പൂജ്യമായ ക്രിസ്മസ് സമ്മാനങ്ങൾ
ക്രിസ്മസിന് കോട്ടയം ആർപ്പൂക്കര നവജീവന്റെ ജീവചൈതന്യമായ പി.യു. തോമസിനു വേണ്ടത് അയ്യായിരം കേക്കുകളാണ്. കാശില്ലാത്ത ഈ കാലത്ത് എങ്ങനെ വാങ്ങും അയ്യായിരം കേക്കുകൾ. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും ചോറുചെമ്പും കറിച്ചെരുവവുമായി മുടങ്ങാതെ രണ്ടുനേരം ഓടിയെത്തുന്ന അതിരമ്പുഴ പാക്കത്തുകുന്നേൽ തോമസുചേട്ടൻ എന്ന പി.യു. തോമസ്.

ഞരമ്പുകളിൽ സൂചിയും ചോരവാർന്ന തുന്നലുകളുമായി കഴിയുന്ന മരണാസന്നർക്കും കരളലിയിക്കുന്ന കണ്ണീർച്ചാലുകളുമായി അർബുദത്തിന്റെ വേദനയിൽ വിങ്ങുന്ന കുഞ്ഞുങ്ങൾക്കുമൊക്കെ ഈ ക്രിസ്മസിന് എങ്ങനെ കൊടുക്കും ക്രിസ്മസ് കേക്ക്. കാലങ്ങളായി ഓരോ കിടക്കയ്ക്കും അര കിലോ വീതം സമ്മാനിച്ചിരുന്ന ക്രിസ്മസ് കേക്ക് വിലകൊടുത്തു വാങ്ങാൻ വകയില്ലാതെ പ്രാർഥനയുടെ ജപമാല ചൊല്ലി തോമസുചേട്ടൻ കഴിഞ്ഞ ദിവസങ്ങളിലൊക്കെ നൊമ്പരങ്ങളുടെ വാർഡുകൾ കയറിയിറങ്ങുകയായിരുന്നു.

മെഡിക്കൽകോളജ് എന്ന അതിവിശാലമായ ആതുരാലയത്തിലൂടെ നടക്കുമ്പോൾ കഴിഞ്ഞ ദിവസം ഒരു ഫോൺ കോൾ. ക്രിസ്മസിന് സാൻജോസ് സ്കൂളിന്റെയും കുട്ടികളുടെയും വക ആയിരം ക്രിസ്മസ് കേക്കുകളുമായി ഞങ്ങൾ വരും. പാലാ ചൂണ്ടച്ചേരി സാൻജോസ് പബ്ലിക് സ്കൂളിലെ പ്രിൻസിപ്പൽ ബെന്നി ജോർജിന്റെ ഫോൺ അവസാനിച്ചപ്പോൾ തോമസുചേട്ടൻ കൈച്ചുരുട്ടിൽ അമർത്തിയ ജപമാലമണികൾ വിരൽ തുമ്പിൽ തിരുമ്മിഹൃദയത്തിൽ മന്ത്രിച്ചു ദൈവമേ ഇങ്ങനെ എത്രയെത്ര ക്രിസ്മസ് അത്ഭുതങ്ങൾ നീ കാണിച്ചുതന്നുകൊണ്ടിരിക്കുന്നു. തിരുപ്പിറവി നാളിൽ രോഗക്കിടക്കയിൽ കഴിയേണ്ടിവന്നിരിക്കുന്ന ഈ മക്കൾക്കെല്ലാം നൽകാനുള്ള നാലായിരം കേക്കുകൂടി തരാൻ കൃപയുണ്ടാകണമേ. ക്രിസ്മസ് പോക്കറ്റിൽനിന്നും ഒരു വിഹിതം നവജീവനിലേക്ക് നൽകാൻ പല സ്കൂളുകളിലേയും കുട്ടികൾ മുന്നോട്ടുവന്നു. ഈ കേക്കുകൾ കൈകളിലമർത്തി ഒരായിരം കുഞ്ഞുങ്ങൾ പുഞ്ചിരിച്ചപ്പോൾ നെഞ്ചു പിടഞ്ഞുകഴിയുന്ന അമ്മമാരുടെ മനസിൽ പ്രത്യാശയുടെ നെടുവീർപ്പുകൾ ഉയർന്നു. ക്രിസ്മസ് അപ്പൂപ്പന്റെ മിഠായിപ്പാത്രം അവർക്കായി തുറക്കപ്പെട്ടപ്പോൾ മരുന്നു കയ്പിൽകുതിർന്ന കുഞ്ഞുനാവുകളിൽ മധുരം പൊടിഞ്ഞു. അർബുദത്തിന്റെ തേളിറുക്കത്തിൽ പിടയുന്ന ഈ കുഞ്ഞുങ്ങളുടെയും ഉറക്കമില്ലാത്ത ജീവിതം നയിക്കുന്ന അച്ഛനമ്മമാരുടെയും കണ്ണുകളിൽ പ്രതീക്ഷകളുടെ നക്ഷത്രവെളിച്ചം മിന്നിത്തെളിഞ്ഞു.

ക്രിസ്മസ് കേക്കുകൾക്കു മാത്രമല്ല, ദിവസം ആറായിരം പേർക്ക് മൂന്ന് ആശുപത്രികളിലായി ആവോളം ചോറും കറിയും വെച്ചുവിളമ്പിക്കൊടുക്കുന്ന പി.യു തോമസിന് അന്നദാനം മുടങ്ങുമോ എന്ന ആശങ്ക ചെറുതല്ല. അത്രയേറെ ഞെരുക്കമാണ് പണദാരിദ്ര്യമുണ്ടാക്കിയിരിക്കുന്നത്. ചെറുതല്ല ഈ അന്നദാനത്തിനുള്ള ചെലവ്. ദിവസം ഒന്നേ കാൽ ലക്ഷം രൂപ. ആയിരങ്ങളുടെ അഭയവും അന്നവും ആശ്രയവുമായ നവജീവൻ ചലിക്കണമെങ്കിൽ മാസം വേണ്ടത് 40 ലക്ഷം രൂപ. പത്തു രൂപ മുതൽ പത്തു കിലോ അരി വരെ സംഭാവനയായി എത്തിച്ചിരുന്ന നൂറു കണക്കിനു പേർ ഈ ദിവസങ്ങളിൽ നിവൃത്തിയില്ലാതെ പിൻവലിഞ്ഞു. മനസില്ലാഞ്ഞിട്ടല്ല, വരുമാനമില്ലാത്തതുകൊണ്ടുമാത്രം.

രോഗമില്ലാത്തവർപോലും ജോലിയും വരുമാനവുമില്ലാതെ വലയുന്ന ഇക്കാലത്ത് ആശുപത്രിയിൽ ഗുരുതരാവസ്‌ഥയിൽ കഴിയേണ്ടിവരുന്ന രോഗികളുടെയും ബന്ധുക്കളുടെയും പണദാരിദ്ര്യം എത്ര ദയനീയമായിരിക്കും. നവജീവന്റെ ചോറുവണ്ടി ആശുപത്രി വളപ്പിൽ വരുമ്പോൾ ഒരു തവി ചോറുകൂടി അധികം തരാമോ എന്നു യാചിക്കുന്ന രോഗികളും കൂട്ടിരിപ്പുകാരും മെഡിക്കൽ കോളജിലും കുട്ടികളുടെ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ഈ ദിവസങ്ങളിൽ പലരുണ്ട്. അത്താഴത്തിനൊപ്പം കിട്ടുന്ന അധികം ചോദിച്ചുവാങ്ങുന്ന ഒരു തവി ചോറ് കട്ടിൽകീഴിലോ തലയണച്ചുവട്ടിലോ വെള്ളമൊഴിച്ചു കരുതിവച്ച് പിറ്റേന്നു രാവിലെ പഴയൻചോറായി കഴിച്ച് വിശപ്പകറ്റുന്നവർ നൂറോ ഇരുന്നൂറോ പേരല്ല. പല നാടുകളിൽ നിന്നെത്തിയ രോഗികളും കൂട്ടിരിപ്പുകാരുമൊക്കെ വിശപ്പടക്കാൻ വകയില്ലാതെ ന്നനായി വലയുന്നുണ്ട്.

ചതച്ച ഒരുള്ളിയും അൽപം അച്ചാറിന്റെ പുളിപ്പും ചേർത്ത് കൈക്കുമ്പിളിൽ പഴങ്കഞ്ഞി കോരിക്കുടിക്കുന്ന രോഗികൾക്കു മുന്നിൽ കഴിഞ്ഞ ദിവസങ്ങളിൽ തോമസുചേട്ടനു പറയേണ്ടി വന്നു, ഇനി അത്താഴത്തിന് അധികം ചോറു തരാൻ പറ്റുമോ എന്നറിയില്ലെന്ന്. ചോറു വിതരണം തന്നെ മുടങ്ങുമോ എന്നുപോലും ആശങ്ക. നീറുന്ന മനസോടെയാണ് ആർപ്പൂക്കര നവജീവൻ ഭവനത്തിൽ തോമസുചേട്ടനും സഹായികളും മനോരോഗികളായ 120 അന്തേവാസികളും പുൽക്കൂട് ഒരുക്കിയത്. കച്ചിപ്പുതപ്പിൽ ഉണ്ണിയേശുവിനെ കിടത്തി പിന്നിൽ പരിശുദ്ധ കന്യകയെയും വിശുദ്ധ ഔസേപ്പിനെയും സമർപ്പിച്ചശേഷം സമ്മാനങ്ങളുടെ പൂജരാജാക്കളെ പുൽക്കൂട്ടിലേക്കു വച്ചു. തോമസുചേട്ടന്റെ മൊബൈലിൽ നിറുത്താതെ വന്ന വിളിക്കു പിന്നിൽ പൂജരാജാവിന്റെ മനോഗതം പോലെ ഏറ്റുമാനൂരിൽനിന്നും ഒരു അരിക്കച്ചവടക്കാരന്റെ വിളിയാണ് വന്നത്. ചേട്ടാ, കടം തരാം ഒരു ലോഡ് അരി. തളരരുത്, പിൻമാറരുത്. രോഗികൾക്കുള്ള അന്നദാനം ഒരു നേരം പോലും മുടങ്ങിക്കൂടാ. ഇതേ ദിവസം കോട്ടയത്തെ ലോട്ടറിക്കാരനും ആർപ്പൂക്കരയിലെ മീൻകാരനും ചില്ലിക്കാശുകളുടെ ദശാംശവുമായി അനാഥരുടെ ഭവനത്തിലൊരുക്കിയ പുൽക്കൂടിനു മുന്നിലേക്കു കടന്നുവന്നു. പണദാരിദ്ര്യവും കടബാധ്യതയും എത്രവന്നാലും അന്നദാനക്കൂട്ടായ്മയിൽ ഒരുമിച്ച് മുന്നോട്ടുപോകാമെന്നു ധൈര്യം നൽകിയാണ് അവർ മടങ്ങുന്നത്. ചോറു മുടങ്ങുമെന്നു കേട്ട വീട്ടമ്മ ആഴ്ചച്ചിട്ടിയിൽ കിട്ടിയ തുകയുമായി എത്തി പറഞ്ഞു. സഹോദരാ, കടം ദൈവം വീട്ടും, അന്നദാനം മുടക്കരുത്.

മരുന്നിനു വകയില്ലാതെ, പാലിനു വകയില്ലാതെ, മടക്കയാത്രയ്ക്കു മാർഗമില്ലാതെ വലയുന്നവർക്ക് സഹായത്തിന്റെ ചില്ലറക്കാശുകളുമായി ആശുപത്രി നിലകൾ കയറിയിറങ്ങിയ മണിക്കൂറുകളിൽ പത്ത്, ഇരുപത്, അൻപത് രൂപകളുമായി പലരും മുന്നോട്ടു വന്ന അനുഭവങ്ങൾ പലതാണ് തോമസു ചേട്ടനു പറയാനുള്ളത്. ചായ വേണ്ടെന്നു വച്ച കൂട്ടിരിപ്പുകാർ ആ പണം മറ്റൊരു രോഗിക്കുള്ള ഒരു നേരത്തെ ഭക്ഷണമാകട്ടെ എന്നാഗ്രഹിച്ച് നൽകുന്ന ഈ ദിവസങ്ങളിലെ ദാനവും വലിയൊരു ക്രിസ്മസ് സന്ദേശമാണ്.

കോട്ടയം ആർപ്പൂക്കര നവജീവൻ അടുക്കളയിലേക്ക് വരൂ. വിവിധ ആശുപത്രികളിലേക്ക് എണ്ണായിരം പേർക്കുള്ള ഭക്ഷണം ആരാണ് പാചകം ചെയ്യുന്നത്. നയാ പൈസ പ്രതിഫലം പറ്റാതെ രാവും പകലും ഇവിടെ അടുക്കളയിൽ അൻപതോളം പേർ ചെയ്യുന്ന കഠിനാധ്വാനമാണ് അനേകായിരങ്ങൾക്ക് ചോറും കറിയും ചൂടുവെള്ളവുമായി പാത്രങ്ങളിലെത്തുന്നത്. ആർപ്പൂക്കരയിലും അടുത്ത കരയിലുമൊക്കെ നിന്നെത്തുന്ന ഒരു നിര സഹോദരങ്ങൾ അരി കഴുകിയും കറിക്ക് അരിഞ്ഞും പാചകം ചെയ്ത് പാത്രങ്ങളിൽ വിളമ്പിയും നിശബ്ദമായി ചെയ്യുന്ന സേവനം ലക്ഷം ലക്ഷം പേരുടെ വിശപ്പടക്കിക്കൊണ്ടിരിക്കുന്നു, കഴിഞ്ഞ അൻപതു വർഷങ്ങളായി. ഒരു ചോറും പൊതിയിൽ തുടങ്ങി ദിവസം ആറായിരം പേരിലേക്ക് ഉയർന്ന തോമസുചേട്ടന്റെ അന്നദാന ശുശ്രൂഷയ്ക്കു പിന്നിൽ ആയിരങ്ങളുടെ നല്ല മനസും അധ്വാനവും സഹായങ്ങളുമുണ്ട്.

തകരഷെഡ്ഡിലെ ക്രിസ്മസ് സ്മരണ

ദേവകിയമ്മയും ഓമനയും മണിയമ്മയും ലൈസാമ്മയും ജാൻസിയുമൊക്കെ രോഗവും പ്രായവും മറന്ന് ഇവിടെ പച്ചക്കറി അരിഞ്ഞുകൊടുക്കാൻ വരുന്നു. ക്രിസ്മസിനൊപ്പം പുതുവത്സരത്തിലേക്ക് ആണ്ടൂതാൾ മറിയാനിരിക്കുന്ന ദിവസങ്ങളിൽ ഇവർക്കും ഒരു പ്രാർഥനേയുള്ളു. ദൈവമേ, പാവപ്പെട്ട രോഗികളുടെ അന്നം മുടങ്ങാൻ ഇടയാകരുതേ. കാലിത്തൊഴുത്തും കീറക്കമ്പിളിയും ആട്ടിടയനും ആടുമൊക്കെ ഇവർ തീർക്കുന്ന പുൽക്കൂട്ടിലെ അടയാളങ്ങളാണ്.

21 വർഷം മുൻപ് ഒരു ക്രിസ്മസ് വാരം. തണുത്ത മഞ്ഞു രാത്രിയിൽ കിടക്കാൻ തെല്ലും ഇടമില്ലാതെ ഇടിഞ്ഞുവീഴാറായ തകരഷെഡ്ഡിൽ കഴിഞ്ഞ അന്തേവാസികളായ മനോരോഗികൾ ചാപ്പലിൽ ഉറങ്ങാതിരുന്ന് ഉണ്ണീശോയെ വിളിച്ചു. ഒരു പുതപ്പും ഒരു പായയും കൊതിച്ചുള്ള അനാഥരായ മനോരോഗികളുടെ നിലവിളി എങ്ങനെ ഉണ്ണിയേശു കേൾക്കാതിരിക്കും. ക്രിസ്മസിനു തലേന്നുള്ള ആ പ്രഭാതത്തിൽ ഒരു സ്ത്രീ നവജീവനിലേക്ക് വഴിചോദിച്ചു നടന്നുവന്നു. ആമുഖമില്ലാതെ അവർ തോമസുചേട്ടനോടു പറഞ്ഞു ഈ പൊതിഞ്ഞ തൂവാലയ്ക്കുള്ളിൽ 16 സ്വർണവളകളുണ്ട്. രക്‌താർബുദം ബാധിച്ച എന്റെ ഏക മകന് ദൈവം അത്ഭുതകരമായി സൗഖ്യം നൽകിയതിന് പകരമായി ദൈവത്തിന് ഞാൻ എന്തു കൊടുക്കണം. കഴിഞ്ഞ രാത്രി മുഴുവൻ ഉറങ്ങാതെ പ്രാർഥിച്ചപ്പോൾ എന്നോടു മനസു പറഞ്ഞു ഇത് ഉണ്ണീശോയ്ക്കുള്ള സമ്മാനമാകട്ടെ എന്ന്. ഇവിടത്തെ രോഗികൾക്ക് ഒരു സുരക്ഷിതമായ കിടപ്പാടം ഉണ്ടാവാൻ എനിക്കു കിട്ടിയ കല്യാണ വളകൾ ഞാൻ സമ്മാനമായി തരികയാണ്. കുറുപ്പന്തറയിൽനിന്നു വന്ന ആ അമ്മ കഴിഞ്ഞ വർഷം മരിക്കും വരെ പല ക്രിസ്മസുകളിലും വിലപിടിച്ച സമ്മാനങ്ങളുമായി കടന്നുവന്നത് നവജീവനിലെ മക്കൾ മറന്നിട്ടില്ല.

ഇതേപോലെ മറ്റൊരു ക്രിസ്മസ് വാരത്തിൽ അത്താഴത്തിനു കറിയും അടുക്കളയിൽ പച്ചക്കറിയുമില്ലാതെ ചോറു മുന്നിൽവച്ച് വെറുതെയിരുന്ന മനോരോഗികളുടെ പ്രാർഥനകളെയും ദൈവം കൈവിട്ടില്ല. പിന്നേറ്റു രാവിലെ മറ്റക്കരയിൽനിന്ന് ഒരു കർഷകൻ ഒരു പെട്ടിഓട്ടോ നിറയെ കറിക്കു പാകമായ ഏത്തക്കുലകളുമായി ഇവിടേക്കു കടന്നുവന്നു. തലേന്നുണ്ടായ മഴയിലും കാറ്റിലും പാടത്തു ഒടിഞ്ഞു വീണുപോയ വാഴക്കുലകൾ ഇവർക്കു കറിക്കു പ്രയോജനപ്പെടട്ടെ എന്നു കരുതി കൊണ്ടുവന്നതാണ്. പെട്ടി ഓട്ടോ മടങ്ങിപ്പോയ അതേ വഴിയിലൂടെ തൊട്ടുപിന്നാലെ രണ്ടു മൂന്നു വീട്ടമ്മമാർ ഒരു ജീപ്പിൽ വന്നിറങ്ങി. കൈപ്പുഴയിലെ തങ്ങളുടെ പാടത്തു നട്ട കപ്പ തലേന്നു വൈകിട്ടുണ്ടായ കാറ്റിൽ അപ്പാടെ പിടന്നുവീണു. ക്രിസ്മസിന് ഈ പാവങ്ങൾക്കുള്ള സമ്മാനമാവട്ടെ എന്നു കരുതി കൊണ്ടുവന്നതാണ്. ദൈവം ഇവർക്കായി നട്ടതാവും ഈ കപ്പയെന്നു ഞങ്ങൾ കരുതുന്നു–അവർ പറഞ്ഞുമടങ്ങി.

ഇരുപതിനായിരം രൂപയുടെ കഥ

മറ്റൊരു ക്രിസ്മസ് വാരത്തിൽ പൊൻകുന്നം കൂരാലിയിൽ നിന്ന് ഒരു അമ്മച്ചി ഇരുപതിനായിരം രൂപയുമായി കടന്നുവന്നു. എല്ലാ കിടക്കകളിലും കഴിയുന്നവർക്ക് നൂറും ഇരുന്നൂറും രൂപ അമ്മയ്ക്ക് സമ്മാനമായി നൽകണമത്രേ. തോമസുചേട്ടൻ അമ്മച്ചിയുമൊത്ത് വേദനയുടെ കിടക്കകളിലൂടെ ക്രിസ്മസ് സമ്മാനവുമായി നടന്നു. മടങ്ങുമ്പോൾ അമ്മച്ചി നല്ലസമറായൻ തോമസിനോടു ചോദിച്ചു എല്ലാ മാസവും രൂപയുമായി ഞാൻ രോഗികളെ കാണാൻ വരട്ടെ. നല്ല കാര്യം എന്നു മറുപടി കൊടുത്ത തോമസുചേട്ടനൊപ്പം പതിറ്റാണ്ടിലേറെയായി ഈ അമ്മ എല്ലാ മാസവും ഇരുപതിനായിരം രൂപയുമായി മെഡിക്കൽ കോളജിൽ സഹായകയായി എത്തിക്കൊണ്ടിരിക്കുന്നു.

മെഡിക്കൽ കോളജിൽനിന്നു മടങ്ങിയ ശേഷവും മരുന്നിനും അരിക്കും വകയില്ലാതെ വീടുകളിൽ കഴിയുന്ന എത്രയോ പേരുണ്ട്. ഇത്തരത്തിലുള്ള 110 രോഗികൾക്ക് മാസം മൂവായിരം രൂപയും അരിയും നവജീവൻ നൽകുന്നുണ്ട്. വൃക്ക രോഗികൾ ആശുപത്രി വിടുമ്പോൾ ആംബുലൻസും അയ്യായിരം രൂപയും ഒരു ചാക്ക് അരിയും തോമസ് ചേട്ടൻ നൽകിവരുന്നു. വരും മാസങ്ങളിൽ ഈ ശുശ്രൂഷ എങ്ങനെ മുന്നോട്ടുകൊണ്ടുപോകും.
കേക്കുകളുമായി വന്ന കുട്ടികളെയും ദശാംശവുമായി വന്ന വഴിക്കച്ചവടക്കാരനെയും വിശപ്പിന്റെ വിലയറിയാവുന്ന അരിക്കച്ചവടക്കാരനെയും പോലെ ഏറെപ്പേരുടെ കടന്നുവരവാണ് ഓരോ ക്രിസ്മസും നമ്മുക്കു നൽകുന്ന സന്ദേശം. ഒപ്പം നവവത്സരത്തിലേക്കുള്ള പ്രത്യാശയും.

റെജി ജോസഫ്

പുൽക്കൂട്– പാവങ്ങളോടു പക്ഷം ചേരുന്നവന്റെ വീട്

ആഗതമായ ക്രിസ്മസ് ഏറെ ആത്മീയ ഉണർവ് നമുക്കു സമ്മാനിക്കുന്നു. സ്വയം വിസ്മരിച്ച് അനേകർക്കു രക്ഷയുടെ ജീവിതവഴി തുറന്ന ഉണ്ണിയേശുവിനെ ഒരിക്കൽക്കൂടി നമ്മുടെ ഹൃദയമാകുന്ന പുൽക്കൂട്ടിൽ സ്വീകരിക്കാം. ഇതിനായി നാമും ചിലതൊക്കെ ത്യജിക്കാനുണ്ട്. ചില സത്യങ്ങളെ തിരിച്ചറിയാനുണ്ട്. ലോകത്തിന്റെ കമ്പോളവത്കരണ കുത്തൊഴുക്കിൽപ്പെട്ട് എല്ലാം വെട്ടിപ്പിടിക്കാൻ മനുഷ്യൻ പടവെട്ടുമ്പോൾ മറന്നുപോകുന്ന ചില യാഥാർഥ്യങ്ങളെ ഉൾക്കാഴ്ചയാക്കുന്നതു നല്ലതായിരിക്കും. അടിച്ചമർത്തപ്പെടാനും ചൂഷണത്തിനിരയാകാനും ചതിക്കപ്പെടാനും പീഡനങ്ങൾ മാത്രം ഏറ്റെടുക്കാനും മാറ്റിനിർത്തപ്പെടുന്ന ഒരു വിഭാഗമോ സമൂഹമോ ഉണ്ടോ? ഇല്ല എന്നാണ് എന്റെ വിശ്വാസം. കരയുന്നവന്റെ, നൊമ്പരപ്പെടുന്നവന്റെ കണ്ണീർക്കണങ്ങൾക്കു പുൽത്തൊഴുത്തിൽ ഉത്തരമുണ്ട്. തിരസ്കരണത്തിന്റെ നോവേറ്റുവാങ്ങിയ തിരുക്കുടുംബം പുൽത്തൊഴുത്തിലൂടെ തിരസ്കൃതരുടെ പക്ഷം ചേരുകയാണ്. ഭീകരാക്രമണങ്ങളും പ്രവാസികളോടുള്ള അവഗണനകളും മൂല്യച്യുതി സംഭവിക്കുന്ന കുടുംബജീവിതചര്യകളും, എന്തിന്, കുട്ടികളോടും വാർധക്യത്തിലുള്ള അവശരോടുമുള്ള പീഡനങ്ങളുൾപ്പെടെ അനേകം ആശങ്കകൾ മനസിൽ തങ്ങിനിൽക്കുന്നു.

2017ലെ ലോക പ്രവാസിദിന സന്ദേശത്തിൽ ഫ്രാൻസിസ് മാർപാപ്പ നമ്മുടെ ശ്രദ്ധതിരിക്കുന്നതു കുട്ടികളായ പ്രവാസികളുടെ സുരക്ഷിതമല്ലാത്ത അവസ്‌ഥയെക്കുറിച്ചാണ്. ഈ സന്ദേശം എന്റെ ഹൃദയത്തെയും കൂടുതൽ വേദനിപ്പിക്കുന്നു. പാവങ്ങളോടു പക്ഷം ചേരാൻ ദൈവം നൽകിയ സമ്മാനമായ ഉണ്ണിയേശു നമ്മുടെ ഹൃദയങ്ങളെ ഉണർത്തട്ടെ. കുഞ്ഞുങ്ങളോടു കാട്ടുന്ന ലൈംഗിക പരാക്രമങ്ങളും അവരെ തെറ്റിലേക്കു നയിക്കുന്ന ആധുനിക മാധ്യമസംസ്കാരങ്ങളും ചോദ്യം ചെയ്യപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സത്യത്തിനു നിരക്കാത്ത, നിയമത്തെ മാറ്റിമറിച്ചുകൊണ്ടുള്ള അനിയന്ത്രിതമായ സ്വത്തുസമ്പാദനവും സ്വന്തം ഉയർച്ചയ്ക്കുവേണ്ടി ഉറ്റവരെപ്പോലും മാറ്റിനിർത്തിയുള്ള ദുരാഗ്രഹങ്ങളും അവസാനിക്കണം. ഇല്ലായ്മയെ സ്നേഹിച്ച ഉണ്ണിയേശു സ്വയം വിസ്മരിക്കുന്നവർക്ക് ഈ ക്രിസ്മസ് രാവിൽ ഹൃദയത്തിൽ ഒരുക്കാൻ ഒരു പുൽക്കൂട് സമ്മാനിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. കാരണം പാവങ്ങളോടു പക്ഷം ചേരുന്നവന്റെ വീടാണു പുൽക്കൂട്. സഹനങ്ങളിൽ പതറാതെ, പ്രത്യാശയോടെ ഈ ക്രിസ്മസിനെ സ്വീകരിക്കാം. കണ്ണീർ വാർക്കുന്നവർക്ക് ഉത്തരം നൽകാൻ പുൽക്കൂട്ടിലെ ഉണ്ണിയേശു നമ്മെ കാത്തിരിക്കുന്നു. നാം ചെയ്യേണ്ടതു സ്വാർഥത വെടിഞ്ഞു പുൽത്തൊഴുത്തിലേക്ക് ഒരു യാത്ര നടത്താൻ തയാറാവുക എന്നതാണ്.

ക്രിസ്മസ്–നവവത്സരാശംസകൾ!

ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വരാപ്പുഴ മെത്രാപ്പോലീത്ത