വൈറ്റ് ഹൗസിൽ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി
Saturday, February 25, 2017 6:55 AM IST
വാഷിംഗ്ടണ്‍: അമേരിക്കയിലെ പ്രമുഖ വാർത്താ മാധ്യമങ്ങളായ സിഎൻഎൻ ന്യൂയോർക്ക് ടൈംസ്, ലോസ് ആഞ്ചലസ് ടൈംസ്, ബിബിസി എന്നിവയുടെ പ്രതിനിധികൾക്ക് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപിന്‍റെ വാർത്താ സമ്മേളനത്തിൽനിന്നും വിലക്കേർപ്പെടുത്തി.

ഫെബ്രുവരി 24ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീൻ സ്പൈസറാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതൽ ട്രംപിനെതിരെ നിശിത വിമർശനങ്ങളാണ് ഈ മാധ്യമങ്ങൾ നടത്തിയിരുന്നത്. കണ്‍സർവേറ്റീവിന്‍റെ വാർഷിക സമ്മേളന ദിനത്തിൽ തന്നെ ഉത്തരവ് പുറത്തുവന്നത് മാധ്യമ ലോകത്തെ ശരിക്കും അദ്ഭുതപ്പെടുത്തി.

അതേസമയം ട്രംപിനെതിരെ നുണകഥകൾ മെനയുന്ന മാധ്യമങ്ങളെ മാറ്റി നിർത്തിയതിൽ തെറ്റില്ല എന്നായിരുന്നു വൈറ്റ് ഹൗസിന്‍റെ പ്രതികരണം. കണ്‍സർവേറ്റീവ് പൊളിറ്റിക്കൽ ആക് ഷൻ കോണ്‍ഫറൻസിൽ ട്രംപ് നടത്തിയ പ്രസംഗത്തിൽ മാധ്യമ പ്രവർത്തകരുടെ നിരുത്തരവാദിത്വപരമായ പ്രവർത്തനങ്ങളെ കടുത്ത ഭാഷയിലാണ് വിമർശിച്ചത്. പുതിയ സംഭവവികാസത്തോടെ ട്രംപും മാധ്യമപ്രവർത്തകരും തമ്മിൽ തുറന്ന പോരാട്ടത്തിനാണ് അങ്കം കുറിച്ചിരിക്കുന്നത്.


റിപ്പോർട്ട്: പി.പി. ചെറിയാൻ