ഉയരങ്ങളിൽ കൂടുകൂട്ടി
കഴുകന്മാരുടെ കൂട്ടത്തിൽ ഏറ്റവും വലിപ്പമുള്ളവയാണ് ഹാർപി കഴുകൻ. ഇവയുടെ കൂട്ടത്തിലെ പെൺകഴുകന് ആൺകഴുകനെക്കാൾ ശരീരവലിപ്പവും ഭാരവും ഉണ്ടായിരിക്കും. ആകാശത്തിന്റെ ഉന്നതങ്ങളിലൂടെ പറക്കുന്ന ഇവയ്ക്ക് ഭൂമിയിലൂടെ സഞ്ചരിക്കുന്ന ഏതു ചെറിയ ജീവിയെയും കാണാൻകഴിയും. 36 ഇഞ്ച് മുതൽ 40 ഇഞ്ച് വരെ നീളത്തിൽ വളരാൻ ഇവയ്ക്കു സാധിക്കും. പെൺകഴുകന്റെ ഭാരം ആറുമുതൽ ഒൻപതു കിലോഗ്രാം വരെയാണ്. ഉയരമുള്ള വലിയ മരങ്ങളിൽ കൂടുകെട്ടുന്ന ഇവയുടെ ഭക്ഷണം മരത്തിൽ വസിക്കുന്ന പക്ഷികൾ, ജീവികൾ, ചെറുകുരങ്ങ് മുതലായവയാണ്. ശരീരനീളം 85 മുതൽ 105 സെ.മീ. വരെയും ചിറകുകളുടെ വിസ്താരം 220 മുതൽ 245 സെ.മീ. വരെയും വരും.

ലോകചരിത്രത്തിലെ ഏറ്റവും വലിയ കഴുകനായി റിക്കാർഡ് സൃഷ്ടിച്ചിരിക്കുന്നത് സ്റ്റെല്ലേഴ്സ് സീ ഈഗിൾ ആണ്. ഒൻപതു കിലോഗ്രാം ഭാരമുണ്ടായിരുന്ന ഇതിന്റെ ചിറകുകളുടെ വിസ്താരം 2.2 മീറ്റർ മുതൽ 2.45 മീറ്റർവരെയായിരുന്നു. റഷ്യയിലും കൊറിയയിലും ജപ്പാനിലും ഈയിനത്തിൽപ്പെട്ട കഴുകന്മാരെ അപൂർവമായി കണ്ടുവരുന്നു. 2001 ജനുവരി നാലിനു കണ്ടെത്തിയ കഴുകന്റെ വലിപ്പത്തെ ഭേദിക്കാൻ ഇതുവരെ വേറൊരു കഴുകൻ രംഗത്തെത്തിയിട്ടില്ല.

കഷണ്ടി കഴുകനും ഫിലിപ്പൈൻ കഴുകനും ക്രൗൺഡ് ഈഗിളും വൈറ്റ് ടെയിൽസ് സീ ഈഗിളും ആഫ്രിക്കൻ മാർഷൽ ഈഗിളുമൊക്കെ കഴുകന്മാരുടെ ഗണത്തിൽ അറിയപ്പെടുന്ന വിഭാഗങ്ങളത്രേ. കഷണ്ടി കഴുകന്റെ പരമാവധി ഭാരം 5.2 കിലോഗ്രാം മുതൽ 6.3 കിലോഗ്രാം വരെയും ഹാർപി കഴുകന്റെ ശരീരഭാരം 7.2 കിലോഗ്രാം മുതൽ ഒൻപതു കിലോഗ്രാം വരെയും ഫിലിപ്പൈൻ ഈഗിളിന്റെ ശരീരഭാരം പരമാവധി എട്ടുകിലോഗ്രാമും ആണ്.

ആഫ്രിക്കയിലെ ശക്‌തനായ കഴുകൻ എന്നറിയപ്പെടുന്ന ക്രൗൺഡ് ഈഗിളിന്റെ പ്രധാന ഭക്ഷണം ചെറുകുരങ്ങുകളാണ്. ശക്‌തിയുള്ള കഴുകഗണത്തിൽ മൂന്നാം സ്‌ഥാനമാണ് ഇതിനുള്ളത്. ലോകത്തിലെ ഏറ്റവും ശക്‌തിയുള്ള കഴുകൻ എന്ന പദവി ഹാർപി കഴുകനുതന്നെയാണ്. 12 കിലോഗ്രാം റിക്കാർഡ് ഭാരമുള്ള ഒരു ഗോൾഡൻ ഈഗിളിനെക്കുറിച്ചും ചരിത്രം പറയുന്നുണ്ട്.

<യ>ജോർജ് മാത്യു പുതുപ്പള്ളി