തീരാദുരിതങ്ങളുടെ തീരദേശം
Thursday, June 27, 2019 11:34 PM IST
തീരദേശത്തെ ജനങ്ങളുടെ തീരാദുരിതങ്ങൾ ആരോടു പറയാൻ? അവരുടെ പ്രശ്നങ്ങളും ക്ലേശങ്ങളും ഓരോ വർഷവും മാധ്യമങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ പെടുത്താറുണ്ട്. പക്ഷേ, പൊള്ളയായ കുറെ വാഗ്ദാനങ്ങളും പ്രയോജനമില്ലാത്ത പുകഴ്ത്തലുകളും മാത്രമാണ് അധികാരികളിൽനിന്നു ലഭിക്കുക. കഴിഞ്ഞ ഓഗസ്റ്റിലെ പ്രളയത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തിയ രക്ഷാപ്രവർത്തനങ്ങളെ പ്രകീർത്തിക്കാത്തവരില്ല. സ്വന്തം ജീവനോപാധികൾ കൊണ്ടാണവർ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിച്ചത്. രക്ഷാപ്രവർത്തനത്തിൽ അവരുടെ വള്ളങ്ങൾക്കും മറ്റുമുണ്ടായ കേടുപാടുകൾ തീർത്തുകൊടുക്കാൻ പോലും ആളുണ്ടായില്ല.
ഈ വർഷം മഴ കാര്യമായി ഉണ്ടായില്ലെങ്കിലും ഏതാനും ദിവസം കടൽ പ്രക്ഷുബ്ധമായിരുന്നു. അതിന്റെ ആഘാതം കേരളതീരത്ത് ഉടനീളം കാണാം. തീരദേശ ജനതയുടെ ദുരിതങ്ങളുടെ യഥാർഥ ചിത്രമാണ് “ആറടി മണ്ണും കടലെടുക്കുന്പോൾ’’ എന്ന പരന്പരയിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ ദീപിക വരച്ചുകാട്ടിയത്.
ഏതു പ്രതിസന്ധിയെയും നേരിടാൻ നൈസർഗികമായ ചങ്കൂറ്റമുള്ള ജനതയാണു നമ്മുടെ തീരദേശത്തുള്ളത്. എന്നാൽ, സുനാമിയും ഓഖിയും പലപ്പോഴായി ഉണ്ടായ കടൽക്ഷോഭങ്ങളും അവർക്കുണ്ടാക്കിയ നാശനഷ്ടങ്ങൾ തുല്യതയില്ലാത്തതാണ്. സുനാമിയിൽ വീട് നഷ്ടപ്പെട്ടവർക്കു സർക്കാരും സന്നദ്ധ സംഘടനകളും നിർമിച്ചുകൊടുത്ത വീടുകളിൽ പലതും പിന്നീടു കടലാക്രമണത്തിൽ നശിച്ചു.
ട്രോളിംഗ് നിരോധന കാലമാണിപ്പോൾ. മത്സ്യസന്പത്തു സംരക്ഷിക്കാനുള്ള ഈ ശ്രമം എത്രമാത്രം ഫലപ്രദമാകുന്നുണ്ടെന്ന സംശയം പലരുമുയർത്തുന്നു. തീരദേശത്തെ കുറെ മനുഷ്യരെ പട്ടിണിക്കിടുന്നതുമാത്രമാണോ ഇതിന്റെ പ്രയോജനം? നമ്മുടെ തീരത്തു മത്സ്യസന്പത്തു വൻതോതിൽ കുറഞ്ഞുവരുന്നതിന്റെ ഉത്തരവാദികൾ മത്സ്യത്തൊഴിലാളികളല്ല. അവരാണു യഥാർഥത്തിൽ മത്സ്യ സന്പത്തിന്റെ സംരക്ഷണം ആത്മാർഥമായി ആഗ്രഹിക്കുന്നവർ.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 600 കിലോമീറ്ററോളം തീരമുണ്ടു കേരളത്തിന്. ഈ തീരം കേരളത്തിന്റെ സാന്പത്തിക സുസ്ഥിതിക്കു കൂടി മുതൽക്കൂട്ടാകേണ്ടതാണ്. തീരത്ത് 50 മീറ്ററിനുള്ളിൽ താമസിക്കുന്ന ഇരുപതിനായിരത്തോളം കുടുംബങ്ങളുണ്ട്. കടൽ മാത്രമാണവരുടെ ആശ്രയം. കരയ്ക്കുള്ളവർ അവരുടെ ദയനീയ സ്ഥിതി മനസിലാക്കുന്നില്ല. തീരം വിട്ടുപോരാൻ ഉപദേശിക്കുന്നവർ അവർക്കു ജീവിതമാർഗം കാട്ടിക്കൊടുക്കുകയെങ്കിലും ചെയ്യണം. വലിയ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നവരുടെ വാക്കു കേട്ടിരുന്നാൽ വയറ്റിലേക്കൊന്നും പോകില്ലെന്ന് അനുഭവങ്ങളിൽനിന്ന് അവർ പഠിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അവർ കടലിനെ ആശ്രയിക്കുന്നതും പലപ്പോഴും ജീവൻ പണയം വച്ച് പ്രക്ഷുബ്ധ സമുദ്രത്തിലേക്കു വഞ്ചിയിറക്കുന്നതും.
കഴിഞ്ഞ വർഷം കടലാക്രമണത്തിൽ വീടു നഷ്ടപ്പെട്ട പലരും ഇപ്പോഴും വീടില്ലാതെ കഴിഞ്ഞുകൂടുന്നുണ്ട്. അവരെപ്പറ്റി ആരെങ്കിലും ചിന്തിക്കുന്നുണ്ടോ? ആലപ്പുഴ മെഡിക്കൽ കോളജിലെ ഒരു ഹാളാണ് ഒന്പതു കുടുംബങ്ങൾക്ക് ഇപ്പോഴും വീട്. ആദ്യം അവിടെ വന്നവരിൽ കുറെപ്പേർ സഹായം വാങ്ങി തീരത്തേക്കു തന്നെ മടങ്ങി. പലരും കുടിലുകളിലാണു കഴിയുന്നത്. ബാക്കിയുള്ളവർക്കു കിട്ടിയ സഹായം വീടുവയ്ക്കാനൊരു തുണ്ടു ഭൂമിക്കുപോലും തികഞ്ഞില്ല.
തീരത്തിന്റെ സംരക്ഷണം തീരദേശവാസികളുടെ മാത്രം ആവശ്യമല്ല. അവരാണ് അതിന്റെ പ്രഥമ ഗുണഭോക്താക്കളെങ്കിലും തീരം രാജ്യത്തിന്റെ അതിർത്തികൂടിയാണ്. അതിന്റെ സംരക്ഷണം രാജ്യസംരക്ഷണത്തിന്റെ ഭാഗമാണ്. തന്ത്രപ്രധാനമായ പ്രദേശമാണു തീരം. കടൽഭിത്തി നിർമിച്ചു തീരം സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ, മുടക്കിയ പണം മുഴുവൻ പോയിട്ട് ഒരു വിഹിതംപോലും അവിടെ എത്തിയിട്ടില്ല. കടലിൽ കല്ലിട്ടപോലെയായി അവ. കടൽഭിത്തി നിർമാണത്തിനു ടെണ്ടർ വിളിച്ചാൽ വരാൻ ആളില്ലാത്ത അവസ്ഥയാണിപ്പോൾ. ഇറിഗേഷൻ വകുപ്പാണിതിനു പണം കൊടുക്കേണ്ടത്. അതു നേരത്തും കാലത്തും കിട്ടാത്തതുകൊണ്ടു കരാറുകാർ താത്പര്യം കാട്ടുന്നില്ല.
തീരദേശത്ത് എന്തു നിർമാണപ്രവർത്തനം നടത്തിയാലും അതിനു പ്രത്യാഘാതങ്ങളുണ്ടാകും. അതുകൊണ്ടാണു തീരദേശ പരിപാലനനിയമം കൊണ്ടുവന്നത്. പക്ഷേ, നിയമം അതിന്റെ ലക്ഷ്യം സാധിച്ചോ? ഇല്ലെന്നാണ് അനുഭവം. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വീടു വയ്ക്കണമെങ്കിൽ നിയമം കർശനമാകും. പക്ഷേ, റിസോർട്ടുകളാകുന്പോൾ നിയമമൊക്കെ വഴിമാറി നിൽക്കും. ദേശീയപാതയിൽനിന്നുള്ള ദൂരം, ജനസാന്ദ്രത എന്നിവയൊക്കെ പരിശോധിച്ചാണു വീടുകൾക്ക് അനുമതി നൽകുന്നത്. തീരത്തുനിന്ന് 200 മീറ്റർ അകത്തേക്കു മാറ്റിയാണു വീടുകൾ വയ്ക്കേണ്ടതെന്നു പറയുന്നു. പക്ഷേ, തീരത്തുനിന്ന് ഏറെ അകത്തേക്കു മാറുന്പോൾ തൊഴിൽ ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
പല പദ്ധതികളും തീരശോഷണത്തിനു വഴിയൊരുക്കുന്നുണ്ട്. ഇതിനെ ശാസ്ത്രീയമായി പരിഹരിക്കാൻ കഴിയണം. മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ നിർമാണം, വിഴിഞ്ഞം തുറമുഖ നിർമാണം എന്നിവയൊക്കെ തീരശോഷണത്തിനു വഴിയൊരുക്കും. അവിടെയൊക്കെ കടൽഭിത്തിയോ മറ്റു സുരക്ഷാ സംവിധാനങ്ങളോ ഉണ്ടാവണം. ചാവക്കാടു പ്രദേശത്ത് കഴിഞ്ഞയാഴ്ചയും കനത്ത കടലാക്രമണം ഉണ്ടായി. നാൽപതു വർഷം മുന്പു തുടങ്ങിയതാണവിടത്തെ കടൽഭിത്തി നിർമാണം. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. കൊടുങ്ങല്ലൂർ മേഖലയിലെ തീരദേശത്തുനിന്നു കടലാക്രമണം ഭയന്നു പലായനം ചെയ്തവരുടെ സ്ഥിതി എന്താണെന്ന് ആരെങ്കിലുമൊക്കെ അന്വേഷിക്കേണ്ടതല്ലേ? കോഴിക്കോട് ജില്ലയിലെ 85 കിലോമീറ്റർ ദൈർഘ്യമുള്ളകടലോരം എത്രയോ പേരുടെ ജീവിതത്തിന് ആധാരമാണ്. എല്ലാ കാലവർഷക്കാലത്തും അവിടെ ദുരിതമഴ പെയ്യുന്നു.
കണ്ണൂർ ജില്ലയിലെ തയ്യിൽ, മൈതാനപ്പള്ളി, ഏഴര, അഴീക്കോട് എന്നിവിടങ്ങളിൽ ഓരോ വർഷം കഴിയുന്പോഴും കടലാക്രമണത്തിന്റെ ശക്തി കൂടുകയാണ്.
ദീർഘവീക്ഷണത്തോടെ തീരസംരക്ഷണം ഉറപ്പാക്കുകയെന്നതു പ്രധാനമാണ്. തീരങ്ങളിൽ ജീവിക്കുന്നവർക്കു കൈത്താങ്ങാകാൻ സർക്കാരിനു കഴിയണം. സന്നദ്ധസംഘടനകളും മറ്റും സഹായങ്ങൾ നൽകുന്നുണ്ട്. പക്ഷേ, സർക്കാർ സ്വന്തം ഉത്തരവാദിത്വം മറക്കരുത്.