പോത്തൻ പോത്ത് യുവരാജ്
കേട്ടാൽ അവിശ്വസനീയമെന്നു തോന്നാം. വിശ്വസിച്ചേ പറ്റൂ. സംഗതി സത്യമാണ്. മീററ്റിലെ കുരുക്ഷേത്രയിലുള്ള യുവരാജിന് മക്കൾ 1,50,000 ആണ്. ആരാണ് യുവരാജ് എന്നറിയേണ്ടേ? മീററ്റിൽ നടന്ന ‘ഓൾ ഇന്ത്യ കാറ്റിൽ ഷോ’യിൽ പങ്കെടുത്ത് ചാമ്പ്യൻപദവി കരസ്‌ഥമാക്കിയ ഭീമൻ പോത്ത് (മുരാഹ് കാള). ഗിന്നസ് ചരിത്രത്തിൽ ഇടംപിടിച്ച ഈ മൃഗഭീമന്റെ ഭാരം 1400 കിലോഗ്രാമും നീളം 14 അടിയും ഉയരം 5 അടി 9 ഇഞ്ചുമാണ്. പത്തംഗ ജൂറിയാണ് ഈ ഗിന്നസ് താരത്തെ ദേശീയ ചാമ്പ്യനായും തെരഞ്ഞെടുത്തത്.

ചാമ്പ്യൻപട്ടം കിട്ടിയ അന്നു തന്നെ 7 കോടി രൂപയ്ക്ക് യുവരാജിനെ വിൽക്കുന്നോ എന്ന് ചണ്ഡിഗഡിലെ ഒരു ഭൂവുടമ യുവരാജിന്റെ ഉടമസ്‌ഥനായ കരംവീർ സംഗിനോടു ചോദിച്ചു. പക്ഷെ, കരം വീർ സിംഗ് തയാറായില്ല. ‘മകനെപ്പോലെയാണ് ഞാൻ അവനെ വളർത്തുന്നത്. വർഷം തോറും 59 ലക്ഷം രൂപ വിവിധ ഇനങ്ങളിലായി ഇവൻ എനിക്കു നേടിത്തരുന്നുണ്ട്. പിന്നെന്തിന്് ഞാൻ അവനെ വിൽക്കണം? കരംവീർ സിംഗ് ചോദിക്കുന്നു. ഒപ്പം പുഞ്ചിരിച്ചുകൊണ്ട് പറയുന്നു, ‘ജീവിതമെന്നത് പണം മാത്രമല്ലല്ലോ?’
ദിവസംതോറും 20 ലിറ്റർ പാലാണ് യുവരാജ് കുടിക്കുന്നത്. അതിന്റെ കൂടെ അഞ്ചു കിലോഗ്രാം ആപ്പിളും 15 കിലോഗ്രാം പുല്ലും കാലിത്തീറ്റയും കഴിക്കും. ദിവസവും നാലു കിലോമീറ്റർ നടത്തമുണ്ട്. മാസം തോറും 25,000 രൂപ അവനുവേണ്ടി കരംവീർ ചെലവഴിക്കുന്നു. സർദാർ വല്ലഭ് ഭായി പട്ടേൽ കാർഷിക സർവകലാശാല മുതിർന്ന ശാസ്ത്രജ്‌ഞൻ രവീന്ദർ സിംഗും മൃഗസംരക്ഷണ വകുപ്പ് മേധാവി പ്രഫ. രവീന്ദർ സിംഗും പറയുന്നത് ശ്രദ്ധിക്കൂ: ‘വടക്കേ ഇന്ത്യൻ സംസ്‌ഥാനങ്ങളിലൊക്കെ യുവരാജിന്റെ ബീജമാണ് എരുമകളിൽ ഉപയോഗിക്കുന്നത്. ഈ ഇനത്തിൽ 1,50,000 മക്കളുടെ അച്ഛനാണ് യുവരാജ്. യുവരാജിന്റെ അമ്മയും ദിവസവും 25 ലിറ്റർ പാൽ നൽകിയിരുന്നു.

ജോർജ് മാത്യു പുതുപ്പള്ളി