ഭീമനാ പക്ഷേ, പാവം
ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മുയൽഭീമൻ ഡാരിയസ് ആണ്. നാല് അടി നാല് ഇഞ്ച് നീളവും അതിനൊത്ത ഉയരവുമുള്ള അവനെ കണ്ടാൽ വലിയ ഒരു നായയാണെന്നേ തോന്നൂ. അമേരിക്കയിലെ വോഴ്സ്റ്ററിലുള്ള അനീറ്റ് എഡ്വാർഡ്സ് എന്ന മൃഗസ്നേഹിയായ വീട്ടമ്മയാണ് അവന്റെ യജമാനത്തി. ഡാരിയസിന് ഒരു മകനുണ്ട്, അവന്റെ പേര് ജെഫ്.

അവന്റെ നീളമാകട്ടെ 3 അടി 8 ഇഞ്ച്. അച്ഛനും മകനും ഉറ്റ സുഹൃത്തുക്കളാണെന്നു മാത്രമല്ല ആ വീട്ടിലെ മറ്റ് വളർത്തുമൃഗങ്ങളുമായി നല്ല സഹകരണത്തിലുമാണ്. കെ എന്നു പേരുള്ള ഒരു ബോക്സർ നായയാണ് ഇരുവരുടെയും ഉറ്റ കളിക്കൂട്ടുകാരൻ. അനീറ്റ് എഡ്വാർഡ്സിന്റെ എട്ടുവയസുള്ള മകൾ അവാ ജോൺസണാണ് ഇരുവരുടെയും അംഗരക്ഷകയും പരിചാരികയും. ഏറെ ബുദ്ധിമുട്ട് സഹിച്ചാണ് അവൾ അച്ഛനെയും മകനെയും എടുത്തുകൊണ്ടു നടക്കുന്നത്.അവാ ജോൺസണ് ഇരുവരെക്കുറിച്ചും വളരെ നല്ല അഭിപ്രായമാണുള്ളത്. അവാ ഇവരെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: ‘അച്ഛൻ ഡാരിയസിനാണ് വലിപ്പക്കൂടുതൽ എങ്കിലും കാഴ്ചയിൽ വലിപ്പവും ഭാരവും തോന്നിക്കുക മകൻ ജെഫിനാണ്.

ഭാവിയിൽ മകൻ അച്ഛനെക്കാൾ വലുതാകുമെന്നാണ് എന്റെ വിശ്വാസം. ഒരുദിവസം തീർച്ചയായും അവൻ പിതാവിന്റെ പേരിലുള്ള ഗിന്നസ് റിക്കാർഡ് ഭേദിച്ച് അതിൽ കയറിപ്പറ്റും.‘ ഇരുവരുടെയുംസംരക്ഷണത്തിനും ഭക്ഷണത്തിനുമായി വർഷംതോറും നല്ലൊരു തുക അനീറ്റിന് ചെലവാകുന്നുണ്ട്. ഏകദേശം 5000 ഡോളർ ഭക്ഷണത്തിനു മാത്രം. മാസംതോറും പിതാവും മകനുംകൂടി തിന്നുതീർക്കുന്നത് 2000 കാരറ്റുകളും 700 വലിയ ആപ്പിളുമാണ്. ഇതു കൂടാതെ രുചികരമായ മറ്റു പല ഭക്ഷണപദാർഥങ്ങളും.

ജോർജ് മാത്യു പുതുപ്പള്ളി