കുഞ്ഞിനെ പീഡിപ്പിച്ച പ്രതിക്ക് നേരേ പാഞ്ഞടുത്ത് നാട്ടുകാർ; പോലീസുമായി ഉന്തും തള്ളും
Sunday, May 25, 2025 9:21 PM IST
കൊച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ. പ്രതി താമസിച്ചിരുന്ന മറ്റക്കുഴിയിലെ വീട്ടിൽ തെളിവെടിപ്പിനായി എത്തിച്ചപ്പോഴാണ് ഇയാൾക്കു നേരെ ആക്രമണ ശ്രമമുണ്ടായത്.
ജീപ്പിൽനിന്ന് ഇറങ്ങിയ പ്രതിയെ മുഖം മറയ്ക്കാൻ നാട്ടുകാർ അനുവദിച്ചില്ല. നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നതെന്നു ചോദിച്ചായിരുന്നു ആക്രോശം. സ്ത്രീകളടക്കമുള്ളവര്‍ ഇയാള്‍ക്കെതിരേ പ്രതിഷേധമുയര്‍ത്തി.
ആ കുഞ്ഞിനോട് എങ്ങനെ ഇത് ചെയ്യാന്‍ തോന്നിയെന്നായിരുന്നു സ്ഥലത്തുണ്ടായിരുന്ന പല സ്ത്രീകളും കരഞ്ഞുകൊണ്ട് ചോദിച്ചത്. പ്രതിയെ നാട്ടുകാർ ആക്രമിക്കാനുള്ള ശ്രമമുണ്ടായപ്പോള്‍ പോലീസ് ഇടപെട്ടാണ് നാട്ടുകാരെ തടഞ്ഞത്.
തുടർന്ന് നാട്ടുകാർ പോലീസിനു നേരെ തിരിഞ്ഞു. ഇതിനിടെ അഞ്ച് മിനിറ്റുകൊണ്ട് തെളിവെടുപ്പ് പൂർത്തിയാക്കി പോലീസ് മടങ്ങി. കഴിഞ്ഞദിവസം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു പോലീസ് ആദ്യം തീരുമാനിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞദിവസം പ്രതിയുടെ അച്ഛന് മരിച്ചതിനാലും നാട്ടുകാരുടെ പ്രതിഷേധവും കണക്കിലെടുത്ത് തെളിവെടുപ്പ് ഞായറാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു. പ്രതിയുടെ കസ്റ്റഡി കാലാവധി തിങ്കളാഴ്ച അവസാനിക്കും.