ഗുജറാത്ത് തകർന്നടിഞ്ഞു; ജയത്തോടെ മടങ്ങി ധോണിപ്പട
Sunday, May 25, 2025 7:51 PM IST
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ അവസാന പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് തകർപ്പൻ ജയം. ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനെ 83 റണ്‍സിന് വീഴ്ത്തിയാണ് ധോണിയും സംഘവും മടങ്ങുന്നത്.
സ്കോർ: ചെന്നൈ 230/5 ഗുജറാത്ത് 147 (18.3). ചെന്നൈ ഉയർത്തിയ 231 റൺസിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 147 റൺസ് നേടാനെ സാധിച്ചുള്ളൂ. പവര്‍ പ്ലേ അവസാനിക്കും മുമ്പ് തന്നെ ഗുജറാത്തിന് മൂന്ന് വിക്കറ്റുകൾ നഷ്ടമായിരുന്നു.
ഒരു ഘട്ടത്തിൽ 85ന് ആറ് എന്ന നിലയിൽ തകര്‍ന്ന ഗുജറാത്തിനെ മുന്നോട്ട് കൊണ്ടുപോകാൻ രാഹുൽ തെവാതിയയും റാഷിദ് ഖാനും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.16-ാം ഓവറിൽ രാഹുൽ തെവാതിയായെ (14) നൂര്‍ അഹമ്മദ് മടക്കിയയച്ചതോടെ ഗുജറാത്തിന്റെ പ്രതീക്ഷകൾ പൂര്‍ണമായി അസ്തമിച്ചു.
വാലറ്റത്ത് അര്‍ഷാദ് ഖാന് ചില മിന്നലാക്രമണങ്ങൾ നടത്തിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. 41 റൺസ് നേടിയ സായ് സുദര്‍ശനാണ് ടോപ് സ്കോറർ. ചെന്നൈയ്ക്കായി അൻഷുൽ കാംബോജ് മൂന്നും നൂർ അഹമ്മദും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ചെന്നൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 230 റൺസെടുത്തത്. ഡെവോണ്‍ കോണ്‍വേയും (52), ഡെവാള്‍ഡ് ബ്രെവിസും (57) അര്‍ധസെഞ്ചുറി നേടി തിളങ്ങി.
ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ രണ്ടും സായ് കിഷോറും റാഷിദ് ഖാനും ഷാറൂഖ് ഖാനും ഓരോ വിക്കറ്റ് സ്വന്തമാക്കി. ഡെവാള്‍ഡ് ബ്രെവിസിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.