തിരിച്ചുപറഞ്ഞ് ലത ഗിന്നസിലേക്ക്
ഇംഗ്ലീഷ് വാക്കുകളിലെ അക്ഷരങ്ങൾ അതിവേഗം വിപരീത ദിശയിൽ പറഞ്ഞ് പൊൻകുന്നം ചേപ്പുപാറ സ്വദേശിനി ലത ആർ. പ്രസാദ് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിലേക്ക്. ഹിമാചൽപ്രദേശ് സ്വദേശി ശിശിർ ഹത്വ 2013-ൽ 50 വാക്കുകൾ ഒരു മിനിറ്റ് 22 സെക്കൻഡിനുള്ളിൽ തിരിച്ചുപറഞ്ഞ് നേടിയ റെക്കോർഡ് മറികടന്നാണ് ലത പുതിയ നേട്ടത്തിനുടമയായത്. യൂണിവേഴ്സൽ റിവാർഡ് ഫോറം അധികൃതരുടെ സാന്നിധ്യത്തിൽ പള്ളിക്കത്തോട് അരവിന്ദ വിദ്യാമന്ദിരം സ്കൂളിൽ നടത്തിയ പ്രകടനത്തിൽ 55 വാക്കുകൾ ഒരുമിനിറ്റ് 15 സെക്കൻഡുകൊണ്ട് തിരിച്ചുപറഞ്ഞാണ് ലത പുതിയ റെക്കോർഡ് സ്ഥാപിച്ചത്.

ഈ പ്രകടനത്തിന്‍റെ തത്സമയ ദൃശ്യങ്ങൾ രേഖപ്പെടുത്തുകയുണ്ടായി. ഇതിന്‍റെ ഓഡിയോ വീഡിയോ, മറ്റ് രേഖകൾ ഇവയെല്ലാം ചേർത്ത് നടപടിക്രമങ്ങൾക്കായി ഗിന്നസ് ആസ്ഥാനമായ ലണ്ടനിലേക്ക് അയയ്ക്കാനുള്ള ഒരുക്കത്തിലാണു ലത. ആറുമാസത്തിനുള്ളിൽ ഗിന്നസ് അവാർഡ് ലതയെ തേടിയെത്തും.

കഠിനാധ്വാനം

പതിനാലുവർഷത്തെ നിതാന്ത പരിശീലനവും മനഃസമർപ്പണവുമാണ് ലതയെ ഈ നേട്ടത്തിന് അർഹയാക്കിയത്. 1984-ൽ ചങ്ങനാശേരി എസ്ബി കോളജിൽ മലയാളം എംഎയ്ക്ക് പഠിക്കുന്പോൾ ലിംഗ്വിസ്റ്റിക്കിലെ സ്പൂണറിസം (മറിച്ചു ചൊല്ലൽ) ലതയെ ആകർഷിച്ചിരുന്നു. എന്നാൽ അന്നൊന്നും ഇത്തരമൊരു അഭിരുചി തനിക്കുണ്ടെന്ന് അവർ മനസിലാക്കിയിരുന്നില്ല. എന്നാൽ വിവാഹശേഷം ഭർത്താവിനൊപ്പം ബിസിനസ് സംബന്ധമായി നടത്തിയ യാത്രാവേളകളിലാണ് ഈ കഴിവിലേക്ക് ലത ഉയർന്നുവരുന്നത്. യാത്രയുടെ വിരസതയകറ്റുന്നതിന് വഴിയരികിലും മറ്റും കാണുന്ന ബോർഡുകളിലെ വാക്കുകൾ ലത മനസിലിട്ട് തിരിച്ചുപറയാൻ തുടങ്ങി. യാത്രകൾ കൂടുന്തോറും മറ്റാരുമറിയാതെ ഈ പരിശീലനവും തുടർന്നുവന്നു. നേരംപോക്കായി തുടങ്ങിയ ശീലം ലതയിൽ പറ്റിച്ചേർന്നു വളർന്നുവരികയായിരുന്നു.

ഒരിക്കൽ വർത്തമാനത്തിനിടെ തന്‍റെ വാക്കുകൾ ലത തിരിച്ചുപറഞ്ഞത് അപ്രതീക്ഷിതമായി ശ്രദ്ധിച്ച ഭർത്താവ് രാജേന്ദ്രപ്രസാദ് ഭാര്യ സ്വന്തമാക്കിയ സിദ്ധി മനസിലാക്കുകയും വേണ്ട പ്രോത്സാഹനം നൽകുകയുമായിരുന്നു. അച്ഛന്‍റെയൊപ്പം സിഎ വിദ്യാർഥിയായ മകൻ അരവിന്ദും ചേർന്നതോടെ ലതയുടെ അപൂർവ കഴിവ് പൊതുജനം അറിയാൻതുടങ്ങി. സ്റ്റേജുകളിൽ ലത റിവേഴ്സ് സ്പെല്ലിംഗ് പ്രോഗ്രാം അവതരിപ്പിച്ചുതുടങ്ങി. ഒടുവിൽ അദ്ഭുതങ്ങളുടെ പുസ്തകമായ ഗിന്നസിന്‍റെ പടിവാതില്ക്കലെത്തിയിരിക്കുന്നു.

ഇംഗ്ലീഷ്, മലയാളം വാക്കുകൾ അനായാസേന ലതയ്ക്ക് വഴങ്ങുമെങ്കിലും ഗിന്നസ് ബുക്കിലേക്ക് ഇംഗ്ലീഷ് മാത്രമേ കണക്കാക്കൂ. സദസിൽ തുടരെത്തുടരെ ഏതു വാക്ക് വന്നാലും നിമിഷനേരംകൊണ്ട് ലത അത് തിരിച്ചുപറയും. കാണികൾ വാക്കുകൾ ശരങ്ങളാക്കുന്നത് ഞൊടിയിടയിൽ തിരിച്ചുപറയുന്നതിലൂടെ ഓരോ പ്രോഗ്രാമും സജീവവും ആകർഷകവുമായി.

ഗിന്നസിലേക്കു പോയ വഴി

ഇന്‍റർനെറ്റിൽ തിരഞ്ഞ് കുറേ കാര്യങ്ങൾ മനസിലാക്കിയെങ്കിലും ഒരുപാടു സംശയങ്ങൾ പിന്നെയും ബാക്കിയായിരുന്നു. ഏറെപ്പേരെ നേരിട്ടു കണ്ടും സംശയങ്ങൾ നീക്കി. അങ്ങനെയിരിക്കെ പൊൻകുന്നത്ത് റോജി എന്നൊരാൾ 101 പ്രാവശ്യം ശരീരത്തിലൂടെ ജീപ്പ് കയറ്റിയിറക്കുന്ന പ്രകടനം ഗിന്നസിനുവേണ്ടി നടത്തുന്നുണ്ടെന്നറിഞ്ഞ് രാജേന്ദ്രപ്രസാദും അരവിന്ദും അത് നേരിൽ കാണാൻ പോയി. അവിടെ യൂണിവേഴ്സൽ റിവാർഡ് ഫോറം ജൂറി ഡോ. ഗിന്നസ് സുനിൽ ജോസഫിനെ പരിചയപ്പെട്ടു.

അദ്ദേഹത്തിന്‍റെ നിർദേശപ്രകാരമാണ് പിന്നീടു കാര്യങ്ങൾ നീക്കിയത്. നിലവിലുള്ള റെക്കോർഡ് തകർക്കുകയാണു വേണ്ടത് എന്നു മനസിലാക്കി അതിനുള്ള നിരന്തര പരിശീലനമായിരുന്നു പിന്നീട്. ഈ തയാറെടുപ്പിൽ സഹായമായത് ഡൽഹി മുൻ എഡ്യൂക്കേഷണൽ ഓഫീസറും പൊൻകുന്നം ശ്രേയസ് പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലുമായിരുന്ന വി.ആർ.സോമനും ഭാര്യ രാധാകുമാരി ടീച്ചറും പിന്നെ ലിഖയെന്ന കൂട്ടുകാരിയുമാണ്. യോഗ പരിശീലനമാണ് ഈ പരിശ്രമങ്ങൾക്കു മാനസിക ശക്തിയും ധൈര്യവും നൽകിയത്. സഹായങ്ങളുമായി എപ്പോഴും കൂടെ നിന്ന സ്വസ്തി സ്കൂൾ ഓഫ് യോഗയുടെ പ്രവർത്തകരെ ലത നന്ദിപൂർവം ഓർക്കുന്നു.

പതിമൂന്നു വർഷത്തെ അധ്യാപനപരിചയമുള്ള ലത ആർ. പ്രസാദ് ആത്മീയ, സാംസ്കാരിക, പ്രഭാഷണ വേദികളിലും സജീവമാണ്. വേഴാന്പൽ എന്ന പേരിൽ ലതയുടെ കവിതാസമാഹാരവും ഉടനെ പ്രസിദ്ധീകരിക്കുന്നുണ്ട്.

ആൻസി സാജൻ