തിരുവനന്തപുരം വിദേശരാജ്യങ്ങളിൽ ജോലി തേടുന്നവർക്കായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഉൾപ്പെടെ വിവിധ സർട്ടിഫിക്കറ്റുകൾക്ക് സംസ്ഥാന സർക്കാരിന്റെ അറ്റസ്റ്റേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ സെക്രട്ടറിയേറ്റിൽ അപേക്ഷകൾ സ്വീകരിക്കാൻ വിപുലമായ ക്രമീകരണം ഏർപ്പെടുത്തി. സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താനായി വലിയ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.
സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിന് മുന്നിലുള്ള മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അപേക്ഷകൾ സ്വീകരിക്കും. അതതുദിവസം തന്നെ എല്ലാ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തി നൽകും. സാക്ഷ്യപ്പെടുത്താനായി മറ്റെവിടെയും അപേക്ഷകൾ നൽകേണ്ടതില്ല. അപേക്ഷകൾ നൽകാൻ ഏജന്റുമാരെയോ ഇടനിലക്കാരെയോ അനുവദിക്കില്ല. അപേക്ഷകരുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അപേക്ഷ നൽകാം. എന്നാൽ ഇവരുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി നൽകണം. എല്ലാ അപേക്ഷകളിലും ഫോണ് നന്പരും 10 രൂപ കോർട്ട് ഫീ സ്റ്റാന്പും ഉണ്ടായിരിക്കണം. മറ്റു ഫീസുകളില്ല.