അതിതീവ്ര മഴ തുടരും; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്
Sunday, May 25, 2025 6:29 AM IST
തിരുവനന്തപുരം: പതിവു തെറ്റിച്ച് എട്ടു ദിവസം മുൻപുതന്നെ കേരളത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷമെത്തി. ശനിയാഴ്ച മുതൽ സംസ്ഥാനത്ത് കാലവർഷത്തിന്റെ ഭാഗമായുള്ള മഴ ലഭിച്ചുതുടങ്ങിയതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ദിവസങ്ങളായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ തീവ്രമഴ തുടരുകയാണ്. ബുധനാഴ്ച വരെ സംസ്ഥാനത്ത് മഴ അതിശക്തമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
ഇന്ന് അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും മറ്റു ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇവിടങ്ങളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 24 മണിക്കൂറിൽ 20 സെന്റിമീറ്ററിനു മുകളിലുള്ള കനത്ത മഴയ്ക്കാണു സാധ്യത.
ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട മറ്റു ജില്ലകളിൽ 20 സെന്റിമീറ്റർ വരെയുള്ള തീവ്രമഴയ്ക്കും സാധ്യതയുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനം ശക്തമായി തുടരുന്നതിനാലാണ് കേരളത്തിൽ മഴ കനക്കുന്നത്. ചൊവ്വാഴ്ചയോടെ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും ഇതിന്റെ സ്വാധീനവും കേരളത്തിൽ വരും ദിവസങ്ങളിൽ കനത്തമഴയ്ക്കു കാരണമാകാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.