൗണ്ടേഷൻ, ശിവഗിരി മഠം, ഇസ്കോണ്‍ എന്നിവയുടെ പ്രതിനിധികൾ, ഹൈന്ദവ ആത്മീയ നേതാക്കൾ, പ്രവാസി മലയാളി നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

പ്രമുഖ കേബിൾ ടിവി നെറ്റ് വർക്കുകളിലും യപ്പ് ടിവി തുടങ്ങിയ ടിവി സംവിധാനങ്ങളിലും വിവിധ ഡിടിഎച്ചുകളിലും യോഗി ടിവി ദൃശ്യങ്ങൾ ലഭ്യമാണ്.

യോഗി ടിവിയുടെ പ്രവർത്തനങ്ങൾ നോർത്ത് അമേരിക്കയിൽ പരിചയപ്പെടുത്തുന്നതിന്‍റെ ഭാഗമായി ന്യൂജേഴ്സിയിലും ഫിലാഡൽഫിയായിലും വാഷിംഗ്ടണ്‍ ഡിസിയിലും സന്പർക്ക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

വിവരങ്ങൾക്ക്: സുധ കർത്ത 267 575 7333, ശ്രീകുമാർ ഉണ്ണിത്താൻ 974 886 2655, ജി.കെ. നായർ 845 269 1445, ഗോപിനാഥ കുറുപ്പ് 845 548 3938.
ഭക്തിഗാന ആൽബം "ജീവതീർഥം’ പ്രകാശനം ചെയ്തു
കോറൽസ്പ്രിംഗ്: ഫ്ളോറിഡയിലെ പ്രശസ്ത ഭക്തിഗാന നിർമാണ കന്പനിയായ ജോസ് ക്രിയേഷന്‍റെ ബാനറിൽ നിർമിച്ച “ജീവതീർഥം’ എന്ന സംഗീത ആൽബം ഷിക്കാഗോ രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത് കോറൽസ്പ്രിംഗ് ആരോഗ്യമാതാ ഫൊറോനാ ദേവാലയ വികാരി ഫാ. തോമസ് കടുകപ്പിള്ളിക്ക് നൽകി പ്രകാശനം ചെയ്തു.

ഭക്തിഗാന രംഗത്തെ ദേവഗായകൻ കെസ്റ്റർ ആലപിച്ച “കുഞ്ഞുനാളിൽ...’ എന്ന പരിശുദ്ധാത്മാവിന്‍റെ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലും യൂട്യൂബിലും ആയിരങ്ങളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു. ഈ ഗാനത്തിനു നവാഗതരായ ജോബി തുണ്ടത്തിൽ സംഗീത നിർവഹണവും ജോജോ ഫ്ളോറിഡ ഗാനരചനയും നിർവഹിക്കുന്നു.

ആൽബത്തിലെ മറ്റു ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് വിൽസണ്‍ പിറവം, സിസിലി, ഗോപൻ, സുജ എന്നിവർക്കൊപ്പം ഫ്ളോറിഡയിൽ നിന്നുള്ള ജസ്റ്റിൻ തോമസ്, ബിനു ജോസ്, ജോജോ ഫ്ളോറിഡ എന്നിവരാണ്.

ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ജോബി തുണ്ടത്തിലിനൊപ്പം സിബി ഇറക്കത്തിൽ, ജെറി അമൽദേവ്, ബേണി ഇഗ്നേഷ്യസ്, ജെർസൻ ആന്‍റണി തുടങ്ങിയ പ്രശസ്ത സംഗീത പ്രതിഭകളാണ്.

ഗാനരചന പ്രിമ്യൂസ് പെരിഞ്ചേരി, സിബി ഇറക്കത്തിൽ, ജോജോ ഫ്ളോറിഡ, സുജാത ഫ്രാൻസീസ്, ബേബി രാജൻ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. വിവരങ്ങൾക്ക്: ബിനു ജോസ് 954 529 6420.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫ്ളവേഴ്സ് യു.എസ്.എ കരോൾ ഫെസ്റ്റിവൽ 2017 ഷിക്കാഗോയിലെ ചിത്രീകരണം നവംബർ 25ന്
ഷിക്കാഗോ: ഫ്ളവേഴ്സ് ടിവി യുഎസ്എ കരോൾ ഫെസ്റ്റിവൽ നടത്തുന്നു. നോർത്ത് അമേരിക്കയിലെ വിവിധ ഇടവകകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന കരോൾ ഫെസ്റ്റിവലിന്‍റെ ഷിക്കാഗോയിലെ ചിത്രീകരണം നവംബർ 25-നു രാവിലെ ഒന്പതു മുതൽ ഉച്ചക്ക് രണ്ടു വരെ ഷിക്കാഗോയിലുള്ള സെന്‍റ തോമസ് ഓർത്തഡോക്സ് ചർച്ചിൽ നടത്തുന്നു.

ഷിക്കാഗോയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ഇടവകകൾക്കും ലഭിക്കുന്ന ഒരു സുവര്ണ്ണാവസരമാണ് ഫ്ലവേഴ്സ് ടിവി നടത്തുന്ന കരോൾ ഫെസ്റ്റിവൽ 2017. താല്പര്യമുള്ള എല്ലാ ഗായക സംഘങ്ങളും എത്രയും പെട്ടെന്ന് സംഘാടകരെ അറിയിക്കേണ്ടതാണ്. അതിനു ശേഷം തങ്ങളുടെ ഓഡിയോ റിക്കോർഡ് സമർപ്പിക്കാനുള്ള അവസരം ഉണ്ടായിരിക്കും. 15 മുതൽ 30 വരെയുള്ള അംഗങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ആറു മിനിറ്റ് ദൈർഘ്യമുള്ള ഒരു ഗാനം ഇംഗ്ലീഷിലോ മലയാളത്തിലോ ആലപിക്കാവുന്നതാണ്. നവംബർ 25-നു ചിത്രീകരിക്കുന്ന കരോൾ ഗാനങ്ങൾ ഡിസംബർ മാസത്തിൽ ലോകമെന്പാടും സംപ്രേഷണം ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ബിജു സഖറിയ (847 630 6462), ഷിജി അലക്സ് (224 436 9371). ഷിക്കാഗോയിൽ നിന്നും ഷിജി അലക്സ് അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഷിക്കാഗോ കെസിഎസ് ക്നാനായ സെന്‍റർ വാങ്ങി
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി വളരെ വർഷത്തെ പരിശ്രമങ്ങളുടെ ഭാഗമായി മറ്റൊരു ക്നാനായ സെന്‍റർകൂടി വാങ്ങിച്ചു. ഷിക്കാഗോയിൽ ക്നാനായക്കാർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ഡസ്പ്ലെയിൻസിലാണ് ഇരുപത്തയ്യായിരം സ്ക്വയർഫീറ്റുള്ളതാണ് പുതിയ ക്നാനായ സെന്‍റർ.

നവംബർ 15-നു നടന്ന ക്ലോസിങിൽ ക്നാനായ റീജിയൻ ഡയറക്ടർ റവ.ഫാ. തോമസ് മുളവനാലും, കെസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളും, സേർച്ച് കമ്മിറ്റി അംഗങ്ങളും, ബിൽഡിംഗ് ബോർഡ് അംഗങ്ങളും പങ്കെടുത്തു. കഴിഞ്ഞ ഒരു മാസമായി കെസിഎസ് എക്സിക്യൂട്ടിവിന്േ‍റയും കമ്മിറ്റി അംഗങ്ങളുടേയും വിശ്രമമില്ലാത്ത പരിശ്രമമാണ് ഈ സെന്‍റർ യാഥാർത്ഥ്യത്തിലെത്തിച്ചത്. പ്രസിഡന്‍റ് ബിനു പൂത്തുറയിൽ,വൈസ് പ്രസിഡന്‍റ് സാജു കണ്ണന്പള്ളി, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ,കമ്മിറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

പുതിയ ക്നാനായ സെന്‍ററിന്‍റെ വെഞ്ചരിപ്പു കർമ്മം നവംബർ 26-നു വൈകിട്ട് 7.30-നു കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് പിതാവ് നിർവഹിക്കും. ഈ അനുഗ്രഹിത ശുശ്രൂഷയിലേക്ക് ഏവർക്കും സ്വാഗതം.

റിപ്പോർട്ട്: ജോണിക്കുട്ടി പിള്ളവീട്ടിൽ
ഡോ. സെലിൻ പൗലോസിനു ഷൈനിംഗ് സ്റ്റാർ ബഹുമതി
ന്യൂയോർക്ക്: ഡോ. സെലിൻ പൗലോസിനു ന്യൂയോർക്കിലെ ബ്രൂക്ലിൻ രൂപത ഷൈനിംഗ് സ്റ്റാർ’ പദവി നൽകി ആദരിച്ചു. 2017ലെ സാമുദായിക പ്രവർത്തനത്തിനുള്ള അംഗീകാരമായാണ് ഈ ആദരവ്.

ബ്രൂക്ലിനിലെ പ്രശസ്തമായ ഇറ്റാലിയൻ റസ്റ്ററന്‍റ് ഗാർജിയൂളോസിൽ നടന്ന പ്രത്യേക ഡിന്നർ ചടങ്ങിൽ ബ്രൂക്ലിൻ ബിഷപ് നിക്കോളാസ് ഡിമാർസിയോയിൽ നിന്നും സെലിൻ ബഹുമതി ഏറ്റുവാങ്ങി.

ന്യൂയോർക്കിലെ ഇന്ത്യൻ ലാറ്റിൻ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃനിരയിൽ കഴിഞ്ഞ ഒന്നര ദശാബ്ദമായി പ്രവർത്തിച്ചുവരുന്ന ഡോ. സെലിൻ, കമ്യൂണിറ്റി ക്വയറിലെ ഗായികയും നല്ലൊരു നർത്തകിയുമാണ്.

ന്യൂയോർക്ക് ഫ്ളഷിംഗ് ഹോസ്പിറ്റൽ എമർജൻസി ഡിപ്പാർട്ട്മെന്‍റിൽ സേവനം ചെയ്യുന്ന ഡോ. സെലിൻ കുടുംബസമേതം ഫ്ളോറൽ പാർക്കിലാണ് താമസം.

ഭർത്താവ്: ഡോ. സുരേഷ് പൗലോസ്. മക്കൾ: ദീപ, ജോർഡൻ, ജോയ്സ്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം

2018 ഫൊക്കാനാ കണ്‍വൻഷൻ: ബെന്നി കുര്യൻ സാഹിത്യ അവാർഡ് കമ്മിറ്റി ചെയർമാൻ
ന്യൂയോർക്ക്: പെൻസിൽവേനിയയിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍ററിൽ 2018 ജൂലൈ 5 മുതൽ അരങ്ങേറുന്ന പതിനെട്ടാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വൻഷനിൽ സാഹിത്യ അവാർഡു കമ്മിറ്റിയുടെ ചെയർമാനായി ന്യൂജേഴ്സിയിൽ നിന്നുള്ള ബെന്നി കുര്യൻ പ്രവർത്തിക്കും.

ഫൊക്കാനയുടെയും പ്രാദേശിക അസോസിയേഷന്‍റെയും സുവനീയറുകളിലും മറ്റു പ്രസദ്ധീകരണങ്ങളിലും ചീഫ് എഡിറ്ററായും എഡിറ്റോറിയൽ ബോർഡിലും സ്തുത്യാർഹമായി പ്രവർത്തിച്ച് മികവ് തെളിയിച്ച വ്യക്തിയാണ് ബെന്നി കുര്യൻ. ൗൊമഹമ്യമഹലല.രീാ എന്ന ഓണ്‍ലൈൻ ന്യൂസ് പേപ്പറിന്‍റെ സാഹിത്യ വിഭാഗം എഡിറ്റർ കൂടിയാണ് ബെന്നി.

മലയാള ഭാഷയെയും സാഹിത്യത്തെയും അങ്ങേയറ്റം സ്നേഹിക്കുന്ന ബെന്നി കുര്യനെ സാഹിത്യ അവാർഡു കമ്മിറ്റിയുടെ ചുമതലക്കാരനാക്കുന്നതിൽ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് അത്യധികം സന്തോഷമുണ്ടെന്നും അവാർഡു നിർണയം കുറ്റമറ്റതും മാതൃകാപരവും അവിസ്മരണീയമായ ഒരു സാഹിത്യാനുഭവമാക്കി മാറ്റുമെന്നുള്ള കാര്യത്തിൽ വളരെയധികം ശുഭാപ്തിവിശ്വാസമുണ്ടെന്നും പ്രസിഡന്‍റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ജോയി ഇട്ടൻ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ഡാളസിൽ ഏകദിന കോണ്‍സുലർ ക്യാന്പ് 18 ന്
ഫ്രിസ്ക്കൊ: ഹൂസ്റ്റണ്‍ കോണ്‍സുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ഏകദിന കോണ്‍സുലർ ക്യാന്പ് സംഘടിപ്പിക്കുന്നു. നവംബർ 18 ന് (ശനി) ഫിസ്ക്കൊ ഇന്‍റിപെന്‍റൻസ് പാർക്ക് വെയിലുള്ള കാര്യസിദ്ധി ഹനുമാൻ ക്ഷേത്രത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്യാന്പ്.

ഡാളസിലെ വിവിധ അസോസിയേഷനുകളും ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസും ക്യാന്പിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.

ഒസിഐ കാർഡ്, വീസ, റിണൻസിയേഷൻ സർട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുള്ള പൂരിപ്പിച്ച അപേക്ഷകൾ ക്യാന്പിൽ ഉദ്യോഗസ്ഥന്മാർ പരിശോധിച്ചതിനുശേഷം ഹൂസ്റ്റണ്‍ സികെജിഎസിന് അയച്ചുകൊടുക്കാവുന്നതാണ്. ഹൂസ്റ്റണ്‍ കോണ്‍സുലർ ജനറൽ ഓഫ് ഇന്ത്യ ക്യാന്പിൽ പങ്കെടുത്ത് സംശയങ്ങൾക്ക് പരിഹാരം നിർദേശിക്കുന്നതാണ്. വിവരങ്ങൾക്ക്: 713 626 2148.

റിപ്പോർട്ട്: പി.പി. ചെറിയാൻ
യൂണിവേഴ്സിറ്റികളെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ വിദ്യാർഥികളുടെ മൊബൈൽ ആപ്പ്
ഓസ്റ്റിൻ: അമേരിക്കയിലെ നൂറില്പരം യൂണിവേഴ്സിറ്റികളിൽ നടക്കുന്ന വിവിധ പ്രവർത്തനങ്ങൾ കലാപരിപാടികൾ, സൗജന്യ ഭക്ഷണം എന്നിവയെകുറിച്ചുള്ള വിവരങ്ങൾ എളുപ്പം കണ്ടെത്തുന്നതിനുള്ള മൊബൈൽ ആപ്പിന് (UNIBEES) ഇന്ത്യൻ വിദ്യാർഥികൾ രൂപം നൽകി.

യുണിബീസ് ആൻഡ്രോയ്ഡ് മൊബൈൽ ആപ്ലിക്കേഷൻ തികച്ചും സൗജന്യമാണ്. ഡാളസിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ബിസിനസ് സ്കൂൾ വിദ്യാർഥികളായ അഭിനവ് വർമ, ചന്ദ്ര കിരണ്‍ എന്നിവരാണ് ഇതിനു പുറകിൽ പ്രവർത്തിച്ച ബുദ്ധി കേന്ദ്രങ്ങൾ. യുടി ടെക്സസിൽ ഉൾപ്പെട്ട ഡാളസ്, ഓസ്റ്റിൻ, ആർലിംഗ്ടണ്‍, ടെക്സസ് എ ആൻഡ് എം തുടങ്ങിയ സ്കൂളുകളെ ബന്ധിപ്പിച്ചായിരുന്നു തുടക്കമെങ്കിലും പിന്നീട് നൂറോളം യൂണിവേഴ്സിറ്റികളെ കൂടെ ഉൾപ്പെടുത്തി മൊബൈൽ ആപ്പ് വികസിപ്പിക്കുകയായിരുന്നു.

ആദ്യ നാലു കാന്പസുകളിൽ മാത്രം 12,000 വിദ്യാർഥികൾ ഈ ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പിന്‍റെ മുഖ്യശിൽപിയായ അഭിനവ് വർമയെ ഫ്യൂച്ചർ സിഇഒ അവാർഡ് നൽകി നവീൻ ജിൻഡാൾ സ്കൂൾ ഓഫ് മാനേജ്മെന്‍റ് ആദരിച്ചിരുന്നു.യുണിബീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്നവേഷൻ 25,000 ഡോളറിന്‍റെ ഗ്രാന്‍റും നൽകിയിട്ടുണ്ട്.

ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികൾക്ക് കൂടുതൽ വിവരങ്ങൾ ലഭ്യമാകണമെങ്കിൽ യുണിബീസ് മൊബൈൽ ആപ്പ് ഡൗണ്‍ ലോഡ് ചെയ്തു ഉപയോഗിക്കാവുന്നതാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ
ഷിക്കാഗോ മലയാളി അസോസിയേഷൻ ഫുഡ് ഡ്രൈവ് 28 ന്
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഫുഡ് ഡ്രൈവ് നടത്തുന്നു. നവംബർ 28 നു (ചൊവ്വ) വൈകുന്നേരം ഡെസ്പ്ലെയിൻസിലുള്ള കാത്തലിക് ചാരിറ്റീസിലാണ് ചടങ്ങുകൾ.

ഭവനരഹിതരും നിരാലംബരുമായ ആളുകൾക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന പരിപാടിക്ക് ആവശ്യമായ തുക മലയാളി അസോസിയേഷൻ ബോർഡ് അംഗങ്ങളിൽനിന്നാണ് സമാഹരിച്ചത്. വൈസ് പ്രസിഡന്‍റ് ജോണ്‍സൻ കണ്ണൂക്കാടൻ ആണ് ഇതിനു നേതൃത്വം നൽകിയത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് കാത്തലിക് ചാരിറ്റീസിൽ (1717 Rand Rd, Desplaines, IL) എത്തുക.

ഇതുപോലെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ ഷിക്കാഗോയിലും നാട്ടിലുമായി ഷിക്കാഗോ മലയാളി അസോസിയേഷൻ നടത്തുന്പോൾ സഹകരിക്കുവാൻ ആഗ്രഹിക്കുന്നവർ ഭാരവാഹികളുമായി ബന്ധപെടുക. സംഭാവനകൾ എല്ലാം നികുതി വിമുക്തമായിരിക്കും.

ഫുഡ് ഡ്രൈവിന് ഭാരവാഹികളായ രഞ്ജൻ എബ്രഹാം, ജിമ്മി കണിയാലി , ഫിലിപ്പ് പുത്തൻപുരയിൽ, ജിതേഷ് ചുങ്കത്, ഷാബു മാത്യു, അച്ചൻ കുഞ്ഞു മാത്യു, ചാക്കോ തോമസ് മറ്റത്തിൽപറന്പിൽ , ജേക്കബ് മാത്യു പുറയംപള്ളിൽ, ജോഷി മാത്യു പുത്തൂരാൻ, ജോഷി വള്ളിക്കളം, ജോസ് സൈമണ്‍ മുണ്ടപ്ലാക്കിൽ, മത്തിയാസ് പുല്ലാപ്പള്ളിൽ, മനു നൈനാൻ, ഷിബു മുളയാനികുന്നേൽ, സിബിൾ ഫിലിപ്പ്, സ്റ്റാൻലി കളരിക്കമുറി, സണ്ണി മൂക്കെട്ട്, സക്കറിയ ചേലക്കൽ, ടോമി അന്പേനാട്ട്, ബിജി സി മാണി തുടങ്ങിയവർ നേതൃത്വം നൽകും.