തീപിടിക്കുന്ന ഗിറ്റാറുകൾ
1967. മോണ്ടെറി പോപ് ഫെസ്റ്റിവൽ വേദി. നാലേനാലു വർഷം മാത്രം നീണ്ട സംഗീതജീവിതംകൊണ്ട് റോക്കിന്റെ കൊടുമുടിയിൽ വിലസിയ അമേരിക്കൻ ഗിറ്റാറിസ്റ്റും ഗായകനുമായ ജിമി ഹെൻഡ്രിഗ്സ് ശ്രോതാക്കൾ ഒരിക്കലും കേട്ടിട്ടില്ലാത്ത അതിശയശബ്ദങ്ങൾ ഗിറ്റാറിൽനിന്ന് പുറപ്പെടുവിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവുമധികം ആഘോഷിക്കപ്പെട്ട ഗിറ്റാറിസ്റ്റ്.., റോക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച ഉപകരണസംഗീതജ്‌ഞൻ... അയാൾ ആ ഷോയ്ക്കു മുമ്പ് ആരുമറിയാതെ ഒരു കാര്യം ചെയ്തിരുന്നു. സ്റ്റേജിൽ അയാളുടെ ഒരാംപ്ലിഫയറിനു പിന്നിൽ എളുപ്പത്തിൽ തീപിടിക്കുന്ന ദ്രവഇന്ധനം ഒരു കാൻ നിറയെ ഒളിപ്പിച്ചുവച്ചു. പരിപാടി കഴിയാറായപ്പോൾ അയാൾ തീർത്തും അപ്രതീക്ഷിതമായി തന്റെ ഗിറ്റാർ നിലത്തിട്ടു. അതിനടുത്ത് മുട്ടുകുത്തിയിരുന്ന് ആ ഇന്ധനം ഗിറ്റാറിലൊഴിച്ച് തീകൊളുത്തുകയും ചെയ്തു. തീപിടിച്ച ഗിറ്റാറെടുത്ത് ആറേഴുതവണ നിലത്തടിച്ചു. ഒടുക്കം ബാക്കിയായതെല്ലാം കാണികൾക്കുനേരേ വലിച്ചെറിഞ്ഞു...

ഈ സംഭവം നടക്കുമ്പോൾ ലാർസ് യോഹാൻ ഇങ്വേ ലാന്നർബാക്ക് എന്ന സ്വീഡിഷ് പയ്യന് കഷ്‌ടിച്ചു നാലുവയസേയുള്ളൂ. പിന്നെയും മൂന്നുവർഷംകൂടി കഴിഞ്ഞ്, ജിമി റോഡ്രിഗ്സിന്റെ മരണശേഷം (അല്ലെങ്കിൽ അതിലഹരി അയാളെ കൊന്നശേഷം) സംപ്രേഷണം ചെയ്ത ഒരു ടിവി പരിപാടിയിലാണ് യോഹാൻ ഇങ്വേ ആ വിചിത്രമായ സംഭവം കാണുന്നത്. ഒരാൾ ഗിറ്റാർ എറിഞ്ഞുതകർത്ത് തീയിടുന്നു! അന്നവൻ മനസിൽ കരുതി– ‘ഇത് സംഗതി കൊള്ളാമല്ലോ’!!

ഓറഞ്ച് ഫെസ്റ്റിവൽ

അരുണാചൽ പ്രദേശിന്റെ തലസ്‌ഥാനമായ ഇറ്റാനഗറിൽനിന്ന് ഏതാണ്ട് 340 കിലോമീറ്റർ വടക്കുകിഴക്കുള്ള ദാംബുക്ക് എന്ന ഗ്രാമത്തിൽ ഒരുത്സവം നടക്കുകയാണിപ്പോൾ. കഴിഞ്ഞ വ്യാഴാഴ്ച തുടങ്ങി ഇന്നുകൂടിയുള്ള ആ ഉത്സവത്തിനുപേര് ഓറഞ്ച് ഫെസ്റ്റിവൽ ഓഫ് അഡ്വഞ്ചർ ആൻഡ് മ്യൂസിക് എന്നാണ്. ഓറഞ്ചു വിളവെടുപ്പുമായി കൂട്ടിയിണക്കി വർഷംതോറും നടത്തുന്ന ഉത്സവം ഇതു മൂന്നാമത്തേതാണ്. ഇത്തവണ ഒരു പ്രത്യേകതയുണ്ട്– സ്വീഡനിലെ ഇതിഹാസ തുല്യനായ ഗിറ്റാറിസ്റ്റ് ഇങ്വേ മാംസ്റ്റീൻ ഇതാദ്യമായി ഇന്ത്യയിൽ സംഗീതപരിപാടിയുമായി എത്തുന്നു. അതെ, ജിമി റോഡ്രിഗ്സിന്റെ തീവിഴുങ്ങിയ ഗിറ്റാറിന്റെ ചൂട് മനസിൽ ആവാഹിച്ച അതേ ലാർസ് യോഹാൻ ഇങ്വേ. അന്നത്തെ ഏഴുവയസുകാരൻ ഇന്ന് അമ്പത്തിമൂന്നിന്റെ യുവത്വവുമായാണ് ലോകംചുറ്റുന്നത്. റോളിംഗ് സ്റ്റോൺസ് മാഗസിൻ റിപ്പോർട്ട് ചെയ്തതനുസരിച്ചാണെങ്കിൽ ഈ കുറിപ്പ് അച്ചടിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ മെറ്റൽ ഗിറ്റാർവീചികൾ ദാംബുക്കിലെ തണുപ്പിനെയും രാത്രിയുടെ ഇരുട്ടിനെയും കശക്കിയെറിഞ്ഞിരിക്കും.

കുട്ടിക്കാലം

ഇങ് വേയുടെ കാര്യത്തിൽ അങ്ങനെ വെറുതെ കുട്ടിക്കാലം എന്നു പറഞ്ഞാൽ മതിയാകില്ല. സ്വീഡനിലെ സ്റ്റോക്ഹോമിൽ സംഗീതപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച ഇങ്വേ പത്താം വയസിൽ സ്വന്തം ബാൻഡ് ഉണ്ടാക്കിയയാളാണ്. ഡ്രംസ് വായിക്കാൻ അറിയാമായിരുന്ന സഹപാഠിയുമായി ചേർന്നുണ്ടാക്കിയ ബാൻഡിന് ട്രാക്ക് ഓൺ എർത്ത് എന്നായിരുന്നു പേര്. സ്വന്തം പേരിനോടുകൂടി അമ്മയുടെ പേരിൽനിന്നുള്ള മാംസ്റ്റെൻ എടുത്ത് ചെറിയ മാറ്റംവരുത്തി മാംസ്റ്റീൻ എന്നു ചേർക്കുകയും ചെയ്തു. ക്ലാസിക്കൽ മ്യൂസിക്കായിരുന്ന ചെറുപ്പത്തിലേയുള്ള ഹരം. പത്തൊമ്പതാം നൂറ്റാണ്ടിലെ വയലിനിസ്റ്റ് നിക്കോളോ പഗാനിനി, ഗിറ്റാർ ഇതിഹാസം റിച്ചീ ബ്ലാക്ക്മോർ തുടങ്ങിയവരായിരുന്നു പ്രചോദനം. ജിമി ഹെൻഡ്രിഗ്സ് ഗിറ്റാർ തീയിടുന്നതുകണ്ട് അന്തംവിട്ടെങ്കിലും അദ്ദേഹത്തിന്റെ സംഗീതം തന്നെ സ്വാധീനിച്ചിട്ടില്ലെന്ന് ഇങ്വേ പറയുന്നു.

ഗിറ്റാർ വായനയും സ്കൂളിലെ പഠിത്തവും ഒരുമിച്ചുകൊണ്ടുപോകാൻ പ്രയാസമായിരുന്നോ എന്ന ചോദ്യത്തിന് ഇങ് വേയുടെ ഉത്തരം ഇങ്ങനെയാണ്:
‘ഏയ്, ഞാൻ കൂടുതൽ സമയവും ഗിറ്റാർ വായിക്കാറാണു പതിവ്. നോക്കൂ, നീയെന്താണവിടെ ചെയ്യുന്നത് എന്നുംചോദിച്ച് അമ്മ എന്റെ പിന്നാലെ നടന്നു ശല്യപ്പെടുത്താറുമില്ല’.

അമേരിക്കയിൽ

പതിനെട്ടാം വയസിൽ ഇങ്വേയ്ക്ക് അമേരിക്കയിലേക്കുള്ള വഴിതുറന്നു. തുടക്കത്തിൽ സ്റ്റീലർ എന്ന ബാൻഡിനൊപ്പം പ്രവർത്തിക്കാൻ അവസരംകിട്ടി. തുടർന്ന് അൽക്കാട്രാസിനൊപ്പം ചേർന്ന ഇങ്വേ 1984ൽ റൈസിംഗ് ഫോഴ്സ് എന്ന പേരിൽ ആദ്യ സോളോ ആൽബം പുറത്തിറക്കി. ബെസ്റ്റ് റോക്ക് ഇൻസ്ട്രമെന്റൽ വിഭാഗത്തിൽ ഗ്രാമി നോമിനേഷനും കിട്ടി.

റൈസിംഗ് ഫോഴ്സ് എന്ന പേരിൽത്തന്നെയാണ് ഇങ്വേയുടെ ബാൻഡ് പിന്നീട് അറിയപ്പെട്ടത്. തുടർന്നങ്ങോട്ട് ഒട്ടേറെ ആൽബങ്ങൾ പിറന്നു. വേൾഡ് ടൂറുകൾ ചരിത്രസംഭവങ്ങളായി. എന്നാൽ ബാൻഡിൽ ഗായകർ മാറിമാറി വന്നു. ടൂറിനിടയ്ക്കുപോലും ഗായകർ വിട്ടുപോയി. എന്തുകൊണ്ട് അങ്ങനെ എന്നു ചോദിച്ചാൽ ഇങ്വേ പറയും:
‘എന്റെ ബാൻഡിൽ ഞാനാണ് താരം. ഗായകരല്ല. ഞാനുണ്ടാക്കുന്ന സംഗീതമാണ് പ്ലേ ചെയ്യേണ്ടത്, അവരുണ്ടാക്കുന്നതല്ല’.
ബാൻഡിൽനിന്ന് ഇറങ്ങിപ്പോകുന്ന ഗായകർ ആരും പിന്നീട് പ്രശസ്തരായിട്ടില്ലല്ലോ എന്ന ചോദ്യത്തിനും വളരെ വ്യക്‌തമായ ഉത്തരമുണ്ട്: ‘അതിൽനിന്നുതന്നെ എന്റെ നിലപാട് വ്യക്‌തമായില്ലേ’!

അപകടം, ദുരന്തം

1987ൽ ഇങ്വേ ഒരു കാറപകടത്തിൽപ്പെട്ടു. അദ്ദേഹം സഞ്ചരിച്ചിരുന്ന ജാഗ്വർ ഒരു മരത്തിൽ ഇടിച്ചുകയറി. ഒരാഴ്ചയോളം കോമ അവസ്‌ഥയിൽ ആശുപത്രിയിൽ കിടന്നു. വലതുകൈയിന്റെ ഞരമ്പുകൾക്ക് തകരാറും പറ്റി. അതിൽനിന്ന് ഉയിർത്തെഴുന്നേറ്റെങ്കിലും മറ്റൊരു ദുരന്തം അമ്മയുടെ മരണത്തിന്റെ രൂപത്തിൽ അദ്ദേഹത്തെ കാത്തിരിപ്പുണ്ടായിരുന്നു. ഇങ്വേയിലെ സംഗീതജ്‌ഞനെ ഏറ്റവുമധികം പിന്തുണച്ച അമ്മയുടെ അന്ത്യം കാൻസറിനെത്തുടർന്നായിരുന്നു. പിറ്റേക്കൊല്ലം ഒഡീസി എന്ന ആൽബവുമായി ഇങ്വേ തിരിച്ചുവന്നു. തകർപ്പൻ ഹിറ്റുമായി. അതിലെ ആദ്യ സിംഗിളിന്റെ തുടക്കം ഇങ്ങനെയായിരുന്നു– ഹെവൻ ടുനൈറ്റ്!

എൺപതുകളുടെ മധ്യത്തോടെ ഇങ്വേയുടെ നിയോ–ക്ലാസിക്കൽ മെറ്റൽ സ്റ്റൈൽ സംഗീതാസ്വാദർക്കുമാത്രമല്ല അക്കാലത്തെ ഗിറ്റാറിസ്റ്റുകൾക്കും ഹരമായിരുന്നു. 88ൽ അദ്ദേഹത്തിന്റെ സിഗ്നേച്ചർ ഫെൻഡർ സ്ട്രാറ്റോകാസ്റ്റർ ഗിറ്റാർ പുറത്തിറങ്ങി. പ്രശസ്തരായ ഫെൻഡർ ആദരിക്കുന്ന ആദ്യ കലാകാരന്മാരായി ഇങ് വേയും എറിക് ക്ലാപ്ടണും.
ഫെൻഡർ തന്നെയാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും പ്രിയ ഗിറ്റാർ. ഏറ്റവും പ്രശസ്തമായ സ്ട്രാറ്റോകാസ്റ്ററിന് താറാവ് എന്നൊരു വിളിപ്പേരുണ്ടായിരുന്നു. മഞ്ഞനിറവും അതിലൊട്ടിച്ച ഡൊണാൾഡ് ഡക്ക് സ്റ്റിക്കറുകളുമായിരുന്നു ആ പേരിനു പിന്നിൽ. പ്ലേ ലൗഡ് എന്നൊരു പേരും ആ ഗിറ്റാറിനു വന്നുചേർന്നു. ഫെൻഡർ കമ്പനി അതിന്റെ 100 തനിപ്പകർപ്പുകളുണ്ടാക്കി പ്ലേ ലൗഡ് ഗിറ്റാർ എന്ന പേരിൽ വിപണിയിലിറക്കുകയും ചെയ്തു.

ആരും സഞ്ചരിക്കാത്ത വഴികൾ

ഹെവി മെറ്റലിൽ എല്ലാവരെയും ഒരുപോലെ ആകർഷിക്കുന്ന കരവിരുതുണ്ടെങ്കിലും ഇങ്വേയുടെ പെരുമാറ്റം അത്ര ലൈറ്റല്ല, ഹെവിതന്നെയാണ്. അതിൽ അദ്ദേഹത്തിനു പശ്ചാത്താപവുമില്ല. ആ നിലപാട് ഇങ്ങനെയാണ്: ‘ഏതൊരാളും ചെയ്തതിനേക്കാൾ തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ടാകാം. ഞാനൊരു സങ്കീർണവ്യക്‌തിത്വമുള്ളയാളായതിനാൽ ആളുകൾ എന്നെ മനസിലാക്കുമെന്നു പ്രതീക്ഷിക്കാറില്ല. എല്ലാവർക്കും അവരവരുടെ അഭിപ്രായങ്ങളുണ്ടാകും. എന്നാൽ അതെന്നെ ബാധിക്കില്ല. ആളുകൾ എന്നെക്കുറിച്ചു പറയുന്നതിൽ എനിക്കൊരു നിയന്ത്രണവുമില്ല. എന്നെക്കൊണ്ടു ചെയ്യാൻ കഴിയാവുന്നതിന്റെ പരമാവധി നല്ലതുചെയ്താൽ ഒരുപക്ഷേ ഒരു പത്തുകൊല്ലം കഴിഞ്ഞ് ആളുകൾ കൂട്ടംകൂടിനിന്നു പറയുമായിരിക്കും– അയാൾ അത്ര മോശക്കാരനല്ല എന്ന്’!
ഇങ്വേ ഇതു പറഞ്ഞിട്ട് ഇപ്പോൾ പത്തുകൊല്ലം പൂർത്തിയായിട്ടുണ്ട്. ലോകം പറയുന്നു: സംഗീതമാണയാൾ. ബാക്കി ദാംബുക്കിലെ കേൾവിക്കാർ പറയട്ടെ.

ഹരിപ്രസാദ്