നാം മാതൃകയാക്കേണ്ട കുടുംബം
ജിനുവിനും സോളിക്കും രണ്ടു മക്കളാണ്. ഒരാണും ഒരു പെണ്ണും. ജിനു എട്ടു മക്കളിൽ ആറാമനാണ്. അയാൾക്ക് കുടുംബവിഹിതമായി കിട്ടിയ തൊണ്ണൂറ് സെന്റ് സ്‌ഥലം ഫലഭൂവിഷ്ടമാണ്. വിവിധ കൃഷികളാൽ സമ്പന്നവുമാണാ സ്‌ഥലം. അധ്വാനശീലരായ ജിനുവും ഭാര്യയും രാപ്പകൽ അധ്വാനിച്ചാണ് ആ കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. അനുദിന വീട്ടുചെലവുകളും മക്കളുടെ പഠനചെലവുകളും മറ്റാരുടെയും സഹായം കൂടാതെ നടത്താൻ തങ്ങൾക്ക് കഴിയുന്നത് ദൈവാനുഗ്രഹവും തങ്ങളുടെ കൂട്ടായ അധ്വാനവും കൊണ്ടുമാത്രമാണ് എന്ന കാര്യം ഇരുവരും ഒരേ സ്വരത്തിൽ സമ്മതിക്കുന്നു.

കൃഷി കൂടാതെ വീടിനോട് ചേർന്നുള്ള കടമുറിയിൽ ജിനുവും സോളിയുംകൂടി പലചരക്ക് വ്യാപാരം നടത്തുന്നുണ്ട്. മക്കളായ സുനുവും സിസിയും അക്കാര്യത്തിലും കൃഷിക്കാര്യങ്ങളിലും മാതാപിതാക്കളെ തങ്ങളുടെ പഠനം കഴിഞ്ഞുള്ള സമയങ്ങളിൽ സഹായിക്കുന്നതു വഴി മാതാപിതാക്കളുടെ അധ്വാനത്തോടുള്ള അവരുടെ പിന്തുണ പ്രകടമാക്കുന്നതിനും കുടുംബത്തോടുള്ള സ്നേഹം കാട്ടുന്നതിനും ഇടയാവുന്നുണ്ട്. സുനു ഡിഗ്രി പഠനം കഴിഞ്ഞ് പട്ടണത്തിലുള്ള ഒരു വസ്ത്രവ്യാപാര സ്‌ഥാപനത്തിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ ആ ജോലി നിറുത്തി അവൻ കംപ്യൂട്ടർ പഠനം നടത്തുകയാണ്. സുനുവിനെ അപേക്ഷിച്ച് സിസി പഠനത്തിൽ മിടുക്കിയാണ്. പി.ജി വിദ്യാഭ്യാസം ഒന്നാം റാങ്കോടെ പൂർത്തിയാക്കിയ അവൾ നെറ്റിനുവേണ്ടി ഒരുങ്ങിക്കൊണ്ടിരിക്കുകയാണിപ്പോൾ. ജിനുവിന്റെയും സോളിയുടെയും കുടുംബത്തെക്കുറിച്ച് അയൽപക്കക്കാർക്കൊക്കെ നല്ല മതിപ്പാണ്.

കുടുംബമായാൽ ഇങ്ങനെയാവണമെന്നാണ് അവർ ഒന്നടങ്കം പറയുന്നത്. ഈ കുടുംബത്തിലെ അംഗങ്ങൾക്ക് തമ്മിൽ തമ്മിൽ ഐക്യവും സ്നേഹവും പരസ്പരാദരവും ഉള്ളതിനാൽ അയൽപക്കക്കാരോടും ബന്ധുമിത്രാദികളോടും അവർ അങ്ങനെതന്നെയാണ്. ഈ കുടുംബത്തിൽ കണ്ട അനുകരണീയമായ മറ്റൊരു കാര്യം തങ്ങളുടെ അടുക്കളയിലേക്ക് വേണ്ട പച്ചക്കറിയുൾപ്പെടെ പല സാധനങ്ങളും അവർ തങ്ങളുടെ കൃഷിയിടത്തിൽതന്നെ കൃഷി ചെയ്തുണ്ടാക്കുന്നു എന്നതാണ്. ആധുനിക കൃഷിരീതികളുപയോഗിച്ച് പച്ചക്കറി കൃഷി ചെയ്യുന്നതിനാൽ എല്ലാ സീസണിലും സ്വന്തം ആവശ്യങ്ങൾക്കായുള്ള പച്ചക്കറി ഇവർക്ക് സ്വന്തം കൃഷിയിൽനിന്നുതന്നെ ലഭിക്കുന്നുണ്ട് എന്നത് എനിക്കും ബോധ്യപ്പെട്ട വസ്തുതയാണ്. പറമ്പിൽ പണിയുന്നതിനാൽ ആരോഗ്യപ്രശ്നം ഒന്നും തങ്ങൾക്കില്ല എന്ന് പറയുന്ന ജിനുവും സോളിയും അടുത്തൊരു ജന്മം ഉണ്ടെങ്കിൽ തങ്ങൾക്കിങ്ങനെയൊക്കെതന്നെ ആയാൽമതിയെന്നാണ് പറയുന്നത്.

എനിക്ക് നന്നേ പരിചയമുണ്ടായിരുന്ന ഒരു കുടുംബനാഥനെയും അയാളുടെ ഭാര്യയെയും ഏറെ നാളുകൾക്കുശേഷം വീണ്ടും കാണാനിടയായി. കുറേനാൾ അവരിരുവരും പട്ടണത്തിൽ ജോലി ചെയ്യുന്ന മോനും മരുമകൾക്കുമൊപ്പം അവരുടെ വാടകവീട്ടിലായിരുന്നു താമസം. ഇനി അങ്ങോട്ടേക്കില്ല എന്ന് എന്നോട് പറഞ്ഞ അയാൾ ഇപ്പഴാ ശ്വാസം നേരെയായത് എന്നുകൂടി പറയാൻ മറന്നില്ല. നാട്ടിൽ വീടും കൃഷിയിടവുമൊക്കെയായി കഴിഞ്ഞ അയാൾക്കും ഭാര്യക്കും പട്ടണത്തിലെ അഞ്ചുസെന്റ് സ്‌ഥലത്തെ വാടകവീട്ടിലെ താമസം ശ്വാസം മുട്ടുന്ന അനുഭവമാണ് സമ്മാനിച്ചത്. മണ്ണിനോട് ബന്ധമുള്ളവർക്കേ മനുഷ്യരോട് ബന്ധമുണ്ടാകൂ എന്നൊരുപദേശംകൂടി എനിക്ക് തന്നിട്ടാണ് അയാൾ പോയത്.

ജിനുവിന്റെയും സോളിയുടെയും മകൾ സിസിക്ക് വയസ് ഇരുപത്തിമൂന്നായി. പ്രൈവറ്റ് സ്കൂളിൽ പഠിപ്പിക്കുന്ന ഒരു വാധ്യാരുടെ ആലോചന വന്നിട്ടുണ്ടെന്നും ഒത്താൽ കല്യാണം അടുത്ത നവംബറിൽതന്നെ നടത്താനാണ് തന്റെ പ്ലാനെന്നും ജിനു എന്നോടു പറഞ്ഞു. സിസിയെ കെട്ടിക്കാൻ തിരക്കുവയ്ക്കേണ്ടതുണ്ടോ എന്ന എന്റെ ചോദ്യത്തിന് അത് എത്രയും വേഗം നടക്കുന്നതല്ലേ നല്ലത് എന്നാണയാൾ മറുപടി പറഞ്ഞത്. ഒന്നാം റാങ്കോടെ പി.ജി. വിദ്യാഭ്യാസം പൂർത്തിയാക്കിയ അവൾക്ക് നെറ്റ് കിട്ടാൻ ബുദ്ധിമുട്ടുണ്ടാകുകയില്ലെന്നും ഒന്നോ രണ്ടോ വർഷംകൂടി കാത്തിരുന്നാൽ ഏതെങ്കിലും കോളജിൽ തന്നെയോ സർക്കാർ സ്‌ഥാപനത്തിലോ ജോലി ലഭിക്കാൻ സാധ്യതയുണ്ടെന്നും, അന്ന് അതിനൊത്ത ആലോചന അവൾക്ക് വരുമെന്നും, അതാവും ദൈവത്തിന്റെ ആഗ്രഹമെന്നുമുള്ള എന്റെ വാക്കുകളെ ജിനുവും സോളിയും തുറന്ന മനസോടെയാണ് സ്വീകരിച്ചത്. സിസിയുടെയും ആഗ്രഹം അതുതന്നെയായിരുന്നെന്ന് പിന്നീടെനിക്കറിയാൻ കഴിഞ്ഞു.

വിവാഹത്തെ സംബന്ധിച്ച് ഭൗതിക സമ്പത്തിനെക്കാൾ വിവാഹാർഥിയുടെ വിദ്യാഭ്യാസ യോഗ്യതയും ജോലിയും പ്രാധാന്യമർഹിക്കുന്നതാണ്. വിദ്യ സർവധനാൽ പ്രധാനം എന്നത് ചൊല്ലുമാത്രമല്ല, ഇന്ന് പലരുടെയും ജീവിതപ്രമാണവുമാണ്. അത്തരത്തിൽ ചിന്തിക്കുമ്പോൾ മാതാപിതാക്കളുടെയും കുടുംബത്തിന്റെയും സ്വത്തിനൊപ്പമോ അതിനുപരിയോ ആണ് മക്കളായ വിവാഹാർഥികളുടെ വ്യക്‌തിമാഹാത്മ്യത്തിനാധാരമായ അവരുടെ വിദ്യാഭ്യാസ യോഗ്യതയും അതുവഴി അവർ സ്വന്തമാക്കിയ തൊഴിലും.

സിറിയക് കോട്ടയിൽ