ന്യൂഡൽഹി: ഗംഗാ നദിയുടെ തീരത്ത് 500 മീറ്റർ പരിധിക്കുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരിൽനിന്ന് 50,000 രൂപ പിഴ ഈടാക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഹരിദ്വാർ മുതൽയുപിയിലെ ഉന്നാവ് വരെയുള്ള ഭാഗത്തു മാലിന്യങ്ങളിടുന്നതു വിലക്കേർപ്പെടുത്തിയാണ് ട്രൈബ്യൂണലിന്റെ നടപടി. നദിയുടെ തീരത്തുനിന്നു 100 മീറ്റർ ദൂരം എല്ലാവിധ നിർമാണങ്ങളും നിരോധിച്ച് വികസനം പാടില്ലാത്ത മേഖലയായും ഹരിത ട്രൈബ്യൂണൽ പ്രഖ്യാപിച്ചു.
ഗംഗാ ശുചീകരണത്തിനായി 7,000 കോടി രൂപയിലേറെ ചെലവഴിച്ചിട്ടും ഫലമുണ്ടായിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. നദിയെ സംരക്ഷിക്കേണ്ട പൂർണമായ ചുമതല അതാതു സംസ്ഥാനങ്ങൾക്കാണ്. ഗംഗയുടെയും കൈവഴികളുടെയും തീരത്ത് മതപരമായ ചടങ്ങുകൾ നടത്തുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മാർഗനിർദേശം പുറപ്പെടുവിക്കാനും ട്രൈബ്യൂണൽ സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു.