ടിപ്പുവിന്‍റെ ആയുധപ്പുര മാറ്റിസ്ഥാപിച്ചു
Friday, March 17, 2017 6:19 AM IST
മൈസൂരു: ശ്രീരംഗപട്ടണം റെയിൽവേ സ്റ്റേഷനു സമീപമുള്ള ടിപ്പു സുൽത്താന്‍റെ ആയുധപ്പുര മാറ്റിസ്ഥാപിച്ചു. നിലവിലുള്ള സ്ഥലത്തു നിന്ന് 120 മീറ്റർ അകലെ പ്രത്യേകം സജ്ജീകരിച്ച സ്ഥലത്താണ് ആയുധപ്പുര മാറ്റിസ്ഥാപിച്ചത്. അന്പതിലധികം തൊഴിലാളികളുടെ ദിവസങ്ങൾ നീണ്ട നീണ്ട പ്രയത്നമാണ് ഫലംകണ്ട ത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വൂൾഫ് എന്ന കന്പനിക്കും ഡൽഹിയിലെ ഒരു സ്വകാര്യ എൻജിനിയറിംഗ് സ്ഥാപനത്തിനുമാണ് ഇതിനായുള്ള ചുമതലകൾ നല്കിയിരുന്നത്. ആയുധപ്പുര മാറ്റിവയ്ക്കാൻ 13.5 കോടി രൂപയാണ് റെയിൽവേ ചെലവഴിക്കുന്നത്. മൈസൂരു- ബംഗളൂരു റെയിൽപാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ആയുധപ്പുര മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചത്.

ആയിരം ടണ്‍ ഭാരമുള്ള ആയുധപ്പുര ഹൈഡ്രോളിക് ജാക്കികൾ ഉപയോഗിച്ച് ഉയർത്തിയ ശേഷം പ്രത്യേകം തയാറാക്കിയ പാളത്തിലൂടെയാണ് പുതിയ സ്ഥലത്തേക്ക് നീക്കിയത്. നിർമാണജോലികൾ നിരീക്ഷിക്കാൻ ദക്ഷിണ-പശ്ചിമ റെയിൽവേ മാനേജർ എ.കെ. ഗുപ്ത, ചീഫ് എൻജിനിയർ ശരത് കുമാർ ജെയ്ൻ, ബംഗളൂരു റെയിൽവേ ഡിവിഷണൽ മാനേജർ സഞ്ജീവ് അഗർവാൾ, മൈസൂരു റെയിൽവേ ഡിവിഷണൽ മാനേജർ അതുൽ ഗുപ്ത തുടങ്ങിയവർ എത്തിയിരുന്നു.


ടിപ്പു സുൽത്താൻ ആയുധങ്ങളും വെടിമരുന്നും സൂക്ഷിക്കാൻ നിർമിച്ചതാണ് 225 വർഷം പഴക്കമുള്ള ആയുധപ്പുര. ബംഗളൂരു- മൈസൂരു റെയിൽപാതയ്ക്കു സമീപമായിരുന്ന ആയുധപ്പുര പാതയിരട്ടിപ്പിക്കലിനു തടസമായതോടെയാണ് മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചത്. 139 കിലോമീറ്റർ ദൈർഘ്യമുള്ള മൈസൂരു- ബംഗളൂരു പാതയിൽ ശ്രീരംഗപട്ടണത്തെ 1.2 കിലോമീറ്റർ ദൂരം മാത്രമാണ് ഇരട്ടിപ്പിക്കൽ പൂർത്തിയാകാനുള്ളത്. ആയുധപ്പുര മാറ്റുന്നതിനായി 2013 മാർച്ചിൽ റെയിൽവേ മന്ത്രാലയം കരാർ നല്കി. 2017 മാർച്ച് 17 നു മുന്പ് ആയുധപ്പുര മാറ്റിസ്ഥാപിക്കണമെന്നായിരുന്നു കരാർ. ആയുധപ്പുര മാറ്റിയതോടെ പാതയിരട്ടിപ്പിക്കൽ നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.