സ്നേഹ സാന്ത്വനമായി കേരളത്തിന് ഡിഎംഎയുടെ 30 ലക്ഷം രൂപ
Thursday, September 6, 2018 7:18 PM IST
ന്യൂ ഡൽഹി : പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങൾക്ക് സ്നേഹ സാന്ത്വനമായി ഡൽഹി മലയാളി അസോസിയേഷൻ.

കേരളാ ഹൗസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്‍റുമാരായ സി. കേശവൻകുട്ടി, വിനോദിനി ഹരിദാസ്, അഡിഷണൽ ജനറൽ സെക്രട്ടറി കെ.പി.എച്ച് ആചാരി, ഇന്‍റേണൽ ഓഡിറ്റർ ആർ.ജി. കുറുപ്പ്, റിസോഴ്സ് കമ്മിറ്റി കൺവീനർ എൻ.സി. ഷാജി തുടങ്ങിയവർ ചേർന്ന് 30 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മക്കു കൈമാറി.

ഡിഎംഎയുടെ വിവിധ ശാഖകളിൽനിന്നും സമാഹരിച്ച 30,22,757 രൂപയാണ് കേരളാ ഹൗസ് റെസിഡന്‍റ്സ് കമ്മീഷണർ പുനീത് കുമാറിന്‍റെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. ഡിഎംഎ നിർവാഹക സമിതി അംഗങ്ങളായ ജോസ് സെബാസ്റ്റ്യൻ, രമാ സുനിൽ, ഉഷാ സുധാകരൻ എന്നിവരും ഡിഎംഎയുടെ വിവിധ ഏരിയ സാരഥികളും ചടങ്ങിൽ പങ്കെടുത്തു.


റിപ്പോർട്ട് : പി.എൻ. ഷാജി