അധിക്ഷേപ പരാമർശം; മാപ്പ് പറഞ്ഞ് കെമാൽ പാഷ
Sunday, May 25, 2025 11:10 PM IST
കൊച്ചി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.എം.ഏബ്രഹാമിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ സംഭവത്തിൽ റിട്ട. ജസ്റ്റീസ് കെമാൽ പാഷ മാപ്പ് പറഞ്ഞു. യൂട്യൂബ് വീഡിയോ വഴി അധിക്ഷേപ പരാമർശം നടത്തിയത് വിവാദമായതിന് പിന്നാലെയാണ് വീഡിയോ പിൻവലിച്ച് അദ്ദേഹം ക്ഷമാപണം നടത്തിയത്.
ജസ്റ്റീസ് കെമാൽ പാഷ വോയിസ് എന്ന സ്വന്തം യൂട്യൂബ് ചാനൽ വഴി നടത്തിയ വ്യക്തിപരമായ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ ഡോ.കെ.എം.ഏബ്രഹാം വക്കീൽനോട്ടീസ് അയച്ചിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദന കേസിൽ ഹൈക്കോടതി കെ.എം.ഏബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
തുടർന്നാണ് അധിക്ഷേപ പരാമർശങ്ങളടങ്ങിയ വിഡിയോ കെമാൽ പാഷ സ്വന്തം യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്തത്. ഏപ്രിൽ 11 , 20 തീയതികളിൽ അപ് ലോഡ് ചെയ്ത രണ്ടുവീഡിയോകളിലായാണ് കെമാൽ പാഷയുടെ വിവാദ പരാമർശങ്ങൾ ഉണ്ടായിരുന്നത്.
അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിടുക മാത്രം ചെയ്ത കേസിൽ കെ.എം.ഏബ്രഹാമിനെ കാട്ടുകള്ളൻ, അഴിമതി വീരൻ, കൈക്കൂലി വീരൻ തുടങ്ങിയ പരാമർശങ്ങളിലൂടെ അധിക്ഷേപിച്ചിരുന്നു. വീഡിയോ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും മുൻനിര പത്രങ്ങളിലടക്കം മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും കെ.എം.ഏബ്രഹാം വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരുന്നു.
ഇങ്ങനെ ചെയ്തില്ലെങ്കിൽ രണ്ടു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്നും വക്കീൽ നോട്ടീസിൽ പറയുന്നു. ഇതേതുടർന്നാണ് കെമാൽ പാഷ വീഡിയോകൾ പിൻവലിക്കുകയും പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തത്.