അഭിപ്രായ സർവേകളിൽ മെർക്കലിനെ ഷൂൾസ് മറികടന്നു
Wednesday, February 22, 2017 10:08 AM IST
ബെർലിൻ: ജർമൻ ചാൻസലർ തെരഞ്ഞെടുപ്പിൽ ആംഗല മെർക്കലിനെ മാർട്ടിൻ ഷൂൾസ് പരാജയപ്പെടുത്തുമെന്ന് ഏറ്റവും പുതിയ അഭിപ്രായ സർവേ ഫലങ്ങൾ. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി പ്രതിനിധിയായ ഷൂൾസിന് സിഡിയുവിന്‍റെയും മെർക്കലിന്‍റെയും അപ്രമാദിത്വം അവസാനിപ്പിക്കാൻ സാധിക്കുമെന്ന സൂചന തന്നെയാണ് ശക്തമായി വരുന്നത്.

വർഷങ്ങളായി മെർക്കലിന്‍റെയും പാർട്ടിയുടെയും നിഴലിൽനിന്നു പുറത്തു കടക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു ജർമനിയിലെ ഇടതുപക്ഷവും സോഷ്യലിസ്റ്റുകളും. എന്നാൽ, എസ്പിഡി നേതാവ് സിഗ്മർ ഗബ്രിയേൽ സ്വയം സ്ഥാനമൊഴിഞ്ഞ് യൂറോപ്യൻ പാർലമെന്‍റിന്‍റെ മുൻ പ്രസിഡന്‍റ് കൂടിയായ ഷൂൾസിനെ രംഗത്തിറക്കിയത് തെരഞ്ഞെടുപ്പ് സാധ്യതകളെ അപ്പാടെ തകിടം മറിച്ചു.

ഷൂൾസിന്‍റെ സ്ഥാനാർഥിത്വം തന്നെ മെർക്കലിന്‍റെ ജനപ്രീതി ഇടിയാൻ കാരണമായെന്നാണ് വിലയിരുത്തൽ. എസ്പിഡി പ്രതിനിധി തന്നെയായ ഫ്രാങ്ക് വാൾട്ടർ സ്റ്റൈൻമെയർ ജർമൻ പ്രസിഡന്‍റ് കൂടിയായതോടെ ഈ സാധ്യത വർധിക്കുകയും ചെയ്തു.


അഭയാർഥി പ്രശ്നത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിക്കുന്നതിൽ മെർക്കലും എസ്പിഡിയും ഒരു പരിധി വരെ വിജയിച്ചു നിന്നപ്പോഴായിരുന്നു സിഗ്മർ ഗബ്രിയേൽ അപ്രതീക്ഷിതമായി തുറുപ്പ് ചീട്ട് ഇറക്കിയത്. ഇതോടെ, തുടർച്ചയായ നാലാം തവണയും ചാൻസലർ സ്ഥാനത്തിരുന്ന് റിക്കാർഡ് സൃഷ്ടിക്കാമെന്ന മെർക്കലിന്‍റെ മോഹവും അസ്തമിക്കുന്നു എന്നാണ് സൂചന. സെപ്റ്റംബർ 24 നാണ് ജർമനിയിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ