വ്യാജ വാർത്തകൾക്കെതിരായ പോരാട്ടത്തിന് ഫെയ്സ്ബുക്ക് ജർമനിയിൽ തുടക്കം കുറിച്ചു
Monday, January 16, 2017 7:34 AM IST
ബെർലിൻ: സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകൾ സൃഷ്‌ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിനെതിരേ ഫെയ്സ്ബുക്ക് ജർമനിയിലും യൂറോപ്പിലും പോരാട്ടത്തിനു തുടക്കം കുറിച്ചു. യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്‌ഥയും ഏറ്റവും ജനസംഖ്യയുള്ള രാജ്യവുമായി ജർമനി പൊതു തെരഞ്ഞെടുപ്പിനെ നേരിടുന്ന വർഷം തന്നെയാണ് ഈ തുടക്കമെന്നതും ശ്രദ്ധേയം.

സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച വ്യാജ വാർത്തകൾ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെയും മറ്റും സ്വാധീനിച്ചതായി വ്യക്‌തമായിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം വാർത്തകൾ പ്രചരിക്കുന്നതിനെതിരേ ശക്‌തമായ നടപടി വേണമെന്ന ആവശ്യം വിവിധ രാജ്യങ്ങളിൽ ശക്‌തമായതും ഫെയ്സ്ബുക്ക് അധികൃതർ ഇതിനോടു യോജിച്ചതും.

ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യപ്പെടുന്ന വാർത്തകളും റിപ്പോർട്ടുകളും വിശ്വസനീയമാണെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് ഇതു സംബന്ധിച്ച ബ്ലോഗ് പോസ്റ്റിൽ അധികൃതർ പറയുന്നു. വ്യാജം എന്നുതോന്നുന്ന വാർത്തകൾ ചൂണ്ടിക്കാട്ടാൻ ഉപയോക്‌താക്കൾക്ക് ഒരു ഫ്ളാഗ് സംവിധാനം ഏർപ്പെടുത്തുന്ന രീതിയാണ് ജർമനിയിൽ അവലംബിക്കുന്നത്. സ്വതന്ത്ര സംഘടനകൾ പരിശോധിച്ച് വ്യാജമാണെന്നു തെളിയുന്ന പ്രസ്താവനകൾക്കുനേരേ ഇക്കാര്യം പ്രദർശിപ്പിക്കുകയും ചെയ്യും. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്ന വെബ്സൈറ്റുകൾക്കുള്ള പരസ്യം വരുമാനം തടയാനും നടപടി വരും.


റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ