ഡിഎംഎ രചനോത്സവം ജനുവരി 13 ന്
Wednesday, January 9, 2019 7:34 PM IST
ന്യൂഡൽഹി: പ്രവാസികളുടെ കലാപ്രതിഭകൾ കണ്ടെത്തുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തപ്പെടുന്ന ഡൽഹിയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ഡൽഹി മലയാളി അസോസിയേഷന്‍റെ കലോത്സവം 2019 ന്‍റെ ഭാഗമായുള്ള രചനോത്സവത്തിനു ജനുവരി 13 ന് (ഞായർ) യവനിക ഉയരും.

കവിതാ പാരായണം, കുട്ടിക്കവിതകൾ, പ്രസംഗ മത്സരം, കാർട്ടൂൺ രചന, പെൻസിൽ ചിത്രരചന, വാട്ടർ കളർ, ക്രയോൺ എന്നീ ഇനങ്ങളിലായി അഞ്ഞൂറിൽപ്പരം കലാകാരന്മാർ രാവിലെ 9 മുതൽ ആർകെ. പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കുന്ന രചനോത്സവത്തിൽ മാറ്റുരയ്ക്കും.

കലോത്സവത്തിന്‍റെ ഫൈനൽ മത്സരങ്ങൾ (സംസ്ഥാനതലം) വികാസ് പുരി കേരളാ സ്കൂളിൽ ജനുവരി 26 , 27 തീയതികളിൽ നടക്കും. മേഖലാതല മത്സരങ്ങളിൽ - ഈസ്റ്റ് സോൺ കാനിംഗ് റോഡ് കേരളാ സ്‌കൂളിലും സൗത്ത്-സെൻട്രൽ സോൺ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലും വെസ്റ്റ് സോൺ വികാസ് പുരി കേരളാ സ്‌കൂളിലും ഒരുക്കുന്ന നാലു വേദികളിലായി ജനുവരി 20 ന് (ഞായർ) നടക്കും.

ദിൽഷാദ് കോളനി, മയൂർ വിഹാർ ഫേസ്-1, മയൂർ വിഹാർ ഫേസ്-2, മയൂർ വിഹാർ ഫേസ്-3, വസുന്ധരാ എൻക്ലേവ്, ബദർപ്പൂർ, ജസോല, ശ്രീനിവാസ്‌പുരി എന്നീ ഡിഎംഎയുടെ ഏരിയകൾ ഈസ്റ്റ് സോണിലും മെഹ്‌റോളി, ആർകെ പുരം, വിനയ് നഗർ-കിദ്വായി നഗർ, ലാജ് പത് നഗർ, അംബേദ്‌കർ-പുഷപ് വിഹാർ, കാൽകാജി, കരോൾ ബാഗ്-കൊണാട്ട് പ്ലേസ്, സംഗം വിഹാർ, സൗത്ത് നികേതൻ എന്നീ ഏരിയകൾ സൗത്ത്-സെൻട്രൽ സോണിലും ദ്വാരക, ജനക് പുരി, മോത്തിനഗർ, രജൗരി ഗാർഡൻ, പശ്ചിമ വിഹാർ, വികാസ് പുരി-ഹസ്ത്സാൽ, മഹിപാൽപൂർ, പട്ടേൽ നഗർ എന്നീ ഏരിയകൾ വെസ്റ്റ് സോണിലും ഉൾപ്പെടുത്തിയാണ് പ്രാരംഭ മത്സരങ്ങൾ. ഇതിൽ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്നവരെ ഉൾപ്പെടുത്തി സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ ജനുവരി 26, 27 തീയതികളിൽ വികാസ് പുരി കേരളാ സ്‌കൂളിൽ നടക്കും.


കൊച്ചുകുട്ടികൾ (കിഡ്‌സ് - 8 വയസു വരെ), സബ് ജൂണിയർ (8 വയസിനു മുകളിൽ 13 വയസു വരെ), ജൂണിയർ (13 വയസിനു മുകളിൽ 18 വയസു വരെ), സീനിയർ (18 വയസിനു മുകളിൽ 25 വയസു വരെ), സൂപ്പർ സീനിയർ (25 വയസിനു മുകളിൽ), കൂടാതെ ജനറൽ കാറ്റഗറി (18 വയസു വരെ ജൂണിയർ മുതൽ 18 വയസിനു മുകളിൽ സീനിയർ വരെ) എന്നീ ആറ് വിഭാഗങ്ങളിലായി ആയിരത്തിൽപരം മത്സരാർഥികൾ വിവിധ ഇനങ്ങളിലായി പങ്കെടുക്കും.

ശാസ്ത്രീയ സംഗീതം, സിനിമാ ഗാനം, നാടക ഗാനം, ലളിത ഗാനം, മാപ്പിളപ്പാട്ട്, നാടൻ പാട്ട്, വയലിൻ, ഗിത്താർ, കീ ബോർഡ്, തബല, മൃദംഗം, ചെണ്ട, മോഹിനിയാട്ടം, ഭരതനാട്യം, കഥകളി, കുച്ചിപ്പുടി, നാടോടി നൃത്തം, സംഘ നൃത്തം, ഒപ്പന, മാർഗംകളി, കൈകൊട്ടിക്കളി (തിരുവാതിരകളി), മോണോ ആക്‌ട്, പ്രശ്ചന്ന വേഷം എന്നിങ്ങനെ വിവിധ കലാരൂപങ്ങൾ ആസ്വദിക്കാനുള്ള സുവർണാവസരമാണ് ഡിഎംഎ ഡൽഹി മലയാളികൾക്കായി ഒരുക്കുന്നത്. വിജയികളെ ഫലകവും സർട്ടിഫിക്കറ്റുകളും നൽകി ആദരിക്കും.

വിവരങ്ങൾക്ക്: 26195511, 9910439595.

റിപ്പോർട്ട്: പി.എൻ. ഷാജി