സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടങ്ങൾ
Sunday, May 25, 2025 2:07 PM IST
തിരുവനന്തപുരം: ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വ്യാപക നാശനഷ്ടങ്ങള്‍. ശനിയാഴ്ച രാത്രിയോടെ താമരശേരി ചുരത്തില്‍ മരം റോഡിലേക്ക് വീണ് ഗതാഗത തടസമുണ്ടായി. മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങിക്കിടുന്നു.
കോഴിക്കോട്- മലപ്പുറം ജില്ലാ അതിര്‍ത്തിയായ വാലില്ലാപുഴയില്‍ വീടിനു മുകളില്‍ അടുത്ത വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നുവീണു ഒന്നര മാസം പ്രായമായ കൈകുഞ്ഞിനു പരിക്കേറ്റു. ഒളിപാറമ്മല്‍ അജിയുടെയും അലീനയുടെയും മകള്‍ അന്‍ഹ (ഒന്നര മാസം ) ക്കാണ് പരിക്ക്. ഇന്ന് പുലര്‍ച്ചെയാണ്അപകടം. കുഞ്ഞിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞു. രാത്രി ഉണ്ടായ ശക്തമായ മഴയെ തുടർന്ന് തോട്ടിൽ ജലമൊഴുക്ക് വർധിച്ചതാണ് തീരം ഇടിയുന്നതിന് കാരണമായത്. ഇതോടെ തീരത്തെ ക്വാർട്ടേഴ്സിലെ താമസക്കാരായ നാലു കുടുംബത്തിലെ 14 പേരെ മാറ്റി താമസിപ്പിച്ചു.
മലപ്പുറം മുസ്ലിയാരങ്ങാടിയില്‍ സംസ്ഥാന പാതയില്‍ മഴയിലും, കാറ്റിലും കാറിന് മുകളില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. റോഡിലേക്ക് ചാഞ്ഞുനിന്നിരുന്ന ബദാം മരമാണ് വീണത്. ആര്‍ക്കും പരിക്കില്ല.
വയനാട്ടിൽ കനത്ത മഴയ്ക്കൊപ്പമെത്തിയ ശക്തമായ കാറ്റിൽ മരക്കൊമ്പ് പൊട്ടിവീണ് വിദ്യാർഥിനിക്ക് പരുക്കേറ്റു. കേണിച്ചിറ പുരമടത്തിൽ സുരേഷിന്റെ മകൾ നമിതക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെ സുൽത്താൻബത്തേരി എടത്തറ ഓഡിറ്റോറിയത്തിന് സമീപത്താണ് അപകടമുണ്ടായത്. വാഹനമിറങ്ങി നടന്നുപോകുന്നതിനിടെ പാതയോരത്ത് നിന്നിരുന്ന പൂമരത്തിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. കാലിന് പരിക്കേറ്റ നമിതയെ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് പത്തിരിപ്പാലയില്‍ ബസിന് മുകളില്‍ മരം കടപുഴകി വീണു. ആര്‍ക്കും പരിക്കില്ല. നെല്ലിയാമ്പതിയില്‍ തുത്തന്‍പാറയിലേക്കുള്ള വഴിയില്‍ മരം വീണ് വിനോദ സഞ്ചാരികള്‍ കുടുങ്ങി. വനം വകുപ്പ് ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.
പത്തനംതിട്ട ജില്ലയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും പമ്പ ചാലക്കയം റോഡിലും വടശേരിക്കര ചിറ്റാർ റോഡിലും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു. പ്ലാപ്പള്ളി ആങ്ങമൂഴി റോഡിൽ മരം കാറിനു മുകളിൽ വീണു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലയോര മേഖലയിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനമുണ്ട്. ശബരിമല പാതയില്‍ ശക്തമായ കാറ്റില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു. കണമല മുതല്‍ ഇലവുങ്കല്‍ വരെയാണ് മരങ്ങള്‍ വീണത്.
തൃശൂര്‍ മുനക്കല്‍ ബീച്ചില്‍ ശക്തമായ കാറ്റില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് നാശം. കാറ്റില്‍ വ്യാപാര സ്ഥാപനങ്ങളുടെ ഓടുകള്‍ പറന്നുപോയി. ചെറുതുരുത്തിയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുകളിൽ മരം ഒടിഞ്ഞുവീണു. ചെറുതുരുത്തി കലാമണ്ഡലത്തിന് സമീപമുള്ള റെയില്‍വേ പാലത്തിലാണ് അപകടമുണ്ടായത്. ജാംനഗറിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ജാം ടെൻ എക്സ്പ്രസിന്റെ സെക്കൻഡ് ക്ലാസ് ബോഗികളുടെ മുകളിലേക്കാണ് മരം വീണത്.
മരം വീഴുന്നത് കണ്ട ലോക്കോ പൈലറ്റ് ട്രെയിനിന്റെ വേഗം കുറച്ചതിനാല്‍ വൻ അപകടം ഒഴിവായി. തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. മരം പൂര്‍ണമായി മുറിച്ചു മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല.
ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത മഴയില്‍ മതില് ഇടിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. മുനമ്പം ഹാര്‍ബറിനകത്ത് മരം വീണ് അഞ്ചോളം വാഹനങ്ങള്‍ തകര്‍ന്നു.
ഇടുക്കി രാജകുമാരിയിൽ വീടിന് മുകളിലേക്ക് മരം വീണു. രാജകുമാരി പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന പാറയ്ക്കൽ മേരിയുടെ വീടിന് മുകളിലേയ്ക്കാണ് മരം വീണത്. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
പാമ്പാടുംപാറയിൽ മരം വീണ് പരിക്കേറ്റ തൊഴിലാളി സ്ത്രീ മരിച്ചു. മധ്യപ്രദേശ് സ്വദേശി മാലതി (21) ആണ് മരിച്ചത്. മാലതിയും ഭർത്താവും ഏലതോട്ടത്തിൽ നിന്നും വിറക് ശേഖരിയ്ക്കുന്നതിനിടെ മരം ഒടിഞ്ഞു വീഴുകയായിരുന്നു. മുറിഞ്ഞപുഴയ്ക്ക് സമീപം ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗത തടസമുണ്ടായി.