നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജൂണ്‍ 19ന്; വോട്ടെണ്ണല്‍ 23ന്
Sunday, May 25, 2025 9:47 AM IST
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജൂൺ 19നാണ് വോട്ടെടുപ്പ് നടക്കുക. ജൂൺ 23നാണ് വോട്ടെണ്ണൽ. പി.വി. അൻവർ രാജിവച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ചയുണ്ടാകും. ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
നാല് സംസ്ഥാനങ്ങളിലെ അഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഗുജറാത്ത്, പഞ്ചാബ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പമാണ് കേരളത്തിലെയും ഉപതെരഞ്ഞെടുപ്പ് തീയതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നാവശ്യപ്പെട്ട് പി.വി. അൻവർ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. അതേസമയം, വോട്ടെടുപ്പിന് ഇനി 25 ദിവസം മാത്രം ശേഷിക്കേ പാർട്ടികൾക്ക് ഉടൻ തന്നെ സ്ഥാനാർഥികളെ നിശ്ചയിക്കേണ്ട സാഹചര്യമാണ്.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല നേരത്തെ എ.പി. അനിൽകുമാറിന് നൽകിയിരുന്നു. അതേസമയം, നിലമ്പൂർ മണ്ഡലത്തിൽ സിപിഎമ്മിന്റെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല എം. സ്വരാജിനാണ്.