ഗിന്നസിലെ കൈകൊട്ടിക്കളി
ഗിന്നസ് പ്രവേശനത്തനായി പരിശ്രമിക്കുന്ന മലയാളിയായ കലാകാരനാണ് അടൂർ സുനിൽകുമാർ. ഏറ്റവും കൂടുതൽ തവണ മഹാബലിയുടെ വേഷം കെട്ടിയ വ്യക്‌തിയെന്ന ബഹുമതിയുമായി ഗിന്നസിൽ കയറാനാണ് അദ്ദേഹത്തിന്റെ ശ്രമം. പന്ത്രണ്ടാം വയസിലാണ് ആദ്യമായി മഹാബലിയുടെ വേഷം കെട്ടിയത്. ഇതിനോടകം ആയിരത്തിലേറെ വേദികളിൽ ഈ വേഷത്തിൽ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.
കേരള സംസ്‌ഥാന സർക്കാർ നടത്തിയ ഓണാഘോഷങ്ങളിലും നെഹ്റുട്രോഫി വള്ളംകളിയോടനുബന്ധിച്ചു നടന്ന ഉത്സവമേളയിലും ആറന്മുള വള്ളംകളിയിലും മഹാബലിയുടെ വേഷം അവതരിപ്പിച്ചു. എല്ലാവർഷവും രാഷ്ര്‌ടപതി ഭവനിലും മഹാബലിയായി പ്രത്യക്ഷപ്പെടും. 2012ലെ അത്തച്ചമയ മത്സരം തൃപ്പൂണിത്തുറയിൽ നടന്നപ്പോൾ 142 മഹാബലിമാരെ പിന്നിലാക്കി ഒന്നാമനായ ചരിത്രവും സുനിൽകുമാറിനുണ്ട്. കഴിഞ്ഞ 25 വർഷമായി മഹാബലിയായി വേഷം കെട്ടുന്നു.

ഓണത്തോടനുബന്ധിച്ച് നടന്ന ഏറ്റവും വലിയ കൈകൊട്ടിക്കളിയുടെ ബഹുമതിയും കേരളത്തിനാണ്. ഇരിങ്ങാലക്കുടയിൽ 2015–ലെ തിരുവോണനാളിൽ നടന്ന കൈകൊട്ടിക്കളിയിൽ പങ്കെടുത്തത് 5211 തരുണീമണികളാണ്. വലിയ ഓണപ്പൂക്കളത്തിനു മുമ്പിലാണ് അവർ നൃത്തച്ചുവട് ചവിട്ടിയത്. കൊറിയോഗ്രാഫർ ജിതാ ബിനോയിയാണ് പരിപാടി സംവിധാനം ചെയ്തത്. 55000 ജനങ്ങൾ കൈകൊട്ടിക്കളി ആസ്വദിക്കാൻ തടിച്ചുകൂടി. പത്തുമാസത്തിലേറെ റിഹേഴ്സൽ നടത്തിയാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കൈകൊട്ടിക്കളി അരങ്ങേറിയത്.

ലോകത്തിലെ ഏറ്റവും വലിയ ഓണപ്പൂക്കളം നിർമിക്കപ്പെട്ടതും കേരളത്തിൽ തന്നെ. 2010 സെപ്റ്റംബർ രണ്ടിന് കോഴിക്കോട്ടെ സ്വപ്നനഗരിയിൽ തയാറാക്കിയ സ്നേഹപ്പൂക്കളം എന്ന ഓണപ്പൂക്കളത്തിന് 17662 ചതുരശ്ര അടി വിസ്തീർണമായിരുന്നു ഉണ്ടായിരുന്നത്. വിവിധ നിറത്തിലുള്ള ഏഴുതരം പൂക്കൾകൊണ്ട് രണ്ടു മണിക്കൂർ എട്ടു മിനിട്ട് എടുത്താണ് ഓണപ്പൂക്കളം നിർമിച്ചത്. ലോക ഗിന്നസ് റിക്കാർഡ് ചരിത്രത്തിൽ സ്നേഹപ്പൂക്കളം കയറിപ്പറ്റുകയും ചെയ്തു.

ജോർജ് മാത്യു പുതുപ്പള്ളി