സൈബർ കുറ്റവാളികളെ ഒതുക്കിയേ തീരൂ
Wednesday, October 4, 2023 12:19 AM IST
ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ ജീവിതത്തെ കൂടുതൽ എളുപ്പമുള്ളതും സൗകര്യപ്രദവും ലാഭകരവുമാക്കിയിട്ടുണ്ട്. പക്ഷേ, സ്വസ്ഥതയും സുരക്ഷിതത്വവും അതോടൊപ്പം സൗജന്യമായി ലഭിക്കില്ല. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നവർക്കു ധാർമികതയും മൂല്യബോധവുമില്ലെങ്കിൽ അപരനെ ചൂഷണം ചെയ്യാൻ ഏതറ്റം വരെയും പോയെന്നുവരാം.
സൈബർ ഭീഷണിയെത്തുടർന്ന് കോഴിക്കോട്ട് പ്ലസ് വൺ വിദ്യാർഥി ജീവനൊടുക്കിയത് അതീവഗൗരവത്തിലെടുക്കേണ്ട കാര്യമാണ്. വീടുകളിലോ സ്ഥാപനങ്ങളിലോ കയറാതെ തന്നെ ജനങ്ങളെ ആക്രമിക്കാനും കൊള്ളയടിക്കാനുമുള്ള സൈബർ കുറ്റവാളികളുടെ ശ്രമങ്ങൾ വിജയകരമായി തുടരുകയാണ്. നിർമിതബുദ്ധി(എഐ)യുടെ കാലത്ത് ആപത്ത് മലവെള്ളപ്പാച്ചിൽ പോലെയാകാനാണു സാധ്യത. ഒരു ഫോട്ടോയുണ്ടെങ്കിൽ ആ വ്യക്തിയുടെ അശ്ലീലചിത്രമോ വീഡിയോയോ നിർമിതബുദ്ധിയുപയോഗിച്ച് മികവോടെ നിർമിക്കാമെന്നത് ദുരന്തമാകാനിടയുണ്ട്. സാങ്കേതികവിദ്യ ശാസ്ത്രജ്ഞർ മാത്രമല്ല കൈകാര്യം ചെയ്യുന്നത്; കുറ്റവാളികൾകൂടിയാണ്. കുതിക്കുന്ന സാങ്കേതികവിദ്യക്കൊപ്പം കുറ്റാന്വേഷണരംഗവും പരിഷ്കരിക്കപ്പെട്ടില്ലെങ്കിൽ കുതിച്ചുയരുന്നത് ഇരകളുടെ എണ്ണമായിരിക്കും.
ലാപ്ടോപിൽ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് കോഴിക്കോട്ടെ പ്ലസ് വൺ വിദ്യാർഥിക്ക് പണം ആവശ്യപ്പെട്ടുള്ള ഭീഷണിസന്ദേശമെത്തിയത്. നാഷണൽ ക്രൈം റിക്കാർഡ്സ് ബ്യൂറോ (എൻസിആർബി) യുടേതിന് സാമ്യമുള്ള വ്യാജ സൈറ്റിൽനിന്നാണ് 33,900 രൂപ അടയ്ക്കണമെന്ന ഭീഷണി വന്നത്. എൻസിആർബിയുടെ ലോഗോ ഉൾപ്പെടെ സൈറ്റിൽ ഉപയോഗിച്ചിരുന്നു. ആറു മണിക്കൂറിനുള്ളിൽ പണം നൽകിയില്ലെങ്കിൽ പോലീസിൽ വിവരം അറിയിക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. തുടർന്ന് വിദ്യാർഥി കുറിപ്പ് എഴുതിവച്ചതിനുശേഷം ജീവനൊടുക്കി. ഇത്തരം ഭീഷണികൾ ആദ്യമായിട്ടല്ല. പണം കൊടുത്തവരും, ഭീഷണി വകവയ്ക്കാതെ ലാപ്ടോപ് ഫോർമാറ്റ് ചെയ്ത് വീണ്ടും ഉപയോഗിച്ചവരുമുണ്ട്. ചിലപ്പോൾ അശ്ലീല സൈറ്റുകളുടെ ലിങ്കിൽ കയറുന്പോഴാകാം ഇത്തരം മെസേജുകൾ വരുന്നത്. അപമാനഭയം ചൂഷണം ചെയ്താണ് ഹാക്കർമാർ പണമുണ്ടാക്കുന്നത്. മോസ്കോയിലുള്ള കന്പനിയുടെ സർവീസ് പ്രൊവൈഡറുപയോഗിച്ചാണ് കോഴിക്കോട് സംഭവത്തിൽ കുറ്റവാളികൾ വ്യാജ വെബ്സൈറ്റ് തയാറാക്കിയതെന്നു കണ്ടെത്തിയിട്ടുണ്ട്. കേരള പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്.
ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ ജീവിതത്തെ കൂടുതൽ എളുപ്പമുള്ളതും സൗകര്യപ്രദവും ലാഭകരവുമാക്കിയിട്ടുണ്ട്. പക്ഷേ, സ്വസ്ഥതയും സുരക്ഷിതത്വവും അതോടൊപ്പം സൗജന്യമായി ലഭിക്കില്ല. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നവർക്കു ധാർമികതയും മൂല്യബോധവുമില്ലെങ്കിൽ അപരനെ ചൂഷണം ചെയ്യാൻ ഏതറ്റം വരെയും പോയെന്നുവരാം. വിദ്യാഭ്യാസരംഗത്തുൾപ്പെടെ ധാർമികതയും മൂല്യങ്ങളുമൊക്കെ ആവശ്യമില്ലെന്നു പ്രഖ്യാപിക്കുന്ന ലോകത്തിന്റെ ഭാവി അപകടസാധ്യതയേറിയതാണ്.
സാങ്കേതികവിദ്യയിലെ വിപ്ലവമാണ് നിർമിതബുദ്ധി. അതിപ്പോൾ മനുഷ്യനു കൂടുതൽ ബുദ്ധിയുപദേശിക്കുകയും ജോലികൾ കൂടുതൽ മികവോടെ ചെയ്തുകൊടുക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ, ആ മികവ് നഗ്നവീഡിയോകൾ നൊടിയിടയിൽ സൃഷ്ടിക്കുന്നതിലും എഐ കാണിച്ചു. സ്വയം ആസ്വദിക്കുന്നില്ലെങ്കിലും അശ്ലീല വീഡിയോകൾ ഒരു ക്ലാസിക്കൽ മൂവിയോ വിജ്ഞാനചിത്രമോ പോലെ മികവോടെ തയാറാക്കി അതു തന്റെ ബോസിനു കൊടുക്കുന്നു. മൂല്യബോധമില്ലാത്ത ആ കുറ്റവാളി അത് പണമുണ്ടാക്കാനും സ്ത്രീയെ വരുതിയിലാക്കാനും ശത്രുവിനെ ഉപദ്രവിക്കാനും ഉപയോഗിക്കുന്നു.
സാധാരണക്കാരുടെയും സിനിമാ താരങ്ങളുടെയും ഫോട്ടോകളുപയോഗിച്ചുള്ള അശ്ലീല വീഡിയോകൾ ഇന്ത്യയിലും പുറത്തിറങ്ങി. എഐ ഉപയോഗിച്ച് അശ്ലീല വീഡിയോകൾ നിർമിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മുംബൈയിലെ പാൽഘറിൽ കഴിഞ്ഞ ഓഗസ്റ്റിൽ അറസ്റ്റിലായത് പോലീസ് ഉദ്യോഗസ്ഥന്റെ മക്കളാണ്. ഡീപ്ഫേക്ക് സംവിധാനമാണ് ഇതിനുപയോഗിക്കുന്നത്. ഈ വിധത്തിൽ സൃഷ്ടിക്കപ്പെടുന്നതിൽ 96 ശതമാനവും ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്ന് നെതർലാൻഡ്സിലെ സെക്യൂരിറ്റി സ്ഥാപനം ഡീപ് ട്രൈസ് തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. എഐക്കുവേണ്ടി നടത്തിയ ഗവേഷണങ്ങളിൽ താൻ പശ്ചാത്തപിക്കുന്നുവെന്നാണ് നിർമിതബുദ്ധിയുടെ തലതൊട്ടപ്പനെന്ന് അറിയപ്പെടുന്ന ജഫ്രി ഹിന്റൺ കഴിഞ്ഞ മേയിൽ പറഞ്ഞത്. നിലവിൽ അതു മനുഷ്യബുദ്ധിയ വെല്ലുവിളിക്കുന്നില്ലെങ്കിലും ഭാവിയിൽ അതായിരിക്കില്ല സ്ഥിതിയെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.
ഇപ്പോഴത്തെ അശ്ലീല വീഡിയോ നിർമാണവും സാന്പത്തിക കുറ്റകൃത്യങ്ങളുമൊക്കെ മഞ്ഞുമലയുടെ ഒരംശം പോലും ആയിരിക്കില്ല. സർക്കാരും സാങ്കേതിക വിദഗ്ധരും മാത്രമല്ല, ഇരകളാകാനിടയുള്ളവരെന്ന നിലയിൽ ഓരോ വ്യക്തിയും ജാഗരൂകരാകണം. ഒരു സൈബർ കുറ്റവാളിയെ പേടിച്ച് ഒടുക്കേണ്ടതല്ല ജീവിതം. നിർമിതബുദ്ധിയെ കൂട്ടുപിടിക്കുന്ന കുറ്റവാളികളെ നേരിടാൻ സ്വാഭാവികബുദ്ധി ഉപയോഗിക്കുകയേ വേണ്ടൂ. നവീകരിച്ച സൈബർ കുറ്റാന്വേഷണ സംവിധാനങ്ങളിലൂടെ ജനങ്ങൾക്കു സുരക്ഷിതത്വബോധം നൽകാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് സർക്കാർ മറക്കരുത്. നിർമിതബുദ്ധി സ്വർഗം സൃഷ്ടിക്കുന്പോൾ സമാന്തരമായി പിറവിയെടുക്കുന്ന നരകങ്ങളെ കണ്ടില്ലെന്നു നടിക്കരുത്.