തകർത്തടിച്ച് കോണ്‍വേയും ബ്രെവിസും ; ഗുജറാത്തിന് 231 റൺസ് വിജയലക്ഷ്യം
Sunday, May 25, 2025 5:44 PM IST
അഹമ്മദാബാദ്: ഐപിഎല്ലിൽ ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് 231 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 230 റൺസെടുത്തത്.
ഡെവോണ്‍ കോണ്‍വേയും (52), ഡെവാള്‍ഡ് ബ്രെവിസും (57) അര്‍ധസെഞ്ചുറി നേടി തിളങ്ങി. അവസാന ഓവറുകളിൽ ബൗണ്ടറി മഴ പെയ്യിച്ച ബ്രെവിസ് 23 പന്തിൽ അഞ്ച് സിക്സും നാലു ഫോറും സഹിതം 57 റൺസെടുത്ത് അവസാന പന്തിൽ പുറത്തായി.
ചെന്നൈയ്ക്ക് മിന്നുന്ന തുടക്കം സമ്മാനിച്ച യുവ ഓപ്പണർ ആയുഷ് മാത്രെ 17 പന്തിൽ മൂന്നു സിക്സും ഫോറും സഹിതം 34 റൺസെടുത്തു. ശിവം ദുബെ എട്ടു പന്തിൽ രണ്ടു സിക്സറുകളുടെ അകമ്പടിയോടെ 17 റൺസെടുത്തു.
രവീന്ദ്ര ജഡേജ 18 പന്തിൽ ഓരോ സിക്സും ഫോറും സഹിതം 21 റൺസോടെ പുറത്താകാതെ നിന്നു. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ രണ്ടും സായ് കിഷോറും റാഷിദ് ഖാനും ഷാറൂഖ് ഖാനും ഓരോ വിക്കറ്റ് സ്വന്തമാക്കി.