മിസിസിപ്പി : ഇടക്കാല തെരഞ്ഞെടുപ്പിൽ മിസിസിപ്പിയിലെ നിലവിലുള്ള റിപ്പബ്ലിക്കൻ സെനറ്റർ സിൻഡി ഹൈഡ് സ്മിത്തിനും ഡമോക്രാറ്റ് സ്ഥാനാർഥി മൈക്ക് എസ് പൈക്കിനും വിജയിക്കാനാവശ്യമായ വോട്ടുകൾ ലഭിക്കാത്തതിനെ തുടർന്നു നവംബർ അവസാനം ഇവിടെ റൺ ഓഫ് മത്സരം നടക്കും.
പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിൽ കൂടുതൽ സ്ഥാനാർഥികളിലാരെങ്കിലും നേടിയാലെ വിജയിക്കാനാകൂ. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ സിൻഡിക്ക് 41.5 ശതമാനവും മൈക്കിന് 40.6 ശതമാനവും (360112) വോട്ടുകൾ മാത്രമാണ് നേടാനായത്. റിപ്പബ്ലിക്കൻ സെനറ്ററായിരുന്ന താഡ് കോക് റാൻ ആരോഗ്യ കാരണത്താൽ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണു സിൻഡി ഹൈഡിനെ സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. സിൻഡിക്ക് വലിയൊരു വെല്ലുവിളി ഉയർത്തിയാണ് മൈക്ക് രംഗത്തെത്തിയത്. ജയിക്കുകയാണെങ്കിൽ സംസ്ഥാനത്തു നിന്നും സെനറ്റിൽ എത്തുന്ന ആദ്യ കറുത്ത വർഗക്കാരനാകും മൈക്ക്. റൺ ഓഫിൽ ആരു ജയിക്കുമെന്നത് പ്രവചനാതീതമാണ്.