ഒരു സ്ത്രീയോട് പുരുഷന് എത്ര മോശമായി പെരുമാറാമെന്ന് കോൽക്കത്തയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ മൃതദേഹത്തിലെ മുറിവുകൾ സാക്ഷ്യപ്പെടുത്തുന്നു. ഈവിധം പരിക്കേറ്റ 80 ‘നിർഭയ’മാർ ദിവസവും ഈ രാജ്യത്ത് വേച്ചുനടക്കുന്നുണ്ട്; സ്ത്രീശക്തീകരണ പരസ്യബോർഡുകൾക്കു മുന്നിലൂടെ.
ഇക്കഴിഞ്ഞ ഒന്പതിനാണ് കോൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ പിജി ട്രെയിനിയായ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. ഒരു സ്ത്രീയോട് പുരുഷന് എത്ര മോശമായി പെരുമാറാമെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു അവരുടെ മൃതദേഹത്തിൽ കണ്ടെത്തിയ 14 മാരകമുറിവുകൾ. ദേഹമാസകലം മർദനം.
ഇടിയേറ്റ് കണ്ണട പൊട്ടി കണ്ണിൽ തറച്ചുകയറി. അമ്മയ്ക്കു പിറന്ന ഒരാൾക്കും സഹിക്കാനാവാത്ത ക്രൂരത. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കിൽ ഇത്തരം മുറിവുകളുമായി ദിവസവും 80 സ്ത്രീകൾ ബലാത്സംഗത്തിനിരയായി വേച്ചുനടക്കുന്നുണ്ട് ഈ രാജ്യത്ത്. എന്നിട്ടും സ്ത്രീശക്തീകരണം പറഞ്ഞ് ഞെളിഞ്ഞു നടക്കുകയാണ് സർക്കാരുകൾ.
പുലർച്ചെ മൂന്നിനും അഞ്ചിനും ഇടയിലായിരുന്നു സംഭവം. മെഡിക്കൽ കോളജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു ഡോക്ടറുടെ മൃതദേഹം. പോലീസിനെ സഹായിക്കുന്ന സിവിക് വോളണ്ടിയറായ സഞ്ജയ് റോയി താമസിയാതെ അറസ്റ്റിലായി. ഇയാൾ പിടിയിലായ ഉടനെ പറഞ്ഞത്, “വേണമെങ്കിൽ എന്നെ തൂക്കിക്കൊന്നോളൂ” എന്നാണ്.
ക്രൂരമായ കുറ്റകൃത്യത്തിനുശേഷം വീട്ടിലെത്തി സുഖമായുറങ്ങുകയും അതിനുശേഷം തലേന്നു ധരിച്ചിരുന്ന വസ്ത്രങ്ങൾ കഴുകിയിടുകയും ചെയ്തു. രോഗികളുടെ ബന്ധുക്കളിൽനിന്നു കൈക്കൂലി വാങ്ങുക, മെഡിക്കൽ കോളജിൽ കിടക്ക ഒഴിവില്ലെങ്കിൽ അടുത്തുള്ള ആശുപത്രികളിൽ രോഗികളെ എത്തിച്ചു കമ്മീഷൻ വാങ്ങുക തുടങ്ങിയ ആരോപണങ്ങളൊക്കെ നേരിട്ടിട്ടുള്ള ഇയാൾക്ക് ഉന്നതരുമായി അടുത്ത ബന്ധമായിരുന്നു. ഇത്തരമൊരു കുറ്റവാളിയെ പുറത്താക്കുന്നതിനു പകരം സംരക്ഷിച്ചത് ദുരന്തത്തിൽ അവസാനിക്കുകയായിരുന്നു.
സഞ്ജയ് റോയിയാണോ യഥാർഥ പ്രതി? അയാൾ മാത്രമാണോ പ്രതിസ്ഥാനത്ത് എന്നതൊക്കെ അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. പക്ഷേ, കുറ്റവാസനയുള്ളവർ പോലീസിൽ ഉൾപ്പെടെ രാജ്യത്തെ സർക്കാർ ജീവനക്കാരിലെല്ലാമുണ്ട്. അവരെ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഭരണകൂടവുമൊക്കെ സംരക്ഷിക്കുന്നുമുണ്ട്.
കേരള പോലീസിൽ സർക്കാർ രണ്ടു വർഷം മുന്പ് ശുദ്ധികലശത്തിനിറങ്ങിയപ്പോൾ സേനയിലെ 744 പേർ ക്രിമിനലുകളായിരുന്നു. കണക്കിൽ പെടാത്തവർ ഇതിന്റെ ഇരട്ടിയിലേറെയുണ്ട്. 18 പേരെ പുറത്താക്കിയെങ്കിലും പിന്നീട് കൂടുതലൊന്നും സംഭവിച്ചില്ല. 691 പേർക്കെതിരേ വകുപ്പുതല അന്വേഷണം നടന്നു, അത്രതന്നെ. ജാമ്യത്തിലിറങ്ങി വീണ്ടും ബലാത്സംഗവും കൊലപാതകവും നടത്തുന്നവരുമുണ്ട്.
കഴിഞ്ഞ മാർച്ചിൽ കോഴിക്കോട് പേരാന്പ്രയിൽ യുവതിയെ തോട്ടിൽ തള്ളിയിട്ടു കൊന്ന പ്രതി മുജീബ് റഹ്മാൻ ബലാത്സംഗവും കൊലപാതകവും ഉൾപ്പെടെ 57 കേസുകളിൽ പ്രതിയായിരുന്നു. കുറ്റവാസനയുള്ളവരെ നിർണായക ജോലികളിൽനിന്നു പുറത്താക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നതിലൂടെ രാജ്യത്തെ കുറ്റകൃത്യങ്ങളെല്ലാം തടയാനാവില്ലെങ്കിലും കോൽക്കത്തയിലേതുൾപ്പെടെ പലതും തടയാനാകും.
ഡോക്ടറുടെ കൊലപാതകം ആത്മഹത്യയാക്കാനായിരുന്നു തുടക്കത്തിൽ ശ്രമിച്ചത്. പ്രതിഷേധം ശക്തമായതോടെ സിബിഐ അന്വേഷണം ഏറ്റെടുക്കുകയും സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു. 2012ൽ ഡൽഹിയിൽ നിർഭയയെ ഓടിക്കൊണ്ടിരുന്ന ബസിൽ കൂട്ടബലാത്സംഗം ചെയ്തു കൊന്നതിനുശേഷം ഉണ്ടായ ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോൾ നടക്കുന്നത്.
അതിന്റെ പേരിൽ മമത ബാനർജി മുഖ്യമന്ത്രിസ്ഥാനം ഒഴിയുമോയെന്ന് അറിയില്ല. ഇതിനു മുന്പ് രാജ്യത്തുണ്ടായ കുപ്രസിദ്ധമായ ബലാത്സംഗ, കൊലപാതക കേസുകളിൽ അങ്ങനെ കണ്ടിട്ടില്ല. യുപിയിലെ ഉന്നാവയിൽ 2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബിജെപി എംഎൽഎ പീഡിപ്പിച്ച കേസിലെ മെല്ലപ്പോക്കിനെയും കുറ്റപത്രം വൈകിച്ചതിനെയുമൊക്കെ കോടതി വിമർശിച്ചിരുന്നു. ഉന്നാവയിൽതന്നെ 11 വയസുള്ള ദളിത് പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത് 2022ലാണ്.
ഗർഭിണിയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ കൊല്ലാൻ വീടിനു പ്രതികൾ തീയിടുകവരെ ചെയ്തു. യുപിയിലെ തന്നെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്തു കൊന്നത് 2020ലാണ്. പീഡനമാരോപിച്ച് ഇന്ത്യയുടെ വനിതാ ഗുസ്തി താരങ്ങൾ ഡൽഹിയിലെ തെരുവുകളിൽ സത്യഗ്രഹമിരുന്നതും കേന്ദ്രസർക്കാർ മുഖം തിരിച്ചതുമൊക്കെ മറക്കാറായിട്ടില്ല.
2017ൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിമാർ ബലാത്സംഗത്തിനിരയായെന്നും കണ്ടെത്തിയിരുന്നു. പ്രതികളടക്കം മൂന്നുപേർ ജീവനൊടുക്കിയതായി കണ്ടെത്തിയെങ്കിലും ഭരിക്കുന്നവരാരും രാജിവച്ചില്ല. കർണാടകത്തിൽ പ്രജ്വൽ രേവണ്ണ എന്ന ജനതാദൾ-എസ് നേതാവ് എത്ര പേരെ ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് ഇതുവരെ കണക്കെടുക്കാനായിട്ടില്ല.
അയാളെ സംരക്ഷിക്കാൻ ബിജെപി നേതൃത്വം ഇടപെട്ടെന്ന റിപ്പോർട്ടുകളുമുണ്ടായിരുന്നു. ആരും രാജിവച്ചിട്ടില്ല. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ഇതൊക്കെ ആവർത്തിക്കുകയാണ്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ 2022ലെ കണക്കനുസരിച്ച് ദിവസം ശരാശരി 80 ബലാത്സംഗങ്ങൾ നടക്കുന്ന രാജ്യമാണ് നമ്മുടേത്.
റിപ്പോർട്ട് ചെയ്യപ്പെടാത്ത എത്രയോ കേസുകൾ വേറെയുണ്ടാകും. പ്രക്ഷോഭങ്ങൾ നടക്കുന്നത് വിരലിലെണ്ണാവുന്ന കേസുകളിൽ മാത്രമാണ്. രാഷ്ട്രീയ നേതാക്കൾക്കും പ്രമുഖർക്കുമെതിരേ കേസ് നടത്തുന്നത് പിന്നാക്കക്കാർക്കും പാവങ്ങൾക്കുമൊന്നും ഒട്ടും എളുപ്പമല്ലെന്നതാണ് യാഥാർഥ്യം.
സ്ത്രീകളോടുള്ള ക്രൂരതകൾ നിയന്ത്രിക്കണമെങ്കിൽ കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങളിൽനിന്നു രാഷ്ട്രീയക്കാർ നിരുപാധികം പിന്മാറുകയാണ് ആദ്യം വേണ്ടത്. സ്ത്രീശക്തീകരണത്തിന് അതിലും വലിയ ഉപാധികളില്ല. സ്ത്രീകളെ ബഹുമാനിക്കാനും തുല്യരായി കാണാനുമുള്ള പരിശീലനം വിദ്യാഭ്യാസത്തിൽ നിർബന്ധമാക്കുകയും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ പോലീസിനെ പ്രാപ്തരാക്കുകയും ചെയ്യണം.
മയക്കുമരുന്നുപയോഗിക്കുന്നവരെയും സ്ഥിരം കുറ്റവാളികളെയും ബലാത്സംഗക്കേസുകളിൽ ജാമ്യത്തിലിറങ്ങുന്നവരെയും കർശനമായി നിരീക്ഷണത്തിലാക്കണം. സ്ത്രീകളെയല്ല അവരെ പീഡിപ്പിക്കുകയും അടിച്ചമർത്തുകയും ചെയ്യുന്ന പുരുഷന്മാരെയും അവരുമായി സന്പർക്കം പുലർത്തുന്ന രാഷ്ട്രീയക്കാരെയുമാണ് ആദ്യം ശക്തീകരിക്കേണ്ടത്.