കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന രൂപീകരിച്ചു
Tuesday, March 28, 2017 2:34 AM IST
ഷിക്കാഗോ: ഇന്ത്യാനപൊളിസിലും സമീപ പ്രദേശങ്ങളിലുമുള്ള ഹൈന്ദവ കുടുംബങ്ങൾ സംയുക്തമായി കേരളാ ഹിന്ദൂസ് ഓഫ് ഇന്ത്യാന എന്ന സംഘടനയ്ക്ക് രൂപം നൽകി. ഇന്ത്യാനപൊലിസിലെ ഹൈന്ദവ ക്ഷേത്രാങ്കണത്തിൽ വച്ചു നടന്ന സമ്മേളനത്തിൽ ക്ഷേത്രം മുൻ പ്രസിഡന്‍റും, ക്ഷേത്ര നിർമ്മാണത്തിനുവേണ്ടി വളരെയധികം പ്രവർത്തിക്കുകയും ചെയ്ത ബാബു അന്പാട്ട് അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഒൗപചാരികമായ ഉദ്ഘാടനം കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്‍റ് സുരേന്ദ്രൻ നായർ നിർവഹിച്ചു.

സനാതന ധർമ്മത്തിന്‍റെ സംരക്ഷണവും പ്രചാരണവും ലക്ഷ്യമിട്ട് വടക്കേ അമേരിക്കയിൽ പ്രവർത്തിക്കുന്ന കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അവർ നേതൃത്വം നൽകുന്ന ഹൈന്ദവ സമ്മേളനങ്ങൾ വിജയിപ്പിക്കുകയും ചെയ്യുക എന്നതു സംഘടനയുടെ മുഖ്യ പ്രവർത്തനങ്ങളായിരിക്കുമെന്നു സമ്മേളനത്തിൽ തീരുമാനിച്ചു.

||

ജൂലൈ ഒന്നു മുതൽ നാലുവരെ ഡിട്രോയിറ്റിൽ വച്ചു നടക്കുന്ന ഹൈന്ദവ സംഗമത്തിലെ കാര്യപരിപാടികളെക്കുറിച്ചും, വിപുലമായ തയാറെടുപ്പുകളെക്കുറിച്ചും ജനറൽ സെക്രട്ടറി രാജേഷ് കുട്ടി സംസാരിച്ചു. സമ്മേളനത്തിനു വേദിയാകുന്ന എഡ്വേർഡ് വില്ലേജ് കണ്‍വൻഷൻ സെന്‍ററിൽ ഒരുക്കുന്ന വിവിധ അരങ്ങുകളിലെ വിശേഷങ്ങളും, രജിസ്ട്രേഷൻ പാക്കേജുകളും ട്രഷറർ സുദർശന കുറുപ്പ് വ്യക്തമാക്കി.

കഴിഞ്ഞകാല കണ്‍വൻഷനുകളെക്കുറിച്ചും കെ.എച്ച്.എൻ.എയുടെ പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വ്യക്തമായ രൂപം റീജണൽ വൈസ് പ്രസിഡന്‍റ് പ്രസന്നൻ പിള്ള, റീജണൽ കോർഡിനേറ്റർ അരവിന്ദ് പിള്ള, ജോയിന്‍റ് ട്രഷറർ രഘുനാഥൻ നായർ എന്നിവർ വിശദീകരിച്ചു. സതീശൻ നായർ അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം