ചെരിഞ്ഞ കപ്പല്‍ മുങ്ങുന്നു, കൂടുതല്‍ കണ്ടെയ്നറുകള്‍ കടലില്‍ വീണു; ക്യാപ്റ്റനടക്കമുള്ളവരെ രക്ഷപെടുത്തി
Sunday, May 25, 2025 9:22 AM IST
കൊച്ചി: അറബിക്കടലിൽ അപകടത്തിൽപെട്ട എംഎസ്സി എൽസ-3 കപ്പൽ മുങ്ങുന്നു. കപ്പലിൽ നിന്ന് കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണു. കപ്പലിനുള്ളിലേക്ക് വെള്ളം കയറുന്നുണ്ട്. കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റനടക്കം മൂന്ന് ജീവനക്കാരെ നാവികസേന ഐഎൻഎസ് സുജാതയിലേക്ക് മാറ്റി. കപ്പലിന് വളരെ അടുത്തായി ഐഎന്‍എസ് സുജാത ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്.
കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററും നാവിക സേനയുടെ കപ്പലുകളും രക്ഷാദൗത്യത്തിനുണ്ട്. കപ്പൽ കമ്പനിയുടെ ഒരു മദർ ഷിപ്പ് കൂടി അപകടം സംഭവിച്ച കപ്പലിന് അടുത്തെത്തി. കപ്പൽ നിവർത്താനും കണ്ടെയ്നറുകൾ മാറ്റാനും മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ ഒരു കപ്പലും എത്തിയിട്ടുണ്ട്.
കപ്പലിനെ കെട്ടിവലിക്കാന്‍ സാധിക്കുമോ എന്ന് ഉറപ്പുവരുത്തുന്നതിനായുള്ള വിദഗ്ധ വിലയിരുത്തലുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് കപ്പല്‍ മുങ്ങാന്‍ തുടങ്ങിയത്.
കൂടുതൽ കണ്ടെയ്നറുകൾ കടലിൽ വീണാൽ തീരത്ത് വലിയ അപകടമുണ്ടായേക്കുമെന്ന ഭീതിയും ഉയരുന്നുണ്ട്. കടലിൽ വീണ കണ്ടെയ്നറുകൾ എറണാകുളം, അലപ്പുഴ തീരത്ത് എത്താനാണ് കൂടുതൽ സാധ്യതയെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. കൊല്ലം, തിരുവനന്തപുരം തീരത്ത് എത്താൻ വിദൂര സാധ്യതയുണ്ട്. ഇന്ന് ഉച്ചയോടെ കണ്ടെയ്നറുകൾ തീരത്ത് അടുത്തേക്കും. കണ്ടെയ്നറിൽ എന്താണെന്ന വിവരം അധികൃതർ പുറത്തുവിട്ടിട്ടില്ല. സൾഫർ കലർന്ന ഇന്ധനമാണെന്ന് സൂചനയുണ്ട്.
കണ്ടെയ്നറുകൾ കേരള തീരത്ത് അടിഞ്ഞാൽ ആരും അടുത്തേക്ക് പോകരുതെന്ന് മുന്നറിയിപ്പുണ്ട്. 112 ലേക്ക് ഉടൻ വിളിച്ച് വിവരം പറയാനും നിർദേശമുണ്ട്.