പിന്നോട്ടു തുഴയാതെ മുന്നോട്ടു തുഴയാം
അന്ത്യാളംകാരനാണയാൾ. ഇപ്പോൾ താമസിക്കുന്നത് ചെന്നൈയിലാണ്.അവിടെ കുടിയേറി പാർത്തിട്ട് ഇരുപത്തിയെട്ടുവർഷമായി. അയാൾ ബാബു എന്ന് വിളിക്കപ്പെടുന്ന വർഗീസ് ജോസഫ്. ബാബുവിന്റെ കല്യാണം കഴിഞ്ഞിട്ട് ഇരുപത് വർഷമായി. ഭാര്യ ജറീന അവിടത്തുകാരിയാണ്. ഗോവയിൽനിന്ന് തൊഴിൽ മാർഗം ചെന്നൈയിൽ വന്ന് താമസമാക്കിയവരാണ് ജറീനയുടെ മാതാപിതാക്കൾ. വാർദ്ധക്യസഹജമായ രോഗങ്ങളാൽ പിതാവ് വിൽസൺ മരണമടഞ്ഞത് രണ്ടു വർഷം മുമ്പാണ്. മാതാവ് കാതറൈൻ ഇപ്പോഴും ജിവിച്ചിരുപ്പുണ്ട്. ബാബുവും ജറീനയുമായുണ്ടായ പരിചയം പ്രേമത്തിലും പിന്നീട് വിവാഹത്തിലും കലാശിക്കുകയായിരുന്നു. പരസ്പരം വിവാഹം കഴിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ മറ്റൊരു വിവാഹമേ തങ്ങൾക്ക് വേണ്ട എന്നുളള ഇരുവരുടെയും പിടിവാശിക്കുമുമ്പിൽ ഇരുകൂട്ടരുടെയും മാതാപിതാക്കൾ മുട്ടുമടക്കിയതോടെയാണ് അന്ന് ആ വിവാഹത്തിനുളള സാധ്യത തെളിഞ്ഞത്. വിവാഹം കഴിഞ്ഞ് മൂന്നു വർഷം കഴിഞ്ഞാണ് ജറീന ഗർഭവതിയായത്. മെഡിക്കൽ പരിശോധനയിൽ ബാബുവിനാണ് കുഴപ്പമെന്ന് കണ്ടതിനാൽ അയാൾ ചികിത്സയ്ക്ക് വിധേയനാകുകയും പ്രശ്നം പരിഹരിക്കുകയുമായിരുന്നു. പിന്നീടവർക്ക് രണ്ടു മക്കൾകൂടി ജനിച്ചു. ബാബുവും കുടുംബവും വളരെ സന്തോഷത്തോടും സമാധാനത്തോടുംകൂടിയാണ് കഴിയുന്നത്. ഇത് സാക്ഷ്യപ്പെടുത്തുന്നത് അവരല്ല, അവരെ അടുത്തറിയാവുന്നവരും അവരുടെ സ്നേഹിതരും അയൽപക്കക്കാരായവരുമാണ് .

പ്രേമവിവാഹങ്ങൾ പരാജയമാണെന്നുളള പൊതുജനാഭിപ്രായത്തിന് ഒരു അപവാദംതന്നെയാണ് ബാബുവിന്റെയും ജറീനയുടെയും കുടുംബജീവിതം.ഇതെങ്ങനെ സംഭവിച്ചു എന്ന് ഇരുവരുടെയും വിവാഹജീവിതവിജയം നോക്കിക്കണ്ടിട്ട് ആരായുന്നവരോട് ഇരുവരും ചേർന്ന് പറയുന്ന മറുപടി വിവാഹശേഷം തങ്ങൾ ജിവിച്ചത് ഒറ്റയ്ക്കായിരുന്നില്ല, ഒരുമിച്ചായിരുന്നു എന്നതാണ്. കുട്ടിയെ പ്രതീക്ഷിച്ചിട്ട് ലഭിക്കാതെ വന്ന ആദ്യ വർഷം തന്നെ തങ്ങൾക്കിത് ബോധ്യമായെന്നാണ് അവരിരുവരും ഒരേ സ്വരത്തിൽ പറഞ്ഞത്. ജറീന ഗർഭം ധരിക്കാൻ താമസിക്കുന്നു എന്നു കണ്ടപ്പോൾ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും ഉപദേശപ്രകാരം മടികൂടാതെ ഇരുവരും ഡോക്ടറെ സമീപിക്കുകയായിരുന്നെന്നും, മെഡിക്കൽ പരിശോധനയിൽ ബാബുവിനാണ് പ്രശ്നം എന്ന് കണ്ടപ്പോൾ അക്കാര്യത്തെപ്പറ്റി ജറീന ബാബുവിനെ കുറ്റം പറഞ്ഞില്ലന്നും വിദഗ്ധോപദേശപ്രകാരം ചികിത്സയ്ക്ക് ഉടനടി തന്നെ ബാബു തയ്യാറാകുകയായിരുന്നെന്നുമാണ് തുടർന്നവർ എന്നോട് പറഞ്ഞത.് ചികിത്സയുടെ ദിനങ്ങളിൽ ബാബുവിന്റെ തുറവിയോടെയുളള മനോഭാവവും ജറീനയുടെ ഔദാര്യത്തോടെയുളള മാനസിക പിന്തുണയും ഫലം ചെയ്തു. ഇത്തരം കേസുകളിൽ സമയബന്ധിതമായി ഫലം കണ്ട ചുരുക്കം ചിലതിൽ ഒന്നുമാത്രമാണ് ബാബുവിന്റെയും ജറീനയുടേതുമെന്നാണ് ചികിത്സ നടത്തിയ ഡോക്ടർ സാക്ഷ്യപ്പെടുത്തിയത്.

മക്കളില്ലാത്ത ദമ്പതികൾക്ക് മക്കളുണ്ടാകുവാൻ ബുദ്ധി ഉപദേശിക്കാനോ തടസം നീക്കാൻ ചികിത്സ ചെയ്യുമ്പോൾ അത് ഫലിക്കാൻ മാർഗനിർദേശങ്ങൾ നൽകാനോ ഞാൻ മുതിരുന്നില്ല. ഞാൻ അതിന് മുതിർന്നിട്ട് കാര്യവുമില്ല. അതെന്റെ പണിയുമല്ലല്ലോ. ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ബാബുവും ജറീനയും ഏക മനസോടെ പറഞ്ഞ കാര്യംതന്നെയാണ്. ഭാര്യാഭർത്താക്കന്മാരുടെ ജീവിതം ഒറ്റയ്ക്കൊറ്റക്കാണെന്നുള്ള വിചാരം അവർക്കൊരിക്കലും ഉണ്ടാവരുത,് അതിനുളള സാഹചര്യം ഒരിക്കലും സംജാതമാകുകയുമരുത്. അവർ ജീവിക്കേണ്ടത് ഒറ്റയ്ക്കല്ല,ഒരുമിച്ചാണ്. ഇരുവരുടെയും ഒരുമിച്ചുളള ജീവിതം അവർ രണ്ടുപേരുടെയും ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്നതും സ്വാധീനിക്കുന്നതുമാകണം.അവിടെ ഭാര്യാഭർത്താക്കൻമാർ പരസ്പരം മനസിലാക്കുക, അതിനായി പരിശ്രമിക്കുക എന്നത് പ്രധാനപ്പെട്ടതാണ്.തന്റെ ജീവിതപങ്കാളിയെ കണ്ടും കേട്ടും അനുഭവിച്ചും ഇരുവരും ഇത് സാധിതമാക്കേണ്ടതാണ്. ജീവിതപങ്കാളിയോട് പുലർത്തുന്ന അപരിചിതത്വം ഇന്ന് ഭാര്യാഭർതൃബന്ധത്തെ ഏറെ പിന്നോട്ട് കൊണ്ടുപോകുന്നുണ്ട് എന്ന വസ്തുത ഈ മേഖലയോട് ബന്ധപ്പെട്ട ആർക്കാണ് മനസിലാകാത്തത്. അവരിരുവരും എന്നെ കാണാൻ വന്നത് നാളുകൾക്ക് മുമ്പ് എന്റെ ക്ലാസ് കേട്ടതിന്റെ വെളിച്ചത്തിലാണ്. മുപ്പതു വർഷം മുൻപ്് വിവാഹിതരായവരാണ് അവർ.മക്കളിൽ മൂത്തവളുടെ

വിവാഹം ഈയിടെയാണ് കഴിഞ്ഞത്. മരുമകൻ ജസ്വിൻ ഐടി ഫീൽഡിലെ ജോലിക്കാരനാണ്. മകൾ ശ്വേത ബാങ്കുദ്യോഗസ്‌ഥയാണ്. ഇരുവരുടെയും താല്പര്യപ്രകാരം നടന്ന ഈ വിവാഹം ഭാര്യാഭർത്താക്കൻമാരിരുവർക്കും അവരുടെ മാതാപിതാക്കൾക്കും ഇപ്പോൾ അതൃപ്തിക്ക് കാരണമായിരിക്കുകയാണ്.

ജസ്വിനും ശ്വേതയ്ക്കും തങ്ങളുടെ ജോലിയിൽ താല്പര്യമുണ്ടെങ്കിലും പങ്കുവച്ച് ജീവിക്കേണ്ട തങ്ങളുടെ വിവാഹജീവിതത്തിൽ താല്പര്യമില്ലാതായിരിക്കുന്നുവെന്നാണ് ശ്വേതയുടെ മാതാപിതാക്കൾ എന്നോട് പറഞ്ഞത്. തങ്ങളുടെ ജോലിയോട് മനസുചേർത്ത ഇരുവർക്കും അന്യോന്യം മനസുചേർക്കാൻ കഴിയാതെപോയതെന്താണ് എന്നാണ് എന്റെ മനസ് എന്നോട് ആരാഞ്ഞത്. ഭാര്യാഭർത്താക്കന്മാർക്ക് താല്പര്യമുണ്ടാകണം, അവരുടെ ജിവിതത്തോട് ബന്ധപ്പെട്ട പലതിനോടും, എല്ലാറ്റിനും ഉപരിയായി അവർക്കന്യോന്യവും അവർ പൊതുവായി പങ്കുവയ്ക്കേണ്ട ജിവിതത്തോടുതന്നെയും.

സിറിയക് കോട്ടയിൽ