വിശ്രമദിവസങ്ങൾ കുറച്ച് ബാല്യ-കൗമാരങ്ങളെ യാന്ത്രികവും സംഘർഷഭരിതവുമായൊരു ലോകത്തിലേക്കു നാം വീണ്ടുവിചാരമില്ലാതെ തള്ളിയിട്ടിരിക്കുന്നു. ശനിയാഴ്ചകളെ അപഹരിച്ച്, കുട്ടികളെ മാർക്കുത്പാദന യന്ത്രങ്ങളാക്കരുത്; അവരുടെ സന്തോഷങ്ങൾ തിരിച്ചുകൊടുക്കണം.
തലയിൽ വിവരങ്ങൾ കുത്തിനിറയ്ക്കുന്നതു മാത്രമാണ് വിദ്യാഭ്യാസമെങ്കിൽ അധ്യയനദിവസങ്ങൾ കുറച്ചുകൂടി കൂട്ടി വിദ്യാർഥികളെയും അധ്യാപകരെയും ക്ലാസ്മുറികളിൽ തളച്ചിടേണ്ടതാണ്. പക്ഷേ, കംപ്യൂട്ടറിന്റെ മെമ്മറി കാർഡിനു തുല്യമല്ല വിദ്യാർഥിയുടെ മസ്തിഷ്കം. ഒരു യന്ത്രത്തിന്റെ പ്രവർത്തനഘടനയിലേക്കോ നിർവികാരതയിലേക്കോ വിദ്യാർഥിയെ പരിവർത്തിപ്പിക്കുന്നതൊക്കെയും വിദ്യാഭ്യാസത്തിൽനിന്ന് ഒഴിവാക്കുകയാണു വേണ്ടത്.
എന്നാൽ, കുട്ടികളെയും അധ്യാപകരെയും വിശ്രമമില്ലാതെ പണിയെടുപ്പിക്കും വിധം അധ്യയനദിവസങ്ങൾ 220 ആയി വർധിപ്പിച്ച് ബാല്യ-കൗമാരങ്ങളെ യാന്ത്രികവും സംഘർഷഭരിതവുമായൊരു ലോകത്തിലേക്കു നാം വീണ്ടുവിചാരമില്ലാത തള്ളിയിട്ടിരിക്കുന്നു.
അധ്യാപകരുടെയും വിദ്യാർഥികളുടെയും ഭൂരിപക്ഷം മാതാപിതാക്കളുടെയും അഭിപ്രായങ്ങളെ അവഗണിച്ചുകൊണ്ടാണ് സംസ്ഥാനത്തെ 10 വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഈ അധ്യയനവർഷം 220 പ്രവൃത്തിദിനങ്ങളാക്കിയത്. അധ്യയനദിവസങ്ങൾ കുറയ്ക്കുന്നത് വിദ്യാഭ്യാസനിലവാരത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി മൂവാറ്റുപുഴയിലെ ഒരു സ്കൂൾ മാനേജരും അധ്യാപക-രക്ഷാകർതൃ സംഘടനയും ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്നാണ് പുതിയ അക്കാദമിക കലണ്ടർ സർക്കാർ പുറത്തിറക്കിയത്. ഇതനുസരിച്ച് ഇനി 25 ശനിയാഴ്ചകൾ പ്രവൃത്തിദിനങ്ങളായിരിക്കും. മുന്പ് 195 പ്രവൃത്തിദിനങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ വർഷം ഇത് 204 ആയി ഉയർത്തി.
ഇത്തവണ 210 ആക്കിയെങ്കിലും ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിട്ടറിംഗ് കമ്മിറ്റി 204 ദിവസം മതിയെന്നു നിർദേശിച്ചിരുന്നു. ഇതിനെതിരേയാണ് കക്ഷികൾ കോടതിയെ സമീപിച്ചത്. ഒരു പക്ഷേ, അധ്യാപകരെ കൂടുതൽ ദിവസം ജോലി ചെയ്യിക്കാനുള്ള നീക്കവും ഇതിനു പിന്നിലുണ്ടായിരിക്കാം. മറ്റേതൊരു ജോലിയും പോലെ സ്കൂൾ അധ്യാപകരെ കാണുന്നതിന്റെ വൈകല്യമായിട്ടേ ഇതിനെ കാണാനാകൂ. പ്രവൃത്തിസമയത്ത് തീരുന്നതല്ല അവരുടെ ജോലിയെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ഒരുനിമിഷം വിശ്രമിക്കാൻ സമയം കൊടുക്കാത്ത ഗൃഹപാഠവും ട്യൂഷനുമൊക്കെയായി കുട്ടികളും വിശ്രമമില്ലാതെ പണിയെടുക്കുകയാണ്.
ആഴ്ചയിൽ രണ്ടു ദിവസം വിദ്യാർഥികൾക്ക് അവധി കൊടുക്കുന്നത് കേരളത്തിൽ മാത്രമുള്ള കാര്യമല്ല. കാലങ്ങളായി തുടരുന്നതും കുട്ടികളുടെ മാനസികവും ബൗദ്ധികവും ശാരീരികവുമായ വളർച്ചയെ മുൻനിർത്തി നടപ്പാക്കപ്പെട്ടിട്ടുള്ളതുമാണ്. വിദ്യാഭ്യാസമന്ത്രിയും ഇപ്പോൾ കോടതിയെ സമീപിച്ചവരുമൊക്കെ അത് ആസ്വദിച്ചു വളർന്നാണ് ഈ നിലയിലൊക്കെ എത്തിയത്.
കുട്ടികളെ കൂടുതൽ പണിയെടുപ്പിക്കുന്ന ഒരു സന്പ്രദായം നടപ്പാക്കുന്പോൾ അതേക്കുറിച്ചുള്ള പഠനങ്ങളുടെ പിൻബലമുണ്ടാകണം. വിദ്യാഭ്യാസവിചക്ഷണരും മനഃശാസ്ത്രജ്ഞരും ആരോഗ്യവിദഗ്ധരുമൊക്കെ കൈകാര്യം ചെയ്യേണ്ടുന്ന ഒരു വിഷയം മാർക്ക് കേന്ദ്രീകൃതമായി മാത്രം ചിന്തിക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വിട്ടുകൊടുക്കുന്നത് വിദ്യാർഥികളോടും അധ്യാപകരോടുമുള്ള ക്രൂരതയാണ്.
ഇതു കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തിന് എതിരാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമമനുസരിച്ച് എൽപി ക്ലാസുകളിൽ 160 ദിവസവും യുപി ക്ലാസുകളിൽ 200 ദിവസവുമാണ് അനുവദനീയം. ഒന്നുമുതൽ 10 വരെ ക്ലാസുകളെ ഒന്നായി കണക്കിലെടുക്കുന്ന പുതിയ വിദ്യാഭ്യാസ കലണ്ടറിൽ ഇതു ലംഘിക്കപ്പെടുന്നു.
പ്രവൃത്തിസമയവും അധ്യാപകരുടെ യഥാർഥ ജോലിസമയവും തമ്മിൽ വലിയ അന്തരമുണ്ട്. 9, 10 ക്ലാസുകൾക്ക് മിക്കവാറും സ്പെഷൽ ക്ലാസുകൾ നടത്താറുണ്ട്. പഠിപ്പിക്കുന്നതിനും അതിനായി നോട്ടുകളും ലെസൺ പ്ലാനും തയാറാക്കുകയും ചെയ്യുന്നതിനുമപ്പുറം പലതരം റിപ്പോർട്ടുകളും തയാറാക്കേണ്ടിവരുന്നു.
പ്രധാന പരീക്ഷകളുടെയും ഇടയ്ക്കിടെയുള്ള ക്ലാസ് പരീക്ഷകളുടെയുമൊക്കെ ഉത്തരക്കടലാസുകൾ പരിശോധിക്കുന്നതും വീടുകളിലിരുന്നാണ്. കലാ-കായിക പരിശീലനങ്ങളും വിശേഷദിവസങ്ങളിലെ പ്രത്യേക പരിപാടികളും സെമിനാറുകളും ക്ലസ്റ്റർ ക്ലാന്കളും ഉൾപ്പെടെ നിരവധി ജോലികൾ അധ്യയനത്തിനു പുറമേ ചെയ്യേണ്ടതുണ്ട്.
ഇതിനുമപ്പുറം കുട്ടികളെ വ്യക്തിപരമായി പരിഗണിക്കാനും മാതാപിതാക്കളെ കാര്യങ്ങൾ ധരിപ്പിക്കാനുമൊക്കെ സമയം കണ്ടെത്തണം. മധ്യവേനൽ അവധിക്കാലത്തുപോലും അധ്യാപകർക്കു വിശ്രമിക്കാനാകുന്നില്ലെന്നുള്ളതാണ് യാഥാർഥ്യം. സ്കൂളുകളുടെ നിലവാരവും ഫലവും സമീപത്തെ സ്കൂളുകളിൽനിന്നു മികച്ചതാക്കാൻ പെടാപ്പാടു പെടുന്നതും അധ്യാപകർതന്നെയാണ്. ഇതിനൊക്കെ പുറമേയാണ് ഇപ്പോൾ ശനിയാഴ്ചകൾകൂടി പ്രവൃത്തിദിനമാക്കുന്നത്.
ആറു ദിവസം സ്കൂളിൽ പോയി പഠിക്കേണ്ടിവരുന്ന വിദ്യാർഥികളുടെ കാര്യം ബാലാവകാശത്തിന്റെ മാത്രമല്ല, മനുഷ്യാവകാശത്തിന്റെയും പരിധിയിൽ വരണം. ഒരാഴ്ച പഠിച്ചത് ഹൃദിസ്ഥമാക്കാനും ഗൃഹപാഠം ചെയ്യാനും വിശ്രമിക്കാനും കൂട്ടുകൂടാനും കളിക്കാനുമൊക്കെയുള്ള അവസരം അവർക്കു കൊടുത്തേ തീരൂ. സംഗീത-നൃത്ത-കായിക പരിശീലനങ്ങൾ തുടങ്ങിയവയൊക്കെ മിക്കവാറും ശനിയാഴ്ചകളിലാണ് നടത്തുന്നത്.
ഞായറാഴ്ച മാത്രമാണ് അവധിയെങ്കിൽ ഒന്നുറങ്ങാൻ പോലും സമയം കിട്ടില്ലെന്നർഥം. കളിക്കളങ്ങളിലും മൈതാനങ്ങളിലുമൊക്കെ അവശേഷിക്കുന്ന വിദ്യാർഥികളെയും പുതിയ പരിഷ്കാരങ്ങൾ ഇല്ലാതാക്കും. മതാപിതാക്കളോടും സഹോദരങ്ങളോടും ബന്ധുക്കളോടും കൂട്ടുകാരോടുമൊക്കെ ഇടപഴകാൻ എവിടെയാണു സമയം? പുറത്തിറങ്ങാൻ സമയമില്ലാതെ പ്രകൃതിയിൽനിന്ന് ഒറ്റപ്പെട്ട കുട്ടികളെയാണോ നിങ്ങൾ പരിസ്ഥിതിപ്രേമം പഠിപ്പിക്കുന്നത്? ശനിയാഴ്ചകളെ അപഹരിച്ച് കുട്ടികളുടെയും അധ്യാപകരുടെയും ജീവിതം ദുഃസഹമാക്കരുത്.
സമ്മർദം സഹിക്കാനാവാതെ ജീവനൊടുക്കുന്ന വിദ്യാർഥികളുടെ എണ്ണം മുന്പെങ്ങുമില്ലാത്തവിധം വർധിക്കുന്ന കാലത്ത്, വിദ്യാർഥികളെ മാർക്കുത്പാദന യന്ത്രങ്ങളും അധ്യാപകരെ ഓപ്പറേറ്റർമാരുമാക്കി നിലനിർത്തുന്നതാണോ വിദ്യാഭ്യാസ പരിഷ്കാരം? ഈ അവകാശലംഘനത്തിൽനിന്നു ഭരണപക്ഷ അധ്യാപക സംഘടനകൾക്കും ബാലാവകാശ കമ്മീഷനുമൊക്കെ മാറിനിൽക്കാനാകുമോ?