താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാൽ
അയാൾ വലിയ ദു:ഖത്തിലാണ്. കാണുന്ന എല്ലാവർക്കും പൊടുന്നനെ അക്കാര്യം മനസിലാവുകയില്ലെങ്കിലും അയാളോട് താൽപര്യപൂർവം സംസാരിക്കുകയും ശ്രവിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും അത് പിടികിട്ടും. ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലാർക്കാണ.് പേര് ജോൺ ജോസഫ്. റിട്ടയർ ചെയ്യാൻ ഇനിയും മൂന്നുവർഷംകൂടിയുണ്ട്. ഭാര്യ ജോയിസി ബാങ്ക് ഉദ്യോഗസ്‌ഥയാണ്. മക്കൾ മൂന്നുപേരാണിവർക്ക്. ജോൺ ജോസഫ് പണ്ടുതൊട്ടേ അന്തർമുഖനാണ്. വീട്ടിലും നാട്ടിലും അങ്ങനെതന്നെയാണ്. മക്കളിൽ ഒന്നാമനായ ജറോം, ഐറ്റിഐ പഠനത്തിനുശേഷം മുംബൈയിൽ കുറെനാൾ ജോലി ചെയ്തെങ്കിലും രണ്ടുവർഷമായി നാട്ടിലുണ്ട്. പറയത്തക്ക ജോലിയൊന്നും ഇല്ലാത്ത അയാൾ തനിക്ക് പറ്റിയ തൊഴിൽ തേടിയുള്ള അന്വേഷണത്തിലാണിപ്പോഴും. ജറോമിന്റെ തൊട്ടുതാഴത്തെയാൾ സലോമി, ബാങ്കുദ്യോഗസ്‌ഥയാണ്. എൻജിനിയറിങ്ങ് പഠനത്തിനുശേഷം ബാങ്ക് ടെസ്റ്റെഴുതിയാണ് അവൾ ആ തസ്തികയിൽ പ്രവേശിച്ചത്. ഏറ്റവും ഇളയ ആളായ ജോബ് ബി.ഡി.എസ് വിദ്യാർഥിയാണ്. ജോൺ ജോസഫിന്റെ ദു:ഖകാരണം തന്റെ കുടുംബത്തിൽ താൻ സർവ്വരാലും തിരസ്കൃതനായി എന്ന ചിന്തയാണ്. ഈയൊരു വിചാരം വിവാഹജീവിതത്തതിന്റെ തുടക്കം മുതൽ അയാളിൽ വേരൂന്നി തുടങ്ങിയിരുന്നു. ഭാര്യ ജോയിസി സ്മാർട്ടാണ്, സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം അക്കാര്യം പ്രകടവുമാണ്.

കോളജ് പഠനകാലത്ത് കലാരംഗത്തും കായികരംഗത്തുമൊക്കെ മികവ് കാട്ടിയിരുന്ന ജോയിസി കോളജ് യൂണിയൻ ചെയർപേഴ്സണെന്ന നിലയിലും ശോഭിച്ചയാളാണ്. വിവാഹശേഷമാണ് ജോയിസിക്ക് ബാങ്കിൽ ജോലി ലഭിക്കുന്നത്. സാമ്പത്തിക പിന്നോക്കാവസ്‌ഥയിലുളള കുടുംബമായി രുന്നു ജോയിസിയുടേത്. ടാപ്പിംഗ് തൊഴിലാളിയായ അപ്പനും സ്പിന്നിങ്ങ് മിൽ ജോലിക്കാരിയായ അമ്മയും രണ്ടു സഹോദരങ്ങളും ഉൾക്കൊളളുന്നതാണ് ജോയിസിയുടെ കുടുംബം. ജോൺ ജോസഫുമായുള്ള വിവാഹാലോചന വന്നപ്പോൾ ജോയിസി ആദ്യമൊന്നും ആ ബന്ധത്തിന് തയ്യാറായില്ല. തന്റെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയെപ്പറ്റി നന്നായി അറിയാമായിരുന്ന അവൾ മനസില്ലാമനസോടെയാണ് പിന്നീടാ കല്യാണത്തിന് സമ്മതം മൂളിയത്. വിവാഹശേഷം മക്കൾ മൂന്ന് ജനിച്ചെന്നല്ലാതെ ജോയിസിക്ക് ജോൺ ജോസഫിനോട് ആത്മാർഥമായ ബന്ധമൊന്നുമില്ലായിരുന്നു. തന്റെ ഭർത്താവിനെ ഉൾക്കൊള്ളാൻ ശ്രമിക്കുന്നതിനെക്കാൾ അയാളെ ഒഴിവാക്കാനും അവഗണിക്കാനുമാണ് ജോയിസി എപ്പോഴും ശ്രദ്ധിച്ചിരുന്നത്. ഇടിച്ചുകേറാനും തൊഴിച്ചുമാറ്റാനുമൊന്നും തെല്ലും അറിയാൻ പാടില്ലാതിരുന്ന ജോൺ ജോസഫ് ജോയിസിയുടെ മനസിൽനിന്നുമാത്രമല്ല, സാവധാനം ആ കുടുംബത്തിന്റെ മുഖ്യധാരാ ജീവിതത്തിൽ നിന്നും തിരസ്കൃതനാവുകയായിരുന്നു.

വിവാഹജീവിതത്തിന്റെ ആരംഭം മുതൽ മക്കളെക്കുറിച്ചും കുടുംബത്തെ സംബന്ധിച്ചുമുള്ള തീരുമാനങ്ങളും മറ്റും എടുത്തിരുന്നത് അയാൾ ഒറ്റക്കോ അവർ ഒരുമിച്ചോ ആയിരുന്നില്ല, ജോയിസി തനിച്ചായിരുന്നു. അതിൽ അയാൾ ഒരിക്കൽപോലും പരിഭവം പറഞ്ഞിരുന്നില്ല എന്നതും നേരാണ്. അമ്മയുടെ അതേ മനോഭാവം മക്കളും സ്വീകരിച്ചുതുടങ്ങിയതോടെ തന്റെ കുടുംബത്തിൽ താൻ ഏകനാണ് എന്ന തോന്നൽ അയാളിൽ രൂഢമൂലമാകുകയായിരുന്നു. കുടുംബജീവിതത്തിന്റെ ആരംഭംതൊട്ട് കുടുംബജീവിതത്തോട് ബന്ധപ്പെട്ട തീരുമാനങ്ങളിൽനിന്ന് താൻ പിന്നോക്കം പോയത് ഒട്ടും ശരിയായില്ല എന്ന തോന്നൽ അയാളിൽ പ്രബലവുമായി.

താനിരിക്കേണ്ടിടത്ത് താനിരിക്കാഞ്ഞാൽ.... എന്നു തുടങ്ങുന്ന ചൊല്ല് ഞാൻ ഇവിടെ മുഴുവിപ്പിക്കുന്നില്ല. ഭർത്താവെന്ന നിലയിലും കുടുംബനാഥനെന്ന നിലയിലും വിവാഹിതനാകുന്ന ഓരോ പുരുഷനും തന്റെ കുടുംബത്തിൽ ചില അധികാരങ്ങളും അവകാശങ്ങളുമുണ്ട്. കുടുംബജീവിതത്തിന്റെ തുടക്കം മുതലോ ഇടയ്ക്കോ മറ്റേതെങ്കിലും ഘട്ടത്തിലോ അക്കാര്യം ബോധപൂർവമോ അല്ലാതെയോ വിസ്മരിച്ചുകളഞ്ഞാൽ അയാൾക്കുണ്ടാകുന്ന നഷ്ടം കാലം ഏറെ കഴിഞ്ഞാൽ പിന്നെ പരിഹരിക്കാൻ കഴിയില്ല. ജോയിസി ബോധപൂർവം തന്റെ ഭർത്താവിനെ കുടുംബജീവിതത്തിന്റെ മുഖ്യധാരയി ൽനിന്ന് ഒഴിവാക്കുകയായിരുന്നു എന്ന ആരോപണം ശരിയാണെങ്കിൽ അത് ആ കുടുംബനാഥയുടെ ഭാഗത്തുനിന്നുണ്ടായ വലിയ വീഴ്ചതന്നെയാണ്. ഭാര്യാഭർതൃബന്ധം കൂടെനിൽക്കാനും കൂട്ടിച്ചേർക്കാനുമുള്ളതാണ്. ബോധപൂർവമായ ഒഴിവാക്കലും തിരസ്കരിക്കലും അക്കാര്യത്തിൽ ഒട്ടുമേ ചേർന്നതല്ല.

<യ>സിറിയക് കോട്ടയിൽ